ഘസോഡ ഗാന്ധിഗ്രാം തെരുവു ദൃശ്യം                                                   ചിത്രങ്ങൾ: റാജി ഇസ്മാഈൽ

ബാപ്പുജിയുടെ ബലിദാനം ഞങ്ങൾക്കു വേണ്ടി

'ബാപ്പുവിന്‍റെ ബലിദാനം ​ഞങ്ങൾക്കുവേണ്ടിയാണ്' എന്ന്​ ഉറച്ചുവിശ്വസിക്കുന്നു മേവാത്തുകാർ. അവർക്ക് ഗാന്ധിജി എന്നത് രാഷ്ട്രപിതാവിന്‍റെ മൂന്നക്ഷര​പ്പേരല്ല; അവരുടെ പ്രാണന്‍റെ പര്യായമാണ്. പ്രാണൻ വേണേൽ പാകിസ്താനിലേക്ക്​ പോകണം എന്ന കൂട്ടക്കൊലക്കുള്ള ആക്രോശങ്ങൾ ആർത്തിരച്ചുവന്നപ്പോൾ ''നിങ്ങളുടെ ജീവനും ജീവിതവും ഇവിടെ, ഇന്ത്യയിലാണ്'' എന്ന് ഗാന്ധിജി അവരോട്​ സമാശ്വാസത്തിന്‍റെ വെറും വാക്ക്​ പറഞ്ഞതല്ല. രാജ്യത്തിന്‍റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ചോരയും ജീവനും നൽകിയ മേവുമാരുടെ പോരാട്ടത്തെക്കുറിച്ച്​ രാഷ്ട്രപിതാവിന്​​ നല്ല ബോധ്യമുണ്ടായിരുന്നു


ഭറോസാ ഉഠ്​ ഗയാ മേവാൻ കാ 

ഗോലീ ലഗീ ഹേ ഗാന്ധിജി കേ ഛത്തീ ബീച്​

(മേവുമാരുടെ ആത്മവിശ്വാസമെല്ലാം ചോർന്നു

വെടിയുണ്ട പാഞ്ഞില്ലേ ഗാന്ധീടെ നെഞ്ചു പിളർന്ന്)

ഹരിയാനയിലെ മേവാത്തിപ്പെണ്ണുങ്ങളുടെ ചുണ്ടിൽ ഇന്നും മായാതെ കിടക്കുന്ന നാടൻപാട്ടിന്‍റെ ഈരടികളാണിത്​​. ഡിസംബറിന്‍റെയും ജനുവരിയുടെയും ആണ്ടറുതികളിൽ ആ വരികളുരുവിട്ട്​ അവർ ബാപ്പുജിയുടെ രക്തസാക്ഷ്യ സ്മരണയെ നെ​ഞ്ചോടു ചേർക്കും. മേവാത്തിന്​ ഗാന്ധിജി എന്നത് രാഷ്ട്രപിതാവിന്‍റെ മൂന്നക്ഷര​പ്പേരല്ല; അവരുടെ പ്രാണന്‍റെ പര്യായമാണ്​. 'ബാപ്പുവിന്‍റെ ബലിദാനം ​തങ്ങൾക്കുവേണ്ടിയാണ്​' എന്ന്​ അവർ ഉറച്ചുവിശ്വസിക്കുന്നു. വിഭജനദുരന്തത്തിന്‍റെ നട്ടുച്ചയിൽ അൽവർ, ഭരത്​പൂർ നാട്ടുരാജാക്കന്മാരുടെ ചോറ്റുപട്ടാളം, പ്രാണൻ വേണേൽ പാകിസ്താനിലേക്ക്​ പോകണം എന്നു കൂട്ടക്കൊലക്കുള്ള ആക്രോശവുമായി ആർത്തിരച്ചുവന്നപ്പോൾ നിവൃത്തിയില്ലാതെ നാടു വിട്ടോടുകയായിരുന്നു മേവാത്തുകാർ. ആയിരങ്ങൾ രാജസ്ഥാനിലെ പാക്​ അതിർത്തി കടന്നുകഴിഞ്ഞിരുന്നു. അതുകേട്ടറിഞ്ഞ്​ ഓടിയെത്തുകയായിരുന്നു ഗാന്ധി. ഇപ്പോൾ നൂഹ്​ ജില്ലയായി മാറിയ മേവാത്തിൽ ഘസേഡ ഗ്രാമത്തിലെ കുറ്റിക്കാടുകളിൽ തമ്പടിച്ച അഭയാർഥികളുടെ മുന്നിൽവന്നു ഗാന്ധി പറഞ്ഞു: ''ഇല്ല, നിങ്ങൾ മേവ്​ മുസ്​ലിംകൾ ഈ നാടിന്‍റെ നട്ടെല്ലാണ്​. നിങ്ങളെങ്ങും പോകുന്നില്ല. നിങ്ങളുടെ ജീവനും ജീവിതവും ഇവിടെ, ഇന്ത്യയിലാണ്''.

ഗാന്ധിജി അവരോട്​ സമാശ്വാസത്തിന്‍റെ വെറും വാക്ക്​ പറഞ്ഞതല്ല. രാജ്യത്തിന്‍റെ പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ചോരയും ജീവനും നൽകിയ മേവുമാരുടെ പോരാട്ടത്തെക്കുറിച്ച്​ രാഷ്ട്രപിതാവിന്​​ നല്ല ബോധ്യമുണ്ടായിരുന്നു. അവരെ ഉന്മൂലനം ചെയ്യാൻ പദ്ധതിയിട്ട നാട്ടുരാജാക്കന്മാരെയും അവർക്കു പിറകിലെ വംശീയ പ്രതിലോമശക്തികളെയും ഗാന്ധിജി കണ്ണുവെച്ചിട്ടുണ്ടായിരുന്നു.

മേവുമാർ നട്ടെല്ലായത്​ ഇങ്ങനെ

കേരളത്തിലെ മാപ്പിള മുസ്​ലിംകളുമായി സാമ്യമേറെയുണ്ട്​ മേവാത്തികൾക്ക്​. അധിനിവേശത്തിനെതിരെ പോരടിച്ചും ​ദേശസ്വാതന്ത്ര്യത്തിനുവേണ്ടി പടനയിച്ചും പോന്ന ജീവിതമാണ്​ തെക്കുപടിഞ്ഞാറൻ ഡൽഹിയുടെ പ്രാന്തത്തിൽ രാജസ്ഥാൻ, ഹരിയാന, യു.പി അതിർത്തികൾ പങ്കുവെക്കുന്ന മേവാത്തിന്‍റേത്​​. ബ്രിട്ടീഷ്​ കാലത്ത്​ പഞ്ചാബിലെ ഗുഡ്​ഗാവ്​ (ഇപ്പോഴത്തെ ഗുരുഗ്രാം) ജില്ലയിലും അൽവർ, ഭരത്​പൂർ നാട്ടുരാജ്യങ്ങളിലുമായിരുന്നു മേവ്​ മുസ്​ലിംകൾ എന്ന മേവാത്തികൾ കഴിഞ്ഞുപോന്നത്​. ഹിന്ദുക്കളിലെ ആഹിർ, ജാട്ട്​, ഠാകുർ ജാതികളെപോലെ കൃഷിഭൂമി കൈവശമുണ്ടായിരുന്നു അവർക്കും. ഇന്ത്യയിലേക്ക്​ അധിനിവേശം ചെയ്ത ആര്യന്മാരുടെ പിന്മുറക്കാരാണ്​ തങ്ങൾ എന്നു വംശാവലി പറയുന്ന മേവുമാർ ഛത്രി (ക്ഷത്രിയർ) വിഭാഗമായി സ്വയം വിശേഷിപ്പിച്ചു. ഇന്ത്യയിലും പാകിസ്താനിലുമായി ഇപ്പോൾ 220 ലക്ഷം വരും ഇവരുടെ ജനസംഖ്യ എന്നാണ്​ ചരിത്രകാരന്മാരുടെ കണക്ക്​.

വൈദേശിക അധിനിവേശങ്ങളിൽനിന്ന്​ ഡൽഹിയെ കാത്തുരക്ഷിച്ചത്​ മേവ്​ മുസ്​ലിംകളായിരുന്നു​​. മഹ്​മൂദ്​ ഗസ്നി ഇന്ത്യ ആക്രമിച്ചപ്പോൾ ദക്ഷിണ ഗുജറാത്ത്​ വരെയുള്ള പ്രദേശം അവർക്കു കീ​ഴൊതുങ്ങാതെ കാത്തത്​, മുഹമ്മദ്​ ഗോറിയുടെ ആക്രമണം ചെറുത്തത്​, അജ്​മീറിൽ അടിയറ പറയിച്ച്​ ഖുത്​ബുദ്ദീനെ ആദ്യവട്ടം ഡൽഹി എത്താതെ കാത്തത്. 1527ൽ ബാബർ ഇന്ത്യയിൽ കാലൂന്നിയ ഖൻവാ യുദ്ധത്തിൽ ചിറ്റോറിലെ രജപുത്ര രാജാവ്​ റാണാ സിങ്ങിന്‍റെ സേനയെ​ ഹസൻ ഖാൻ മേവാത്തി നയിച്ചത്​- നൂഹിലെ റസ്​റ്റാറന്‍റിലിരുന്ന് ഗാന്ധിഗ്രാം ഘസേഡ സ്കൂളിലെ അധ്യാപകനും കവിയുമായ അശ്​റഫ്​ മേവാത്തി ഒറ്റവീർപ്പിൽ വീരഗാഥ പറഞ്ഞു തീർക്കുകയാണ്​. ഡൽഹിയുടെ ദ്വാരപാലകരായിരുന്നു തങ്ങളെന്ന് ഉറച്ച ശബ്​ദത്തിൽ ആത്മാഭിമാനത്തോടെ അശ്​റഫ്​ പറയുന്നു.

സ്വാതന്ത്ര്യസമരത്തിന്‍റെ മുന്നണിപ്പോരാളികൾ

1857 മേയ്​ 10ന്​ മീററ്റിൽ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‍റെ ജ്വാലയുയർന്നപ്പോൾ അത്​ ഏറ്റുവാങ്ങിയ രാജ്യത്തെ​ ആദ്യ പൗരാവലി മേവുമാരുടെതായിരുന്നു. ബ്രിട്ടീഷ്​ അധിനിവേശത്തിനെതിരെ പടഹധ്വനി മുഴക്കി മീററ്റിൽനിന്ന് മുന്നൂറ് ഇന്ത്യൻ സൈനികർ ഡൽഹിയിലേക്കു മാർച്ചു​ചെയ്ത്​ ഗുഡ്​ഗാവി​ലെത്തി. മേവാത്തിലെ കർഷകരും കരകൗശലപ്പണിക്കാരും സാധാരണക്കാരുമൊന്നടങ്കം അവർക്കൊപ്പം പിന്തുണയായി അണിചേർന്നു. ഗുഡ്​ഗാവിലെ ബ്രിട്ടീഷ്​ കലക്ടർ വില്യം ഫോർഡ്​ അവരെ തടയാൻ നോക്കി. പരാജയപ്പെടുത്തിയ സമരസേനാനികൾ പിനാങ്​വായിലെ തൊഴിലാളിയായിരുന്ന സദ്​റുദ്ദീൻ മേവാത്തിയുടെ നേതൃത്വത്തിൽ ജില്ല ആസ്ഥാനമന്ദിരം ആക്രമിച്ചു. രണ്ടാമതും ഫോർഡിന്‍റെ പട്ടാളം ഒരു കൈ നോക്കിയെങ്കിലും സമരം അടിച്ചമർത്താനാകാ​തെ ഓടിപ്പോകേണ്ടി വന്നു. തുടർന്ന്​ ബ്രിട്ടീഷുകാരുടെ ബംഗ്ലാവുകളും ഓഫിസുകളും പ്രക്ഷോഭക്കാർ തല്ലിത്തകർത്ത് തീയിട്ടു. റെയ്​സിനയിൽ ഗുഡ്​ഗാവ്​ അസി. കലക്ടർ വിഗ്രാം ക്ലിഫോർഡ്​ അടക്കം 60 സൈനികരെ വധിച്ചു.


കലിപൂണ്ട ബ്രിട്ടീഷ്​ സേന തുടർന്നുള്ള മാസങ്ങളിൽ മേവാത്തിലെ ഗ്രാമങ്ങളിൽ സംഹാരതാണ്ഡവമാടി. 1857 നവംബർ എട്ടു മുതൽ 1858 ഡിസംബർ ഏഴു വരെ തുടർച്ചയായ ഒരു കൊല്ലക്കാലം ബ്രിട്ടീഷുകാർ മേവാത്തികളുടെ രക്തംകൊണ്ട്​ ഹോളി ആഘോഷിച്ചു. പതിനായിരത്തോളം പേരാണ്​ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്ന് എല്ലാ ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നുണ്ട്​​. ഘസേഡയിൽ ബ്രിട്ടീഷ്​ സേനയിൽ നിന്ന് ഓടിപ്പോന്ന അലിഹസൻ എന്ന ചെറുപ്പക്കാരന്‍റെ നേതൃത്വത്തിൽ മേവുമാർ വെള്ളക്കാരോട്​ ചെറുത്തുനിന്നു. 157 പേർ ആ പോരാട്ടത്തിൽ രക്തസാക്ഷികളായി. രൂപ്​ഡാക ഗ്രാമത്തിൽ മാത്രം നവംബർ 19ന്​ 425 പേരെ കൊല ചെയ്തു. വെള്ളപ്പട്ടാളത്തിനെതിരെ ആദ്യമായി പോരിനിറങ്ങിയ സദ്​റുദ്ദീൻ ഉൾപ്പെടെ മഹുവിൽ 170 പേരെ അവർ കൊന്നു പകവീട്ടി. ധൻസിങ്​ അടക്കമുള്ള 52 പേരെ കൊന്ന്​ ആനകളെക്കൊണ്ട്​ വലിപ്പിച്ച്​ മരക്കൊമ്പുകളിൽ​ കെട്ടിത്തൂക്കി.

അഖില ഭാരതീയ ശഹീദാനെ മേവാത്ത്​ സഭ മേവാത്തിലെ വിവിധ ഗ്രാമങ്ങളിൽ രക്തസാക്ഷികളായവരുടെ പേരുവിവരം ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്​. പൽവൽ ജില്ലയിലെ രൂപ്​ഡാകയിൽ വീരമൃത്യു വരിച്ച നാനൂറോളം സ്വാതന്ത്ര്യപോരാളികളുടെ പേരുവിവരമടങ്ങുന്ന ശഹീദ്​ മിനാർ കാണാം. മേവാത്തി​ലെ റോഡുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പേരു നൽകി രക്തസാക്ഷികളെ ആദരിക്കണമെന്ന ആവശ്യം ഇനിയും വേണ്ടരീതിയിൽ അധികൃതർ ചെവിക്കൊണ്ടിട്ടില്ല. മനോഹർലാൽ ഖട്ടറിന്‍റെ ബി.ജെ.പി സർക്കാർ അനുസ്മരണാർഥം പലയിടത്തായി 'ഗൗരവ്​ പട്ട' (നാമഫലകം) സഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാം നാമമാത്രമാണെന്ന്​ അതു വായിച്ചാലറിയാം. ഘസേഡയിൽ ഗാന്ധിജിയുടെ സന്ദർശനത്തിന് സ്മാരകമായി സ്ഥാപിച്ച സ്കൂളിന്‍റെ പ്രവേശനകവാടത്തിലെ ഗൗരവ്​ പട്ടയിൽ അന്നാട്ടിലെ എട്ടു രക്തസാക്ഷികളുടെ പേരുകളേയുള്ളൂ.

എന്നിട്ടും മേവാത്തുകാർ അസ്പൃശ്യരായി

ഇക്കണ്ട ത്യാഗമെല്ലാം ചെയ്ത് ദേശത്തിന്‍റെ ഉപ്പാണെന്നു തെളിയിച്ചിട്ടും മേവാത്തികളെ ഉൾക്കൊള്ളാൻ ബ്രിട്ടീഷുകാരുടെ പാദസേവകരായ അൽവറിലെയും ഭരത്​പൂരിലെയും നാട്ടുരാജാക്കന്മാർ തയാറായില്ല. അവരുടെ വംശശുദ്ധിബോധത്തിനും വംശീയവികാരത്തിനും മേവ്​ മുസ്​ലിംകളെ കണ്ണിൽ പിടിച്ചില്ല. തുർക്കികൾ, അഫ്​ഗാനികൾ അഥവാ പത്താന്മാർ, മുഗളർ, ബ്രിട്ടീഷുകാർ തുടങ്ങി അധിനിവേശശക്തികൾക്കെല്ലാം അവർ കലാപകാരികളും കലഹികളുമായതിൽ അൽഭുതമില്ല. എന്നാൽ, സ്വദേശി വീരസ്യം പറഞ്ഞ അൽവറിലെയും ജയ്പൂരിലെയും രജപുത്രരാജാക്കന്മാർക്കും ഭരത്​പൂരിലെ ജാട്ട്​ ഭരണത്തിനും അവർ അപരരും അപശകുനവുമായി. ആ വിരോധാഭാസത്തിന്‍റെ വിചിത്രമായ അനുഭവമുണ്ട്​. 1918-19 കാലത്ത്​ ബ്രിട്ടീഷുകാർ ഡൽഹി പരിസരത്തെ നാലു നാട്ടുരാജ്യങ്ങൾ ചേർത്തൊരു വേദി രൂപവത്​കരിച്ചിരുന്നു. അതിന്‍റെ യോഗത്തിനെത്തിയ മേവ്​ പ്രതിനിധിക്ക്​ വൈസ്രോയി കസേര നീക്കിയിട്ടു കൊടുത്തത്​ ജയ്​സിങ്​ രാജാവിനു പിടിച്ചില്ല. അവർ ശൂദ്രരാണെന്നായിരുന്നു രാജാവിന്‍റെ ന്യായം. എന്നല്ല, അവർ ഇന്ത്യക്കാരല്ല എന്നു കൂടി വാദിച്ചുകളഞ്ഞു അദ്ദേഹം. അതിന്​ മേവാത്തിന്‍റെ അനിഷേധ്യനേതാവ്​ മുഹമ്മദ്​ യാസീൻ ഖാൻ മറുപടി പറഞ്ഞത്​ നൂഹിൽ വൻപ്രതിഷേധസമ്മേളനം സംഘടിപ്പിച്ചാണ്​. ''നമ്മുടെ സമുദായത്തിനെതിരെ മഹാരാജാ ജയ്​സിങ്​ കലാപക്കൊടി ഉയർത്തിയിരിക്കുന്നു. മേവുമാർ ഈ ദേശക്കാര​െല്ലന്നും അവരാരെന്ന്​ അറിയില്ലെന്നുമാണ്​ രാജാവ്​ പറഞ്ഞത്​. അതിന് ഞാൻ മറുവാക്കും പറഞ്ഞിട്ടുണ്ട്​. നമ്മൾ യഥാർഥ ക്ഷത്രിയരാണ്​. വേണമെങ്കിൽ അന്യോന്യം നമുക്ക്​ വംശാവലി വെളിപ്പെടുത്താം''- സ്വത്വാഭിമാനത്തിന്‍റെ വെല്ലുവിളി ഉയർത്തി ചൗധരി യാസീൻ ഖാൻ പ്രഖ്യാപിച്ചു.

ചൗധരി യാസീൻ ഖാൻ

മേവാത്തുകാരുടെ കിരീടം വെക്കാത്ത സുൽത്താനാണ്​ രഹ്​ന സ്വദേശിയായ ചൗധരി മുഹമ്മദ്​ യാസീൻഖാൻ എന്നു പറയാം. അവർക്കിടയിൽ വിദ്യാഭ്യാസ, സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം നൽകിയ, അവരെ അധിനിവേശവിരുദ്ധ സമരത്തിനു സജ്ജരാക്കിയ അനിഷേധ്യനേതാവ്​. സ്കൂൾ, കോളജ്​ വിദ്യാഭ്യാസം പൂർത്തിയാക്കി ഗുഡ്​ഗാവ്​ കോഓപറേറ്റിവ്​ സൊ​സൈറ്റികളുടെ ഇൻസ്​പെക്ടറായിരുന്ന ചൗധരി പിന്നീട്​ നിയമപഠനം പൂർത്തിയാക്കി ജില്ല കോടതിയിൽ അഭിഭാഷകനായി. 1930കളിൽ നികുതി വർധന അടക്കമുള്ള കർഷക ചൂഷണനിയമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി രംഗ​ത്തിറങ്ങി. കർഷകചൂഷണത്തിനും സാമൂഹികവിവേചനത്തിനുമെതിരായ ആ പ്രക്ഷോഭത്തിനു വർഗീയനിറം നൽകി അടിച്ചമർത്തുകയായിരുന്നു അൽവർ ഭരണകൂടം. എന്നാൽ പൂർവികരിൽനിന്നും വിശ്വാസത്തിൽനിന്നും ലഭിച്ച സാഹോദര്യബോധ (ഭായീചാര)ത്തിന്‍റെ തിരി അണയാതെ സൂക്ഷിക്കാൻ അന്നും ആൾക്കൂട്ടക്കൊലകൾക്ക്​ ഇരയാകുന്ന ഇന്നും മേവാത്തികൾക്ക്​ കഴിയുന്നു. മുപ്പതുകളിലെ സമരത്തിലൂടെ ചൗധരി യാസീൻ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്​റു, വിനോബഭാവെ, പി.സി. ജോഷി എന്നിവരുടെ ​ശ്രദ്ധയിലും സുഹൃദ്​വലയത്തിലും ഉൾപ്പെട്ടതും അങ്ങനെത്തന്നെ.

പോരാട്ടവീര്യം തകർക്കാൻ വം​ശീയവൈരം

1933ലെ കാർഷിക വിമോചന പ്രക്ഷോഭത്തിനു മുന്നിൽ പരാജയപ്പെട്ട അൽവർ രാജാവിനെ മാറ്റി ബ്രിട്ടീഷുകാർ ഭരണം നേരിട്ട്​ ഏറ്റെടുത്തു. അതിൽ കലിപൂണ്ട്​ ഭരണകാലത്ത്​ പ്രദേശം ഹിന്ദുരാഷ്ട്രമാക്കുന്നതിനു കൊണ്ടുപിടിച്ചു ശ്രമിച്ച ജയ്​സിങ്​ തന്‍റെ വംശീയ ചോറ്റുപട്ടാളത്തെ രംഗത്തിറക്കി. ഭരത്​പൂരിലെ ജാട്ടുരാജാവ്​ ആർ.എസ്​.എസ്​.എസി (ആർ.എസ്​.എസിന്‍റെ പ്രാഗ്​രൂപം)ന്‍റെ അംഗവും ജാട്ടിസ്ഥാൻ വാദിയുമായിരുന്നു. അൽവറിലെ പ്രധാനമന്ത്രി ഡോ. എൻ.ബി ഖരെയും മിക്ക കാബിനറ്റ്​ അംഗങ്ങളും ഹിന്ദുമഹാസഭ പ്രവർത്തകരും. ആർ.എസ്​.എസിന്‍റെ താത്ത്വികാചാര്യൻ എം.എസ്.​ ഗോൾവാൾക്കർ ഭരത്​പൂരിൽ തീപ്പൊരി പ്രസംഗം നടത്തി. മാത്രമല്ല, ആയുധങ്ങൾ സമാഹരിക്കുകയും സൈനികപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തു. എൽ.കെ. അദ്വാനി, വിശ്വഹിന്ദു പരിഷത്ത്​ നേതാവ്​ ആചാര്യ ഗിരിരാജ്​ കിഷോർ, ബജ്റംഗ് ​ദൾ സ്ഥാപകൻ ആചാര്യ ധർമേന്ദ്ര എന്നിവരും മേവാത്തിലെ ഹിന്ദുത്വപ്രചാരകരായിരുന്നു​. ബ്രിട്ടീഷ്​ ഭരണത്തിന്‍റെ സൗകര്യങ്ങൾ ഉ​പയോഗപ്പെടുത്തി നാട്ടുരാജ്യങ്ങളെ ഹിന്ദുത്വബെൽറ്റിൽ കോർത്തിണക്കാനായി വി.ഡി. സവർക്കർ, ഡോ. ബി.എസ്.​ മൂഞ്ചെ എന്നിവർ അവിടെ കളം നിറഞ്ഞു പ്രവർത്തിച്ചു. ഇന്ത്യ-പാക്​ വിഭജനം അവർക്ക് വംശീയ അജണ്ട നടപ്പാക്കാനുള്ള നല്ല അവസരമായി.

ഒന്നുകിൽ ശുദ്ധി ചെയ്ത്​ ഹിന്ദുമതത്തിലേക്ക്​ വരുക, അല്ലെങ്കിൽ 'സഫായ' എന്ന വംശശുദ്ധീകരണത്തിനു​ തയാറാകുക, അതുമല്ലെങ്കിൽ പാകിസ്താനിലേക്ക്​ ​ പൊയ്​ക്കൊള്ളുക -ഈ മൂന്നു വഴികൾ മുസ്​ലിംകൾക്കുമുന്നിൽ​ ​വെച്ചാണ്​ വംശഹത്യയിലേക്ക്​ അവർ മേവാത്തിനെ തെളിച്ചത്​. ഭരത്​പൂരിൽ മാത്രം മുപ്പതിനായിരം മേവുമാർ കൊല്ലപ്പെട്ടു എന്നാണ്​ ഔദ്യോഗിക കണക്ക്​. അൽവറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലെന്നും മേവാത്തിന്‍റെ ചരിത്രമെഴുത്തിൽ മുന്നിൽനിൽക്കുന്ന ഷെയ്​ൽ മായാറാം രേഖപ്പെടുത്തുന്നു. ഈ കൂട്ട​ക്കൊലയിൽനിന്ന് രക്ഷതേടി 1947 മേയ്​ അന്ത്യമായപ്പോഴേക്കും അൽവാർ, ഭരത്​പുർ സ്​റ്റേറ്റുകളിൽനിന്ന് മൂന്നു ലക്ഷത്തോളം മേവുമാർ പാകിസ്താനിലേക്ക് കെട്ടുകെട്ടാനൊരുങ്ങി. വിഭജനത്തെയും പാകിസ്താനെയും എതിർത്ത മേവുമാർക്ക്​ മരണത്തേക്കാൾ ഭീകരമായിരുന്നു പലായനം. പരസഹസ്രം ഗുഡ്​ഗാവ്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു. ഒക്​ടോബർ ആകുമ്പോഴേക്കും സ്ഥിതിഗതികൾ വഷളായി. മേവുമാർ രക്ഷകനെ കണ്ടത്​ ഗാന്ധിയിലാണ്​. ചൗധരി യാസീൻ ഖാനും ഓൾ ഇന്ത്യ മേവ്​ പഞ്ചായത്ത്​ സെക്രട്ടറിയായിരുന്ന അബ്​ദുൽഹയ്യും അവരെ നയിച്ചു​. 1947 സെപ്​റ്റംബർ 20ന്​ ഡൽഹിയിലെ ബിർള ഹൗസിൽ ഗാന്ധിജിയെ കണ്ട്​ യാസീൻ ഖാനും സംഘവും തീർത്തുപറഞ്ഞു: ''പാകിസ്താനിൽ പോകുന്നതിലും ഭേദം മരണമാണ്​''. ആ വികാരം ഗാന്ധി പൂർണമായും ഉൾക്കൊണ്ടു. 1947 ഡിസംബർ 17ന്​ അദ്ദേഹം ഘസേഡയിലെത്തി.

അശ്റഫ് മേവാത്തി, ബുദ്ദു ഖാൻ

കൂട്ടമരണത്തിനും പലായനത്തിനുമിടയിലെ നൂൽപാലത്തിൽ നിൽക്കുന്ന ഘസേഡയിലെ അഭയാർഥിക്കൂട്ടത്തിലേക്ക്​ ഗാന്ധി എത്തിയ നിമിഷങ്ങളെക്കുറിച്ച്,​ മങ്ങിത്തുടങ്ങിയ ഓർമയുടെ ചെപ്പു തുറക്കു​മ്പോൾ അന്നു പതിനഞ്ചുകാരനായിരുന്ന ബുദ്ദുഖാന്‍റെ കണ്ണുകളിൽ തൊണ്ണൂറ്റിരണ്ടാം വയസ്സിലും ആവേശത്തിളക്കം. ''അഭയാർഥികളെ പിന്തിരിപ്പിക്കാൻ ഗാന്ധിയെ ക്ഷണിച്ചത്​ യാസീൻ ഖാനായിരുന്നു. അദ്ദേഹം ഇവിടെ വന്ന്​ ആളുകളോട്​ സംസാരിച്ചു. എന്‍റെ ദേഹത്തു ചവിട്ടിമെതിച്ചല്ലാതെ നിങ്ങൾക്കു മുന്നോട്ടു നീങ്ങാനാവില്ല. പൂർവപിതാക്കളുടെ ഭൂമി ഇട്ടെറിഞ്ഞ്​ നിങ്ങൾ എങ്ങും പോകരുത്​ എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം കേട്ട ജനത്തിന്‍റെ ബഹുഭൂരിഭാഗവും പലായനം ഒഴിവാക്കി മടങ്ങി''-ഗാന്ധിജീവിതത്തിലെ സുപ്രധാന അധ്യായത്തിനു സ്മാരകമായി പണികഴിപ്പിച്ച ഗാന്ധിഗ്രാം സെക്കൻഡറി സ്കൂളിനു സമീപത്തെ വീട്ടിലിരുന്ന്​ പതിഞ്ഞ ശബ്​ദത്തിൽ ബുദ്ദു ഖാൻ പറഞ്ഞു. ഗാന്ധി മേവാത്തി മുസ്​ലിംകളെ പിടിച്ചുനിർത്തിയത്​ വലതു വംശീയവാദികൾക്കു പിടിച്ചില്ല. ഡൽഹിയുടെ തൊട്ടടുത്ത്​ ഇത്തരമൊരു മുസ്​ലിം ഭൂരിപക്ഷപ്രദേശമുണ്ടാകുന്നതിലെ ഭീഷണി കോൺഗ്രസ്​ നേതാവ്​ സർദാർ വല്ലഭ്​ഭായ്​ പട്ടേൽ തുറന്നുപറഞ്ഞു. മേവാത്തികളുടെ സങ്കടം പറയാൻചെന്ന അബ്​ദുൽഹയ്യിനോടും സംഘത്തോടും പട്ടേൽ ചോദി​ച്ചത്രേ: ''നിങ്ങൾക്കുള്ള രാജ്യം തന്നുകഴിഞ്ഞല്ലോ''. അതിന് ഉരുളക്കുപ്പേരി പോലെ ഹയ്യ്​ തിരിച്ചടിച്ചു: ''ഞങ്ങളുടെ നാട്​ ഏതാണെന്ന് ശിവജിക്കും ഔറംഗസീബിനും ഞങ്ങൾ ഒരു പോലെ കാണിച്ചുകൊടുത്തിട്ടുണ്ട്​'' -അശ്​റഫ്​ മേവാത്തി അനുസ്മരിക്കുന്നു.

ഗാന്ധിജിയെയും ഭായീചാരയെയും ചേർത്തുപിടിച്ച്​

ഘസേഡയിൽ മേവാത്തികൾക്കു വേണ്ടി സംസാരിച്ച് 41ാം ദിനം ഗാന്ധിജി ഗോദ്​സെയുടെ വെടിയേറ്റു മരിച്ചു. ഗോദ്​സെക്കു പ്രചോദനമായിരുന്നവരിൽ അൽവർ പ്രധാനമന്ത്രി എൻ.ബി. ഖരെയുമുണ്ടായിരുന്നു. ഗാന്ധിജിയുടെ പരമതസ്​നേഹത്തിൽ കടുത്ത അസഹിഷ്ണുത പുലർത്തിയ ഖരെ അദ്ദേഹത്തിനെതിരെ ശാപപ്രാർഥന നടത്തിയത്​ ചരിത്രം. ഈ ഖരെ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്നു വ്യക്തമായെങ്കിലും ​തെളിവുകളുടെ ദൗർബല്യത്തിന്‍റെ ആനുകൂല്യത്തിൽ രക്ഷപ്പെടുകയായിരുന്നു. എല്ലാം ചേർത്തുവായിച്ചാൽ ഗാന്ധി ബലിയായത്​ ഞങ്ങൾക്കു വേണ്ടിയായിരുന്നു എന്നു മേവാത്തുകാർ ആണയിടുന്നതിന്‍റെ പൊരുൾ വ്യക്തമാകും.

മേവാത്തിലെ ഘസോഡയിൽ മേവാത്തികളെ അഭിമുഖീകരിക്കാനായി ഗാന്ധിജി എത്തിയ​പ്പോൾ (ഫയൽ ചിത്രം: അമർ ഉജാല)

''നാട്ടിൽനിന്ന് ആട്ടിയിറക്കാതെ കാത്ത ഗാന്ധിജിയോട്​ ഞങ്ങൾക്ക്​ കടപ്പാടുണ്ട്​. വർഷംതോറും ഡിസംബർ 19ന്​ ഞങ്ങൾ ​മേവാത്ത്​ ദിവസ്​ ആചരിക്കുന്നത്​ അതിനുവേണ്ടിയാണ്​''-അശ്​റഫ്​ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷ്യത്തോടെ തങ്ങൾ അനാഥരായെന്ന് മേവാത്തുകാർ. ഗാന്ധിജി പിടിച്ചുനിർത്തിയ മണ്ണിൽ പിന്നെ പൗരത്വം തെളിയിക്കാനുള്ള മോദിസർക്കാറിന്‍റെ തീട്ടുരം ​കേൾക്കേണ്ടിവന്ന ഗതികേടിലേക്ക്​ അവർ വിരൽ ചൂണ്ടുന്നു. 2020ൽ അവർ മേവാത്ത്​ ദിവസ്​ ആഘോഷിച്ചത്​ പൗരത്വഭേദഗതിനിയമത്തിനെതിരെ കാൽ ലക്ഷം ​പേരെ അണിനിരത്തി നൂഹിൽനിന്ന് ഘസേഡയിലേക്ക്​ പ്രതിഷേധ മാർച്ച്​ സംഘടിപ്പിച്ചാണ്​. സർക്കാർ രണ്ടു മാസത്തേക്ക്​ നിരോധനാജ്ഞ ഏർപ്പെടുത്തി പ്രതിഷേധത്തിന്​ തടയിട്ടു. മേവാത്ത്​ വികാസ്​ സഭ ഇതിനെതിരെ കോടതികയറി.

അൽവാറിൽ മുളച്ച വംശീയതയുടെ വിഷവിത്തുകൾ തഴച്ചുവളർന്നപ്പോൾ അത്​ മേവാത്തി മുസ്​ലിംകൾക്ക്​ പിന്നെയും പേടിസ്വപ്നമായി മാറി. ബിരിയാണിക്കെതിരെയും മേവുകളുടെ മുഖ്യ ഉപജീവനമാർഗമായ കാലിക്കച്ചവടത്തിനെതിരെയും കൊലവിളിയുമായി പഴയ വൈതാളികർ ഗോരക്ഷ സേനയുടെ പേരിൽ​ ഉണർന്നെണീറ്റപ്പോൾ പഹ്​ലു ഖാൻ, റക്​ബർ ഖാൻ, ജുനൈദ്​ ഖാൻ എന്നിങ്ങനെ മേവാത്തികൾ പിന്നെയും രക്തസാക്ഷിത്വത്തിന്‍റെ കഥകൾ കേട്ടു. ഈ കെട്ടകാലത്തും പക്ഷേ, 'ഭായിചാര' എന്ന സാഹോദര്യമാണ്​ തങ്ങൾക്ക്​ പകരം തരാനുള്ളത്​ എന്ന്​ ഓരോ മേവാത്തിയും ഇപ്പോഴും വിളിച്ചു പറയുന്നു. 

Tags:    
News Summary - mewatis saying Bapuji's martyrdom is for us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.