ബോക്സിങ് ചാമ്പ്യൻ മരിച്ച നിലയിൽ; കൈയിൽ സിറിഞ്ച് കുത്തിവെച്ചതിന്റെ 100 ​​ഓളം പാടുകൾ

ഭട്ടിൻഡ: ജൂനിയർ ദേശീയ ബോക്സിങ് ചാമ്പ്യൻ കുൽദീപ് സിങ്ങിനെ (20) വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചണ്ഡീഗഢ് ഭട്ടിൻഡ ജില്ലയിലെ തൽവണ്ടി സാബോ ടൗണിൽ വയലിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹത്തിന്റെ വലതുകൈയിൽ സിറിഞ്ച് കുത്തിവെച്ചതിന്റെ 100 ​​ഓളം പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

അണ്ടർ 17 ദേശീയ സ്കൂൾ ഗെയിംസിൽ വിജയിയായ കുൽദീപ് 2018 ലാണ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. ബുധനാഴ്ച രാവിലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ കുൽദീപ് ഏറെ ​വൈകിയിട്ടും വീട്ടിലെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വൈകുന്നേരത്തോടെ രാമറോഡിലെ വയലിൽ മൃതദേഹം കണ്ടെത്തിയത്.

കുൽദീപിന്റെ മൊബൈലും മയക്കുമരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും മൃതദേഹത്തിന് സമീപം കണ്ടെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തൽവണ്ടി എസ്.എച്ച്.ഒ ദൽജീത് സിങ് പറഞ്ഞു. മൃതദേഹം വ്യാഴാഴ്ച തൽവണ്ടിയിൽ സംസ്‌കരിച്ചു.

സംഭവത്തിൽ ഖുശ്ദീപ് സിങ് എന്നയാളെ ​അറസ്റ്റ് ചെയ്തതായി തൽവണ്ടി സാബോ ഡി.എസ്.പി ജതിൻ ബൻസാൽ പറഞ്ഞു. ഇയാൾക്കെതിരെ സെക്ഷൻ 304 (മനപൂർവമല്ലാത്ത നരഹത്യ) പ്രകാരം കേസെടുത്തു. മരണകാരണം കണ്ടെത്തുന്നതിനായി സാമ്പിൾ സംസ്ഥാന ഫൊറൻസിക് ലബോറട്ടറിയിലേക്ക് രാസപരിശോധനയ്ക്ക് അയച്ചതായി ഡിഎസ്പി അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കുൽദീപിനെ പരിശീലിപ്പിക്കുന്നുണ്ടെന്നും കുറച്ചുകാലം മുമ്പ് മയക്കുമരുന്ന് ശീലം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ പരിശീലകൻ ഹർദീപ് സിങ് പറഞ്ഞു. അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് കുറച്ച് ദിവസം കുൽദീപ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൗൺസിലിങ്ങിന് ശേഷമാണ് പരിശീലനം പുനരാരംഭിച്ചത്. ബുധനാഴ്ച രാവിലെ നടന്ന പരിശീലനത്തിൽ കുൽദീപ് പങ്കെടുത്തിരുന്നതായും കോച്ച് പറഞ്ഞു.

ഭാവി വാഗ്ദാനമായ ചാമ്പ്യന്റെ ദാരുണ മരണത്തിന് പിന്നിൽ അസ്വഭാവികത ഉള്ളതായി സംശയിക്കുന്നുവെന്ന് ഹർദീപ് സിങ് പറഞ്ഞു. കൈയിൽ 100 ​​ഓളം സിറിഞ്ചുകളുടെ പാടുകൾ കണ്ടെത്തിയത് ഇതിന് തെളിവാണെന്നും അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - Boxing champ found dead, cops suspect drug overdose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.