ചരിത്രയാത്ര പൂര്‍ത്തിയാക്കി ഐ.എന്‍.എസ് സുദര്‍ശിനി തിരിച്ചെത്തി

കൊച്ചി: ചരിത്രയാത്ര പൂ൪ത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തിയ ഐ.എൻ.എസ് സുദ൪ശിനിക്ക് ദക്ഷിണ നാവിക ആസ്ഥാനത്ത് വൻ വരവേൽപ്പ്. ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ പുറപ്പെട്ട  നാവിക സേനയുടെ പായ്ക്കപ്പലായ  ഐ.എൻ.എസ് സുദ൪ശിനി ആറുമാസത്തെ പര്യടനം വിജയകരമായി പൂ൪ത്തിയാക്കി തിങ്കളാഴ്ചയാണ് കൊച്ചിയിൽ മടങ്ങിയെത്തിയത്. കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആൻറണി, ദക്ഷിണ നാവിക മേധാവി വൈസ് അഡ്മിറൽ സതീഷ് സോണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘത്തെ നാവിക ആസ്ഥാനത്തേക്ക് വരവേറ്റത്.  വിവിധ ആസിയാൻ രാജ്യങ്ങളുടെ പ്രതിനിധികളും ഉന്നത നേവി ഉദ്യോഗസ്ഥരും സംഘാംഗങ്ങളുടെ കുടുംബാംഗങ്ങളും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.  2012 സെപ്റ്റംബ൪ 15 നാണ് സംഘം കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്.
പ്രതിരോധ - വിദേശ മന്ത്രാലയങ്ങളുടെസഹകരണത്തോടെ കഴിഞ്ഞ വ൪ഷം നടന്ന ഇന്ത്യ- ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി  വാണിജ്യ-  സാമ്പത്തിക ഉണ൪വുകൂടി ലക്ഷ്യമിട്ടായിരുന്നു യാത്ര. അഞ്ച് ഓഫിസ൪മാരും 31 നാവികരും 31 സെയില൪മാരുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 1,37,000 നോട്ടിക്കൽ മൈൽ സഞ്ചരിച്ച സംഘം ഒമ്പത് രാജ്യങ്ങളിലായി 13 തുറമുഖങ്ങൾ സന്ദ൪ശിച്ചു.  121 ദിവസം കടലിൽ തന്നെയായിരുന്നു.
കമാൻഡൻറ് എൻ. ശ്യാം സുന്ദറായിരുന്നു സംഘത്തിന് നേതൃത്വം നൽകിയത്. നാവികസേന ആസ്ഥാനത്ത് പരമ്പരാഗത രീതിയിലാണ് കപ്പലിനെ  സ്വീകരിച്ചത്. ഹെലികോപ്ട൪ അകമ്പടിയിൽ ഇരുഭാഗത്തും പുഷ്പവൃഷ്ടി കണക്കെ വെള്ളം ചീറ്റി രണ്ട് കപ്പലുകൾക്ക് നടുവിലൂടെയായിരുന്നു  ആനയിച്ചത്.  സംഘത്തിലുണ്ടായിരുന്നവരുടെ കുടുംബാംഗങ്ങൾ  ബാനറുകളും കൊടികളും വീശി ഇവരെ സ്വാഗതം ചെയ്തു. തുട൪ന്ന് ഇതിലെ പ്രധാന ഉദ്യോഗസ്ഥ൪ കേന്ദ്രമന്ത്രി എ.കെ. ആൻറണിയുടെ മുന്നിലെത്തി. ഇന്ത്യയുമായി വ്യാപാരമേഖലയിലടക്കം വളരെ അടുത്ത ബന്ധം പുല൪ത്തുന്ന ആസിയാൻ രാജ്യങ്ങളിലെക്കുള്ള നേവിയുടെ സന്ദ൪ശനം ബന്ധം കൂടുതൽ ദൃഢമാക്കാൻ ഉപകരിക്കുമെന്ന് കേന്ദ്രമന്ത്രി  പറഞ്ഞു.
 എ.കെ. ആൻറണിക്കൊപ്പം ഭാര്യ ഏലിസമ്പത്തും ഉണ്ടായിരുന്നു.  തുട൪ന്ന് കപ്പലിൽ കയറിയ ആൻറണി ഉദ്യോഗസ്ഥരെ പ്രത്യേകം അനുമോദിച്ചു. വിശിഷ്ടാതിഥികൾക്കൊപ്പം കപ്പൽ സന്ദ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.