വയനാട് ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നടക്കുമ്പോൾ ഓർമകൾ ജൂലൈ 30 ലേക്ക് പോകുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും ചെന്നപ്പോൾ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. എന്നാൽ, കൂട്ടായ ഇടപെടലുകളെതുടർന്ന് അതിവേഗത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്രമീകരിക്കാനും നമുക്കായി. വെറും ഒമ്പത് മാസത്തിനുള്ളിൽ നമുക്ക് വയനാട്ടിൽ ഒരു ടൗൺഷിപ്പിന്റെ നിർമാണം ആരംഭിക്കാൻ കഴിയുന്നുവെന്നത്, എത്ര വലിയ ദുരന്തത്തെയും അതിജീവിക്കാൻ ശേഷിയുള്ള നാടായി കേരളം മാറുന്നു എന്നതിന്റെ നിദർശനമാണ്.
കേരളം എന്നെടുത്തു പറയാൻ കാരണം, ഇത് നാം നമ്മുടെ സ്വന്തം പ്രയത്നവും വിഭവവും കൊണ്ട് സാധ്യമാക്കുന്നതാണ് എന്നതുകൊണ്ടാണ്. ദുരന്തപശ്ചാത്തലത്തിൽ നമ്മൾ യൂനിയൻ സർക്കാറിനോട് ഒരു പാക്കേജ് ആവശ്യപ്പെട്ടിരുന്നു, കിട്ടിയില്ല. കടം തന്നു, ചുരുങ്ങിയ സമയംകൊണ്ട് അത് ചെലവഴിക്കണമെന്ന് പറയുകയും ചെയ്തു. പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസെസ്മെന്റ് നടത്തി 2,221 കോടി രൂപയാണ് ആവശ്യമായി വരിക എന്ന് നമ്മൾ രേഖാമൂലം അറിയിച്ചതാണ്. അനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. രാജ്യം ഭരിക്കുന്നവർ എന്ത് തന്നാലും ഇല്ലെങ്കിലും കേരളം അതിജീവിക്കും എന്നു നമ്മൾ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുക്കുകയാണ്. കേരളത്തിൽ നല്ലവരായ മനുഷ്യരുണ്ട്, സംഘടനകളുണ്ട്, സ്ഥാപനങ്ങളുണ്ട്. നമ്മുടെ പ്രവാസി സഹോദരങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായുണ്ട്. അവരുടെയെല്ലാം നിർലോഭമായ സഹകരണം ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. അവയെല്ലാം ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയാണ് വയനാട്ടിൽ ടൗൺഷിപ് യാഥാർഥ്യമാക്കുന്നത്.
എത്രയൊക്കെ പുനർനിർമാണം നടത്തിയാലും നികത്താനാകാത്ത നഷ്ടമാണ് നമുക്ക് സംഭവിച്ചത്. 266 മനുഷ്യജീവനുകളാണ് നഷ്ടമായത്. 32 പേരെയാണ് കാണാതായത്. ദുരന്തമുഖത്ത് വിറങ്ങലിച്ചു നിൽക്കാതെ കഴിഞ്ഞ ഒമ്പത് മാസമായി ദുരന്തത്തെ അതിജീവിച്ചവരെ കൈപിടിച്ചു മുന്നോട്ടു നയിക്കുകയാണ് നമ്മൾ. അതിനിയും തുടരും.
ദുരന്തം നടന്ന് 15 ദിവസത്തിനുള്ളിൽതന്നെ ദുരന്തബാധിതരായ എല്ലാ കുടുംബങ്ങളെയും വാടക വീടുകളിൽ എത്തിച്ചു. ദിവസവേതന ജീവനോപാധി സഹായം എല്ലാവർക്കും ലഭ്യമാക്കി. പുനരധിവാസം പൂർത്തിയാകുന്നതുവരെ എല്ലാ മാസവും പലവ്യഞ്ജന കൂപ്പണുകൾ ലഭ്യമാക്കുന്നുണ്ട്. ഇതിനുപുറമെ ഓരോ കുടുംബത്തെയും സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ കഴിയുന്ന മൈക്രോ പ്ലാനുകൾ കുടുംബശ്രീ മുഖേന തയാറാക്കിയിട്ടുണ്ട്.
എല്ലാവരും കൂട്ടായി പ്രവർത്തിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ ഒരേ മനസ്സോടെ വയനാടിന്റെ പുനരധിവാസത്തിനായി മുന്നോട്ടുവന്നു. സന്നദ്ധ പ്രവർത്തകരും സംഘടനകളും സർക്കാറിനൊപ്പം കൈകോർത്തു. ഇത്തരത്തിൽ വലിയതോതിലുള്ള ഐക്യം വയനാടിന്റെ പുനരധിവാസത്തിലുണ്ടായി. ഈ ഐക്യം ചിലർക്ക് അസ്വസ്ഥതയുണ്ടാക്കി. പുനരധിവാസ പ്രവർത്തനങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് അക്കൂട്ടർ ചിന്തിച്ചത്. അതിനായി വ്യാജ വാർത്തകൾപോലും സൃഷ്ടിച്ചു. പക്ഷേ, അതിനെയെല്ലാം കേരളത്തിന്റെ ഐക്യം കൊണ്ട് നമ്മൾ മറികടന്നു. അതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് ശിലാസ്ഥാപനം നടത്തപ്പെടുന്ന ടൗൺഷിപ്.
402 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ താമസസൗകര്യം ഒരുക്കുന്നത്. ദുരന്തബാധിതമേഖലയെ പുനർനിർമിക്കുന്നതിനുള്ള പ്രധാന സാമ്പത്തിക സ്രോതസ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയാണ്. 725 കോടി രൂപയാണ് അതിൽനിന്ന് ചെലവഴിക്കുക. സ്ഥലമേറ്റെടുക്കൽ, ടൗൺഷിപ്പുകളുടെയും വീടുകളുടെയും പൊതുസംവിധാനങ്ങളുടെയും നിർമാണം എന്നിവക്കാവും ഈ തുക പ്രധാനമായും വിനിയോഗിക്കുക.
സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 120 കോടി രൂപ ചെലവഴിക്കും. ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും ദുരന്തത്തെ അതിജീവിച്ച ഓരോരുത്തർക്കും പുതിയൊരു ജീവിതം ഉറപ്പുനൽകാൻ പ്രതിജ്ഞാബദ്ധമാണ് സംസ്ഥാന സർക്കാർ. കുട്ടികളുടെ പഠനം, രോഗികളുടെ ചികിത്സ, ആളുകളുടെ ഉപജീവനം തുടങ്ങിയതൊന്നും മുടങ്ങില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തും. ചൂരൽമലയിലും മുണ്ടക്കൈയിലുമായി ഉരുൾപൊട്ടലിൽ മരണപ്പെട്ട എല്ലാവരുടെയും സ്മരണകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്ന് ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.