കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകരുകയാണെന്ന സൂചനകള്‍ക്ക് ബലമേകുന്നതാണ് 2016-22 കാലയളവിലെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് [Report of the Comptroller and Auditor General of India on Public Health Infrastructure and Management of Health Services, Report No. 6 of the year 2024 (Performance Audit - Civil)].ത്രിതീയ തലത്തിലുൾപ്പെടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത - പ്രത്യേകിച്ച് സ്പെഷലിസ്റ്റുകളില്ലാത്ത അവസ്ഥയുണ്ടെന്നും വേണ്ടത്ര നഴ്സുമാരും ഫാര്‍മസിസ്റ്റുകളും ലാബ് ടെക്നീഷ്യന്മാരുമില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇതുമൂലം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഡോക്ടര്‍മാരുടെ എണ്ണം പരിതാപകരമായ അളവില്‍ കുറവാണ്. 13 ജില്ലകളിലും ആശാ പ്രവര്‍ത്തകരുടെ എണ്ണത്തിൽ മൂന്നുമുതല്‍ 33 ശതമാനം വരെ കുറവുണ്ട്. ന്യായവിലക്ക് സമയത്ത്, സംതൃപ്തമായ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ആവശ്യത്തിന് സ്റ്റാഫില്ല എന്നീ കാരണങ്ങളാല്‍ ഉദ്ദേശിക്കപ്പെട്ട സേവനങ്ങള്‍പോലും ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന സേവനങ്ങളോ പരിശോധനകളോ പോലും പല സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമല്ല.
ആശുപത്രികളില്‍ മരുന്ന് ക്ഷാമമുണ്ടെന്നും 82 ശതമാനം മരുന്നുകളുടെയും വിതരണം വൈകുന്നുണ്ടെന്നും ഓഡിറ്റ് കാലയളവില്‍ മാത്രം 14 വിതരണക്കാരുടെ മരുന്നുകള്‍ ഗുണനിലവാര പരിശോധന കൂടാതെ ആശുപത്രികളില്‍ വിതരണം ചെയ്യുകയുണ്ടായെന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപ്പണികളിലും അടിസ്ഥാന സൗകര്യ വികസനത്തിലും അലംഭാവമുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യൻ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിക്കുന്നതിനെ അപേക്ഷിച്ച് കേരളത്തില്‍ 14 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും 35 ശതമാനം സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുറവുണ്ട്. ചെലവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ മേഖലയിലേക്കുള്ള സര്‍ക്കാര്‍ വകയിരുത്തല്‍ കുറയുകയാണെന്നും മരുന്നുകള്‍ വാങ്ങാന്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും കുറവ് നികത്താനായി സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി ഡോക്ടര്‍-ജനങ്ങള്‍ അനുപാതത്തിലെ വിടവ് നികത്തണമെന്നും ഡോക്ടര്‍മാരുടെ ലഭ്യത പരിതാപകരമായ അളവില്‍ കുറവുള്ള ജില്ലകളില്‍ എണ്ണം വര്‍ധിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഓരോ തലത്തിലുമുള്ള ആശുപത്രികളില്‍ ലഭ്യമാക്കണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള പരിശോധനകളും ഉപകരണങ്ങളും സേവനങ്ങളും മരുന്നുകളും സര്‍ക്കാര്‍ ഉറപ്പാക്കണം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് സംവിധാനമുണ്ടാകണം, ജനസംഖ്യക്ക് ആനുപാതികമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കണം, ആരോഗ്യ മേഖലയിലേക്കുള്ള ബജറ്റ് വകയിരുത്തല്‍ വര്‍ധിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിക്കണം തുടങ്ങിയവ അവയില്‍ ചിലതാണ്.
തൊണ്ണൂറുകള്‍ മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ നിയോ-ലിബറല്‍ നയങ്ങളാണ് ആരോഗ്യ മേഖലയുടെ തകര്‍ച്ചയുടെ പ്രധാന ഹേതു. ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ മറുപുറം കൂടിയാണിത്. ഒമ്പതാം പഞ്ചവത്സര പദ്ധതി (1992-97) കാലത്തുതന്നെ രാജ്യത്ത് ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണത്തിനുള്ള ശ്രമം ആരംഭിക്കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും പ്രാദേശിക സാമൂഹിക വിഭവങ്ങളുടെ ഉപയോഗവും എന്ന പേരില്‍ തൊഴിലിന്റെ കരാര്‍വത്കരണവും ഔട്ട്സോഴ്സിങ്ങും നടപ്പിലാക്കുന്നതും ആരോഗ്യസേവനങ്ങള്‍ക്ക് യൂസര്‍ ഫീ ഏര്പ്പെടുത്തിത്തുടങ്ങുന്നതും അക്കാലത്താണ്. പൊതുജനാരോഗ്യ മേഖലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫാര്‍മസിസ്റ്റുകളുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും ലഭ്യത ഇല്ലാതാക്കിയത് ഈ നയമാണ്. ഇത്തരത്തിലുള്ള ഘടനാപരമായ പരിഷ്കാരത്തിനായി ധാരാളം പണം ഐ.എം.എഫ്-ലോകബാങ്ക് വായ്പയായി രാജ്യത്തേക്ക് ഒഴുക്കിയിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന ആര്‍ദ്രം, ദേശീയ നഗരാരോഗ്യ ദൗത്യം, കായകല്പ് പരിപാടി, നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം, റിവേഴ്സ്ഡ് ടി.ബി കണ്ട്രോള് പ്രോഗ്രാം, ദേശീയ മാനസികാരോഗ്യ പരിപാടി, ജനനി സുരക്ഷാ യോജന തുടങ്ങിയ പല സ്കീമുകളും പദ്ധതികളും ആരോഗ്യ മേഖലയുടെ ഘടനാപരമായ പരിഷ്കാരം ലക്ഷ്യമാക്കി ലോകബാങ്കും ഏഷ്യന്‍ വികസന ബാങ്കും നല്കുന്ന വായ്പകളെ ആശ്രയിച്ചുള്ളതാണ്.
വിദേശ വായ്പാ കടക്കെണിയിലാവുന്ന ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വായ്പാതിരിച്ചടവ് സാധ്യമാവണമെങ്കില്‍ വലിയ അളവില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടിവരും. ഇന്ത്യപോലുള്ള ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ കൊള്ളയടിക്കാൻ അന്താരാഷ്ട്ര കോർപറേറ്റ് ഭീമന്മാര്ക്കുള്ള ഉപാധിയാണ് വിദേശ വായ്പകള്‍. ആരോഗ്യ മേഖലയിലുള്‍പ്പെടെ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിരിക്കുന്നത് ഈ വായ്പകളുടെ പശ്ചാത്തലത്തിലാണ്.
മറ്റൊരു ഘടകംകൂടി നമ്മള് പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ബ്രിട്ടീഷ് മലബാറില്‍ 1879 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും സ്ഥാപിച്ച ജനറല്‍ ആശുപത്രികള്‍ക്ക് 150 വര്‍ഷത്തിലധികം പഴക്കമുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1961 മുതല്‍ 1986 വരെയുള്ള കാലത്ത് കേരളത്തിലെ പൊതുജനാരോഗ്യ മേഖല വലിയ അളവില്‍ വികസിക്കുകയുണ്ടായി. 1970 മുതല്‍ 1990 വരെയുള്ള കാലം കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നിട്ടുകൂടി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ അന്നത്തെ സര്‍ക്കാറുകള്‍ കഠിനമായി പരിശ്രമിച്ചിരുന്നു. എന്നാല്‍, 1983ലെ നയം ആരോഗ്യ ബജറ്റില്‍ സ്വാധീനംചെലുത്താനും ബജറ്റ് വിഹിതം ചുരുങ്ങാനും തുടങ്ങിയതോടെ ആരോഗ്യ മേഖലയുടെ തകര്‍ച്ച ആരംഭിച്ചു. വളരെ വിപുലമായിരുന്നു കേരളത്തിലെ സംവിധാനങ്ങള്‍ എന്നതിനാല്‍ ഇനിയും ആ തകര്‍ച്ച പൂര്‍ണമായിട്ടില്ല.
ആരോഗ്യ മേഖലയുടെ തകര്‍ച്ച കേരളത്തെ എവിടെയെത്തിക്കും?
എം.കെ. ഷഹസാദ്
ക്ഷേമരാഷ്ട്ര സങ്കൽപത്തിന്റെ സ്ഥാനത്ത് കമ്പോള താൽപര്യങ്ങള് പ്രതിഷ്ഠിക്കപ്പെട്ടതോടെ സ്വകാര്യ ആരോഗ്യ മേഖലയുടെ വ്യാപനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ തകര്‍ച്ച ഒരു അനിവാര്യതയായിത്തീര്‍ന്നു. ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണത്തെ സഹായിക്കുന്ന നയസമീപനം മാറ്റിയാലേ സി.എ.ജി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ പോലും ഭരണാധികാരികള്‍ക്ക് സാധിക്കുകയുള്ളൂ. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന തീരുമാനത്തിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന നടപടികളും ഭരണാധികാരികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിദേശ കടവും സ്വകാര്യ മൂലധനവും ആശ്രയിച്ചുള്ള സാമ്പത്തിക നയങ്ങള്‍ ഉപേക്ഷിക്കലാണ്. പകരം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കടപത്രങ്ങളുടെ ഈടില്‍ റിസർവ് ബാങ്കില്‍നിന്ന് പണം കടം വാങ്ങാന്‍ മുമ്പ് യൂനിയന്‍ സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഉണ്ടായിരുന്ന അവകാശം പുനഃസ്ഥാപിക്കണം. അതോടുകൂടി ചെറിയ പലിശക്ക് യൂനിയന്‍ സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും വായ്പ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. ആശുപത്രികള്‍ നടത്താന്‍ മാത്രമല്ല, അവശ്യ മരുന്നും ഉപകരണങ്ങളും ഉൽപാദിപ്പിക്കാനും അതിനുവേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍ക്കാറുകള്‍ പ്രാപ്തരാകും. നിലവില്‍ സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിലുപേക്ഷിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉപേക്ഷിക്കാനും സി.എ.ജി നിര്‍ദേശിക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍ ആവിഷ്കരിക്കാനും, സ്കീമുകളുടെയും പ്രോജക്ടുകളുടെയും ബാഹുല്യം കാരണമുണ്ടാകുന്ന സങ്കീര്‍ണതകളില്‍നിന്ന് ഭരണനിര്‍വഹണ സംവിധാനത്തെ രക്ഷിച്ചെടുക്കാനും ഈ ചെറിയ മാറ്റത്തിലൂടെ മാത്രം സാധിക്കും. ഓരോ സംസ്ഥാനത്തും ആവശ്യമായ ആരോഗ്യ പരിപാലന സംവിധാനങ്ങളും അനുബന്ധ ഉൽപാദനവും ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്നത്തിന് ഒരു പരിധിവരെ ശമനമുണ്ടാകും. അതു മറ്റ് ഉൽപാദന - സേവന മേഖലകള്‍ക്ക് ഉണര്‍വേകുകയും ചെയ്യും.
സി.എ.ജി നിര്‍ദേശിച്ചിരിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ തങ്ങള്‍ പിന്തുടരുന്ന നയം മാറ്റാൻ യൂനിയന്‍ സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ മുതിരില്ല. അതിനായി, പ്രക്ഷോഭത്തിനുള്ള ആയുധമാക്കി സി.എ.ജി റിപ്പോര്‍ട്ടിനെ പ്രയോജനപ്പെടുത്തണം. രാജ്യമെമ്പാടും ശക്തമായ പൊതുജനാരോഗ്യ സംവിധാനം സൃഷ്ടിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപിക്കണം, നിലനിര്‍ത്തണം, ശക്തിപ്പെടുത്തണം എന്നീ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഉയര്‍ത്തണം.
ആരോഗ്യ സേവനങ്ങള്‍ വ്യക്തിയുടെ സാമ്പത്തികശേഷി അനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന അവസ്ഥ പണം ചെലവഴിക്കാനുള്ളവരെ സംബന്ധിച്ചിടത്തോളം ആശ്വാസദായകമാണ്. പക്ഷേ, പണം ചെലവഴിക്കാന്‍ ശേഷിയുള്ള വ്യക്തികളുടെ ആരോഗ്യ കാര്യങ്ങളെ മാത്രമേ സ്വകാര്യ മേഖല അഭിസംബോധന ചെയ്യുള്ളൂ. സാമൂഹികാരോഗ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും പണമില്ലാത്തവരുടെ ചികിത്സയും അവരുടെ പരിഗണനാ വിഷയമല്ല. ആ ഭാഗം അവഗണിക്കപ്പെടുകയും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കപ്പെടുകയുംചെയ്യും.
ഒപ്പം പണമില്ലാത്തവന് ചികിത്സക്കായി ഇരന്നു നടക്കേണ്ട ഗതിയുണ്ടാകും. അത് നിലവില്‍തന്നെ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അപകടകരമായ ഈ പോക്കിനെയാണ് സി.എ.ജി തുറന്നുകാട്ടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.