തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാന കോൺഗ്രസ് സ്ഥാനാർഥികളെ ഉന്നമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകൾ നടക്കുന്നുമുണ്ട്. ഈയടുത്തുവരെ ബി.ജെ.പിയിലുണ്ടായിരുന്ന, തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിലേക്ക് ചേർന്ന ജി. വിവേകാണ് അത്തരം സ്ഥാനാർഥികളിലൊരാൾ
ഗൂഢാലോചന സിദ്ധാന്തങ്ങൾകൊണ്ട് സമ്പുഷ്ടമാണ് തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് രംഗം. അവയുടെ സവിശേഷത എന്താണെന്നുവെച്ചാൽ പലതിലും ഒരൽപം സത്യത്തിന്റെ കണികകളുമുണ്ടെന്നതാണ്. ഉദാഹരണത്തിന്, ഈ വർഷത്തിന്റെ പകുതിവരെ അത്യന്തം വാശിയോടെ മുന്നോട്ടുപോയ ഭാരതീയ ജനതാ പാർട്ടി കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പൊടുന്നനെ മന്ദഗതിയിലാകുകയും നിലവിലെ ഭരണകക്ഷിയായ ബി.ആർ.എസ് പാർട്ടിക്ക് മൂന്നാമതും അധികാരം കിട്ടുന്നത് കണ്ട് തൃപ്തിയടയാൻ കാത്തിരിക്കുന്നതും എന്തുകൊണ്ടാണ് എന്നൊരു ചർച്ച വ്യാപകമായുണ്ട്.
ഇതിപ്പോൾ വെറുമൊരു ഗൂഢാലോചന സിദ്ധാന്തമല്ല, കോൺഗ്രസിന് അനുകൂലമായ മുന്നേറ്റമുണ്ടായേക്കുമെന്ന സൂചനയെതുടർന്ന് അതിന് തടയിടാൻ ബി.ജെ.പി കേന്ദ്രനേതൃത്വം കാര്യമായ ശ്രമങ്ങൾ നടത്തുന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാന കോൺഗ്രസ് സ്ഥാനാർഥികളെ ഉന്നമിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകൾ നടക്കുന്നുമുണ്ട്. ഈയടുത്തകാലംവരെ ബി.ജെ.പിയിലുണ്ടായിരുന്ന, തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിലേക്ക് ചേർന്ന ജി. വിവേകാണ് അത്തരം സ്ഥാനാർഥികളിലൊരാൾ. പാർട്ടി വിടുന്നതുവരെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കമ്മിറ്റി തലവനായിരുന്നു അദ്ദേഹം.
ഒരുപക്ഷേ മറ്റു പലരെയും പോലെ കോൺഗ്രസിന് അനുകൂലമായ ഒരു മുന്നേറ്റം പ്രകടമാകുന്നെന്ന് അദ്ദേഹവും കണക്കുകൂട്ടിയിട്ടുണ്ടാകാം. വൈവിധ്യമാർന്ന രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഒരു വ്യവസായ കുടുംബത്തിൽനിന്നുള്ള വിവേകിന്റെ സാമ്പത്തിക പിൻബലം ബി.ജെ.പി നന്നായി മുതലാക്കിയിരുന്നതാണ്. പക്ഷേ, അദ്ദേഹം കോൺഗ്രസിൽ ചേർന്ന് ആഴ്ചകൾ പിന്നിട്ടതും ഇ.ടി സടകുടഞ്ഞെഴുന്നേൽക്കുകയും അവരുടെ കുടുംബ വ്യവസായത്തെ ഉന്നമിടുകയും ചെയ്തു.
പ്രചാരണത്തിന്റെ അവസാന നിമിഷത്തിൽ കോൺഗ്രസിന്റെ പണച്ചാക്കുകളെ ഇങ്ങനെ ഉന്നമിടുന്നത് അവരുടെ പണമൊഴുക്കിൽ തടസ്സം സൃഷ്ടിക്കും, അത് ബി.ആർ.എസിന് ഗുണം ചെയ്യുമെന്നാണ് മനസ്സിലാക്കേണ്ടതെന്ന് ഒരു പ്രാദേശിക രാഷ്ട്രീയ നിരീക്ഷകൻ വിലയിരുത്തുന്നു.
കോൺഗ്രസ് സൃഷ്ടിക്കാൻ പോകുന്ന തരംഗം ഏതുവിധേനയുള്ളതായിരിക്കുമെന്നോ അത് പാർട്ടിക്ക് പാതിയിലേറെ സീറ്റുകൾ നേടിക്കൊടുക്കുമോ എന്നകാര്യമൊന്നും ആർക്കുമറിയില്ല. എന്നാൽ, ആ പാർട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വ്യാപക പിന്തുണ മറ്റു പാർട്ടികളെ ബേജാറിലാഴ്ത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ബി.ജെ.പിയെ. കോൺഗ്രസ് നല്ല പ്രകടനം കാഴ്ചവെക്കുകയും പകുതിയെങ്കിലും മുന്നേറുകയും ചെയ്താൽപോലും അത് ദേശീയതലത്തിൽ വലിയ അലയൊലി സൃഷ്ടിക്കുമെന്നാണ് ഒരു മുതിർന്ന ബി.ജെ.പി നേതാവ് തുറന്നുസമ്മതിച്ചത്. കോൺഗ്രസിന്റെ മുന്നേറ്റം തടയുന്നതിനായി പിന്നോട്ടടിച്ച് ബി.ജെ.പി സംതൃപ്തി പുൽകുന്നതിന്റെ കാരണം ഇതുതന്നെയാകും എന്നുവേണം അനുമാനിക്കാൻ.
തെലങ്കാനയിലെ ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസ് അനുകൂല വികാരം ഏറെ പ്രകടമാണ്, കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലെ ബി.ആർ.എസ് സർക്കാറിന്റെ ക്ഷേമപദ്ധതികളിൽനിന്ന് പ്രയോജനം ലഭിച്ചെന്ന് സമ്മതിക്കുമ്പോൾപോലും ഇക്കുറി കോൺഗ്രസിന് ഒരവസരം നൽകണമെന്ന് തുറന്ന് പറയുന്ന നിരവധി ആളുകളെ അവിടെ കാണാനായി. ബി.ജെ.പി കേന്ദ്രനേതൃത്വം ഒരുപക്ഷേ ഈ വികാരം ആദ്യമേതന്നെ മനസ്സിലാക്കിയിട്ടുണ്ടാകണം.
തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ മിടുമിടുക്കനായ ബണ്ഡി സഞ്ജയ് കുമാറിനെ മാറ്റി കേന്ദ്രനേതൃത്വം ജി. കൃഷ്ണറെഡ്ഡിയെ പാർട്ടിതലപ്പത്ത് പ്രതിഷ്ഠിച്ചത് എന്തു കൊണ്ടാണെന്ന കാര്യത്തിൽ അണികൾക്ക് വല്ലാത്ത ആശയക്കുഴപ്പമുണ്ടെന്ന് കഴിഞ്ഞ വർഷം ബി.ആർ.എസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഒരു പ്രാദേശിക നേതാവ് ഈ ലേഖകനോട് പറഞ്ഞു. കരിംനഗറിൽനിന്നുള്ള ലോക്സഭാംഗമായ ബണ്ഡി സഞ്ജയ് കുമാർ അമിത് ഷായുടെ അടുത്ത ആളായാണ് അറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ജൂലൈയിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയത് അണികൾക്കിടയിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. പ്രാദേശിക ബി.ജെ.പി നേതൃത്വം കെ. ചന്ദ്രശേഖർ റാവുവിന്റെയും കുടുംബത്തിന്റെയും അഴിമതികൾക്കെതിരെ വൻ കാമ്പയിൻ നടത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം തണുപ്പനായിരുന്നുവത്രെ.
ഡൽഹി എക്സൈസ് കേസിൽ കെ.സി.ആറിന്റെ മകൾ കവിതയെ ഇ.ഡി അറസ്റ്റു ചെയ്യണമെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആഗ്രഹിച്ചിരുന്നു, അതും നടന്നില്ല. ഇതെല്ലാം കൂടിയാകുമ്പോൾ ബി.ജെ.പി അണികളുടെ ആശയക്കുഴപ്പം വർധിക്കുന്നുവെന്നാണ് ഈ നേതാവ് പറയുന്നത്. ഈ സിദ്ധാന്തം അടിസ്ഥാനരഹിതമാണെന്ന് കെ.സി.ആറിന്റെ മകനും പാർട്ടി വർക്കിങ് പ്രസിഡന്റുമായ കെ.ടി. രാമറാവു (കെ.ടി.ആർ) തറപ്പിച്ച് പറയുന്നു. ‘കവിതയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തത് ബി.ജെ.പി-ബി.ആർ.എസ് ധാരണയുടെ തെളിവായി കാണുന്നുവെങ്കിൽ, നാഷനൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയോ രാഹുലിനെയോ അറസ്റ്റുചെയ്യാതിരിക്കുന്നത് കോൺഗ്രസും ബി.ജെ.പിയും തമ്മിലെ ധാരണയുടെ ഭാഗമാണെന്ന് കാണേണ്ടിവരു’മെന്നാണ് അദ്ദേഹത്തെ സന്ദർശിച്ച മാധ്യമപ്രവർത്തകരോട് റാവു പറഞ്ഞത്.
കർഷകർക്കും സ്ത്രീകൾക്കും പാവപ്പെട്ടവർക്ക് പൊതുവിലും വളരെയേറെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയതിന്റെ പിൻബലത്തിൽ പാർട്ടി മൂന്നാംതവണയും വിജയിക്കുമെന്ന് കെ.ടി.ആർ ഉറച്ചുവിശ്വസിക്കുന്നു. ചെറുതോതിലെ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസ് നേരിയതോതിൽ നില മെച്ചപ്പെടുത്തുന്നുവെന്നും സമ്മതിക്കുന്നു. ‘പക്ഷേ ബി.ആർ.എസിനെ മറികടക്കാനാകാത്ത അന്തരമാണിത്’. ഒരു കാര്യം കെ.ടി.ആർ ഉറച്ചുപറയുന്നു. ‘ഞങ്ങൾ ബി.ജെ.പിയെ ഒന്നുമല്ലാതാക്കി, അവരുടെ സ്വത്വരാഷ്ട്രീയം ഉത്തരേന്ത്യയിലെ പശു ബെൽറ്റിൽ മാത്രമേ വിലപ്പോകൂ എന്ന് തെളിയിച്ചു’.
പശ്ചാത്തല സൗകര്യവികസനത്തിന് പണം മുടക്കുന്നതും ക്ഷേമപദ്ധതികൾക്കായി ചെലവാക്കുന്നതും തടസ്സപ്പെടുത്താൻ ശത്രു രാജ്യങ്ങളോടെന്നപോലെ കേന്ദ്രസർക്കാർ തെലങ്കാനക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിൽ ഒരു പ്രതീക്ഷയുമില്ലാത്ത കേന്ദ്ര ബി.ജെ.പി നേതാക്കൾ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനു വേണ്ടിയാണ് തെലങ്കാനയിൽ പ്രചാരണം നടത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
കെ.ടി.ആറിന്റെ ഈ വാദം ദക്ഷിണേന്ത്യയിലെ മോദി-ഷാ തന്ത്രത്തിൽവന്ന സാധ്യമായ മാറ്റത്തെ സൂചിപ്പിക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പ്രാദേശിക പാർട്ടികളുമായി ചില ധാരണകൾ ഉണ്ടാക്കുക എന്നതാകും അടുത്ത ആറുമാസത്തേക്ക് ബി.ജെ.പിയുടെ തന്ത്രം. തീർച്ചയായും, ഇ.ഡിയുടെ ‘നിർമാണാത്മകമായ ദുരുപയോഗം’ ദക്ഷിണേന്ത്യയിലെ പ്രാദേശിക പാർട്ടികളുമായി അത്തരം ധാരണ ഉണ്ടാക്കുന്നതിന്റെ ഭാഗമാണ്. തെലങ്കാനയിലെ കോൺഗ്രസ് സാധ്യതകളെ ഞെരുക്കാനും ബി.ആർ.എസിന് നേട്ടമുണ്ടാക്കിക്കൊടുക്കാനും അവസാന നിമിഷത്തിലും ബി.ജെ.പി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും ഇതിൽ നിന്ന് മനസ്സിലാക്കാനായേക്കും.
കോൺഗ്രസിനുള്ള പിന്തുണയിൽ പ്രകടമായ വർധനയുണ്ടെങ്കിലും കുതിച്ചുചാട്ടം ഉണ്ടായിട്ടും ബി.ആർ.എസുമായി നിലവിലുള്ള വൻ വിടവ് അവർക്ക് എങ്ങനെ നികത്താനാകുമെന്ന് വ്യക്തമല്ല. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ആർ.എസിന് (അന്നത്തെ ടി.ആർ.എസ്) 47 ശതമാനം വോട്ടുവിഹിതം കിട്ടിയപ്പോൾ കോൺഗ്രസിന് 29 ശതമാനം മാത്രമായിരുന്നു. ബി.ആർ.എസിന് 88 സീറ്റുകളും കോൺഗ്രസിന് 19 സീറ്റുമാണ് അന്ന് ലഭിച്ചത്. 60 സീറ്റുകൾ സ്വന്തമാക്കാൻ തക്ക കോൺഗ്രസ് തരംഗം നിലവിലുണ്ടോ എന്നതാണ് സുപ്രധാന ചോദ്യം.
ആക്ടിവിസ്റ്റും പഴയ തെരഞ്ഞെടുപ്പ് ഫല വിദഗ്ധനുമായ യോഗേന്ദ്ര യാദവിന്റെ അഭിപ്രായത്തിൽ ഒരു തരംഗമല്ല, കോൺഗ്രസിന് അനുകൂലമായ ഒരു കൊടുങ്കാറ്റിനുതന്നെ സാധ്യതയുണ്ട്. മറ്റെല്ലാ കണക്കുകൂട്ടലുകളെയും തള്ളിക്കൊണ്ട് കർണാടകയിൽ കോൺഗ്രസ് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് യാദവ് നടത്തിയ പ്രവചനം ശരിയെന്ന് തെളിയിക്കപ്പെട്ടിരുന്നു. തെലങ്കാനയിലും അദ്ദേഹത്തിന്റെ പ്രവചനം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ കേന്ദ്ര ബി.ജെ.പിയുടെ പല കണക്കുകൂട്ടലുകളും തകിടംമറിഞ്ഞേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.