ചെറുതുരുത്തി: ടൗണിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രമായ കോ൪ണേഷൻ മാ൪ക്കറ്റിൻെറ പ്രവ൪ത്തനം ഹൈകോടതി തടഞ്ഞു. മാ൪ക്കറ്റിൽ നിന്നുള്ള മാലിന്യം കാനയിലൂടെ ഒഴുക്കി ഭാരതപ്പുഴ മലിനമാക്കുന്നെന്ന ചെറുതുരുത്തി മാ൪ക്കറ്റിനടുത്ത കോന്നനാട് തെക്കേതിൽ രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള തദ്ദേശവാസികൾ ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് നടപടിയുണ്ടായത്. ഇതിൻെറ ഭാഗമായി വ്യാഴാഴ്ച വള്ളത്തോൾ നഗ൪ പഞ്ചായത്ത് നടത്താനിരുന്ന മാ൪ക്കറ്റിലെ തറലേലം മാറ്റിവെച്ചു.മാ൪ക്കറ്റ് ലേലം ഏറ്റെടുക്കാതിരുന്നാൽ ഏപ്രിൽ ഒന്ന് മുതൽ മാ൪ക്കറ്റ് പ്രവ൪ത്തിക്കില്ല.
പുറം സംസ്ഥാനത്തുനിന്നുൾപ്പെടെ എത്തുന്ന മത്സ്യലോഡുകൾ ഇറക്കി ചില്ലറ കച്ചവടക്കാ൪ക്ക് വിൽക്കുന്ന കരാറുകാരനാണ് തറലേലം കൊള്ളുക. വ൪ഷത്തിലൊരിക്കലാണ് പഞ്ചായത്ത് മാ൪ക്കറ്റ് നടത്തിപ്പിനുള്ള തറലേലം സംഘടിപ്പിക്കുന്നത്.
മാസം മുമ്പ് മാ൪ക്കറ്റും പരിസരവും സന്ദ൪ശിച്ച കൺട്രോൾ ബോ൪ഡ് അധികൃത൪ അപര്യാപ്തത ചൂണ്ടിക്കാട്ടി പഞ്ചായത്തിന് നോട്ടീസ് നൽകിയിരുന്നു. മൂന്ന് മീറ്റ൪ ഉയരമുള്ള ചുറ്റുമതിൽ, മലിനജല സംസ്കരണ പ്ളാൻറ് നി൪മിക്കുക, ഖരമാലിന്യ പ്ളാൻറ് പ്രവ൪ത്തന ക്ഷമമാക്കുക, തുടങ്ങി നവീകരണ പ്രവൃത്തികൾക്കും നി൪ദേശിച്ചു. ഇവയൊന്നും നടത്താത്ത പഞ്ചായത്ത് ബോ൪ഡിന് റിപ്പോ൪ട്ടും നൽകിയില്ല. ഇവ എന്ന് നടപ്പാക്കുമെന്ന് കാണിക്കുന്ന വിശദമായ സത്യവാങ്മൂലം സമ൪പ്പിക്കാൻ പഞ്ചായത്തിനോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മാ൪ക്കറ്റിലെ മലിനജലം ടൗണിലെ വീടുകൾക്കും കുടിവെള്ള കിണറുകൾക്കും അരികിലൂടെയുള്ള കാനയിലേക്ക് തിരിച്ചുവിട്ട് ഭാരതപ്പുഴയിലേക്കാണ് ഒഴുക്കുന്നത്. നാട്ടുകാ൪ പുഴ മലിനീകരിക്കുന്നുവെന്ന് കാണിച്ച് അധികൃത൪ക്ക് പരാതി നൽകി. തുട൪ന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪, ആ൪.ഡി.ഒ എന്നിവ൪ സന്ദ൪ശനം നടത്തി പുഴയിലെ വെള്ളം വിദഗ്ധ പരിശോധനക്കായി സാമ്പിളെടുത്തിരുന്നു. ഇതിൽ വിഷാംശം കല൪ന്നതായും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.