സ്വന്തമായി ഭൂമി എന്ന അവകാശത്തിനായി നിരന്തര സമരപ്രക്ഷോഭം നടത്തിവരുന്ന ആദിവാസി സമൂഹത്തിന് അവര്‍ താമസിക്കുന്നിടങ്ങളില്‍ വനാവകാശ രേഖ നല്‍കുക എന്നത് ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാറിന്റെയും പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന റവന്യൂ വകുപ്പിന്റെ മുഴുവന്‍ സംവിധാനങ്ങളും എണ്ണയിട്ട യന്ത്രം പോലെ ചലിച്ചതോടെ, അരനൂറ്റാണ്ടോളം യാതൊരു അവകാശവുമില്ലാതെ വനമേഖലയില്‍ ജീവിതമാര്‍ഗം കണ്ടെത്തി കഴിഞ്ഞവര്‍ ഭൂമിയുടെ അവകാശികളായി മാറി.
566 പട്ടികവര്‍ഗ സങ്കേതങ്ങളിലായി 29,166 ആദിവാസി കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തൃശൂര്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ ഒളകര സങ്കേതത്തില്‍ 44 ആദിവാസി കുടുംബങ്ങള്‍ക്കൂടി ഭൂമിക്ക് ഉടയവരായി. ഇനിയും കേരളത്തിന്റെ വിവിധങ്ങളായ കോണുകളില്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ വനാവകാശ രേഖക്കായി പൊരുതുന്നുണ്ട്. നിശ്ചയമായും അവരെ സംസ്ഥാന സര്‍ക്കാര്‍ കൈവിടില്ല.
കേവലം ഭൂമിയുടെ അവകാശം പതിച്ചുകൊണ്ടുള്ള പട്ടയം അവരുടെ കൈകളിലെത്തിച്ചതുകൊണ്ട് തീരുന്നതല്ല സര്‍ക്കാറിന്റെ ഉത്തരവാദിത്തം. അവര്‍ക്ക് അനുവദിച്ചുകിട്ടിയ ഭൂമിയുടെ നികുതി അടക്കാനുള്ള അവകാശം കൂടി ഉറപ്പാക്കണം. ഇങ്ങനെ വനാവകാശ രേഖയുടെ പൂര്‍ണത കൈവരിക്കാന്‍ പട്ടയം അനുവദിച്ച 566 പട്ടികവര്‍ഗ സങ്കേതങ്ങളെയും റവന്യൂ ഗ്രാമങ്ങളായി പ്രഖ്യാപിക്കും. ഇതോടെ 29,166 കുടുംബങ്ങള്‍ക്ക് വനാവകാശ രേഖയിലൂടെ ലഭിച്ച 38,582 ഏക്കര്‍ ഭൂമിക്ക് കരം അടക്കാനുള്ള അവകാശം കൂടി ലഭ്യമാകും.
1980ലെ വനം നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വനസംരക്ഷണ നടപടികള്‍ മൂലം ഏറ്റവും അധികം പ്രയാസങ്ങളും പ്രതിസന്ധികളും പ്രശ്നങ്ങളും നേരിടേണ്ടിവന്നവരാണ് ആദിവാസികള്‍. ഇവരുടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച്, വനങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ക്ക് ഭൂമിയില്‍ അവകാശം ഉറപ്പിക്കാനാണ് ‘വനാവകാശങ്ങള്‍ അംഗീകരിക്കല്‍’ എന്ന പേരില്‍ 2006ല്‍ കേന്ദ്ര സർക്കാർ നിയമം നിർമിച്ചത്.
ഉപജീവനത്തിനായി വനങ്ങളെയോ വനഭൂമിയെയോ ആശ്രയിക്കുന്ന പട്ടിക ഗോത്രവര്‍ഗ സമൂഹത്തിന്റെ ഉന്നമനമാണ് പരമപ്രധാന ലക്ഷ്യം. സംരക്ഷിത വനങ്ങളും റിസര്‍വ് വനങ്ങളും കൽപിത വനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. അതുകൊണ്ടുതന്നെ ഇത്തരം ഭൂമി കൈവശംവെക്കുന്നതിനും അതില്‍ വസിക്കുന്നതിനും ഒപ്പം അവരുടെ പരമ്പരാഗത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമം ഉറപ്പുനല്‍കുന്നുണ്ട്.
എന്നാല്‍, 1980ലെ കേന്ദ്ര വനനിയമപ്രകാരം വനത്തിലെ കുടിയേറ്റം ക്രമീകരിച്ചു നല്കണമെങ്കില് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമുണ്ട്. 1993ലെ പ്രത്യേക ചട്ടങ്ങള്‍ പ്രകാരമാണ് വനഭൂമിയിലെ കുടിയേറ്റങ്ങള്‍ ക്രമീകരിച്ചുനല്കുന്നത്. പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിനുള്ള 2001ലെ ചട്ടം, 1971ലെ വനഭൂമി നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും ചട്ടം എന്നിവ പ്രകാരമാണ് മലയോര പട്ടികവര്‍ഗ മേഖലയില്‍ പട്ടയം വിതരണം ചെയ്യുന്നത്. വനാവകാശ നിയമപ്രകാരം പട്ടിക വര്‍ഗക്കാര്‍ക്ക് വനാവകാശ രേഖയും ഇതോടൊപ്പം അനുവദിക്കാം. രണ്ട് നിയമങ്ങളുടെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വനാവകാശങ്ങള്‍ നിക്ഷിപ്തമാക്കി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഈ അധികാരം ഉപയോഗപ്പെടുത്തിയാണ് നിരന്തര ഇടപെടലുകളിലൂടെയും സങ്കീര്‍ണമായ നടപടിക്രമങ്ങളിലൂടെയും വനഭൂമി പട്ടയങ്ങളുടെ വിതരണം നടത്തുന്നതും ഇപ്പോള്‍, വനഗ്രാമങ്ങളെ റവന്യൂ ഗ്രാമങ്ങളാക്കി പ്രഖ്യാപിക്കാനൊരുങ്ങുന്നതും. വനഗ്രാമങ്ങളിലെ പ്രായ പൂര്‍ത്തിയായ എല്ലാ താമസക്കാരുടെയും കൂട്ടത്തെ ഗ്രാമസഭയായി അംഗീകരിക്കും. വനാവകാശ രേഖ അനുവദിക്കപ്പെട്ട ഭൂമിക്ക് അവകാശികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി തണ്ടപ്പേര് രജിസ്റ്റര്‍ തയാറാക്കും. കൈവശക്കാരില്‍നിന്ന് 1961ലെ ഭൂനികുതി നിയമ പ്രകാരം കരം ഈടാക്കും. പട്ടയ വിതരണത്തില്‍ കേരളത്തിന്റെ സര്‍വകാല റെക്കോഡ് കൈവരിച്ച സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് മൂന്നുലക്ഷം പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.