കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന എടുത്തു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സന്തോഷം പകരുന്നതാണ്. സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന നിരവധി അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉണ്ട് എന്നു മന്ത്രി പറയുന്നു. അവക്ക് മങ്ങലേൽപിക്കുന്ന പ്രവർത്തനങ്ങളുമായി ചില അൺ എയ്ഡഡ് മാനേജ്മെൻറുകൾ മുന്നോട്ടു പോകുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യമെന്തെന്ന് മനസ്സിലാക്കിവേണം അവ പ്രവർത്തിക്കാനെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടിട്ടുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്ക് തിരിച്ചറിഞ്ഞ് എല്ലാ സർക്കാറുകളും നിബന്ധനകൾക്ക് വിധേയമായി സ്ഥാപനങ്ങൾ അനുവദിക്കാറുണ്ട്. പക്ഷേ, ഈ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിർദേശങ്ങളും നടപടിക്രമങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഒരു ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം കൂടി ഇവിടെ നടക്കുന്നുണ്ട് എന്നതാണ് പ്രശ്നം.
പ്രവർത്തനത്തിനായി സർക്കാറിൽനിന്ന് ചില്ലിക്കാശുപോലും ലഭിക്കാത്തതിനാൽ പൂർണ സൗജന്യം നൽകാൻ അൺ എയ്ഡഡ് സ്കൂളുകൾക്ക് ആവുന്നില്ല എന്നതു നേരാണ്. ആവർത്തനച്ചെലവുകൾക്ക് വേണ്ട ഫീസ് ഈടാക്കാമെന്ന നിരവധി കോടതി വിധികളിലൂടെ സ്ഥിരപ്പെടുത്തിയ ചട്ടക്കൂടുകളുടെ പരിധിക്കുള്ളിലാണ് ഇവ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളംപോലും കൊടുക്കാൻ തികയുന്ന ഫീസ് ഘടന വളരെ അപൂർവം സ്കൂളുകളിൽ മാത്രമാണ് കോവിഡ് പൂർവകാലത്തുപോലും ഉണ്ടായിട്ടുള്ളൂ.
തങ്ങൾക്ക് ലഭിക്കാതെപോയ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം മക്കൾക്കെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന സാമ്പത്തികമായി ഇടത്തരമോ താഴേത്തട്ടിലോ ഉള്ള രക്ഷിതാക്കളാണ് കുട്ടികളെ അവിടെ ചേർക്കുന്നത്. സന്നദ്ധസംഘടനകളും പള്ളികളും നടത്തുന്ന സ്കൂളുകളിൽ പൂർണ സൗജന്യം വരെയെത്തുന്ന ഫീസിളവുകൾ നൽകപ്പെടുന്നുണ്ട്. സർക്കാറിൽനിന്ന് ശമ്പളം പറ്റുമ്പോൾതന്നെ നിയമനത്തിന് ലക്ഷങ്ങൾ വാങ്ങുന്ന എയ്ഡഡ് സ്ഥാപനങ്ങൾ അകത്തും കുട്ടികളിൽ നിന്ന് രസീത് കൊടുത്ത് ഫീസ് വാങ്ങുന്ന അൺ എയ്ഡഡ് സ്കൂളുകൾ പുറത്തുമാകുന്ന കൗതുകകരമായ ഒരു പൊതുമേഖലാ നിർവചനമാണല്ലോ നമുക്കുള്ളത്. അതു മാറ്റി എല്ലാവർക്കും വിദ്യാഭ്യാസം എന്ന ദൗത്യത്തിന് പൂരകമായി പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കൂടി പൊതു സേവനമായി കാണേണ്ടതുണ്ട്.
ഇംഗ്ലീഷ് മീഡിയമെന്ന ആഗ്രഹത്തോടൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത കൂടിയായിരുന്നു തൊണ്ണൂറുകളിൽ രക്ഷിതാക്കളെ സ്വകാര്യ സ്കൂളുകളിലേക്കെത്തിച്ചിരുന്നത്. ഇപ്പോൾ സൗകര്യങ്ങളിലും പരിശീലനത്തുടർച്ചയുള്ള അധ്യാപകരുടെ ലഭ്യതയിലും സർക്കാർ സ്കൂളുകൾ മുന്നോട്ടുപോയിട്ടുണ്ട്. പക്ഷേ, ഭൗതിക സൗകര്യങ്ങൾക്കപ്പുറത്ത് ഉള്ളടക്കത്തിന്റെയും ലക്ഷ്യനിർവഹണത്തിന്റെയും കാര്യത്തിൽ ഈ സ്കൂളുകൾ ഒരുപാട് കാതങ്ങൾ ഇനിയും പോവാനുണ്ട് എന്നാണ് കൊറോണക്കാലം പറഞ്ഞുതരുന്നത്. വൻ പ്രചാരണത്തോടെ ആരംഭിച്ച വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ മലയാളം മീഡിയം വിദ്യാർഥികൾക്കുള്ളതായിരുന്നു. തുടക്കത്തിലെ ഹൈപ്പുകൾക്കപ്പുറത്ത് പഠനപ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കാത്ത 'സീറോ ഇയർ' ആയാണ് സർക്കാർ എയ്ഡഡ് മേഖലയിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം അനുഭവപ്പെട്ടത്. കഴിവുറ്റ അധ്യാപകരുടെ ഒരു പടതന്നെയുണ്ടായിട്ടും 2020-21 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ഓൺ ലൈനിൽ കൊടുക്കാൻ കഴിയാഞ്ഞത് വലിയ പോരായ്മ തന്നെ. കേരളത്തിൽ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിവരിൽ 51.4 ശതമാനം ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണ് എന്നിരിക്കെയാണ് ഈ അവസ്ഥ.
വിദ്യാഭ്യാസം നൽകുന്നതിനപ്പുറം പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒന്നുകൂടിയാണ് അൺ എയ്ഡഡ് മേഖല. കോവിഡ് കാലത്ത് കുട്ടികളുടെ ഫീസ് കുറച്ചുകൊടുത്ത സ്കൂളുകെളാക്കെയും ജീവനക്കാരുടെ തുച്ഛ ശമ്പളത്തിൽ കുറവുവരുത്തിയാണ് അതു ചെയ്തത്. നിശ്ചയിച്ച അയ്യായിരം ആറായിരം പോലും കൊടുക്കാൻ കഴിയാതെ ജീവനക്കാരെ പിരിച്ചുവിടാനോ അവധിയെടുപ്പിക്കാനോ നിർബന്ധിതരായ സ്കൂളുകളുണ്ട്. ഇതിനിടയിലാണ് കുറച്ചു കൊടുത്ത ഫീസ് പിരിക്കുന്നതു പോലും ക്രൂരതയായി ചിത്രീകരിച്ചുകൊണ്ട് മാധ്യമ പ്രചാരണം നടക്കുന്നത്. വിദ്യാർഥികളിൽനിന്ന് ഫീസ് വാങ്ങുന്നതിന്റെ പേരിലും അധ്യാപകർക്ക് ശമ്പളം കൊടുക്കാത്തതിന്റെ പേരിലും ഒരേസമയം വിമർശിക്കപ്പെടുന്ന വൈരുധ്യത്തിന്റെ നടുവിലാണ് സ്വകാര്യ സ്കൂൾ നടത്തിപ്പുകാരുള്ളത്. ക്ലാസുകൾ പഴയ അവസ്ഥയിലേക്ക് മാറുംവരെ സ്വകാര്യ സ്കൂൾ അധ്യാപകർക്ക് മാസം തോറും 2000 രൂപയും 20 കിലോ ധാന്യവും പ്രഖ്യാപിച്ച തെലങ്കാന സർക്കാർ പദ്ധതി മാതൃകയാക്കി ഒരു സാമൂഹിക സുരക്ഷാ പദ്ധതി കേരളത്തിലും ആവിഷ്കരിക്കേണ്ടതുണ്ട്.
ഗവൺമെൻറ് എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസത്തിന് സർക്കാർ വൻ പ്രോത്സാഹനവും പ്രചാരവും നൽകുന്നുണ്ട്. എന്നിട്ടും പഠനത്തുടർച്ച ഉറപ്പുവരുത്താനും ഇംഗ്ലീഷ് മീഡിയം ഉളളടക്കങ്ങൾക്കും നല്ലത് സ്വകാര്യ സ്കൂളുകളാണ് എന്നതിനാൽ സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. ഇതു തടയാൻ വളഞ്ഞ വഴി സ്വീകരിക്കുകയാണ് ട്രേഡ് യൂനിയൻ - ഉദ്യോഗസ്ഥ ലോബി. അടുത്തിറങ്ങിയ രണ്ട് സർക്കാർ ഉത്തരവുകളുടെ മറവിലാണ് അംഗീകാരമുള്ള സ്വകാര്യ സ്കൂളുകളെ ഞെരുക്കാൻ ശ്രമിക്കുന്നത്. അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ തുടർ പഠനം ഉറപ്പാക്കാൻ ടി.സിയില്ലാതെ തന്നെ അവർക്ക് അംഗീകാരമുള്ള സ്കൂളുകളിൽ പ്രവേശനം നൽകാനുള്ള 2021 ജൂൺ 8 ന്റെ ഉത്തരവാണ് ഒന്ന്. ഇതിന് നിയമബലം നൽകുന്ന രീതിയിൽ ജൂൺ 11 ന് ഒരു ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പല അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികൾക്ക് ടി.സി ലഭിക്കാൻ പ്രയാസം ഉണ്ടാകുന്നുവെങ്കിൽ കുട്ടിയുടെ യു.ഐ.ഡി പുതിയ സ്കൂളിൽ ഉൾപ്പെടുത്താനായി ബന്ധപ്പെട്ട പ്രഥമാധ്യാപകൻ വിദ്യാഭ്യാസ ഓഫിസർക്ക് അപേക്ഷ നൽകാനാണ് ഉത്തരവ്.
ആവശ്യപ്പെടുന്ന ഒരു കുട്ടിക്കും ടി.സി നിഷേധിക്കാൻ ഒരു സ്കൂളിനും അവകാശമില്ലെന്നിരിക്കെ അങ്ങനെയാരെങ്കിലും ചെയ്യുന്നെങ്കിൽ അവർക്കെതിരിൽ നടപടി എടുക്കുകയാണ് വേണ്ടത്. അതിനു പകരം എന്തിനാണ് ഈ പിൻവാതിൽ പരിപാടി?
ഫീസ് അടക്കാൻ തയാറായി കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നവരാണ് അൺ എയ്ഡഡ് സ്കൂളുകളിലെ രക്ഷിതാക്കൾ. ടി.സി ആവശ്യപ്പെടുമ്പോൾ കുട്ടികളെ കഴിഞ്ഞ വർഷം പഠിപ്പിച്ച അധ്യാപകർക്ക് ശമ്പളം നൽകാനായി ഫീസ് കുടിശ്ശിക തീർക്കാൻ സ്വാഭാവികമായും ആവശ്യപ്പെടും. മിക്ക രക്ഷിതാക്കളും സ്കൂളുകളിൽ ഫീസ് അടക്കുന്നുമുണ്ട്. നിലനിൽപുതന്നെ പ്രതിസന്ധിയിലായ അൺ എയ്ഡഡ് സ്കൂളുകൾക്ക് കോവിഡ് കാലത്ത് കുറച്ചുകൊടുത്ത ഫീസെങ്കിലും പിരിച്ചെടുക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് ടി.സി. ആ തടസ്സവും മാറ്റി കൈറ്റ് ഓഫിസ് വഴി എല്ലാവരുടെയും യു.ഐ.ഡി, ടി.സിയില്ലെങ്കിലും മാറ്റിക്കൊടുക്കുമെന്നു പറയുന്നത് വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്, അതിന് സർക്കാർ കൂട്ടുനിന്നു കൂടാ.
ഇനി, കൈറ്റ് ഓഫിസ് വഴി യു.ഐ.ഡി മാറ്റിക്കൊടുക്കുമെങ്കിൽ അത് അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് വരുന്ന ടി.സികൾക്ക് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിനാണ്. ടി.സി വാങ്ങാൻ വരുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണത, കൂടുതലായുള്ളവയാണ് സർക്കാർ നൽകുന്ന ശമ്പളത്തിന്റെ മറവിൽ കോടികൾ നേടുന്ന എയ്ഡഡ് സ്കൂളുകൾ. അതിനാൽ, ഇപ്രകാരമൊരു നിയമമുണ്ടെങ്കിൽ ഏത് സ്കൂളിൽനിന്നും മാറുന്ന കുട്ടികൾക്കും ഇതു ബാധകമാക്കണം.
'സമ്പൂർണ പോർട്ടൽ' വഴി ഓൺലൈനിൽ ടി.സിക്ക് അപേക്ഷിക്കാനുള്ള സൗകര്യം കോവിഡ് കാലത്ത് ഉപകാരപ്രദമായിരുന്നു. അവിടെയുമുണ്ട് ഈ വിവേചനം. അൺ എയ്ഡഡിലേക്ക് ഓൺലൈൻ വഴി ടി.സി ക്ക് അപേക്ഷിക്കാനാവില്ല. കാരണം, പ്രവേശനം തേടുന്ന സ്കൂളുകളുടെ ഫീൽഡിൽ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ പേരുകൾ മാത്രം വരുന്ന രീതിയിലാണ് ആ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂളിൽ നേരിട്ടു ചെന്നാൽ മാത്രമേ ഈ കോവിഡ് കാലത്ത് അൺ എയ്ഡഡിലേക്ക് ടി.സി കിട്ടൂവെന്നു വരുന്നത് ക്രൂരതയും തികഞ്ഞ വിവേചനവുമാണ്. ഇത് അവസാനിപ്പിക്കണം.
ചുരുക്കമിതാണ്, വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖല വഹിച്ച പങ്കിനെ അംഗീകരിക്കുന്ന മന്ത്രിയിൽനിന്ന് അതിനനുസൃതമായ തുറന്ന സമീപനം കൂടി കേരള സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. സർക്കാറിന്റെ ഭാരം കുറക്കുന്ന സ്വകാര്യ സ്കൂളുകളെ ചേർത്തുപിടിച്ചു മാത്രമേ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നമുക്ക് നേടാനാവൂ. പ്രവേശനത്തിൽ തുടങ്ങി ടെക്സ്റ്റ് ബുക്ക് ലഭ്യത, പരിശീലന പരിപാടികളിലെ അവസരം തുടങ്ങി നിരവധി കാര്യങ്ങളിൽ മുൻവിധിയാർന്ന വിവേചനത്തിന് സ്വകാര്യസ്കൂളുകൾ ഇരയാകുന്നുണ്ട്. ഇതിന്റെ ദോഷഫലമനുഭവിക്കുന്നത് നിഷ്കളങ്കരായ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.