തീക്ഷ്ണമായ വേനൽചൂടിനെ വെല്ലുന്ന മനസ്സുമായി ചെറിയ ക്ലാസുകളിലെ കുരുന്നുകൾ മുതൽ ബിരുദാനന്തര വിദ്യാർഥികൾ വരെ കഴിയുന്ന സമയമാണ് പരീക്ഷകാലം. കുഞ്ഞുമക്കളുടെ പരീക്ഷ പൂർത്തിയായി അവർ അവധി കൊണ്ടാടാൻ തുടങ്ങിയിരിക്കുന്നു. കോളജുകളിൽ പഠിക്കുന്ന അവരുടെ ചേട്ടന്മാർക്കും ചേച്ചിമാർക്കും പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ. ഒരുവർഷം കൊണ്ട് എന്തെല്ലാം പഠിച്ചു, ഉൾക്കൊണ്ടു എന്നതെല്ലാം...
തീക്ഷ്ണമായ വേനൽചൂടിനെ വെല്ലുന്ന മനസ്സുമായി ചെറിയ ക്ലാസുകളിലെ കുരുന്നുകൾ മുതൽ ബിരുദാനന്തര വിദ്യാർഥികൾ വരെ കഴിയുന്ന സമയമാണ് പരീക്ഷകാലം. കുഞ്ഞുമക്കളുടെ പരീക്ഷ പൂർത്തിയായി അവർ അവധി കൊണ്ടാടാൻ തുടങ്ങിയിരിക്കുന്നു. കോളജുകളിൽ പഠിക്കുന്ന അവരുടെ ചേട്ടന്മാർക്കും ചേച്ചിമാർക്കും പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ.
ഒരുവർഷം കൊണ്ട് എന്തെല്ലാം പഠിച്ചു, ഉൾക്കൊണ്ടു എന്നതെല്ലാം അന്തിമമായി വിലയിരുത്താനാണ് വാർഷിക പരീക്ഷകൾ. എന്നാൽ, ശാസ്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും കണക്കിലും ഭാഷയിലുമെല്ലാമുള്ള മികവുകൾ വിലയിരുത്തപ്പെടുന്നതിനപ്പുറം ഒരു മനുഷ്യന്റെ വ്യക്തിത്വ വികാസത്തിന്റെ ആധാരശിലകളായ മാനസികവും ശാരീരികവുമായ മികവുകൾ ഒരു ഘട്ടത്തിലും പരിശോധനക്ക് വിധേയമാകാറില്ല.
ഏറെക്കാലം വിദ്യാഭ്യാസ വകുപ്പിന്റെ അമരത്തിരുന്ന ആളായിട്ടും എന്തുകൊണ്ട് ഈ ഘടകങ്ങൾ നമ്മുടെ മൂല്യനിർണയത്തിൽനിന്ന് താരതമ്യേന പുറത്താകുന്നു എന്നതു സംബന്ധിച്ച് എനിക്കിപ്പോഴും പൂർണ വ്യക്തതയില്ല. അത് അധ്യാപകരുടെ തെറ്റുമല്ല. പാഠഭാഗങ്ങളും പാഠാനുബന്ധ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മേളകളുമെല്ലാമായി ഒത്തിരിയൊരുപാട് കാര്യങ്ങൾ അധ്യയന വർഷാരംഭം മുതൽ അധ്യാപകർക്ക് ചെയ്തുതീർക്കാനുണ്ട്. സ്വാഭാവിക അവധികളും ഇടക്കിടെ വരുന്ന പെരുമഴയും പ്രയാസങ്ങളും മൂലമുള്ള അധ്യയന നഷ്ടവുമെല്ലാം കഴിഞ്ഞ്, ഓരോ വർഷവും അധ്യയനത്തിനായി ലഭിക്കുന്നത് കഷ്ടി 200 ദിവസമാണ്. സ്വാഭാവികമായും ഒരു വിദ്യാർഥിയുടെ വ്യക്തിത്വ വളർച്ച സംബന്ധിച്ച മൂല്യനിർണയം നമ്മുടെ പരിഗണനയിൽ പെടാതെ പോകുന്നു. സമയക്കുറവ് കൊണ്ടും മറ്റും മാതാപിതാക്കൾക്കും അതിന് സാധിക്കുന്നില്ല. ചുരുക്കത്തിൽ പുസ്തകങ്ങളിൽനിന്നുള്ള അറിവുകൾ ഹൃദിസ്ഥമാക്കി ഉത്തരക്കടലാസിലേക്ക് അക്ഷരമാക്കി പകർത്തുക എന്നതിൽ വിദ്യാഭ്യാസ പ്രക്രിയ അവസാനിക്കുന്നു. അവിടെ വിദ്യാർഥിക്ക് നഷ്ടമാകുന്നത് ആഴമേറിയ ചിന്തയും കാഴ്ചപ്പാടുമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷണർ പലപ്പോഴും മുന്നോട്ടുവെച്ച നിരീക്ഷണങ്ങളാണിത്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാറുകൾ നടത്തിവരുന്നുണ്ട് എന്നത് അങ്ങേയറ്റം ശുഭോദർക്കവുമാണ്.
പരീക്ഷകാലവും കഴിഞ്ഞ് അവധിക്കാലത്തേക്ക് കടക്കുമ്പോൾ പലരീതിയിലുള്ള ആസൂത്രണങ്ങൾ വിദ്യാർഥികളുടെ മനസ്സിലുണ്ടാകും. ചിലർ അടുത്ത രണ്ടുമാസത്തെ കളികൾ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച ആലോചനകളിലാണെങ്കിൽ മാതാപിതാക്കളുടെ ജോലിസ്ഥലത്ത് താമസിക്കുന്നവർ നാട്ടിലേക്ക് പോകുന്നത് സംബന്ധിച്ച ആസൂത്രണങ്ങളിലായിരിക്കും. എന്റെ കുട്ടിക്കാലത്തെ അവധിക്കാലവും അങ്ങനെയൊക്കെ തന്നെയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉഷ്ണം അനുഭവപ്പെടുന്ന പാലക്കാട്ടായിരുന്നു എന്റെ വേനലവധിക്കാലം. ചൂടിന്റെ കാഠിന്യം ഒട്ടും അറിയാതെ പന്തുകളിച്ചും മറ്റു കായിക വിനോദങ്ങളിൽ ഏർപ്പെട്ടും ചെറുകൂടാരങ്ങൾ കെട്ടി കൂട്ടമായി കഥാപുസ്തകങ്ങൾ വായിച്ചുമെല്ലാം അവധിക്കാലം തിമിർത്തുല്ലസിച്ചത് ഈ സന്ദർഭത്തിൽ ഓർക്കുകയാണ്.
ഏറെ മത്സരാധിഷ്ഠിതമായ ഇക്കാലത്ത് പാഠപുസ്തകങ്ങളിലെ അറിവുകൾ കൊണ്ടുമാത്രം ഒരു വിദ്യാർഥിക്ക് ആധുനിക കാലത്തിന്റെ സങ്കീർണതകളെ അഭിമുഖീകരിക്കാൻ കഴിയില്ല. ഒരുപാട് പഠിച്ച് പരീക്ഷയുമെഴുതി തളർന്ന വിദ്യാർഥിയോട് അവധിക്കാലത്തും പഠിക്കാൻ പറയുകയാണോ ഈ കുറിപ്പുകാരൻ എന്ന സംശയം ഉയർന്നേക്കാം. ഇവിടെ പറയുന്നത് കഴിഞ്ഞ 10 മാസം നടത്തിയതുപോലുള്ള പഠന പ്രക്രിയയെ കുറിച്ചല്ല. മറിച്ച് വേനലവധിയുടെ എല്ലാ സന്തോഷങ്ങളും നിലനിർത്തി, കളിയും തമാശയും വിനോദവുമെല്ലാം ഇടകലർത്തി നമ്മുടെ ശേഷികളെ, അഭിരുചികളെ രാകിമിനുക്കിയെടുക്കുന്നതിനെ കുറിച്ചാണ്. ഒരു ഉദാഹരണം പറയാം: നിർമിത ബുദ്ധി, മെഷീൻ ലേണിങ്, റോബോട്ടിക്സ് തുടങ്ങിയ പുതിയകാലത്തിന്റെ ട്രെൻഡിങ്ങായ വിജ്ഞാന രൂപങ്ങളെക്കുറിച്ച് മനസ്സിലാക്കിയെടുക്കാൻ, പ്രാഥമികമായ അവബോധമെങ്കിലും ആർജിക്കാൻ ഈ അവധിക്കാലം ഉപയോഗപ്പെടുത്തിയാൽ എങ്ങനെയുണ്ടാകും? കളിയും വിനോദവും ഇത്തരം അറിവുകളുമെല്ലാം പ്രദാനംചെയ്യുന്ന അവധിക്കാല കുട്ടിക്കൂട്ടായ്മകളും ക്യാമ്പുകളും പല സംഘടനകളും സംഘടിപ്പിക്കാറുണ്ട്. അവയിലെല്ലാം ഭാഗമായി ക്രിയാത്മകമായി ഈ അവധിക്കാലം ഉപയോഗപ്പെടുത്തണം.
ഇത്തരം പരിപാടികളിലേക്ക് ആരും നമ്മെ തള്ളിപ്പറഞ്ഞയക്കില്ല, ഒരു പരീക്ഷക്കും നമ്മെ നിർബന്ധിക്കുകയുമില്ല. പരീക്ഷപ്പേടിയില്ലാതെ, ശാസനകളില്ലാതെ സ്വതന്ത്രമായ മനസ്സോടെ പുതുപുത്തൻ അറിവുകൾ നേടാനുള്ള, നൈപുണികൾ ആർജിക്കാനുള്ള ഒന്നാന്തരം അവസരമാണിത്. ഇനി കായിക വിനോദങ്ങൾക്ക് മാത്രമായി സമയം നീക്കിവെക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കിൽ അവിടെയും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ നമുക്ക് ലഭിക്കുന്ന ഊർജം കേവല ഉത്സാഹത്തിന്റേതല്ല, പരസ്പരമുള്ള പങ്കുവെക്കലിന്റേതും കൂട്ടായ്മയുടേതും കൂടിയാണ്. ഫുട്ബാളിൽ ഫോർവേഡ് മാത്രം വിചാരിച്ചാൽ ഗോൾ പിറക്കില്ല. ഗോൾ കീപ്പർ മുതൽ ഡിഫൻഡർമാരും മിഡ്ഫീൽഡർമാരും ഫോർവേഡുമാരും ഒരേ താളത്തിൽ, ഐക്യബോധത്തോടെ കളിക്കുമ്പോൾ മാത്രമാണ് ഗോൾ സാധ്യമാവുക. കായിക വിനോദങ്ങളിൽനിന്ന് നാം നിർബന്ധമായും ആർജിക്കേണ്ട സാമൂഹിക ബോധം ഇതാണ്.
വായന, സാഹിത്യം, കലാകായികരംഗം തുടങ്ങിയ സൃഷ്ടിപരമായ കാര്യങ്ങളിൽ സജീവമല്ലാത്ത കുട്ടികളാണ് പലപ്പോഴും ലഹരിയുടെയും ക്രിമിനലിസത്തിന്റെയും വലയിൽ പെടാറുള്ളത്. ഒരു ചെറിയ പ്രതിസന്ധി ഉണ്ടായാൽ പോലും മാനസികമായി തകർന്നുപോകുന്ന യുവതലമുറയെയാണ് നാമിന്ന് കാണുന്നത്. സമീപകാലത്തുണ്ടായ നിരവധി അതിക്രമങ്ങളെല്ലാം അതിന്റെ തെളിവാണ്. ദുഷിച്ച ചിന്തകളിൽനിന്നും തെറ്റായ ചെയ്തികളിൽനിന്നും ആരോഗ്യകരമായ മനസ്സിലേക്ക് മാറാൻ എങ്ങനെ സാധിക്കുമെന്നതു സംബന്ധിച്ച് കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഗൗരവത്തിൽ ആലോചിക്കണം. നല്ല പുസ്തകങ്ങളുടെ വായന അതിനുള്ള മികച്ച മരുന്നാണ്. ഗ്രന്ഥങ്ങളുമായുള്ള അടുപ്പം നമ്മുടെ മനസ്സുകളെ ശാന്തവും വിശാലവുമാക്കും.
നമ്മുടെ കൈവശമുള്ള മൊബൈലും കമ്പ്യൂട്ടറും മറ്റും ഉപയോഗിച്ചും നല്ല ചിന്തകളും കാഴ്ചപ്പാടുകളും സ്വായത്തമാക്കാൻ സാധിക്കും. സമൂഹത്തിൽ എങ്ങനെ ഇടപെടണം, മാതാപിതാക്കളോടുള്ള പെരുമാറ്റം എന്തായിരിക്കണം, അധ്യാപകരെ ആദരിക്കേണ്ടത് എങ്ങനെ, കുടുംബത്തിലെയും നാട്ടിലെയും മുതിർന്നവരോട് പെരുമാറേണ്ടതെങ്ങനെ... ഇതെല്ലാം നാം ആർജിക്കേണ്ട ഗുണങ്ങളാണ്. ചുരുക്കത്തിൽ നല്ല പൗരരായി മാറാൻ നാം ‘പഠിക്കുക’ തന്നെ വേണ്ടതുണ്ട്. അത് പാഠപുസ്തകങ്ങൾക്കപ്പുറത്തുനിന്ന് ലഭിക്കുന്ന നൈപുണിയും വൈദഗ്ധ്യവും (skill& expertise) ആണ്. എല്ലാവരും അവരവരുടെ അവകാശങ്ങളെക്കുറിച്ച് അമിതമായി ആകുലരാവുകയും ഉത്തരവാദിത്തങ്ങളെ വിസ്മരിക്കുകയും ചെയ്യുന്ന കാലത്ത്, ഈ അവധിക്കാലം ഇത്തരം നന്മകൾ ആർജിച്ചെടുക്കാനുള്ള ഉത്തമ അവസരമാക്കി മാറ്റാൻ നാം ശ്രദ്ധിക്കണം.
വിഖ്യാത ശിൽപി മൈക്കിൾ ആഞ്ചലോയുടെ വാക്കുകൾ കുറിച്ചിടാം.
‘‘ഒരോ കട്ട കല്ലിനുള്ളിലും ഒരു ശിൽപമുണ്ട്. അത് കണ്ടെത്തുക എന്നതത്രെ ഒരു ശിൽപിയുടെ ദൗത്യം.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.