മരട്: മുന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് വീണ യുവാവ് മരിച്ചു. നെട്ടൂര്‍-മാടവന പി.ഡബ്ല്യു.ഡി റോഡില്‍ പഴയ മാര്‍ക്കറ്റിനടുത്ത് വി.ഇ.റെസിഡന്‍സി എന്ന ഫ്ളാറ്റിന് മുകളില്‍ നിന്നാണ് വീണത്. ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട സ്വദേശി മുഹമ്മദ് ഷാന്‍ (30) ആണ് മരിച്ചത്. രാത്രി 11.30യോടെയാണ് അപകടം.
മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ ശബ്ദം കേട്ട് വന്നു നോക്കുമ്പോഴാണ് ഷാന്‍ നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. പനങ്ങാട് പൊലീസില്‍ വിവരമറിയിച്ച് പരിക്കേറ്റ ഷാനെ ഉടനെ നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനങ്ങാട് പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഷാന്‍ മുകളില്‍ നിന്ന് എങ്ങിനെയാണ് വീണത് എന്ന് വ്യക്തമല്ല. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തലയുടെ പുറക് വശം അടിച്ചാണ് താഴേക്ക് വീണത്. വീഴുന്നതിനിടയില്‍ തല ഫ്ളാറ്റിന്റെ സണ്‍ഷൈഡില്‍ തട്ടിയിട്ടുണ്ട്. ഇവിടെ നിന്നും മുടിയുടെ അംശം കണ്ടെത്തി. ഫ്ളാറ്റിന്റെ തുടക്കം മുതൽ മുഹമ്മദ് ഷാന്‍ ഇവിടെ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു. കുറച്ച് നാള് മുമ്പ് ഷാനിന്റെ കൂടെ താമസത്തിന് ഒരാളുണ്ടായിരുന്നതായി ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഒറ്റയ്ക്ക് തന്നെയായിരുന്നു ഷാന്‍ താമസിച്ചിരുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പനങ്ങാട് സിഐ പറഞ്ഞു. ബിസിനസ് ആവശ്യവുമായാണ് ഷാന്‍ നെട്ടൂരില്‍ താമസമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.