മതം പ്രചരിപ്പിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്ന പാർട്ടികൾ തന്നെയാണ് നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനക്കും യഥാർഥ ഭീഷണി. വർധിച്ചുവരുന്ന ദാരിദ്ര്യം, വരുമാനത്തിലെ അസമത്വം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ക്ഷയം എന്നിവ അസ്വസ്ഥതയുണ്ടാക്കുന്നു
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി തുടങ്ങി അടിസ്ഥാന മൂല്യങ്ങളിലൂന്നി 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽവന്നത് നമ്മുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ്. ഹിന്ദു ദേശീയവാദികളൊഴികെ മറ്റെല്ലാവരും ഭരണഘടന സഹർഷം സ്വാഗതം ചെയ്തു. ഭാരതീയ-മനുസ്മൃതി മൂല്യങ്ങളൊന്നും അതിലില്ലെന്നായിരുന്നു ഹിന്ദു ദേശീയവാദികളുടെ പക്ഷം. അവരെ സംബന്ധിച്ചിടത്തോളം ‘മനുസ്മൃതി’യാണ് നിയമം. ദീർഘവീക്ഷണമുള്ള നെഹ്റുവും ജനാധിപത്യമൂല്യങ്ങളുടെ വക്താവായ അംബേദ്കറുമാണ് ഭരണഘടനയുടെ രൂപകൽപനക്കു നേതൃത്വം നൽകിയത് എന്നതാണ് നമ്മുടെ സുകൃതം. പൊതുമേഖല, വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ജലസേചനം, ആതുര സേവനം തുടങ്ങിയവയുടെ അഭിവൃദ്ധിയിൽ ഊന്നിയാകും രാജ്യത്തിന്റെ നയരൂപവത്കരണമെന്ന് അവർ ഉറപ്പുവരുത്തി.
നേതാക്കൾ പാകിയ അടിത്തറ
ശാസ്ത്രാവബോധം വളർത്തുന്നതിനായുള്ള നിർദേശക തത്ത്വം പാലിക്കപ്പെട്ടു. ഇന്ത്യ വിഭജനത്തിന്റെയും അതുമൂലമുണ്ടായ ഹിന്ദുക്കളും മുസ്ലിംകളും അടങ്ങിയ ലക്ഷക്കണക്കിന് ആളുകളുടെ അതിർത്തി കടന്നുള്ള കുടിയേറ്റത്തിന്റെയും ഫലമായി ദുരന്തങ്ങളും ഭീകരമായ അക്രമങ്ങളുമുണ്ടായിട്ടും വിശപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ പോലുള്ള അടിസ്ഥാന ആവശ്യങ്ങളിലൂന്നി പുരോഗതിയിലേക്ക് രാജ്യം നയിക്കപ്പെട്ടു. ഇന്ത്യൻ നേതാക്കൾ രാജ്യത്തിന്റെ അടിത്തറപാകിയത് ഇങ്ങനെയായിരുന്നു. തിരശ്ശീലക്ക് പിന്നിൽ പ്രവർത്തിക്കുകയും ചിലപ്പോൾ അക്രമങ്ങൾ സംഘടിപ്പിക്കുകയും ചെയ്തെങ്കിലും 1980 വരെ വർഗീയ ശക്തികൾ നാമമാത്രമായിരുന്നു. സാമൂഹികനീതി പ്രോത്സാഹിപ്പിക്കുന്നതിൽ അന്ന് രാജ്യം കാണിച്ച ദൃഢത പ്രശംസനീയമാണെങ്കിലും ജാതി വ്യവസ്ഥയെ തുടച്ചുനീക്കാൻ ഇന്നുമായിട്ടില്ല. ദലിതുകൾക്ക് നേരെയുള്ള പക്ഷപാതം ആഴത്തിൽ ഇന്നും നിലനിൽക്കുന്നു.
മറ്റൊരു പ്രധാന വീഴ്ച മതന്യൂനപക്ഷങ്ങൾക്ക്, പ്രധാനമായും മുസ്ലിംകൾക്കും ക്രമേണ ക്രിസ്ത്യാനികൾക്കും എതിരെ തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ച് വിദ്വേഷത്തിലേക്കും അനന്തര സംഘർഷത്തിലേക്കും വഴുതിപ്പോയതാണ്. ഷാ ബാനു വിഷയത്തിലെ പരാജയത്തിനുശേഷം, ന്യൂനപക്ഷങ്ങളെ (പ്രത്യേകിച്ച് മുസ്ലിംകളെ) പ്രീണിപ്പിക്കുന്നു എന്ന പേരിൽ വർഗീയശക്തികൾ വൻ മുന്നേറ്റം നടത്തി. ഒ.ബി.സി വിഭാഗക്കാർക്ക് 26 ശതമാനം സംവരണം നൽകുന്ന മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെ, തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ ബാഹ്യമായി പ്രകടിപ്പിക്കാനുള്ള അവസരമായി ഹിന്ദു ദേശീയവാദികൾ ഉപയോഗിച്ചു. ബാബരി മസ്ജിദിന് കീഴേ രാമക്ഷേത്രമുണ്ടെന്ന വിഷയം ഉയർത്തിക്കൊണ്ടുവന്ന്, അതിന്റെ പേരിൽ ഹിന്ദുക്കളെ വലിയ തോതിൽ സംഘടിപ്പിക്കാൻ അവർക്കായി. ബാബരി മസ്ജിദ് തകർക്കുന്നതിലേക്കും മുസ്ലിംകൾക്ക് എതിരായ (പ്രത്യേകിച്ച് മുംബൈ, സൂറത്ത്, ഭോപാൽ എന്നിവിടങ്ങളിൽ) ആക്രമണത്തിലേക്കുമാണ് അത് നയിച്ചത്.
ഈ വലിയ ആക്രമണങ്ങളെ പിന്തുടർന്ന് ഗുജറാത്ത് (2002), കണ്ഡമാൽ (2008), ഉത്തർപ്രദേശ് (2013), ഡൽഹി (2019) എന്നിവിടങ്ങളിൽ കൂട്ടക്കൊലകൾ അരങ്ങേറി. ഒഡിഷയിലെ കിയോഞ്ജറിൽ ബജ്രംഗ്ദൾ പ്രവർത്തകൻ ദാരാ സിങ് എന്ന രാജേന്ദ്ര പാൽ, ഫാദർ സ്റ്റെയിൻസിനെ ജീവനോടെ അഗ്നിക്കിരയാക്കുകയും തുടർന്ന് കണ്ഡമാലിൽ വലിയതോതിൽ ക്രിസ്ത്യൻ വിരുദ്ധ അക്രമം അഴിച്ചുവിടുകയുമുണ്ടായി. വിശുദ്ധ പശു, ബീഫ് ഭക്ഷിക്കൽ, ലവ് ജിഹാദും മറ്റ് എണ്ണമറ്റ ജിഹാദുകളും ഉയർത്തിക്കൊണ്ടുവരുകയും മുസ്ലിംകളെ ഭീതിയുടെ നിഴലിലാക്കുകയും ചെയ്തു. ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ അവസ്ഥയും സമാനമാണ്.
ജനാധിപത്യമൂല്യങ്ങളും ബഹുസ്വരതയും
ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ ബഹുസ്വരതയും അടിത്തറയായിരിക്കേണ്ട മുന്നേറ്റം പിന്നീട് ക്രമേണ അടിച്ചമർത്തപ്പെട്ടു. പ്രത്യേകിച്ച്, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) പുറന്തോടണിഞ്ഞ് ബി.ജെ.പി രാജ്യം ഭരിച്ച കഴിഞ്ഞ പത്തുവർഷം ഏറ്റവും മോശം കാലമായിരുന്നു. ഈ ഘട്ടത്തിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായ നികുതി വകുപ്പ്, രഹസ്യ ഏജൻസികൾ തുടങ്ങിയ ദേശീയ ഏജൻസികളും ഒരു പരിധിയോളം നീതിന്യായ വ്യവസ്ഥയും ഹിന്ദു വലതുപക്ഷത്തിന്റെ സ്വാധീനത്തിൽ പെട്ടുപോയി എന്നത് യാഥാർഥ്യം.
ദാരിദ്ര്യം, അസമത്വം
വർധിച്ചുവരുന്ന ദാരിദ്ര്യം, വരുമാനത്തിലെ അസമത്വം, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും ക്ഷയം എന്നിവ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തുന്നു. ഇത്തരം ദുർഘടസന്ധിയിൽ, എവിടെയാണ് പ്രതീക്ഷ? ആശ്വാസത്തിന്റെ മുനമ്പ് ഭാഗികമായെങ്കിലും വിടർന്നുവരുന്നത് ‘ഭാരത് ജോഡോ’, ‘ഭാരത് ജോഡോ ന്യായ്’ യാത്രകളോടെയാണ്. മതം പ്രചരിപ്പിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യുന്ന പാർട്ടികൾ തന്നെയാണ് നമ്മുടെ ജനാധിപത്യത്തിനും ഭരണഘടനക്കും യഥാർഥ ഭീഷണിയെന്ന് വലിയൊരു വിഭാഗം തിരിച്ചറിയുന്നുണ്ട്. ഇൻഡ്യാ സഖ്യം രൂപവത്കരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ ഈ അവബോധം വളർന്നുവരുന്നു.
പ്രതീക്ഷകൾ
ഐക്യവും സൗഹാർദവും ഊട്ടിയുറപ്പിക്കുന്നതിനായി സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ഇതിൽ അനവധി സന്നദ്ധ സംഘടനകൾ മനുഷ്യാവകാശത്തിന് ഏറെ സംഭാവനകൾ നൽകിയവരാണ്. വർഗീയത അടിത്തറയായ പാർട്ടിയും അതിന്റെ മാതൃസംഘടനയും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നു. ഈ വിഷയങ്ങളിലെ പൊതുബോധം ഏറെ ഹൃദയസ്പർശിയാണ്. സാഹോദര്യവും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിക്കാനുള്ള ഈ മഹത്തായ ശ്രമം അനുഗുണമായ ദിശയിലേക്കാണ് നീങ്ങുന്നത്.
‘മതമൗലിക-വർഗീയ’ വാദം അവലംബിച്ച നമ്മുടെ അയൽ രാജ്യങ്ങളിന്ന് അങ്ങേയറ്റം ദയനീയ അവസ്ഥയിലാണ്. അതേ ദിശയിലേക്ക് നമ്മളെയും തള്ളിയിടാനാണ് വർഗീയ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ തിരിച്ചറിവിൽ ഭരണഘടനാ മൂല്യങ്ങൾ ശക്തിപ്പെടുത്തേണ്ടത് ഇന്ന് നമ്മുടെ അനിവാര്യതയാണ്.
തയാറാക്കിയത്: ഫൈസൽ വൈത്തിരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.