1960ല്‍ ഇറങ്ങിയ ‘കോഹിനൂര്‍’, നിരവധി കാരണങ്ങളാല്‍ ഹിന്ദി സിനിമാ നാൾവഴികളിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. കഥ, രജപുത്ത് രാജ വംശ ചരിത്രത്തിൽനിന്ന് അടർത്തിയെടുത്ത ഒരേട്. അതുവെച്ച് 60 എന്ന ദശകത്തിന്റെ മികച്ച ഗാനങ്ങളുമായി ഒരു ക്ലാസിക്. പശ്ചാത്തല ചിത്രീകരണങ്ങൾകൊണ്ടും അഭിനയത്തികവാർന്ന നടന്മാരുടെ വേഷപ്പകർച്ചകൾകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ. ഷക്കീല്‍ ബദായുനിയുടെ കാവ്യാത്മകമായ വരികളെ നൗഷാദ് തന്റെ വിരല്‍സ്പര്‍ശത്താൽ അനശ്വര ഗാനങ്ങളാക്കി. ട്രാജഡി കിങ് ദിലീപ്കുമാർ, ട്രാജഡി ക്വീൻ മീനാകുമാരി ജോടിയുടെ കോമഡി മ്യൂസിക്കൽ കോസ്റ്റ്യൂം ഡ്രാമ. പറഞ്ഞുവരുന്നത്, ‘കോഹിനൂറി’ലെ
‘മധുബൻ മെ രാധികാ നാച്ചെ രേ...
ഗിരാധര്‍ കാ മുരളിയാം ബാജെ രെ...’
ഹാമിര്‍ രാഗത്തില്‍ ആലപിക്കപ്പെട്ട ഈ സെമി ക്ലാസിക്, ആ ദശകത്തിലെ മാത്രമല്ല, എക്കാലത്തെയും മികച്ച ഗാനശിൽപങ്ങളിൽ ഒന്നായി. സമാനമായൊന്ന് ഇതിനുമുമ്പ് ഇത്തരത്തിൽ മുഴങ്ങിയത്, 1952ല്‍ ‘ബെയ്ജു ഭാവ്‌റ’യിലാണ്. മുഗള്‍ ദര്‍ബാറിലെ താൻസെൻ എന്ന അനശ്വര ഗായകനെ അനുകരിക്കാൻ ശ്രമിച്ച ഗംഗാതീരത്തെ ഗ്രാമീണനായ ബെയ്ജു ഭാവ്‌റയുടെ കഥ സിനിമയായപ്പോൾ. മാല്‍ക്കോസ് രാഗത്തില്‍ മുഴങ്ങിയ, ‘മൻ തട്പത്ത് ഹരി ദർശൻ കൊ ആജ്...’ ആ തലമുറ മറന്നുകാണില്ല.
ഈ രണ്ട് രചനകളും ഹിന്ദുസ്ഥാനി കവിശ്രേഷ്ഠരിൽ ഒരാളും ഗസല്‍, നസ്മ് സിനിമാ ഗാനരചയിതാവ് എന്നീ നിലകളിൽ ഏറെ പ്രശസ്തനുമായ ശകീല്‍ ബദായുനി സാബിന്റേതാണ്. ഗാനശിൽപങ്ങളാക്കിയൊരുക്കിയത് ഹിന്ദുസ്ഥാനി രാഗങ്ങളുടെ സുല്‍ത്താന്‍ നൗഷാദ്. ആലാപനമോ സ്വരമാധുരിയുടെ എക്കാലത്തെയും ബാദ്ഷാഹ് മുഹമ്മദ് റഫി.
നൗഷാദ് കോഹിനൂറിനു വേണ്ടി, ‘മധുബൻ’ കമ്പോസ് ചെയ്ത് മൂളിക്കേൾപ്പിച്ചപ്പോള്‍, റഫി വിസ്മയ ഭരിതനായി ചോദിച്ചുവത്രെ, ‘ഇത് ഈ ഞാൻ പാടാനോ?’ എന്ന്. ‘താങ്കളല്ലെങ്കില്‍ പിന്നെ ഇതാലപിക്കാൻ മറ്റൊരു ഗായകൻ ജനിക്കണം’ എന്ന് നൗഷാദ്. റഫിയുടെ ആശങ്കക്ക് പിറകിലെ യാഥാർഥ്യം മനസ്സിലാവണമെങ്കില്‍ ആ ഗാനം മുഴുവനായും കേൾക്കണം. ശാസ്ത്രീയ സംഗീതത്തിൽ അഗ്രഗണ്യരായ, ഒരു വിദഗ്ധ വായ്പാട്ട് കലാകാരനുമാത്രം പാടാനാവുന്ന വരികളുണ്ട് അതിലെന്ന് മനസ്സിലാക്കണം.
ഇന്നും ഏതൊരു ആസ്വാദകനും റഫിയുടെ അപാരമായ ആ ആലാപന വൈദഗ്ധ്യത്തിൽ തീർത്തും ലയിച്ച് വിസ്മയഭരിതനായി ഇരുന്നുപോകും. ആ ഓർമക്കു മുന്നിൽ രണ്ടിറ്റു കണ്ണീർ പൊഴിക്കാതെ ശ്രോതാവിന് കടന്നുപോവാനുമാവില്ല.പിന്നണിയിൽ മാത്രമല്ല, സ്ക്രീനിലും ഒരു പഴയ ഘരാനയുടെ പണ്ഡിറ്റിനോ ഉസ്താദിനോ (തഴക്കം വന്ന സംഗീതജ്ഞന്) മാത്രമേ ആ ഗാനം പാടിയഭിനയിച്ചു ഫലിപ്പിക്കാനുമാവൂ. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ മുഖമുദ്രയായ സിത്താര്‍ വായിച്ചുകൊണ്ട് വളരെ തന്മയത്വത്തോടെയാണ് ദിലീപ്കുമാർ (യുസുഫ് സാബ്) ആ ഗാനരംഗം സ്‌ക്രീനിൽ അവതരിപ്പിച്ചത്.
ഇപ്പോഴും അതവിടെയുണ്ട്. പരിശോധിക്കാം. കോഹിനൂർ എന്ന ക്ലാസിക്കിന്റെ ചുരുള്‍നിവര്‍ത്തിയാല്‍ കാണാനാവും. ഒരു സിനിമാ ഗാനം പൂർണ തോതിൽ ആസ്വദിപ്പിക്കാൻ പല ഘടകങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. വരികൾ കാവ്യാത്മകമാകണം, മനോഹരവും സ്ഫുടവുമായ ശബ്ദം, പാടിയഭിനയിക്കുന്ന നടന്റെ വരികൾക്കൊത്ത് വ്യത്യസ്തതയാർന്ന ഭാവം സ്ഫുരിക്കുന്ന മുഖം. ശരീരഭാഷ പ്രധാനമാണ്. പശ്ചാത്തലം, ദൃശ്യാവിഷ്‌കാരത്തിന്റെ മികവ് എന്നിവയെല്ലാം വേണം. ‘മധുബൻ’ എന്ന ഗാനത്തിന്റെ കാര്യത്തിലാണെങ്കില്‍, തിരശ്ശീലയില്‍ പാടിയഭിനയിക്കുന്ന നടൻ ഒരു ശാസ്ത്രീയ സംഗീതജ്ഞന്റെ സർവ ഭാവഹാവാദികളും പയറ്റിയാണ് അവതരിപ്പിച്ചത്.
ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളിൽ വർഷങ്ങളുടെ തഴക്കം വന്ന (പ്രേക്ഷകനുവേണ്ടി റിഹേഴ്‌സൽ ചെയ്ത് യൂസുഫ് സാബിന്റെ കൈ ചോര വാർന്നതൊക്കെ പിന്നാമ്പുറ വിശേഷങ്ങൾ) ഒരു സംഗീതജ്ഞനായി പരകായപ്രവേശം. ഹിന്ദി സിനിമ കണ്ട മികച്ച അഭിനേത്രി എന്നതിലുപരി അസാധാരണ നര്‍ത്തകികൂടിയായ മീനാകുമാരി അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തത്തിന് ദിലീപ്കുമാര്‍ ഇരിപ്പിടത്തിലിരുന്ന് ആലാപനം നിർവഹിക്കുകയാണ്. ചരണത്തിനിടക്ക് നീണ്ടൊരു ഹമ്മിങ്. അത് സാക്ഷാത്കരിച്ചിരിക്കുന്നത് പഴയ ഇന്ദോര്‍ ഘരാനയുടെ സ്ഥാപകനും ഹിന്ദുസ്ഥാനി ശാസ്ത്രീയ വായ്പാട്ട് വിദഗ്ധനുമായ ഉസ്താദ് ആമിര്‍ ഖാന്‍ സാബും.
ശകീല്‍ ബദായുനി, നൗഷാദ്, മുഹമ്മദ് റഫി, ദിലീപ്കുമാര്‍ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾക്കെല്ലാം ഇത്തരം ഒരു സവിശേഷതയുണ്ട്. പെര്‍ഫെക്ഷനുവേണ്ടി അവർ ഏതറ്റവും വരെ പോകുമെന്നതാണത്. പത്ത് ഗാനങ്ങളുമായി ഇറങ്ങിയ കോഹിനൂരിൽ മറ്റൊരു റഫി-ലത ഡ്യുയറ്റ് ഉണ്ട്. പഹാഡി രാഗത്തിൽ എവർഗ്രീൻ ഹിറ്റായിത്തീർന്ന ആ ഗാനത്തെ കൂടി സ്പർശിക്കാതെ ഇത് പൂർത്തിയാവില്ല. വരികൾക്കിടയിൽ ദീപക് രാഗത്തിന്റെ ഹംസധ്വനി കൂടി ശ്രവ്യമാകുന്നുണ്ട് അതിൽ.
‘ദോ സീതാരോൻ കാ സമീൻ പർ ഹെ മിലൻ
ആർജ് കി രാത്ത്...
മുസ്‌കുറാത്താ ഹെ ഉമീദോൻ കാ ചമൻ
ആജ് കി രാത്ത്...’
ഇതിലെ ചരണത്തിലുണ്ടൊരു വരി:
‘സാരി ദുനിയാ നസറാത്തി ഹെ ദുൽഹൻ ആജ് കി റാത്ത്...’ പ്രകൃതിയെ ആവാഹിക്കുന്ന വരികളുടെ കാവ്യാത്മകത വർണനകൾക്കതീതമാണ്. നായകൻ, മഞ്ഞ് പുടവ ചൂടിയ പ്രകൃതിദൃശ്യം നോക്കി പാടുകയാണ്, ഈ ഭൂ ഭാഗം ഉടുത്തൊരുങ്ങി വന്ന ഒരു മണവാട്ടിയുടെ കാഴ്ചയാണ് എനിക്ക് പകരുന്നതെന്ന്. നിലാവുള്ള രാത്രിയാണത്. കാമുകിയെ അന്വേഷിച്ചുള്ള ഈ യാത്രയിൽ അയാൾക്ക് ചന്ദ്രനും താരകളും വെളിച്ചത്തിന്റെ ഒരു പരവതാനി വിരിച്ചിരിക്കുകയാണെന്ന്.
ഡിസംബർ 24നാണ് റഫിയുടെ ജന്മദിനം. ഇതേമാസത്തിന്റെ സംഭാവനയാണ് യുസുഫ് സാബും. 1932ല്‍ തുടക്കമിട്ട ‘ടാക്കി’യുടെ (സംസാരിക്കുന്ന സിനിമ) സുവർണയുഗം അടയാളപ്പെടുത്തിയവരാണ് ഇരുവരും –ഒരു നടനെന്ന നിലയിൽ അഭിനയത്തിന്റെ പാഠപുസ്തകമായ ദിലീപ് സാബും ലോകം കണ്ട അനുപമമായ ശബ്ദമെന്ന് വാഴ്ത്തപ്പെട്ട മുഹമ്മദ് റഫിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.