representational image

അന്വേഷണാത്മക പത്രപ്രവർത്തനത്തിന് സംഭവിച്ചതെന്താണ്?

രാജ്യത്ത് അന്വേഷണാത്മക പത്രപ്രവർത്തനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്ന മുൻ മാധ്യമ പ്രവർത്തകൻകൂടിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നിരീക്ഷണത്തോട് മുതിർന്ന അന്വേഷണാത്മക-ജനകീയ മാധ്യമപ്രവർത്തകൻ പി. സായിനാഥ് തുറന്ന കത്തിലൂടെ പ്രതികരിക്കുന്നു

പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,

''ഞങ്ങൾ വളരുന്ന കാലത്ത് വമ്പൻ അഴിമതികൾ തുറന്നുകാട്ടുന്ന പത്രങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. പത്രങ്ങൾ ഒരിക്കലും നിരാശപ്പെടുത്തിയില്ല. ദൗർഭാഗ്യവശാൽ അന്വേഷണാത്മക പത്രപ്രവർത്തനമെന്ന ആശയം മാധ്യമ കാൻവാസിൽനിന്ന് അപ്രത്യക്ഷമാവുകയാണ്''എന്ന അതീവശ്രദ്ധേയമായ നിരീക്ഷണത്തിന് നന്ദി. അടുത്ത കാലത്തായി അത്യപൂർവമായി മാത്രമേ മാധ്യമങ്ങളെക്കുറിച്ച് സത്യസന്ധമായ വാക്കുകൾ പറഞ്ഞുകേൾക്കാറുള്ളൂ. താങ്കളുടെ പഴയ പ്രവർത്തനപന്ഥാവ് ഓർമിച്ചതിനും നന്ദി. 1979ൽ താങ്കൾ 'ഈനാടി'ൽ ചേർന്ന് മാസങ്ങൾ കഴിഞ്ഞാണ് ഞാൻ പത്രപ്രവർത്തനത്തിലേക്ക് എത്തുന്നത്.

അടുത്തിടെ നടന്ന പുസ്തകപ്രകാശന ചടങ്ങിലെ പ്രസംഗത്തിൽ താങ്കൾ അനുസ്മരിച്ചതുപോലെ- ആ ഗംഭീര കാലത്ത്, നമ്മൾ ഉണർന്ന് ''വമ്പൻ അഴിമതികൾ തുറന്നുകാട്ടുന്ന പത്രങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരുന്നിരുന്നു.''

അഴിമതികൾ തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പോലെയുള്ള കഠോരമായ നിയമങ്ങൾപ്രകാരം ജയിലിലടക്കുന്ന റിപ്പോർട്ടുകൾ കേട്ടാണ് സർ, ഇന്ന് നമ്മൾ ഉണരുന്നത്. അതല്ലെങ്കിൽ ദുരുപയോഗം ചെയ്യുന്നതിനെ താങ്കൾ ശക്തമായി വിമർശിച്ച കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) പോലുള്ളവ ചുമത്തുന്ന വാർത്തകൾ.

താങ്കൾ നിരീക്ഷിച്ചതുപോലെ, 'മുൻകാലങ്ങളിൽ' അഴിമതിയും ദുർഭരണവും സംബന്ധിച്ച കോളിളക്കം സൃഷ്ടിക്കുന്ന റിപ്പോർട്ടുകൾ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നതിന് നമ്മൾ സാക്ഷ്യംവഹിച്ചിട്ടുണ്ട്. കഷ്ടമെന്നേ പറയേണ്ടൂ, ഇക്കാലത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് ഇത്തരം റിപ്പോർട്ടുകൾ ചെയ്യുന്ന പത്രപ്രവർത്തകർക്കാണ്. ഉത്തർപ്രദേശിൽ അത്യന്തം ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഹാഥറസിലേക്ക് പോകുംവഴി അറസ്റ്റിലായ സിദ്ദീഖ് കാപ്പൻ, വർഷമൊന്ന് കഴിഞ്ഞിട്ടും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. കേസ് കോടതിയിൽനിന്ന് കോടതിയിലേക്ക് മാറ്റപ്പെടവെ അദ്ദേഹത്തിെൻറ ആരോഗ്യം അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു.

നമ്മുടെ കൺമുന്നിലുള്ള ആ ഉദാഹരണം കൊണ്ടുതന്നെ, അന്വേഷണാത്മകവും അല്ലാത്തതുമായ ഒരുപാട് മാധ്യമപ്രവർത്തനങ്ങൾ തീർച്ചയായും അപ്രത്യക്ഷമാകും.

ജസ്റ്റിസ് രമണ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, മുൻകാലങ്ങളിലെ അഴിമതി വെളിപ്പെടുത്തലുകളുമായി തട്ടിച്ചുനോക്കുമ്പോൾ 'സമീപ വർഷങ്ങളിൽ' അത്രയും വലിയ ഒരു കഥയും ഓർക്കാനില്ല. കാര്യങ്ങളെല്ലാം തൃപ്തികരമെന്ന മട്ടിലാണ് കാണപ്പെടുന്നത്.

നിയമത്തിലും മാധ്യമപ്രവർത്തനത്തിലും ആഴത്തിൽ അറിവുള്ള, ഇന്ത്യൻ സമൂഹത്തെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തുന്ന താങ്കൾ കുറച്ചുകൂടി മുന്നോട്ടുപോയി അന്വേഷണാത്മകതയെ മാത്രമല്ല, മൊത്തം ഇന്ത്യൻ മാധ്യമ രംഗത്തെയും കീഴ്പ്പെടുത്തുന്ന ഘടകങ്ങളെന്തൊക്കെയെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. നിഗമനങ്ങളിൽ എത്തിച്ചേരാൻ ഞങ്ങളെ ക്ഷണിച്ചതുപോലെ, താങ്കളുടെ പരിഗണനക്കായി ഞാൻ മൂന്നു കൂട്ടം കാരണങ്ങൾ മുന്നോട്ടുവെക്കട്ടെ?

ഒന്നാമതായി, മാധ്യമ ഉടമാവകാശത്തി‍െൻറ ഘടനാപരമായ യാഥാർഥ്യങ്ങൾ കൊടിയലാഭത്തിനു പിന്നാലെ പോകുന്ന ഏതാനും കോർപറേറ്റ് സ്ഥാപനങ്ങളുടെ കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

പി. സായിനാഥ്, എൻ.വി. രമണ 

രണ്ടാമതായി, മുെമ്പങ്ങുമില്ലാത്തവിധത്തിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിനെതിരായ ഭരണകൂടത്തിെൻറ കടന്നാക്രമണവും ക്രൂരമായ അടിച്ചമർത്തലും. മൂന്നാമതായി, ധാർമികതയുടെ ഇഴകൾ അറ്റുപോയതും അധികാരക്കസേരയിലുള്ളവരുടെ പകർത്തിയെഴുത്തുകാരാകാൻ വളരെ മുതിർന്ന നിരവധി പ്രഫഷനലുകളും പ്രകടിപ്പിക്കുന്ന ത്വരയും.

ഞങ്ങളുടെ തൊഴിലിൽ അവശേഷിക്കുന്ന രണ്ടു ധാരകളിൽ പത്രപ്രവർത്തനമാണോ പകർത്തെഴുത്താണോ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ എെൻറ വിദ്യാർഥികളോട് ചോദിക്കാറുണ്ട്.

ഏകദേശം 30 വർഷമായി, ഇന്ത്യൻ മാധ്യമങ്ങൾ രാഷ്ട്രീയമായി സ്വതന്ത്രമാണെന്നും എന്നാൽ ലാഭമോഹത്തി‍െൻറ തടവിലാണെന്നും ഞാൻ വാദിച്ചിരുന്നു. ഇന്ന്, അവർ ലാഭത്തി‍െൻറ തടവിൽ തുടരുന്നു, എന്നാൽ അവർക്കിടയിലെ ചുരുക്കം ചില സ്വതന്ത്ര ശബ്ദങ്ങൾ രാഷ്ട്രീയമായി തടവിലാക്കപ്പെടുന്നത് വർധിച്ചുവരുന്നു.

പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട നാലു പ്രമുഖ പൊതു ബുദ്ധിജീവികൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കൊല്ലപ്പെട്ടു. ഇവരിൽ ഗൗരി ലങ്കേഷ് മുഴുവൻസമയ മാധ്യമപ്രവർത്തകയായിരുന്നു (വെടിയേറ്റു മരിച്ച റൈസിങ് കശ്മീർ എഡിറ്റർ ഷുജാത് ബുഖാരിയുമതേ). മറ്റു മൂന്നു പേരും മാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരും കോളമിസ്റ്റുകളുമായിരുന്നു. 25 വർഷത്തോളം താൻ പോരാടിവരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ നരേന്ദ്ര ദാഭോൽകർ ഒരു മാസിക സ്ഥാപിച്ച് പുറത്തിറക്കുകയും ചെയ്തു. ഗോവിന്ദ് പൻസാരെയും എം.എം. കൽബുർഗിയും പ്രഗല്ഭരായ എഴുത്തുകാരും കോളമിസ്റ്റുകളുമായിരുന്നു.

മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ദുരവസ്ഥ മാധ്യമങ്ങൾക്കകത്ത് പോലും കുറഞ്ഞ ചർച്ചയേ ആവുന്നുള്ളൂവെന്നത് നാം എത്തിച്ചേർന്ന ആപല്‍സന്ധിയെ കുറിക്കുന്നതല്ലേ? നാലുപേർക്കും പൊതുവായുണ്ടായിരുന്ന കാര്യം അവരെല്ലാം യുക്തിവാദികളും ഇന്ത്യൻ ഭാഷകളിൽ എഴുതുന്ന പത്രപ്രവർത്തകരുമായിരുന്നു - ഇത് കൊലയാളികളുടെ അഭിപ്രായത്തിൽ അവർ സൃഷ്ടിക്കുന്ന ഭീഷണിയുടെ വ്യാപ്തി വർധിപ്പിച്ചു. നാലു പേരുടെയും കൊല നടത്തിയത് ഭരണകൂടത്തി‍െൻറ വ്യക്തമായ സുഖലാളനകൾ അനുഭവിക്കുന്ന ഭരണകൂട ബാഹ്യശക്തികളായിരുന്നു. മറ്റു നിരവധി സ്വതന്ത്ര പത്രപ്രവർത്തകരും ശക്തികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പത്രസ്വാതന്ത്ര്യം എന്ന യാഥാർഥ്യത്തെ ജുഡീഷ്യറി അഭിമുഖീകരിക്കുകയാണെങ്കിൽ ഒരുപക്ഷേ പത്രപ്രവർത്തനത്തിെൻറ പരിതാപകരമായ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടേക്കില്ലേ? നവസാങ്കേതിക ഭരണകൂടത്തി‍െൻറ അടിച്ചമർത്തൽ ശേഷി-പെഗസസ് കേസ് പരിഗണിക്കവെ താങ്കൾ നിരീക്ഷിച്ച അടിയന്തരാവസ്ഥയുടെ പേടിസ്വപ്നങ്ങളെപ്പോലും കൊച്ചാക്കിക്കളയുന്നു.

ഗോവിന്ദ പൻസാരെ, എം.എം. കൽബുർഗി, നരേന്ദ്ര ദാഭോൽക്കർ

2020ൽ ഫ്രാൻസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 142ാം സ്ഥാനത്തേക്കാണ് കൂപ്പുകുത്തിയത്. മാധ്യമസ്വാതന്ത്ര്യത്തോടുള്ള ഈ സർക്കാറിെൻറ സമീപനം സംബന്ധിച്ച് എനിക്ക് നേരിട്ടുണ്ടായ ഒരനുഭവം ഞാൻ പങ്കുവെക്കട്ടെ. അപമാനകരമായ 142ാം സ്ഥാനത്തിൽ രോഷംപൂണ്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിെൻറ റെക്കോഡ് നേരെയാക്കാൻ ഒരു ഇൻഡെക്സ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാൻ നിർദേശിച്ചു. ലോക പത്രസ്വാതന്ത്ര്യസൂചികയിലെ സ്ഥാനത്തെ ചോദ്യംചെയ്യുന്നതിനേക്കാൾ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിെൻറ യഥാർഥ അവസ്ഥയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാമെന്ന ഉറപ്പിന്മേൽ സമിതിയിൽ അംഗമാകണമെന്ന ആവശ്യത്തെ ഞാൻ സ്വീകരിച്ചു.

13 പേരടങ്ങുന്ന സമിതിയിൽ 11 ഉദ്യോഗസ്ഥരും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപന ഗവേഷകരും ഉണ്ടായിരുന്നു. പത്രസ്വാതന്ത്ര്യം കൈകാര്യംചെയ്യുന്ന ഒരു കമ്മിറ്റിയിൽ വെറും രണ്ടേ രണ്ട് പത്രപ്രവർത്തകരും! അവരിൽ ഒരാൾ പങ്കെടുത്ത മീറ്റിങ്ങുകളിൽ ഒരക്ഷരം മിണ്ടിയതുമില്ല. ഞാൻ മാത്രം സംസാരിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന നിലയിൽ യോഗങ്ങൾ സുഗമമായി നടന്നു. തുടർന്ന് വർക്കിങ് ഗ്രൂപ്പുകൾ ചേർന്ന് ഒരു 'കരട് റിപ്പോർട്ട്' തയാറാക്കി, എന്നാലതിൽ കരട് എന്ന വാക്കുണ്ടായിരുന്നില്ല. യോഗത്തിൽ ഉന്നയിക്കപ്പെട്ട ഗുരുതരമായ വിഷയങ്ങളൊന്നും പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല ആ റിപ്പോർട്ട്. അതിനാൽ അതിൽ ഉൾപ്പെടുത്തുന്നതിനായി ഞാൻ ഒരു സ്വതന്ത്ര വിയോജന കുറിപ്പ് സമർപ്പിച്ചു.

അതോടെ, റിപ്പോർട്ടും കമ്മിറ്റിയുമുൾപ്പെടെ സകലതും അപ്രത്യക്ഷമായി. രാജ്യത്തെ ഏറ്റവും ശക്തരായ രണ്ടാളുകൾക്കു മുന്നിൽ മാത്രം ഉത്തരം ബോധിപ്പിക്കേണ്ട, ഉന്നത ബ്യൂറോക്രാറ്റിെൻറ നിർദേശാനുസാരം രൂപവത്കരിക്കപ്പെട്ട ഒരു കമ്മിറ്റിയാണ് അവ്വിധം അപ്രത്യക്ഷമായത്. മാധ്യമസ്വാതന്ത്ര്യം സംബന്ധിച്ച ആ റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണങ്ങൾ കൊണ്ടുപോലും സാധ്യമായില്ല. ആ 'കരടി‍െൻറ' പകർപ്പ് എ‍െൻറ കൈവശമുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനംപോലുമായിരുന്നില്ല നടന്നത്. ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തനത്തെ അന്വേഷിക്കലായിരുന്നു. വിയോജനക്കുറിപ്പി‍െൻറ ഒരു തുള്ളികൊണ്ട് അത് അപ്രത്യക്ഷമാവുകയും ചെയ്തു.

നാളെ: പത്രപ്രവർത്തകരോടും പൗരാവകാശ സംഘങ്ങളോടും ചെയ്യുന്നതെന്ത്?

Tags:    
News Summary - What happened For investigative journalism? p sainaths open letter to justice nv ramana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.