മലയാളി ജീവിതത്തിന്റെ സൗന്ദര്യച്ഛായകൾ മുഴുവനും സംഗമിക്കുന്ന ഒരു പാട്ടുലോകമാണ് മുല്ലനേഴിയുടേത്. ഏകാകിതയോടൊപ്പം സാമൂഹികമായ ഒരു കാൽപനികബോധവും ആ ഗാനങ്ങളിൽ ഇണങ്ങിനിന്നു. ചലച്ചിത്രഗാനങ്ങളെ കേരളീയ പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന ചരിത്രദൗത്യത്തിന്റെ അർഥതലങ്ങൾ നാമൊരുപാടു കണ്ടു മുല്ലനേഴിയിൽ. നാട്ടുവഴക്കങ്ങളുടെ ആധികാരികതയെ പാട്ടിൽ ആകർഷകമായി സമന്വയിപ്പിച്ചു അദ്ദേഹം. നഷ്ടമാകുന്നു എന്ന് നാം ഖേദിക്കുന്ന ജീവിതാനന്ദയാമങ്ങളെ മുല്ലനേഴി തന്റെ ഗാനങ്ങളിൽ നിരന്തരം കൊണ്ടുവന്നു. മഹത്തായ പാട്ടുപാരമ്പര്യത്തിന്റെ ക്ലാസിക്കൽ ഗാംഭീര്യവും നാട്ടുനന്മയും കൂടിച്ചേർന്ന പ്രബുദ്ധത മുഴുവൻ അവയിലുണ്ടായിരുന്നു. ആകാശത്തുനിന്ന് വെളിച്ചത്തിന്റെ ഒരു നദി പുറപ്പെട്ടുവരുന്നപോലെ തോന്നും ആ ഗാനങ്ങൾ കേട്ടാൽ.
പാട്ടിന്റെ മുല്ലപ്പൂമണവും ചൈത്രരാവിന്റെ ചാരുതയുമെല്ലാം ഈ ഗാനങ്ങളിലുണ്ടായിരുന്നു. അമ്മയും നന്മയും പ്രകൃതിയും ഭൂമിയും വാനവും എല്ലാം ചേർന്ന ദർശനസാരം ആ പാട്ടുകളിൽ നിറഞ്ഞുകിടപ്പുണ്ട്. നന്മയെ മാനവികതയുടെ കാവ്യശീലുകളാക്കി മാറ്റി മുല്ലനേഴി. ആ ഗാനങ്ങൾ കേൾക്കുമ്പോൾ ‘ആരാരുമറിയാത്തൊരോമന കൗതുകം’ പീലി നീർത്തുകയാണ് മനസ്സിനുള്ളിൽ. പ്രകൃതി സ്വയം ചാലിച്ചൊരുക്കുന്ന എത്രയെത്ര മണിയറകളാണ് അദ്ദേഹത്തിന്റെ പാട്ടുകളിലുള്ളത്.
‘പൂനിലാവിൻ മണിയറ,
സഖികളായി താരവൃന്ദമാകവേ,
പകർന്നുതന്ന ലയലഹരി മറക്കുമോ’?
എന്നാണ് മുല്ലനേഴിയുടെ ഒരു പാട്ടിലെ വരികൾ. സന്ധ്യയും ഉഷസ്സും സഖികളായ് വന്നു രതിമന്മഥന്മാർക്കായി മണിയറ രചിച്ചു’ എന്ന് മറ്റൊരു പാട്ടിൽ ഒരു മണിയറ ഒരുക്കിവെച്ചു. പ്രണയിനിയെ വർണിക്കുന്ന ഏറ്റവും ചേതോഹരമായ പ്രണയി ഭാഷയെ പാട്ടിലാക്കിയ കവി
‘നക്ഷത്രമാല ഞാൻ നിന്മാറിൽ
ചാർത്തുമ്പോൾ വിശ്വം തരിച്ചുനിൽക്കും’
എന്ന് കുറിച്ചു. തുടർന്നുള്ള വരികളിൽ പ്രണയത്തെ വാഴ്ത്തിപ്പാടി അരികിലണയുന്ന ഒരു പ്രേയസ്സിയെ നാം വരവേൽക്കുന്നത് ഇങ്ങനെയായിരുന്നു.
‘എൻ മണിയറയിൽ രാഗലോല നീ
സർഗസംഗീതം പാടും പ്രേമലതകൾ
പൂനിലാവിൽ പുഷ്പസമ്മാനമേകും.’
‘പൗർണമി രാവിന്നറയിൽ ഞാൻ
നിന്റെ സൗരഭ്യം തേടിവന്നു’
എന്ന തീവ്ര പ്രണയകാമനകൾ സ്മൃതിയുടെ ലയ ലഹരികളെന്നപോലെ മുല്ലനേഴിയുടെ പാട്ടുകളിൽ സജീവമായിരുന്നു. ആ ഗാനങ്ങളിൽ രാത്രിയാകാശത്തിന്റെ പ്രണയ സാന്നിധ്യമുണ്ടായിരുന്നു.
പ്രണയം കണ്ടുനിൽക്കുന്ന ഒരു പൗർണമി രാവുണ്ടായിരുന്നു എപ്പോഴും മുല്ലനേഴിയുടെ പാട്ടുകളിൽ. ഇരുണ്ട മാനത്ത് പൊട്ടിവിരിയുന്ന ചുവന്ന പൂവും കറുത്ത രാവിലെ കന്നിക്കിടാവായ വെളുത്ത മുത്തുമൊക്കെ മുല്ലനേഴിയുടെ ഇമേജറികളിൽ പെടുന്നു. നക്ഷത്രം കൊണ്ട് തിലകം തൊട്ട് വെണ്ണിലാപ്പൂക്കൾ ഇറുത്തെടുത്ത് പൊന്നും കിനാവുകൾ പൂത്തിറങ്ങും നമ്മളിൽ ജീവിതം മിന്നിനിൽക്കും എന്ന വരികളിൽ നിറയുന്നതുമൊരാകാശമാണ്’ കുങ്കുമത്താലമേന്തി വരുന്നൊരു സന്ധ്യയും മുല്ലനേഴിയുടെ പാട്ടുകളിൽ ഉണ്ടായിരുന്നു. രാപ്പാടികൾ രതിഗീതം മൂളുന്നൊരു നീലയാമിനിയും അക്കൂട്ടത്തിലുണ്ട്.
അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കുളിരണിയുന്നൊരു തങ്കനിലാവ്. ചിരിക്കുന്ന കണ്ണുനീർപ്പാടമെന്ന ഒരു ഇമേജ് മുല്ലനേഴി ഒരു പാട്ടിൽ കൊണ്ടുവന്നു. അതേസമയം, പൂനിലാവിന്നലകളിൽ ഒഴുകി പുളകം ചൂടുന്നൊരു രാത്രിയെ കാണാം മറ്റൊരു പാട്ടിൽ. സൗരയൂഥവും പ്രകാശവർഷവും അമ്പിളിപ്പൂവും അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലും പവിഴമല്ലി പൂത്തുലഞ്ഞ നീലവാനവും ആകാശഗംഗയും ആകാശനീലിമയും അങ്ങനെയങ്ങനെ പാട്ടിൽ ആകാശം വിടരുന്നു. പാട്ടിൽ പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കുന്ന മാന്ത്രികതയാണിത്. നിലാവിന്റെ കാതിൽ ആരോ മൂളുന്ന മന്ത്രം.
നാട്ടുബിംബങ്ങളുടെ നീണ്ടനിരകൾ കൊണ്ട് സമൃദ്ധമാണ് മുല്ലനേഴിയുടെ പാട്ടുലോകം. വേലപ്പെണ്ണും കതിരണിപ്പാടവും ഞാറ്റുപാട്ടും തേക്കുപാട്ടും പാണ്ട്യാലക്കടവും സർപ്പക്കാവും.. അങ്ങനെ... ഇതിൽ കാട്ടുപൂവും കറുത്ത പെണ്ണും കാട്ടുഞാവൽപ്പഴവുമെല്ലാം പാർശ്വവത്കരിക്കപ്പെടുന്ന ജീവിതങ്ങളെ കുറിച്ചുള്ള കവിയുടെ സ്വപ്നങ്ങളാകാം.
‘വയലൊക്കെ തെളിയണ്
കുടിലൊക്കെ പുകയണ്,
കൂരയില്ല, കൂട്ടരില്ല,
കൂട്ടിവെക്കാനൊന്നുമില്ല,
കൂരിരുട്ടിൻ പാതയിലെ
പാട്ടുകാർ ഞങ്ങൾ’ എന്നിങ്ങനെ നിസ്വരുടെ വിമോചന സ്വപ്നങ്ങൾ, സമത്വബോധ വിചാരങ്ങൾ എന്നിവയെല്ലാം കവി തന്റെ ഗാനങ്ങളിൽ ജ്വലിപ്പിച്ചുനിർത്തി. പാട്ടിൽ മാനവികതയുടെ ‘വെളിച്ചപ്പൂവുകൾ’ വിതറുകയായിരുന്നു മുല്ലനേഴി. ‘അക്ഷരം തൊട്ടുതുടങ്ങാം, നമുക്കൊരേ ആകാശം വീണ്ടുകിട്ടാൻ’ എന്നായിരുന്നു കവിയുടെ പ്രാർഥന. ‘ജീവിതപ്പൂവിന്റെ സുഗന്ധം സ്നേഹമാണെന്നും ആ സുഗന്ധമാണ് നാമെല്ലാവരുമെന്നും അദ്ദേഹം വിശ്വസിച്ചു. ‘സ്നേഹമായ് നന്മയായ് ഈ ലോകം സുന്ദരമാക്കുക നാം’ എന്ന് അദ്ദേഹം പാട്ടിലൂടെ നമ്മെ പഠിപ്പിച്ചു.
‘ഔദാര്യമല്ലാർക്കും ഭൂമിയിലെ ജീവിതം
അമ്മ നൽകിയ സമ്മാനം
അമ്മയെ ഭൂമിയെ നമ്മളെ കാണുമ്പോൾ
ആകാശമുള്ളിൽ തെളിയും’
എന്ന പാട്ടിൽ പ്രകൃതിയിൽ സ്നേഹത്തെയും സ്നേഹത്തിൻ പ്രകൃതിയെയും കണ്ടെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ‘ഞാവൽപ്പഴങ്ങൾ’ മുതൽ ‘ഇന്ത്യൻ റുപ്പി’ വരെ എത്രയോ സിനിമകളിലെ ഗാനങ്ങളിൽ മുല്ലനേഴി ഗ്രാമീണതയുടെ വാക്മയങ്ങൾ സൂക്ഷ്മ ശ്രുതികളായി ചേർത്തുവെച്ചു. പ്രണയത്തിന്റെ വലിയ ആകാശങ്ങൾ പാട്ടിൽ നിവർത്തിവെച്ചു.
‘ഈ പുഴയും സന്ധ്യകളും
നീലമിഴിയിതളുകളും
ഓർമകളിൽ പീലിനീർത്തി
ഓടിയെത്തുമ്പോൾ...
നാം മുല്ലനേഴിയുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുവാനിഷ്ടപ്പെടുന്നു. ബഹുധാരകളുള്ള സംസ്കൃതിയെ സംബോധന ചെയ്യുന്ന പ്രാർഥനകളായി മാറുകയാണ് മുല്ലനേഴിയുടെ ഗാനങ്ങൾ. അവിടെ കാലവും ഓർമയും ഒന്നായിത്തീരുന്നു. ജീവിതത്തിലെ സകലതിനെയും അദ്ദേഹം പാട്ടിലേക്ക് മാറ്റിയെഴുതി. കാലമെന്നത് മുല്ലനേഴിയുടെ പാട്ടിലെ പ്രധാന സാന്നിധ്യമായിരുന്നു. ‘കാലപ്രവാഹത്തിനോളങ്ങളിൽ പെട്ടുപോകുന്ന ജീവിതങ്ങളെ’ കുറിച്ച് കവിയെഴുതിയിട്ടുണ്ട്.
കാലമൊരു പ്രഹേളികയായോ സമസ്യയായോ വൻ ചിറകുള്ള പെരും പക്ഷിയായോ രക്ഷകനായോ മയൂരമായോ ഒക്കെ ജീവിതത്തിലേക്ക് കടന്നുവരുന്നു.
‘കാലമേനിൻ കാലടിക്കീഴിൽ
കണ്ണുനീർ പുഷ്പങ്ങൾ’
എന്ന പാട്ടുവരിയിൽ കവിയുടെ പ്രാർഥനകൾ ഒന്നൊന്നായി വന്നുനിറയുന്നു. ഒരു പാട്ടിൽ കാലമയൂരം പൊൻപീലി വിടർത്തിയാടുകയാണ്. ഉള്ളവരും ഇല്ലാത്തവരും എന്ന ഭേദം ഭൂമിയിൽ ഇല്ലാതെയാക്കുവാൻ ഋതുപരിണാമരഥത്തിൽ വരുന്നൊരു കാലത്തെ കാത്തിരിക്കുകയായിരുന്നു കവി. മുല്ലനേഴി എന്ന കവിയുണർത്തിയ സ്മൃതിലഹരിയുടെ അനർഗളമായ സൗന്ദര്യാവിഷ്കാരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. കവി ഇല്ലാതെയായിട്ടും അവയൊക്കെ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നത് അവയിൽ അത്രക്കും സ്മൃതികളുടെ ലയലഹരികൾ ഉണ്ടായതുകൊണ്ടു മാത്രമാണ്...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.