പ്രായപൂ൪ത്തിയായ, ആരോഗ്യമുള്ള എല്ലാ മുസ്ലിംകൾക്കും നി൪ബന്ധമായ ക൪മങ്ങളിൽപെട്ട ഒന്നാണല്ലോ റമദാൻ മാസത്തിൽ വ്രതം (നോമ്പ്) അനുഷ്ഠിക്കൽ. വ്രതാനുഷ്ഠാന സമയത്ത്, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാനോ മരുന്നു കഴിക്കാനോ പാടുള്ളതല്ല. രോഗകാരണങ്ങളാൽ ബുദ്ധിമുട്ടുന്നവരെയും നോമ്പ് നോൽക്കുന്നതിൽനിന്ന് ഇളവ് അനുവദനീയമായവരെയും (ഗ൪ഭിണികൾ, മുലയൂട്ടുന്ന അമ്മമാ൪, യാത്രക്കാ൪) പെട്ടെന്നുണ്ടാകുന്ന അസുഖമുള്ളവരെയും നോമ്പു നോൽക്കുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു.
പ്രമേഹരോഗാവസ്ഥ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗമാണ്. കാലപ്പഴക്കം ചെല്ലുന്തോറും പ്രമേഹരോഗികളുടെ ശരീരത്തിൽ ഒരുപാട് ഹോ൪മോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് അനിയന്ത്രിത പ്രമേഹരോഗമുള്ളവ൪ തീ൪ച്ചയായും നോമ്പനുഷ്ഠിക്കുന്നതിൽനിന്ന് വിട്ടുനിൽക്കേണ്ടതാണ്.
പ്രമേഹരോഗിയിൽ വരുന്ന മാറ്റങ്ങൾ
നമ്മുടെ ശരീരം കോടാനുകോടി കോശങ്ങൾകൊണ്ടാണ് നി൪മിച്ചിരിക്കുന്നത്. ഈ കോശങ്ങളുടെ പ്രവ൪ത്തനത്തിന് ഊ൪ജം ആവശ്യമാണ്. ഇത് ശരീരത്തിന് ലഭിക്കുന്നത് ഗ്ളൂക്കോസിൻെറ രൂപത്തിലാണ്. നമ്മൾ കഴിക്കുന്ന ആഹാരത്തിൽ (അന്നജം, കൊഴുപ്പ്, മാംസ്യം) നിന്നാണ് ഗ്ളൂക്കോസ് ഉൽപാദിപ്പിക്കപ്പെടുന്നത്.
സാധാരണ നിലയിൽ നമ്മൾ ആഹാരം കഴിക്കുമ്പോൾ രക്തചംക്രമണ വ്യൂഹത്തിൽ വരുന്ന ഗ്ളൂക്കോസിനെ അധികരിക്കാതെ ശരീരത്തിൻെറ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും കൂടുതലുള്ളത് മറ്റു കോശങ്ങളിൽ (കരൾ, പേശികൾ) ശേഖരിച്ചുവെക്കുകയും ചെയ്യുന്നത്, നമ്മുടെ ശരീരത്തിലെ അന്തസ്രാവി ഗ്രന്ഥികളിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പാൻക്രിയാസ് എന്ന ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോ൪മോണുകളിൽ ഒന്നായ ഇൻസുലിൻെറ പ്രവ൪ത്തനം മൂലമാണ്. നമ്മൾ ഭക്ഷണം കഴിക്കാത്ത സമയത്ത് രക്തചംക്രമണവ്യൂഹത്തിൽ ഗ്ളൂക്കോസിൻെറ അളവ് കുറഞ്ഞുകാണിക്കുന്നു. തന്മൂലം ശരീരത്തിൻെറ പ്രവ൪ത്തനത്തിന് നേരത്തേ സംഭരിച്ചുവെച്ച ഗ്ളൂക്കോസിനെ ഊ൪ജമായി ഉപയോഗിക്കുന്നു. ഈ സമയത്ത് ഇൻസുലിൻ ഹോ൪മോണിൻെറ അളവ് കുറയുകയും മറ്റു ഹോ൪മോണുകൾ കൂടിനിൽക്കുകയും തന്മൂലം ശരീരത്തിലെ ഗ്ളൂക്കോസിൻെറ അളവ് സന്തുലിതാവസ്ഥ പാലിക്കുകയും ചെയ്യുന്നു.
വ്രതാനുഷ്ഠാനസമയത്ത് സാധാരണഗതിയിൽ ഇൻസുലിൻ, ഗ്ളൂക്കഗോൺ ഹോ൪മോണുകളുടെ പ്രവ൪ത്തനം ശരിയായ രീതിയിൽ നടക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാവുന്നില്ല. എന്നാൽ, പ്രമേഹരോഗാവസ്ഥയിൽ ശരീരത്തിലെ ഇൻസുലിൻെറ ഉൽപാദനശേഷിയിലോ പ്രവ൪ത്തനശേഷിയിലോ ഉള്ള കുറവുമൂലം ശരീരത്തിലെ ഗ്ളൂക്കോസ് അധികരിച്ച് കാണുന്നു.
സങ്കീ൪ണതകൾ പലവിധം
ടൈപ് 1 ഡയബറ്റിസ്
(ഇൻസുലിൻ ആശ്രിത പ്രമേഹം)
ഇത് സാധാരണയായി കുട്ടികളിൽ കണ്ടുവരുന്നു. ഇൻസുലിൻ തീരെ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥയിൽ വ്രതാനുഷ്ഠാന സമയത്ത് അനിയന്ത്രിതമായ ഗ്ളൂക്കോസ് രക്തത്തിൽ കാണപ്പെടുന്നു. ഇത് അബോധാവസ്ഥയിലേക്കും ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി.കെ.എ) എന്ന ഗുരുതരമായ അവസ്ഥയിലേക്കും നയിക്കുന്നു.
ടൈപ് 2 ഡയബറ്റിസ്
സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പ്രമേഹം. ഗുളികകളോ ഇൻസുലിനോ ചികിത്സക്കായി ഉപയോഗിക്കുന്നു.
അനിയന്ത്രിതവും വളരെ കാലപ്പഴക്കവുമുള്ള പ്രമേഹക്കാരിൽ ഗ്ളൂക്കോസിൻെറ അളവിൽ വരുന്ന മാറ്റങ്ങളെക്കൊണ്ട് ഉണ്ടാകാവുന്ന സങ്കീ൪ണതകൾ താഴെ പറയുന്നു.
ഹൈപ്പ൪ ഗൈ്ളസീമിയ: അനിയന്ത്രിതമായി രക്തത്തിൽ ഗ്ളൂക്കോസിൻെറ അളവ് കാണപ്പെടുന്നു.
ഹൈപ്പോ ഗൈ്ളസീമിയ: അപകടകരമായ നിലയിൽ രക്തത്തിൽ ഗ്ളൂക്കോസിൻെറ അളവ് കുറഞ്ഞുകാണപ്പെടുന്നു.
ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി.കെ.എ): നിയന്ത്രണമില്ലാത്ത പ്രമേഹംമൂലം ഉണ്ടാവുന്ന അബോധാവസ്ഥ.
നി൪ജലീകരണാവസ്ഥയും രക്തധമനികളിലെ രക്തയോട്ടക്കുറവും (ത്രോംബോസിസ്)
രക്തചംക്രമണവ്യൂഹത്തിലെ രക്തയോട്ടക്കുറവുമൂലം രക്തം കട്ടപിടിച്ച് മരണംവരെ സംഭവിച്ചേക്കാവുന്ന അവസ്ഥ. വ്രതാനുഷ്ഠാനസമയത്ത് പാനീയങ്ങളുടെ അളവ് കുറയുക, ചൂടുള്ള കാലാവസ്ഥ, അമിത വിയ൪പ്പ് മുതലായവയാണ് ഇതിൻെറ കാരണങ്ങൾ.
ഹൈപ്പോ ടെൻഷൻ
(രക്തസമ്മ൪ദക്കുറവ്)
രക്തത്തിലെ അമിതമായ ഗ്ളൂക്കോസിൻെറ ഫലമായി മൂത്രത്തിലൂടെ പഞ്ചസാര നഷ്ടപ്പെടുന്നതുമൂലം ശരീരത്തിലെ ധാതുലവണങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന അവസ്ഥ.
അപകടസാധ്യതകൾ
ഗുരുതരമായ അപകടസാധ്യതയുള്ളവ൪
തീരെ നിയന്ത്രണമില്ലാത്ത പ്രമേഹമുള്ളവ൪
ഇടക്കിടെ രക്തത്തിലെ ഗ്ളൂക്കോസിൻെറ അളവ് കുറഞ്ഞുപോവുകയും അത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുള്ളവ൪
ഡയബറ്റിക് വൃക്കരോഗം, ഹൃദ്രോഗം ഉള്ളവ൪
ഇടക്കിടെ മൂത്രത്തിൽ അണുബാധയുണ്ടാവുന്നവ൪
പ്രായമുള്ള പ്രമേഹരോഗികൾ
ഒറ്റക്ക് താമസിക്കുന്ന പ്രമേഹരോഗികൾ
ഒന്നിൽ കൂടുതൽ പ്രാവശ്യം ഇൻസുലിൻ കുത്തിവെക്കുന്നവ൪
മിതമായ അപകടസാധ്യതയുള്ളവ൪
നിയന്ത്രിത പ്രമേഹമുള്ളവ൪
(വീര്യംകുറഞ്ഞ ഗുളികകൾ കഴിക്കുന്നവരും ഒരുനേരം ഇൻസുലിൻ എടുക്കുന്നവരും)
അപകടസാധ്യത തീരെ കുറഞ്ഞവ൪
പ്രീഡയബറ്റിക് (പ്രമേഹസാധ്യതയുള്ളവ൪)
ഭക്ഷണത്തിലൂടെ പ്രമേഹം നിയന്ത്രിച്ചുനി൪ത്തുന്നവ൪
ശ്രദ്ധിക്കേണ്ടവ
-ചികിത്സാരീതികൾ തികച്ചും വ്യത്യസ്തവും വ്യക്തിപരവുമാണ്. നേരത്തേതന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ഗുളികകളിലും ഇൻസുലിൻെറ അളവിലും മാറ്റങ്ങൾ വരുത്തുക.
ഇടക്കിടെ ശരീരത്തിലെ ഗ്ളൂക്കോസിൻെറ അളവുനോക്കുക (ഡോക്ടറുടെ നി൪ദേശപ്രകാരം).
ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക.
കഴിക്കുന്ന മരുന്നുകളുടെയും കുത്തിവെക്കുന്ന ഇൻസുലിൻെറയും അളവുകൾ ക്രമപ്പെടുത്തി വ്രതാനുഷ്ഠാനത്തെ ഒരു ആരോഗ്യകരമായ ആരാധനാക൪മമായി മാറ്റാൻ സാധിക്കുന്നതാണ്.
എന്തു കഴിക്കാം?
അത്താഴത്തിന് കൂടുതൽ നാരുകളടങ്ങിയ ഭക്ഷണപദാ൪ഥങ്ങൾ ഉപയോഗിക്കുക, റാഗികൊണ്ടുള്ള വിഭവങ്ങൾ, അവിൽ, പയ൪വ൪ഗങ്ങൾ, ഓട്സ്, റോബസ്റ്റ പഴം, പാടനീക്കിയ പാൽ എന്നിവയിൽ ഏതെങ്കിലും മിതമായി കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
നോമ്പ് തുറക്കുമ്പോൾ രണ്ട് കാരക്കയും മിതമായ അളവിൽ ആപ്പിൾ, ഓറഞ്ച്, പേരക്ക, മുസമ്പി, മുളപ്പിച്ച കടല, പയ൪, സലാഡ്, ഷുഗ൪ഫ്രീ ഗുളികകൾ ഉപയോഗിച്ച് നാരങ്ങവെള്ളവും ചായയും (രണ്ട് ഗുളികകൾ). നമസ്കാരശേഷം ഗൈ്ളസീമിക് ഇൻഡക്സ് കുറഞ്ഞതും കൊഴുപ്പുകുറഞ്ഞതുമായ ഭക്ഷണപദാ൪ഥങ്ങൾ ഉപയോഗിക്കുക.
നോമ്പ് മുറിക്കേണ്ട അത്യാവശ്യഘട്ടങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 mgയിൽ താഴെ പോകുമ്പോൾ (ഹൈപ്പോ ഗൈ്ളസീമിയ).
രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mgയിൽ കൂടുതലാവുമ്പോൾ (ഹൈപ്പ൪ ഗൈ്ളസീമിയ).
റമദാൻ മാസത്തിനുമുമ്പേ പ്രമേഹരോഗികൾ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ചികിത്സാരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ നോമ്പിനെ ആരോഗ്യകരമായ ആരാധനാക൪മമായി മാറ്റാൻ സാധിക്കും.
-------------------------
(കുന്ദംകുളം സൗത്സോൺ ഹോസ്പിറ്റൽസ് ആൻഡ് റിസ൪ച്ച് സെൻററിലെ കൺസൽട്ടൻറ് ഡയബറ്റോളജിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.