എടക്കര: ഉള്‍വനത്തിലെ ആദിവാസി ഊരില്‍ മാസം തികയാതെ പ്രസവിച്ച യുവതിയെ അമിതരക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. കുഞ്ഞ് മരിച്ചനാല് കോളനിയില്‍തന്നെ സംസ്കരിച്ചു. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഉള്‍വനത്തിലെ തരിപ്പപ്പൊട്ടി കോളനിയിലെ സുനിലിെൻറ ഭാര്യ കാഞ്ചനയെയാണ് (20) നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫിസര്‍ എം. അബ്ദുല്‍ ഗഫൂറിെൻറ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വൈകീട്ട് നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം അംഗന്‍വാടി പ്രവര്‍ത്തകരാണ് അമിതരക്തസ്രാവം മൂലം ആരോഗ്യസ്ഥിതി വഷളായ യുവതിയെക്കുറിച്ച് പോത്തുകല്‍ പൊലീസില്‍ വിവരം നല്‍കിയത്. എസ്.ഐ കെ. അബ്ബാസ്, വാണിയംപുഴ വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ വി. ശശികുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും കുത്തൊഴുക്കുള്ള ചാലിയാറില്‍ ചങ്ങാടത്തിലൂടെ അക്കരെ പോകല്‍ ദുഷ്കരമായതിനാല് ഫയര്‍ ഫോഴ്സിൽ വിവരമറിയിച്ചു.
ജലനിരപ്പുയര്‍ന്ന ചാലിയാറിലൂടെ റബര്‍ ഡിങ്കിയും ഒൗട്ട് എന്ജിന് ബോട്ടുമായെത്തി അതിസാഹസികമായാണ് ഇവരെ മറുകരയത്തെിച്ചതും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ആശുപത്രിയിലത്തെിച്ച ശേഷം യുവതിയുടെ നില മെച്ചപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ജൂലൈയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ കോളനിയിലെത്തിയത്.
എന്നാല്‍, ഗര്‍ഭിണികളുടെ പട്ടികയില്‍ കാഞ്ചനയുടെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കോവിഡ് മൂലമുള്ള ലോക്ഡൗണും പുഴയിലെ കുത്തൊഴുക്കും കാരണം പിന്നീട് കോളനിയിലേക്ക് പോകാന്‍ ഇവര്‍ക്കായില്ലെന്ന് പറയുന്നു. കഴിഞ്ഞ പ്രളയത്തില്‍ ഇരുട്ടുകുത്തി കടവിലെ പാലം തകര്‍ന്നതോടെ സഞ്ചാരമാര്ഗമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഉള്‍വനത്തിലെ നാല് കോളനിവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.