കബന്ധനെ വധിച്ചശേഷം രാമലക്ഷ്മണന്മാർ ശബരിയുടെ ആശ്രമത്തിലെത്തുന്നു. പമ്പാ നദിയെക്കുറിച്ചുള്ള വർണനയുള്ളതുകൊണ്ട് ശബരിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത് ശബരിമലയിലാണെന്ന് ഊഹിക്കപ്പെടുന്നു. കണ്ട മാത്രയിൽ തന്നെ ശ്രീരാമനെ തിരിച്ചറിഞ്ഞ ശബരി ആനന്ദാശ്രുക്കൾ പൊഴിച്ച് തൃപ്പാദങ്ങൾ കഴുകി ഫലമൂലാദികൾ കൊണ്ടു സൽക്കരിക്കുന്നു. ഓരോ പഴവും കടിച്ച് രുചി നോക്കി അതിൽ വിശിഷ്ടമായതാണ് അവർ ശ്രീരാമന് നൽകുന്നത്.
വിനയവും ഔചിത്യവും നിഷ്ക്കളങ്കവും ദൃഢവുമായ ഭക്തിയുമാണ് ശബരി എന്ന കാട്ടാളസ്ത്രീയെ അവിസ്മരണീയയാക്കുന്നത്. ജാതി, ലിംഗം, വർണം, വംശം, വർഗം, ശരീരം, പ്രദേശം എന്നിവ ഭക്തിയെ സംബന്ധിച്ച് അപ്രസക്തമാണ്. സജ്ജനസംഗം, കഥാലാപനം, ഗുണകീർത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമ നിയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പതു വിധം ഭക്തിസാധനകളെക്കുറിച്ച് ശ്രീരാമൻ ശബരിയെ ഉപദേശിക്കുന്നു.
ബാലിയെ പേടിച്ച് ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവനുമായി സഖ്യം ചെയ്ത് ലങ്കാപുരിയിലുള്ള സീതയെ വീണ്ടെടുക്കാൻ ഉപദേശിക്കുന്നു. ശ്രീരാമൻ വിട നൽകിയതോടെ മാന്തോലും മരവുരിയുമുടുത്ത ശബരി തീയിൽ സ്വദേഹം ഹോമിച്ച് അഗ്നിജ്വാലയുടെ രൂപത്തിൽ സ്വർഗലോകത്തേക്ക് പോകുമ്പോൾ ശാപമുക്തിക്കപ്പുറം സായൂജ്യപദവിയിലേക്കാണ് അവർ ഉയർന്നതെന്ന് നാം മനസ്സിലാക്കുന്നു. തെൻറ ചെറിയ സാന്നിധ്യംകൊണ്ട് ലോകത്തിന് വലിയൊരു സന്ദേശമായിത്തീർന്ന വിശിഷ്ടവ്യക്തിത്വമാണവർ.
ഭാരതീയചിന്തയിൽ സ്ത്രീകൾക്ക് നൽകിയ സ്ഥാനം പലപ്പോഴും ഗ്രന്ഥങ്ങളിലെ തത്ത്വചിന്തയിലും സങ്കൽപങ്ങളിലും മാത്രം ഒതുങ്ങിനിന്നു. വിജ്ഞാനമണ്ഡലങ്ങളിൽനിന്നും ആത്്മീയചര്യകളിൽനിന്നും പുരുഷാധിപത്യവും പൗരോഹിത്യവും സ്ത്രീകളെ അകറ്റിനിർത്തി. ഇവിടെയാണ് താഴേക്കിടയിൽ നിന്നെന്ന് സമൂഹം വിലയിരുത്തുന്ന ഒരു സ്ത്രീ ആചാരോപചാരങ്ങൾക്കെല്ലാം അപ്പുറത്താണ് ഈശ്വരഭക്തിയെന്ന് തെളിയിക്കുന്നത്. മനുഷ്യനിർമിതമായ വേർതിരിവുകളൊന്നും ഭക്തിക്ക് ബാധകമല്ല.
രാഗദ്വേഷങ്ങളൊഴിഞ്ഞ ചിത്തസംശുദ്ധിതന്നെയാണ് അവിടെ പ്രധാനം. ശബരി രുചിച്ചുനോക്കി തനിക്ക് അർപ്പിച്ച കനികളെല്ലാം ഒരു ഭാവഭേദവും കൂടാതെയാണ് ശ്രീരാമൻ കൈക്കൊള്ളുന്നത്. മധുരതമമായ ഭക്തിയുടെ നെറുകയിൽ നിൽക്കുന്ന ആ മഹതി മറ്റൊരു ലക്ഷ്യവും തനിക്കിനിയില്ലെന്ന ഉറച്ച ബോധ്യത്തോടെയാണ് ശരീരം വെടിയുന്നത്. ഫലേച്ഛയില്ലാതെ സമർപ്പണഭാവത്തിൽ നടത്തുന്ന ഈശ്വരാരാധനയാണ് അതിേശ്രഷ്ഠമെന്ന് ശബരീചരിതം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.