അമ്പലപ്പുഴ(ആലപ്പുഴ): ബുധനാഴ്ച അമ്പലപ്പുഴ ഉണർന്നത് നാലുജീവനുകൾ പൊലിഞ്ഞ ദാരുണാപകടത്തിന്റെ വാർത്ത കേട്ട്. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറും അരി കയറ്റിവന്ന ലോറിയും ദേശീയപാത 66ല്‍ അമ്പലപ്പുഴ പായല്‍ക്കുളങ്ങര ക്ഷേത്രത്തിനു സമീപം കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പെടെ നാലുപേരാണ് മരിച്ചത്.
ഖത്തറില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി കിട്ടിയ തിരുവനന്തപുരം പരുത്തിക്കുഴി കുന്നില്‍വീട്ടില്‍ ശശി-സരസ്വതി ദമ്പതികളുടെ മകൾ ഷൈനി(32)യെ വിമാനത്താവളത്തില്‍ കൊണ്ടുവിടാന്‍ കുടുംബാംഗങ്ങൾ പോകുന്നതിനിടെ ആയിരുന്നു അപകടം.
ഷൈനിയുടെ സഹോദരൻ ഷൈജു (34), ഷൈനിയുടെ ഭര്‍ത്താവ് നെടുമങ്ങാട് നെട്ടൂര്കോണം അനീഷ് ഭവനത്തില്‍ പരേതരായ ശിവന്-രമ ദമ്പതികളുടെ മകന് സുധീഷ് ലാല്‍ (36), മകന് നിരഞ്ജന് (13), സുധീഷ്ലാലിന്റെ പിതൃസഹോദര പുത്രന് കാര്‍ ഡ്രൈവര്‍ പരുത്തിക്കാട് നന്ദനം വീട്ടില്‍ ജയകുമാര്‍-സതികുമാരി ദമ്പതികളുടെ മകന് അഭിരാജ് (29) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ഷൈനിയെ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളത്തുനിന്ന് അരിയുമായിപ്പോയ ലോറിയും തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാർ ലോറിക്കടിയില്‍ കുരുങ്ങി. നിയന്ത്രണം തെറ്റി 25 മീറ്ററോളം കാറുമായി നീങ്ങിയ ലോറി ദേശീയപാതയോരത്തെ കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ലോറിയുടെ ഇടതു ഭാഗത്തെ മുൻചക്രം തകര്‍ന്നു. തകർന്ന കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ വളരെ ബുദ്ധിമുട്ടി.
വിവരമറിഞ്ഞ് പ്രദേശവാസികളായ യുവാക്കളും അമ്പലപ്പുഴ പൊലീസും തകഴിയില്‍നിന്ന് അഗ്നിരക്ഷാസേനയുമെത്തി. ലോറിയിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.