2024 ആദ്യത്തെ ഒമ്പത് മാസത്തിലെ 93 ശതമാനം ദിവസങ്ങളിലും ഏതെങ്കിലുമൊരു അതിതീവ്ര കാലാവസ്ഥ പ്രതിഭാസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു രാജ്യത്തെ 36 സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിൽ 35ലും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യക്ഷ സൂചനകൾ അടയാളപ്പെടുത്തിയ വർഷമാണിത്
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾദുരന്തത്തിന്റെ ആഘാതം ഒരു വിശദീകരണവും ആവശ്യമില്ലാത്തവിധം നേരനുഭവമായും നടുക്കുന്ന ഓർമയായും മുഴുവൻ മലയാളിയുടെയും മനസ്സിലുണ്ടാവും. ഉരുൾദുരന്തത്തിൽ ഉയിരു മാത്രം ബാക്കിയായ പതിനായിരക്കണക്കിന് ആളുകളുടെ പുനരധിവാസത്തിനായുള്ള സാമ്പത്തിക സഹായത്തോട് നിഷേധാത്മക നിലപാട് സ്വീകരിച്ച കേന്ദ്രസർക്കാറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങുമ്പോൾ നമുക്ക് മുന്നിൽ മറ്റൊരു പഠന റിപ്പോർട്ട് കൂടിയുണ്ട്: സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) പുറത്തുവിട്ട ‘ക്ലൈമറ്റ് ഇന്ത്യ 2024’ എന്ന റിപ്പോർട്ടിന്റെ രത്നച്ചുരുക്കം വയനാട് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ്. എന്നല്ല, വരാനിരിക്കുന്ന വൻ കാലാവസ്ഥ ദുരന്തങ്ങളുടെ കൃത്യമായ മുന്നറിയിപ്പുകൂടിയാണ് വയനാട് ഉരുൾദുരന്തം.
2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പത് മാസത്തിനിടെ, രാജ്യത്ത് റിപ്പോർട്ട് ചെയ്ത അതിതീവ്ര കാലാവസ്ഥ സംഭവങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ‘ക്ലൈമറ്റ് ഇന്ത്യ 2024’. സാധാരണ പ്രകൃതിദുരന്തങ്ങളിൽനിന്ന് ഭിന്നമാണ് അതിതീവ്ര കാലാവസ്ഥ ദുരന്തങ്ങൾ. കേരളത്തിൽ മൺസൂൺ കാലത്ത് ശക്തമായ മഴമൂലമുണ്ടാകുന്ന അപകടങ്ങളെ നാം കേവല കാലാവസ്ഥ ദുരന്തമായിട്ടാണ് കണക്കാക്കുക. എന്നാൽ, കാലാവസ്ഥ മാറ്റത്തിന്റെ കൂടി ഫലമായി രൂപപ്പെടുന്ന കാലാവസ്ഥ പ്രതിഭാസങ്ങളുണ്ട്. മിന്നൽപ്രളയങ്ങളും ഉഷ്ണതരംഗങ്ങളും കാലം തെറ്റിയുള്ള ഇടിമിന്നലുകളും ചുഴലിക്കാറ്റുകളും മേഘവിസ്ഫോടനങ്ങളുമെല്ലാം അക്കൂട്ടത്തിൽപെടുന്നു. ഒമ്പത് മാസം എന്നാൽ 274 ദിവസമാണ്. ഇതിൽ 255 ദിവസവും അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി പഠനം വ്യക്തമാക്കുന്നു. 3238 മരണങ്ങളാണ് ഇക്കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. അഥവാ, പ്രതിദിനം 11 പേർ കാലാവസ്ഥ ദുരന്തങ്ങൾമൂലം രാജ്യത്ത് മരണപ്പെടുന്നു. ഏകദേശം, റോഡപകട മരണങ്ങളുടെ അത്രയും വരുമിത്. 32 ലക്ഷം ഹെക്ടറിന്റെ കൃഷിനാശവും 2024ലുണ്ടായി. 2.35 ലക്ഷം വീടുകൾ പൂർണമായോ ഭാഗികമായോ നശിച്ചു. പതിനായിരം വളർത്തുമൃഗങ്ങളും ചത്തു.
2023ൽ 241 ദിവസങ്ങളിലാണ് അതിതീവ്ര കാലാവസ്ഥ റിപ്പോർട്ട് ചെയ്തത്; മരണം 2923. അതിനുതൊട്ടു മുമ്പത്തെ വർഷം 2755 പേർ ദുരന്തത്തിൽ മരിച്ചു. രണ്ട് വർഷത്തിനിടെ കൃഷിനാശം ഇരട്ടിയുമായി. 2022ൽ 18 ലക്ഷമായിരുന്നു കൃഷിനാശം. കാലാവസ്ഥ വ്യതിയാനവുമായി പ്രത്യക്ഷത്തിൽതന്നെ ബന്ധപ്പെടുത്താവുന്ന പ്രകൃതിദുരന്തങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൃത്യമായ മുന്നറിയിപ്പാണ്.
കാലവസ്ഥ വ്യതിയാനം നമുക്ക് മുന്നിലുള്ള പുതിയ യാഥാർഥ്യവും വെല്ലുവിളിയുമാണ്. ഇതിനെ എങ്ങനെ നേരിടുമെന്നത് ഏറെ പ്രധാനമാണ്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ മനുഷ്യന് എളുപ്പത്തിൽ മാറ്റിത്തീർക്കാനാവില്ല. എന്നാൽ, അതിനെ കൃത്യമായി നിരീക്ഷിച്ചാൽ, അതുമൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിരീക്ഷണവും പ്രതിരോധ മാർഗവും ഇന്ന് എളുപ്പമാണ്. അടുത്തിടെ ഒഡിഷയിലുണ്ടായ ദാന ചുഴലിക്കാറ്റിന്റെ കാര്യം ഓർക്കുക. ചുഴലിക്കാറ്റിന്റെ ഗതിയും വേഗവും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ കഴിഞ്ഞതോടെ രക്ഷാപ്രവർത്തനവും എളുപ്പത്തിൽ സാധ്യമായി. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗത്തിൽ ചുഴലിക്കാറ്റ് കരതൊട്ടിട്ടും ആളപായമുണ്ടായില്ല. വിപുലവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ആവിഷ്കരിച്ചതുകൊണ്ടു മാത്രം സാധ്യമായതാണ് അത്. സമാനമായ പഠനങ്ങൾ അതിതീവ്ര കാലാവസ്ഥ പ്രതിഭാസവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലൂം ആവശ്യമുണ്ട്.
മുണ്ടെക്കെ-ചൂരൽമല ദുരന്തമാണ് ഈ വർഷം കേരളത്തിൽ ഇത്രയും മരണം റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്ന് ധരിച്ചെങ്കിൽ തെറ്റി. വിസ്ഫോടകരമാംവിധം ആർത്തലച്ച ജലപ്രവാഹത്തിൽ വയനാട്ടിലെ രണ്ട് ഗ്രാമങ്ങൾ ചാലിയാറിൽ പതിച്ച ആ മഹാദുരന്തം കേരളത്തിന്റെ ആദ്യത്തെ അനുഭവമല്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നമ്മുടെ ചെറുസംസ്ഥാനം സാക്ഷ്യംവഹിച്ചത് ഏഴ് വൻ പ്രകൃതിദുരന്തങ്ങൾക്കാണ്. 2018ൽ 480ലധികം പേരുടെ മരണത്തിൽ കലാശിച്ച മഹാപ്രളയം, 2019ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമുണ്ടായ ഉരുൾപൊട്ടൽ, 2020ൽ ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ, തൊട്ടടുത്ത വർഷം കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കയാറും. 2018ൽ 18 സംസ്ഥാനങ്ങളിലാണ് പ്രളയമുണ്ടായത്. ഹിമപാതവും ഉഷ്ണതരംഗങ്ങളുമടക്കം വേറെയും പ്രകൃതിദുരന്തങ്ങളുണ്ടായി. തീർച്ചയായും, ആഗോളതാപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും അനുരണനങ്ങൾ നമ്മുടെ രാജ്യത്തും ദൃശ്യമായിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. 2017നുശേഷം, ഒാരോ വർഷവും ഇൗ അപകട കാലാവസ്ഥയിൽ 2500 പേർക്കെങ്കിലും ജീവൻ നഷ്ടമാകുന്നുണ്ട്; ചുരുങ്ങിയത് 22 ലക്ഷം പേരെ അത് നേരിട്ട് ബാധിക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതിദുരന്തങ്ങളുടെ അണമുറിയാത്ത ഈ പേമാരികൾ നമ്മുടെ ഭൂപടങ്ങളെ അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ, നമ്മുടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൺസൂൺ കാലവർഷംതന്നെ മാറിയത് ശ്രദ്ധിക്കുക. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി മഴയും പിന്നീടുള്ള തുലാവർഷവുമെല്ലാം ഏറക്കുറെ കൃത്യമായി പ്രവചിക്കാവുന്ന തരത്തിൽ സന്തുലിതമായിരുന്നു. കഴിഞ്ഞ 200 വർഷത്തെ കണക്ക് എടുത്തുനോക്കിയാൽ ഇതിൽ വലിയ വ്യത്യാസമൊന്നും കാണാൻ കഴിയില്ല. ഇതിനനുസരിച്ചാണ് നാം കൃഷിയും മറ്റും ക്രമീകരിച്ചത്. എന്നാൽ, 2001നുശേഷം ഇതിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഇപ്പോൾ ജൂൺ, ജൂലൈ മാസങ്ങളിൽ പലപ്പോഴും മേഘങ്ങൾപോലുമില്ലാത്ത തെളിഞ്ഞ ആകാശമാണ്; മഴ കുറഞ്ഞുനിൽക്കേണ്ട ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കനക്കുകയും ചെയ്യുന്നു. മഴവിതരണത്തിലെ ഈ അസന്തുലിതത്വമാണ് പ്രളയത്തിന് വഴിവെക്കുന്നത്. ആകെ കിട്ടുന്ന മഴയിൽ കാര്യമായ വ്യത്യാസമുണ്ടാവുന്നില്ലെങ്കിലും വിതരണത്തിന്റെ തോത് മുഴുവനായും മാറി. ഇതാണ് പ്രളയമായും ഉരുൾപൊട്ടലായുമൊക്കെ മാറുന്നത്. മഴയുടെ വിതരണത്തിലെ താളപ്പിഴ മറുവശത്ത് വരൾച്ചക്കും കാരണമാകുന്നു. ഇത് കേരളത്തിന്റെ മാത്രം കാര്യവുമല്ല. എന്തിന്, കടലിൽപോലും ഈ മാറ്റം നേരത്തെ പ്രകടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന പുതിയൊരു കാലാവസ്ഥ കലണ്ടറിലേക്ക് നാം മാറേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.