ചെന്നൈ: ആശുപത്രിയിൽ അഡ്മിറ്റായ രോഗിയെ അർധരാത്രി സ്കാൻ ചെയ്യാൻ എന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രി ജീവനക്കാരി പണവും മൊബൈൽ ഫോണും കവർന്നു. ചെന്നൈയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 23 ന് കാണാതായ സുമിത(41) എന്ന രോഗിയെകുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.
ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുമിത. മേയ് 23 മുതൽ ഇവരെ കാണാനില്ലെന്ന് ഭർത്താവ് മൗലി മെയ് 31ന് പൊലീസിൽ പരാതി നൽകി. വ്യാപക തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഭർത്താവ് പറഞ്ഞു. ഇതിനിടെ ജൂൺ എട്ടിന് ആശുപത്രിയിലെ എട്ടാം നിലയിൽ ജീവനക്കാർ അഴുകിയ മൃതദേഹം കണ്ടെത്തി. മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കാണാതായ സ്ത്രീയുടെതാണെന്ന് ആശുപത്രി അധികൃതർക്ക് സംശയം തോന്നി. തുടർന്ന് ഭർത്താവ് മൗലി എത്തി മൃതദേഹവും വസ്ത്രങ്ങളും ബാഗും പരിശോധിച്ച് സുമിതയുടെതാണെന്ന് സ്ഥിരീകരിച്ചു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സുമിതയുടെ കൈവശം പണമുള്ളത് ശ്രദ്ധയിൽപെട്ട രാധിദേവിയെന്ന ജീവനക്കാരിയാണ് കൊലക്കുപിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവരെ പൊലീസ് പിടികൂടി ചോദ്യംചെയ്തു. മൂന്ന് വർഷത്തോളമായി ഇന്ദിരാഗാന്ധി ആശുപത്രിയിൽ കരാർ തൊഴിലാളിയാണ് രാധിദേവി. പണത്തിന് അത്യാവശ്യം നേരിട്ട ഇവർ, കൂട്ടിരിപ്പുകാരൊന്നുമില്ലാത്ത ദുർബലയായ സുമിതയെ കൊള്ളയടിക്കാൻ പദ്ധതിയിടുകയായിരുന്നുവത്രെ.
മെയ് 22ന് രാത്രി 12.30 ഓടെ രാധിദേവി സുമിതയുടെ അരികിൽപോയി സ്കാനിങ്ങിനായി കൂടെവരാൻ പറഞ്ഞു. സുമിതയെ വാർഡിൽ നിന്ന് വീൽചെയറിൽ ലിഫ്റ്റിനരികിൽ കൊണ്ടുപോയി. അവിടെവെച്ചാണ് മൊബൈൽ ഫോണും പണവും കവർന്നത്. തുടർന്ന് എട്ടാം നിലയിലേക്ക് കൊണ്ടുപോയി കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവത്രെ. ജൂൺ 8ന് എട്ടാം നിലയിലെ എമർജൻസി ബോക്സ് മുറിക്ക് സമീപമാണ് സുമിതയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.