അറിയപ്പെടുന്ന നാടകകൃത്തും കെ.എൻ.എം സംസ്ഥാന അധ്യക്ഷനുമായിരുന്ന നിലമ്പൂരിലെ ജനകീയ ഡോക്ടർ എം. ഉസ്മാനെക്കുറിച്ച് ഒരു കഥ പറഞ്ഞു കേൾക്കാറുണ്ട്. കാണാൻ വന്ന രോഗിയെ പരിശോധിച്ച ഡോക്ടർ കുഴപ്പങ്ങളൊന്നും കാണുന്നില്ലെന്ന് പറഞ്ഞു. എന്നിരിക്കിലും ആഗതന് മരുന്നു വേണം.
ഡോക്ടർ കുറിപ്പടി എഴുതി: കൈക്കോട്ട്, മൺവെട്ടി, പിക്കാസ്... ഇവ ഉപയോഗിച്ച് ദിവസേന അൽപ നേരമെങ്കിലും മേലനങ്ങി പണിയെടുക്കുക.
ആവശ്യത്തിന് മാത്രം മരുന്നെഴുതുന്ന ഡോക്ടർമാരെ ആദരിച്ചിരുന്ന കാലം നമുക്കുണ്ടായിരുന്നു. ഇന്നു കേരളത്തിൽ താരതമ്യേന മരുന്ന് ഉപയോഗം കൂടുതലാണെന്ന് എല്ലാ വിഭാഗം ഡോക്ടർമാരും ഒരുപോലെ അംഗീകരിക്കുന്നു. ആശുപത്രികൾ, ഡോക്ടർമാർ, മരുന്നു വിൽപനശാലകൾ എല്ലാം കൂടുതലുള്ള കേരളത്തിൽ മരുന്നു ലഭ്യതയും വർധിച്ച തോതിലാണ്. നഗരവത്കരണവും ഇന്റർനെറ്റ് വ്യാപനവുമെല്ലാം പുതിയ മരുന്നുകളെക്കുറിച്ച അറിവ് സാധാരണക്കാരിൽപോലും എത്തിച്ചു. പരസ്യങ്ങളും സമൂഹമാധ്യമങ്ങളും ചേർന്ന് ഒരുക്കുന്ന പ്രലോഭനങ്ങളും എളുപ്പത്തിൽ രോഗം ഭേദമാക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച അന്വേഷണങ്ങളും ചികിത്സയെക്കുറിച്ച് കാലങ്ങളായി വെച്ചുപുലർത്തുന്ന അബദ്ധ ധാരണകളുമെല്ലാം പലപ്പോഴും മരുന്നുകളുടെ അമിത ഉപയോഗത്തിലേക്കോ ദുരുപയോഗത്തിലേക്കോ നയിക്കുന്നു. ശരിയായ ചികിത്സയും മരുന്നുകളുടെ കൃത്യമായ ഉപയോഗവും ഇവിടെ അവഗണിക്കപ്പെടുകയാണ്. മരുന്നു കൂടുതൽ കഴിച്ചാൽ രോഗം വേഗത്തിൽ ഭേദമാകുമെന്നത് വലിയൊരു അന്ധവിശ്വാസം മാത്രമല്ല കടുത്ത ദുരന്തത്തിലേക്ക് നയിച്ചേക്കാവുന്ന അബദ്ധം കൂടിയാണ്.
രോഗിക്ക് ശരിയായ മരുന്ന്, കൃത്യമായ അളവിൽ കൊടുക്കുന്നതിനു പകരം ആവശ്യമില്ലാതെ കുറിച്ചുകൊടുക്കുന്ന മനോഭാവം ചില ഡോക്ടർമാർക്കെങ്കിലും ഉണ്ട്. രോഗം പെട്ടെന്ന് കുറയാതിരുന്നാൽ അതു തന്റെ വൈദഗ്ധ്യക്കുറവായി രോഗി വിലയിരുത്തുമോ എന്ന ചിന്തയിൽ കൂടുതൽ മരുന്നെഴുതുകയും ആദ്യ ഘട്ടത്തിൽതന്നെ ആന്റിബയോട്ടിക് പോലുള്ളവ നിർദേശിക്കുകയും ചെയ്യുന്നു ചിലർ. കൂടിയ വിലയുള്ള കൂടുതൽ മരുന്നെഴുതുന്നയാളാണ് മികച്ച ഡോക്ടർ എന്നൊരു മിഥ്യാധാരണ ചില രോഗികളും വെച്ചുപുലർത്തുന്നു. ഡോക്ടറെ കണ്ട് കൃത്യമായ മാർഗനിർദേശം തേടാതെ കേട്ടുകേൾവിവെച്ചോ ഡോക്ടർ മുമ്പ് നൽകിയ കുറിപ്പടിവെച്ചോ കുറിപ്പടിതന്നെ ഇല്ലാതെയോ മരുന്നു വാങ്ങി ഉപയോഗിക്കുന്ന ശീലം മലയാളികളിൽ കൂടിവരുന്നുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
രോഗം ഏതായാലും പ്രശ്നമില്ല അതിനെല്ലാം മരുന്ന് കടയിൽ കിട്ടാനുണ്ടല്ലോ എന്നാണ് പലരുടെയും ചിന്ത. അറിഞ്ഞുകൊണ്ട് രോഗം വരുത്തിവെച്ച് ചികിത്സിക്കലല്ല, പരമാവധി രോഗങ്ങളൊന്നും വരാതെ ജീവിക്കുകയും വന്നുപോയാൽ ശരിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിനൊപ്പം ആ ചികിത്സ മറ്റൊരു രോഗത്തിന് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കുകയുമാണ് വേണ്ടത്. ഓൺലൈൻ ഫാർമസികളുടെ വ്യാപനം മരുന്നുകളുടെ അമിത ഉപയോഗത്തിനും ദുരുപയോഗത്തിനും പ്രധാന കാരണങ്ങളിലൊന്നായി ഗവ. ആയുഷ് വെൽനെസ് സെന്ററിൽ മെഡിക്കൽ ഓഫിസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. അനു ഏലിയാസ് ചൂണ്ടിക്കാട്ടുന്നു. രോഗിയെ കാണുകയോ അടിസ്ഥാന വിവരങ്ങൾപോലും മനസ്സിലാക്കുകയോ ചെയ്യാതെയാണ് ഇക്കൂട്ടർ മരുന്ന് വിൽക്കുന്നത്. വിദേശരാജ്യങ്ങളിൽ പാരസെറ്റമോൾ പോലും സർക്കാർ ഫാർമസികൾ വഴി മാത്രമേ കിട്ടൂ എന്നിരിക്കെയാണ് നമ്മുടെ നാട്ടിൽ ഇതെല്ലാം നടക്കുന്നത്. ഓൺലൈൻ വഴി എന്തും കിട്ടുമെന്ന അവസ്ഥയിൽ സ്വാഭാവികമായും ഉപയോഗവും ദുരുപയോഗവും കൂടുമെന്നും ഡോ. അനു പറയുന്നു.
മരുന്നു കമ്പനികൾ മനഃസാക്ഷിയില്ലാതെ അടിക്കടി വില വർധിപ്പിക്കുന്ന കാലത്ത് മരുന്ന് ഉപയോഗത്തിൽ ഓരോ കുടുംബത്തിനും വ്യക്തമായ നയം ആവശ്യമാണ്.അനാവശ്യമായി വാങ്ങിക്കഴിച്ചാൽ അത് മരുന്നു കമ്പനികളുടെ കൊള്ളയടിക്ക് കൂട്ടുനിൽക്കലും ആരോഗ്യം സ്വയം നശിപ്പിക്കലുമാകും. ഇതര സംസ്ഥാനക്കാരെ അപേക്ഷിച്ച് മലയാളി ആരോഗ്യത്തിന് നൽകുന്ന ശ്രദ്ധ വളരെക്കൂടുതലാണ്. ചെറിയൊരു രോഗം വരുമ്പോൾതന്നെ പലർക്കും ആശങ്കയും പരിഭ്രമവുമായി. വിദ്യാഭ്യാസവും അറിവും വായനയും കൂടിയ ഒരു സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമല്ലിത്. പനി പിടിപെട്ടാൽ, തലവേദന വന്നാൽ, ശരീര വേദന കടുത്താൽ, ചുമ കൂടിയാൽ, ശ്വാസംമുട്ട് തുടങ്ങിയാൽ എന്തു മരുന്ന് കഴിക്കണമെന്ന അടിസ്ഥാനപരമായ അറിവ് ഒരുവിധപ്പെട്ട മലയാളികൾക്കെല്ലാം ഉണ്ട്. എന്നാൽ, ഈ അറിവൊന്നും കൃത്യമല്ലതാനും. ചെറിയൊരു പനിയോ തലവേദനയോ വന്നാൽ സ്വാഭാവികമായി സുഖപ്പെടാൻ കാക്കാതെ ആശുപത്രിയിലേക്ക് ഓടുന്നതും മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ആവശ്യമില്ലാത്ത മരുന്നു വാങ്ങി കഴിക്കുന്നതും മലയാളി ശീലമായി കൊണ്ടുനടക്കുകയാണെന്ന് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിബിൻ ഗോപാൽ പറയുന്നു. ഇത്തരത്തിൽ ‘ഓവർ ദ കൗണ്ടർ’ മരുന്നു വിൽപന സംസ്ഥാനത്ത് വ്യാപകമാണ്.
ആവശ്യത്തിനാകണം മരുന്ന്
ആന്റിബയോട്ടിക് ദുരുപയോഗത്തിനെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കിയ കാമ്പയിൻ വൻ വിജയമായിരുന്നു. വിൽപന ഗണ്യമായി കുറയാൻ ഇതു സഹായിച്ചു. രോഗാവസ്ഥ കൂടുതലുള്ള സമൂഹമാണ് മലയാളികൾ എന്നത് മരുന്ന് ഉപയോഗം കൂടാൻ കാരണമാണ്. മരുന്നിന്റെ അമിത ഉപയോഗത്തെക്കുറിച്ചല്ല, രോഗം തിരിച്ചറിഞ്ഞിട്ടും ശാസ്ത്രീയ ചികിത്സ തേടാതെ പോകുന്നവരെക്കുറിച്ചാണ് ഞാൻ ആശങ്കപ്പെടുന്നത്. പ്രമേഹവും രക്താദിമർദവും കണ്ടെത്തിയ 40 ശതമാനം പേരിൽ രോഗം നിയന്ത്രിക്കപ്പെടുന്നില്ല എന്നത് നിസ്സാരമല്ല. ചികിത്സ പൂർണമായി എടുക്കാത്തതാണ് കാരണം. ശരിയായ ചികിത്സയിലൂടെ മാരകരോഗങ്ങൾ ഭേദപ്പെട്ട് വരുന്നതിനിടെ ഒറ്റമൂലിയിലേക്കും മറ്റു ചികിത്സകളിലേക്കും വഴിമാറിയതു മൂലം മരണത്തിനു കീഴടങ്ങേണ്ടിവന്ന നാലോ അഞ്ചോ പ്രശസ്തരെ എനിക്കറിയാം. മരുന്ന് അമിതമായി ഉപയോഗിക്കാതിരിക്കുക എന്നതുപോലെ പ്രധാനമാണ് ആവശ്യത്തിന് ഉപയോഗിക്കുക എന്നതും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.