വിടപറഞ്ഞത്​ കേരളത്തിലെ ഐ.ടി രംഗത്ത് മുമ്പേ പറന്ന പ്രതിഭ

വിവര സാ​ങ്കേതിക രംഗത്തെ മാറ്റങ്ങളെ പ്രവചന സ്വഭാവത്തോടെ മലയാളിക്ക്​ പരിചയപ്പെടുത്തിയ വി.കെ അബ്​ദുവിന്‍റെ ഒാർമകൾ പങ്കു​വെക്കുകയാണ്​ ഐ.ടി രംഗത്തെ പ്രമുഖർ. കഴിഞ്ഞ ദിവസം നിര്യാതനായ വി.കെ അബ്​ദു ഐ.ടി മേഖലയിലെ ​ സാധ്യതകളെ സാധാരണ ജനങ്ങൾക്ക്​ പരിചയപ്പെടുത്തിയ പ്രതിഭയായിരുന്നു. വിവരസാ​​ങ്കേതിക വിദ്യ ജനകീയമല്ലാത്ത കാലത്ത്​ തന്നെ അതിന്‍റെ സാധ്യതകളെ പരിചയപ്പെടുത്താനായി മാധ്യമം പത്രത്തിൽ, 'ഇൻഫോ മാധ്യമ'ത്തിന്‍റെ എഡിറ്ററായിരുന്ന അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഒരു മുഴുപേജ്​ തന്നെ മാറ്റിവെച്ചിരുന്നു. 

കേരളത്തിലെ ഐ.ടി മേഖലയുടെ കുതിപ്പിന്‍റെ മുന്നേ നടന്നവരിലൊരാളായിരുന്നു വി.കെ. അബ്​ദുവെന്ന്​ കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍സാദത്ത് ഫേസ്​ബുക്കിൽ കുറിച്ചു. മലയാളത്തിലെ ഐ.ടി എഴുത്തിന്‍റെ കാരണവരാണ്​ വിടപറഞ്ഞതെന്ന്​ ശാസ്​ത്ര-സാ​​ങ്കേതിക എഴുത്തുകാരൻ വി.കെ ആദർശ്​ ട്വിറ്ററിൽ കുറിച്ചു. 

കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍സാദത്തിന്‍റെ കുറിപ്പ്​: 

വി.കെ.അബ്‍ദു : കേരളത്തിലെ ഐടി വിനിമയ രംഗത്ത് മുമ്പേ പറന്ന പ്രതിഭ


കേരളത്തിന്‍റെ ഐടി കുതിപ്പ് രണ്ടരപ്പതിറ്റാണ്ടിലേക്കെത്തുമ്പോള്‍ ഈ മേഖലയില്‍ മുന്നേ നടന്നവരില്‍ ആദ്യം ഓര്‍ക്കേണ്ട പേരുകളിലൊന്നാണ് ഇന്ന് അന്തരിച്ച എഴുപത്തഞ്ചുകാരനായ വി.കെഅബ്‍ദു സാഹിബ്. ഔപചാരികമായ യാതൊരു കമ്പ്യൂട്ടര്‍ പഠനവും നേടാതെ തന്നെ തൊണ്ണൂറുകളില്‍ തന്‍റെ പ്രവാസി ജീവിതകാലത്ത് കമ്പ്യൂട്ടറുകളെക്കുറിച്ച് എഴുതുമ്പോഴാണ് അബ്‍ദു സാഹിബിനെ അറിയുന്നത്. പിന്നീട് ഇന്‍ഫോ മാധ്യമം എന്ന ഒരു വിഭാഗം തന്നെ 'മാധ്യമം' ദിനപ്പത്രത്തില്‍ ഉള്‍പ്പെടുത്തി. ആഴ്ചയിലൊരിക്കല്‍ ഒരു പേജ് പൂര്‍ണമായും അതിനായി നീക്കിവെച്ചു. പത്രത്തിന്‍റെ ജീവനക്കാരൻ അല്ലാതിരുന്നിട്ടും ആ പേജിലേക്കുള്ള ലേഖനങ്ങളുടെ എഡിറ്റിംഗ് മാത്രമല്ല, ലേഔ‍ട്ട് ഉള്‍പ്പെടെ അബ്‍ദു സാഹിബായിരുന്നു എന്നാണ് ഓര്‍മ.
രണ്ടായിരത്തിന്‍റെ ആദ്യ പകുതിയില്‍ സജീവമായ ഒരു കമ്പ്യൂട്ടര്‍ ക്ലബ്ബും അതിന്‍റെ ഭാഗമായി നിരവധി ശില്പശാലകളും സംഘടിപ്പിച്ചിരുന്നു. ഇന്‍ഫോകൈരളി എന്ന ഐടി മാസികയിലും നിരന്തരം അബ്‍ദു സാഹിബ് എഴുതിയിരുന്നു. പിന്നീട് പുസ്തകമാക്കിയ എന്‍റെ നാനോടെക്‌നോളജി, സൈബർ കുറ്റകൃത്യങ്ങളും സൈബർ നിയമവും തുടങ്ങിയ ലേഖനങ്ങൾ അന്ന് മിക്ക ലക്കങ്ങളിലും ഉണ്ടായിരുന്നു . വി.കെ.ആദര്‍ശ്, ടി വി.സിജു എന്നിങ്ങനെ നിരവധി ഐടി എഴുത്തുകാര്‍ ഇക്കാലയളവില്‍ സജീവമായിരുന്നു.

കേരളത്തില്‍ വിവര സാങ്കേതിക വിദ്യക്കനുകൂലമായ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നത് ഐടി മിഷന്‍, ഐടി@സ്കൂള്‍, അക്ഷയഎന്നിങ്ങനെയുള്ള നാം നടത്തിയ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളാണ്. ഐടിയെക്കുറിച്ചുള്ള അറിവ്, ബോധവല്‍ക്കരണം, സാധ്യതകള്‍, തൊഴിലവസരങ്ങള്‍ എന്നിങ്ങനെ ഇത്തരത്തിലുള്ള സാങ്കേതിക പരിസരം സൃഷ്ടിക്കപ്പെടുന്നതില്‍ അബ്‍ദു സാഹിബിനെപ്പോലുള്ളവരുടെ എഴുത്തും പ്രവൃത്തിയും വഹിച്ച പങ്ക് വളരെയേറെയാണ്; ഒരുപക്ഷേ ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് കേരളത്തിലായിരുന്നു എന്ന് പറയുന്നതിലും കൂടുതല്‍.

വ്യക്തിപരമായി എനിക്ക് ഏറ്റവും അടുപ്പമുള്ള അബ്ദുസാഹിബുമായി 'അക്ഷയ' കാലഘട്ടത്തില്‍ ഞാന്‍ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ പലതവണ ഇരുമ്പുഴിയിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍വെച്ച് കണ്ടിരുന്നു . പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ മുമ്പ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടും ആ അറുപതുകാരനോട് അന്നൊക്കെ പുതിയ വിഷയങ്ങളും പദ്ധതികളുമൊക്കെ സംസാരിക്കുമ്പോൾ ഞങ്ങളേക്കാള്‍ ചെറുപ്പം ആ മനസിനുണ്ടെന്ന് തോന്നിയിരുന്നു .
അക്കാലങ്ങളില്‍ ഐ.ടി.യുടെ സാമൂഹ്യ സാധ്യതകള്‍ വിവരിക്കുന്ന പല പ്രസംഗങ്ങളിലും ഇക്ബാല്‍ സാര്‍ പറയാറുണ്ടായിരുന്നു, "മലപ്പുറത്തെ ഒരു മൗലവിയെപ്പോലെ തോന്നിക്കുന്ന കമ്പ്യൂട്ടറും എഞ്ചിനീയറിംഗും ഒന്നും പഠിക്കാത്ത വി.കെ.അബു എന്ന മനുഷ്യനാണ് ഈ മേഖലയിലെ പല പുതിയ കാര്യങ്ങളും മലയാളിക്ക്​ പരിചയപ്പെടുത്തുന്നത്" എന്ന്.

കേരളത്തിലെ ഐടി വളര്‍ച്ചയെ കൈപിടിച്ചുയര്‍ത്തിയ പ്രതിഭകളെക്കുറിച്ച് വിക്ടേഴ്സില്‍ ഒരുപ്രോഗ്രാം 2011ല്‍ ഉദ്ദേശിച്ചിരുന്നു. അന്ന് മുതല്‍ എന്‍റെ മനസിലുള്ള പേരുകളിലൊന്ന് വി.കെ.അബ്ദു സാഹിബി​േന്‍റതായിരുന്നു.
ആദരാഞ്ജലികള്‍.....

വി.കെ. ആദർശിന്‍റെ കുറിപ്പ്​:

വി.കെ അബ്ദു സർ വിട്ടുപിരിഞ്ഞു.
നിത്യശാന്തി നേരുന്നു.. പ്രണാമം സർ.
ഇൻഫോ മാധ്യമം എഡിറ്ററായിരുന്നു, മലയാളത്തിലെ ഐടി എഴുത്തിന്‍റെ കാരണവർ എന്ന് പറയാം. മാധ്യമം ദിനപത്രത്തിൽ 20 വർഷം മുന്നെ തന്നെ ഒരു പേജ് ഐടിയ്ക്ക് മാറ്റിവച്ചത് വികെ അബ്ദു സാറിന്‍റെ ശ്രമഫലമാണ്.

കോളജിൽ പഠിക്കുന്ന സമയത്ത് ITവിശേഷങ്ങൾ ചോദിച്ച് സർ വിളിക്കുന്നത്, പിന്നെ അതൊന്ന് എഴുതി തരാമോ എന്ന് ചോദിച്ച് നിർബന്ധിച്ച് വാങ്ങുന്നത്.. ഇന്നലെയെന്ന പോലെ ഓർമ ഉണ്ട്. ITഉപകരണങ്ങളെ ഇത്രയേറെ ഇഷ്ടപ്പെട്ട ഒരാളെ അധികം കണ്ടിട്ടില്ല. സാറിന്‍റെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്.

കോളജ് പഠന കാലത്ത് തന്നെ ഇൻഫോ മാധ്യമത്തിൽ നിന്ന് സാറിന്‍റെ കത്തും ചെക്കും/DD യും വരുന്നത് മാറാനാണ്, ഉപയോഗിക്കുന്ന ഒരു Bank A/c എടുത്തത് തന്നെ. സർ എഴുതിപ്പിച്ച പരമ്പര എന്‍റെ ആദ്യ പുസ്തകമാക്കി DC Books publish ചെയ്തു.

മനസിൽ നിന്ന് ഒരിക്കലും മറയില്ല സർ. കണ്ണീരിൽ കുതിർന്ന പ്രണാമം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.