ജന്മഭൂമിയെ സ്നേഹിക്കാനാവുന്നില്ലെങ്കിൽ ആമിറിന് അധ്യാപകന്‍റെ ആവശ്യമുണ്ട് -സ്വാമി

ന്യൂഡൽഹി: ബോളിവുഡ് നടൻ ആമിർഖാന്‍റെ അസഹിഷ്ണുതാ പരാമർശത്തെ വിമർശിച്ച പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയുടെ പിന്തുണ. പരീക്കറിന്‍റെ പരാമർശത്തിൽ ഇത്രയും ബഹളം എന്തിനാണ്?. ആമിറിന് ജന്മഭൂമിയെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിന് ഒരു അധ്യാപകന്‍റെ ആവശ്യമുണ്ടെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

പരീക്കറിന്‍റെ പരാമർശത്തെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയതോടെയാണ് പിന്തുണയുമായി സ്വാമി രംഗത്തെത്തിയത്. ആമിറിനെ പരീക്കർ  രാജ്യദ്രോഹിയെന്ന് വിളിച്ചത് ശരിയായില്ല. രാജ്യത്തെയല്ല ആമിർ വിമർശിച്ചത്. മറിച്ച്, ഭരണസംവിധാനം പരാജയപ്പെട്ട സർക്കാറിനെയാണെന്നും എൻ.സി.പി നേതാവ് മാജിദ് മേനോൻ പറഞ്ഞു.

കഴിഞ്ഞദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ആമിറിന്‍റെ പേര് പരാമർശിക്കാതെ പരീക്കർ വിമർശിച്ചത്. തന്‍റെ ഭാര്യക്ക് രാജ്യം വിടണമെന്ന് ആഗ്രഹമുണ്ടെന്ന് മുമ്പ് ഒരു നടൻ പറഞ്ഞിരുന്നു. അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണിത്. രാജ്യത്തെ കുറിച്ച് ഇത്തരമൊരു പ്രസ്താവന നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടത് എന്നാണ് പരീക്കർ പറഞ്ഞത്.

എന്നാൽ പരീക്കറിന്‍റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരീക്കർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

കഴിഞ്ഞവർഷം നവംബറിലാണ് അസഹിഷ്ണുതയെത്തുടർന്നുള്ള അക്രമസംഭവങ്ങൾ രാജ്യത്തു നിരന്തരം അരങ്ങേറുന്നതിനാൽ ഇനി രാജ്യംവിട്ടുപോകേണ്ടി വരുമോയെന്ന ആശങ്ക ഭാര്യ കിരൺ ആമിറിനോട് പങ്കുവെച്ചുവെന്ന് പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.