ശാസ്ത്രീയ ശിക്ഷണത്തിന്റെ അഭാവത്തിലും സ്വപരിശ്രമത്തിലൂടെ സംഗീത ലോകത്ത് ശ്രദ്ധേയയായ കലാകാരിയാണ് നിര്‍മ്മല പ്രദീപ്. സാധകത്തിലൂടെ സംഗീതം സ്വന്തമാക്കിയ നിര്‍മ്മല ഗാനമേള വേദികളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയുമാണ് സംഗീതാസ്വാദകര്‍ക്ക് പ്രിയങ്കരിയായത്.
മണ്ണടി അമ്പിയില്‍ കിഴക്കേതില്‍ പരേതനായ പുരുഷോത്തമനാചാരിയുടെയും ആനന്ദവല്ലിയമ്മാളുടെയും ഏഴ് മക്കളില്‍ ഇളയവളായ നിര്‍മ്മലയുടെ ജീവിതാഭിലാഷമായിരുന്നു സംഗീതം അഭ്യസിച്ച് ഗായികയാകണമെന്നത്. എന്നാല്‍ കുടുംബത്തിലെ പ്രാരാബ്ധങ്ങള്‍ കാരണം സംഗീതം അഭ്യസിക്കാനായില്ല.
മൂത്ത ചേച്ചി കാഥിക മണ്ണടി കമലം പറഞ്ഞുകൊടുത്ത സപ്തസ്വരങ്ങളില്‍ തുടങ്ങിയ നിര്‍മ്മല പിന്നീട് കാസറ്റുകളിലെ പാട്ടുകള്‍ കേട്ടുപഠിച്ച് മത്സരങ്ങളില്‍ അവതരിപ്പിച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടിയതോടെയാണ് ശ്രദ്ധപിടിച്ച് പറ്റിയത്.
ഏഴ് വയസ്സ് മുതല്‍ ഗാനമേളകളില്‍ സജീവ സാന്നിധ്യമായി. സംഗീത സംവിധായകന്‍ ഷാജി കൊട്ടാരക്കരയാണ് ഗാനമേള രംഗത്തേക്ക് നിര്‍മ്മലയെ കൊണ്ടുവന്നത്. കോട്ടയം പ്രണവം, തിരുവനന്തപുരം ടൈപാസ്, മെഗാസോണറ്റ്, മ്യൂസിക് മെലഡി, കൊച്ചിന്‍ കലാഭവന്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയെല്ലാം നിര്‍മ്മല വേദിയിലെത്തി.
പഠനകാലത്ത് ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലയില്‍ എല്‍.പി, യു.പി, എച്ച്.എസ് വിഭാഗം കലാതിലകമായിരുന്നു നിര്‍മ്മല. പത്തനംതിട്ട ജില്ല കലോത്സവത്തിന് ആറ് വര്‍ഷം കലാതിലകമായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മത്സരത്തിലും കലാതിലകമായിരുന്നു. പുരസ്‌ക്കാരങ്ങള്‍ നിരവധി നേടിയ നിര്‍മ്മല പിന്നണി ഗായകരായ കെ.ജി മാര്‍ക്കോസ്, കല്ലറ ഗോപന്‍, അയിരൂര്‍ സദാശിവന്‍, ബി.ശോഭ എന്നിവര്‍ക്കൊപ്പം പാടിയിട്ടുണ്ട്. മാര്‍ക്കോസിനൊപ്പം പാടിയ ഇടയന്‍ എന്ന ക്രിസ്തീയ ഭക്തിഗാന കാസറ്റും ചെറുകോല്‍പ്പുഴ ഭഗവതീക്ഷേത്രത്തിന്റെ കാസറ്റും ശ്രദ്ധേയമായിരുന്നു.
ഏഷ്യാനെറ്റിന്റെ സായാഹ്നം, സരിഗമപധനി, ജീവന്‍ ടി.വിയിലെ ഇന്നലെ നീയൊരു സുന്ദരഗാനമായി, സൂര്യ ടി.വിയില്‍ സ്വരമഞ്ജരി, ലയ സ്വരമാധുരി, ദൂരദര്‍ശനിലെ നക്ഷത്രഗീതം, സൂര്യ ടി.വിയിലെ പൊന്‍പുലരി തുടങ്ങിയവയിലും നിര്‍മ്മല പങ്കെടുത്തിട്ടുണ്ട്.
കൊട്ടാരക്കര കലയപുരം സെന്റ് തെരാസസ് യു.പി സ്‌ക്കൂളില്‍ സംഗീത അദ്ധ്യാപിക ആയിരുന്ന ഇവര്‍ എം.എ ഹിസ്റ്ററി ബിരുദധാരിയാണ്. ഗാനാലാപനത്തോടൊപ്പം മിമിക്രി, മോണോ ആക്ട്, കവിതാപാരായണം, കഥാപ്രസംഗം തുടങ്ങിയവക്കും സമ്മാനങ്ങള്‍ നിര്‍മ്മല നേടിയിട്ടുണ്ട്. അടൂര്‍ നളന്ദ സ്‌ക്കൂള്‍ ഓഫ് മ്യൂസിക് സ്വര്‍ണവീണ പുരസ്‌ക്കാരം നല്‍കി നിര്‍മ്മലയെ ആദരിച്ചിരുന്നു.
അകലെ അകലെ നീലാകാശം.., ഇളംമഞ്ഞിന്‍ കുളിരുമായി.., തേനും വയമ്പും.., തുടങ്ങിയവയാണ് നിര്‍മ്മലയുടെ ഇഷ്ടഗാനങ്ങള്‍. യേശുദാസും, ചിത്രയും ആണ് ഇഷ്ട ഗയകര്‍.
ഫ്‌ളവേഴ്‌സ് ടി.വി നടത്തിവരുന്ന കോമഡി ഉത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഗാനമേള, ഭക്തിഗാനമേള, ക്രിസ്തീയ ഗാനമേള, കഥാപ്രസംഗം, സംഗീതസദസ്സ്, മിമിക്‌സ് മെഗാ ഷോ, ഡബ്ബിംഗ്, അഭിനയം, ഗാനരചന, സംഗീത സംവിധാനം എന്നീ മേഖലകള്‍ പ്രൊഫഷനലായി ചെയ്തു വരുന്നു. നിര്‍മ്മല പ്രദീപ് എന്ന പേരില്‍ യൂ ട്യൂബ് ചാനലുണ്ട്. നെഫ്റ്റി നോവ് പുലിയൂര്‍ പ്രൊഡ്യൂസ് ചെയ്ത് സിജോ കോട്ടയം കാമറ നിര്‍വ്വഹിച്ച് നിര്‍മ്മല പ്രദീപ് ആദ്യമായി രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിച്ച 'നീ സ്വരമായി...' എന്ന പ്രണയഗാന ആല്‍ബ്ബം ഹിറ്റായി.
ഉടന്‍ പുറത്തിറങ്ങുന്ന രണ്ട് സിനിമകളില്‍ പാടിയിട്ടുണ്ട്. രണ്ട് സിനിമകളിലെ ഓരോ ഗാനങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. സ്വന്തമായി രചനയും സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിച്ച എട്ടു ഗാനങ്ങള്‍ പുറത്തിറങ്ങി. ഏറ്റവും പുതിയ കൃഷ്ണ ഭക്തി ഗാന ആല്‍ബം-'ശ്രീനന്ദനം' അടുത്തുതന്നെ റിലീസ് ചെയ്യും. മൂന്ന് ഗാനങ്ങല്‍ കൂടി ഉടന്‍ പുറത്തിറങ്ങും. അന്നത്തെ പ്രണയം, എന്റെ പ്രണയം, എന്‍ ആത്മാവില്‍, തൃപ്പുലിയൂരില്‍വാഴും... എന്നീ ആല്‍ബങ്ങള്‍ ശ്രദ്ധേയങ്ങളാണ്. പത്തനംതിട്ട, കൂടല്‍ സ്റ്റേഡിയം ജങ്ഷനടുത്തുള്ള വീട്ടില്‍ പ്രണവം സംഗീതനൃത്തവിദ്യാലയം (കേരള സംഗീതനാടക അക്കാദമി അംഗീകൃതം) എന്ന സ്ഥാപനവും, സ്വന്തമായി പ്രണവം ഓര്‍ക്കസ്ട്ര പത്തനംതിട്ട എന്ന ട്രൂപ്പും നടത്തി വരുന്നു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 36 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഭര്‍ത്താവ്: കെ.പ്രദീപ്. മക്കൾ: ആരഭി, ആഭേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.