faijas uliyil

മരിച്ച ഫൈജാസ്, അപകടത്തിൽ തകർന്ന കാർ

പാതിയിൽ നിലച്ച പാട്ടായി ഫൈജാസ്; വർഷങ്ങൾക്ക് മുമ്പ് സഹോദരനും മരിച്ചത് അപകടത്തിൽ

ഉളിയിൽ (ഇരിട്ടി): ജീവിതഗാനം പാതിയിൽ നിർത്തി മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ യാത്രയായി. തേനൂറും ഇശലിന്റെ മാധുര്യത്തോടെ ശ്രോതാക്കളുടെ മനസ്സില്‍ ഇടം നേടിയ കലാകാരന്റെ മരണത്തിന്റെ ഞെട്ടലിലാണ് നാട്. കഴിഞ്ഞ ദിവസം പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ഉളിയിൽ ചിറമ്മൽ ഹൗസിൽ കെ.ടി. ഫൈജാസ് മരിച്ചത്. കലാ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഫൈജാസിന്റെ സഹോദരൻ സഫറും വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.


വിവിധ ചാനൽ പരിപാടികളിലും മറ്റും പങ്കെടുത്ത് ശ്രദ്ധേയനായ ഫൈജാസ് നാട്ടിലും വിദേശത്തും ഒട്ടേറേ സദസ്സുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഉളിക്കലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കാറിൽ തിരിച്ചുവരവെ രാത്രി 12 ഓടെ ചക്കരക്കല്ലിൽ നിന്നും കീഴൂർക്കുന്നിലേക്ക് വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ചക്കരക്കല്ല് സ്വദേശികളായ അൻസാബിനെ (27) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ഷഹനാദിനെ (26) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കി മൂന്നുപേരെ കണ്ണൂരിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ഫൈജാസിന്റെ മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ ഉളിയിൽ എത്തിച്ചു. ടൗൺ ജുമാ മസ്ജിദിലും കാരക്കുന്നിലെ വീട്ടിലും മജ്‍ലിസ് ജുമാമസ്ജിദിലും പൊതുദർശനത്തിനുവെച്ചു. സമൂഹത്തിലെ നാനാ തുറകളിലുള്ള നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.

സണ്ണി ജോസഫ് എം.എൽ.എ , നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, കണ്ണൂർ കോർപറേഷൻ മേയർ മുസ്‍ലിഹ് മഠത്തിൽ, അബ്ദുൽ കരിംചേലേരി, ചന്ദ്രൻ തില്ലങ്കേരി, ബെന്നി തോമസ്, ഇബ്രാഹിംമുണ്ടേരി, ഒമ്പാൻ ഹംസ, പി.എ. നസീർ, കൈതേരി മുരളീധരൻ, വി. മോഹനൻ, റിയാസ് നാലകത്ത്, എം.കെ. യൂനസ്, ടി.കെ. മുഹമ്മദലി, കെ. അബ്ദുൽ റഷീദ്, ഷാജഹാൻ മിസ്ബാഹി, തറാൽ ഈസ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

ഉളിയിലെ പരേതരായ ആബു-സുഹറ ദമ്പതികളുടെ മകനാണ് ഫൈജാസ്. മറ്റുസഹോദരങ്ങൾ: ബിൻയാമിൻ, മുബീസ്, ആരിഫ, നൂർജഹാൻ.

ഇനിയെത്ര ജീവൻ പൊലിയണം? അപകടക്കെണിയൊരുക്കി പുന്നാട്

ഇരിട്ടി: അപകടം പതിയിരിക്കുന്ന ഇരിട്ടി- മട്ടന്നൂർ റോഡിലെ പുന്നാട് ഇറക്കത്തിൽ ശനിയാഴ്ച അർധരാത്രി ഒരു ജീവൻ കൂടി പൊലിഞ്ഞു. കോടികൾ മുടക്കി റോഡ് നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗം വർധിക്കുകയും അപകടങ്ങൾ പതിവാകുകയും ചെയ്തിരിക്കുകയാണ്. ഇരിട്ടി മട്ടന്നൂർ റൂട്ടിൽ പുന്നാട് മേഖലയിലാണ് അപകടങ്ങൾ ഏറെയും. ശനിയാഴ്ച അർധരാത്രി 12 ഓടെയാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉളിയിൽ സ്വദേശിയും മാപ്പിളപ്പാട്ട് കലാകാരനുമായ ഫൈജാസ് മരിച്ചത്.

ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറും ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഈ അപകടത്തിൽ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.


ചക്കരക്കൽ സ്വദേശികൾ സഞ്ചരിച്ച കാറിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖല പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണെന്ന് പ്രദേശവാസികൾ പറയുന്നു. കീഴൂർകുന്നിനും പുന്നാടിനുമിടയിൽ നേരെയുള്ള റോഡും ഇറക്കവുമാണ്. ഇവിടെ വാഹനങ്ങൾ അമിതവേഗതത്തിലാണ് സഞ്ചരിക്കാറുള്ളത്. ഇതിനുമുമ്പും ഈ മേഖലയിൽ നിരവധി അപകടങ്ങൾ നടക്കുകയും നിരവധി പേരുടെ ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും അധികൃതർ ഇടപെട്ട് ഇവിടെ വാഹനങ്ങളുടെ വേഗം കുറക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അതു വഴി അപകട സാധ്യത കുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


Tags:    
News Summary - singer faijas uliyil memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-26 15:22 GMT