നല്ല കമ്പനികൾ ഉദ്യോഗാർഥികളെ തേടി ഞങ്ങളുടെ കോളജിൽ വരണം, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാന്യമായ ശമ്പള പാക്കേജും കിട്ടണം. കോവിഡ് മൂലം വ്യവസായ രംഗമാകെ പിന്നോട്ടടിച്ചിരിക്കുന്ന ഘട്ടത്തിൽ ഉടനെയെങ്ങാനും അതു സംഭവിക്കുമെന്ന് കരുതാനും കഴിയുന്നില്ല- ഉത്തരാഖണ്ഡിലെ ബാർകോട്ടിലുള്ള പോളിടെക്നിക് കോളജിൽ പഠിക്കുന്ന മനോജ് എന്ന 23കാരെൻറ വാക്കുകളാണിത്. മനോജിനെ മാത്രമല്ല, അവെൻറ സഹപാഠികളെയും സംസ്ഥാനത്തുള്ള സമപ്രായക്കാരായ യുവജനങ്ങളെയുമെല്ലാം അലട്ടുന്ന ആശങ്കയാണിത്.
തൊഴിലില്ലായ്മ ഏറ്റവും ഭീകരമായ പ്രശ്നമായി വാപൊളിച്ചുനിൽക്കുന്നു. മനോജിന് മുമ്പേ പഠനം കഴിഞ്ഞിറങ്ങിയ മിടുക്കരായ പതിനായിരക്കണക്കിനാളുകൾ തൊഴിൽ കണ്ടെത്താനാവാതെ നടക്കുകയാണ്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ഈയിടെ പുറത്തുവിട്ട പഠന പ്രകാരം സംസ്ഥാനത്തെ മൂന്നിൽ ഒന്ന് യുവജനങ്ങളും തൊഴിൽ രഹിതരാണ്. 30 വയസ്സിനു താഴെയുള്ളവരിൽ ദേശീയ ശരാശരിയായ 25 ശതമാനത്തിലും അധികമാണ് ഇവിടെ തൊഴിൽ രാഹിത്യം. സ്ത്രീപുരുഷ തൊഴിൽ അനുപാതത്തിലുമുണ്ട് വലിയ അന്തരം. 35 ശതമാനം സ്ത്രീകളും തൊഴിൽ രഹിതരാണ്, 25 ശതമാനം പുരുഷരും.
സർക്കാർ മേഖലയിൽ തൊഴിൽ ലഭ്യതയില്ലാത്തതും വലിയ ഒരു വിഭാഗം ഉദ്യോഗാർഥികളെ നിരാശയിലാഴ്ത്തുന്നു. ഉദ്ധംസിങ് നഗർ ജില്ലയിലെ ജസ്പൂരിൽനിന്ന് കണ്ട സിദ്ധാർഥ് എന്ന ചെറുപ്പക്കാരൻ ആ സമൂഹത്തിെൻറ പ്രതിനിധിയാണ്. പൊലീസ് സേനയിൽ ചേരുന്നതിനായി ഇയാൾ കായിക പരിശീലനവും പരീക്ഷാ പരിശീലനവുമെല്ലാം തുടങ്ങിയിട്ട് ഏറെ കാലമായി, പക്ഷേ ജോലി ഒഴിവ് വിജ്ഞാപനം കാണുന്നില്ല. പർവത മേഖലകളിൽ ഒന്നാമതേ ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണ്, സ്ഥിരവരുമാനമുള്ള ജോലി കൂടി ഇല്ലെങ്കിൽ ഇവിടം നരകമായി മാറും- സിദ്ധാർഥ് സങ്കടം തുറന്നുപറയുന്നു.
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ദുരിതസാഹചര്യമാണ് തൊഴിൽ തേടി പുറപ്പെട്ടു പോകുവാൻ മലയോര മേഖലകളിെല യുവജനങ്ങളെ പ്രേരിപ്പിക്കുന്നത്. കൂട്ടമായ ഇത്തരം കുടിയൊഴിഞ്ഞുപോക്ക് തടയുവാൻ സർക്കാർ എന്തെല്ലാമോ കാട്ടിക്കൂട്ടുന്നുണ്ട്. അഞ്ചു വർഷമായി ഭരണത്തിലിരിക്കുന്ന സർക്കാർ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ ഘട്ടത്തിലാണ് തൊഴിലില്ലായ്മയുടെ പ്രയാസം സഹിക്കാനാവാതെ പ്രയാസപ്പെടുന്ന മലയോര മേഖലയിലെ ജനങ്ങൾക്കായി ഒരു പദ്ധതി പ്രഖ്യാപിക്കുന്നത്.
നവംബർ 24െല മന്ത്രിസഭായോഗം അംഗീകരിച്ച സംസ്ഥാനത്ത് നിക്ഷേപം ഊർജിതമാക്കാൻ ലക്ഷ്യമിട്ടുള്ള വൻകിട വ്യവസായ പദ്ധതി സാക്ഷാൽകൃതമാവണമെങ്കിൽ 2025 വരെ കാത്തിരിക്കുകയും വേണം. സംസ്ഥാനത്ത് 7850 കോടിയുടെ നിക്ഷേപം നടത്താൻ വ്യവസായ ഗ്രൂപ്പുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും 17,000 യുവജനങ്ങൾക്ക് അതു വഴി തൊഴിൽ ലഭിക്കുമെന്നുമാണ് സർക്കാർ വക്താവും കൃഷി വകുപ്പ് മന്ത്രിയുമായ സുബോദ് ഉനിയാൽ പ്രഖ്യാപിച്ചത്.
അതിനുശേഷവും നിരവധി ചെറുപ്പക്കാർ ഡൽഹിയിലേക്കും ഇന്ത്യയുടെ മറ്റു മേഖലകളിലേക്കും ഉപജീവന മാർഗം തേടിപ്പോയിരിക്കുന്നു. വയർ വിശക്കുകയും ജീവിതം വഴിമുട്ടിനിൽക്കുകയും ചെയ്യുേമ്പാൾ പൊള്ളയായ സർക്കാർ പ്രസംഗങ്ങളിൽ പ്രതീക്ഷ പുലർത്തി എത്രകാലം കഴിയാനാവും മനുഷ്യന്?
വിദ്യാഭ്യാസ മേഖലയിലെ നിലവാരമില്ലായ്മയാണ് ഒരു വിഭാഗം യുവജന വോട്ടർമാരെ വിശിഷ്യ, യുവതികളെ അലട്ടുന്നത്. തൊഴിൽതേടി ചെല്ലുേമ്പാൾ വിദ്യാഭ്യാസത്തിലെ നിലവാരത്തകർച്ച വലിയ വിഷമമായി മാറുന്നുവെന്നും കുടുംബങ്ങളിൽനിന്ന് പഠനത്തിന് പിന്തുണ ലഭിക്കാത്തത് ജീവിത ലക്ഷ്യങ്ങൾ ആർജിക്കുന്നതിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നുവെന്നും ഉത്തരകാശിയിൽനിന്നുള്ള പൂനം എന്ന യുവ വോട്ടർ ചൂണ്ടിക്കാട്ടുന്നു.
വേണ്ടത്ര നല്ല കോളജുകളോ സ്കൂളുകളോ ഇവിടെയില്ല. കോവിഡിനെ തുടർന്ന് ലോകമൊട്ടുക്ക് വിദ്യാഭ്യാസ മേഖല ഓൺലൈനിലേക്ക് മാറിയപ്പോൾ ശരിയായ ഇൻറർെനറ്റ് ലഭ്യതയില്ലാത്ത ഉത്തരാഖണ്ഡിലെ മലയോര മേഖലകളിൽ അതും അസാധ്യമായി. പുതുതായി അധികാരമേറുന്ന സർക്കാർ നിലവാരമുള്ള വിദ്യാഭ്യാസവും തൊഴിൽ ലഭ്യതകളും ഉറപ്പാക്കാനാണ് പ്രയത്നിക്കേണ്ടത് എന്ന് ഉത്തരകാശിയിലെ മാനസിയും അഭിപ്രായപ്പെടുന്നു. നിലവാരമുള്ള ജോലികൾ ലഭിക്കാത്തതിനാൽ പാത്രം കഴുകിയും തുണി അലക്കിയും സ്ത്രീകൾ വീടുകളിൽ തുടരേണ്ടി വരുന്നു, അല്ലെങ്കിൽ കുടുംബത്തെ കൃഷിയിൽ സഹായിക്കാൻ പോകണം- ഇതു രണ്ടായാലും ജീവിതത്തിൽ കാര്യമായ മുന്നേറ്റവും മാറ്റവുമുണ്ടാവുമെന്ന് അവർ കരുതുന്നില്ല.
കോവിഡ് പ്രതിസന്ധി വിനോദസഞ്ചാര മേഖലക്ക് ഏൽപിച്ച ആഘാതമാണ് സംസ്ഥാനത്ത് തൊഴിലില്ലായ്മയുടെ ആക്കം കൂട്ടിയ ഘടകങ്ങളിലൊന്ന്. കുംഭമേളക്ക് ആളുകൾ വന്നുകൂടി എന്നതൊഴിച്ചാൽ ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രികർ തന്നെ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി സന്ദർശകരുടെ എണ്ണത്തിൽ പകുതിയിലേറെ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന് ഗംഗോത്രിക്കരികിലെ ഹർഷിൽ താഴ്വരയിൽ ഹോംസ്റ്റേ നടത്തുന്ന മനീഷ് സാക്ഷ്യപ്പെടുത്തുന്നു.
മുമ്പ് ഏഴു ജീവനക്കാരാണ് മനീഷിനൊപ്പം ജോലി ചെയ്തിരുന്നത്. എല്ലാവർക്കും നല്ല ശമ്പളവും നൽകിപ്പോന്നിരുന്നു. ഇപ്പോൾ ജീവനക്കാരുടെ എണ്ണം മൂന്നാക്കി പരിമിതപ്പെടുത്തി. അവർക്ക് ശമ്പളം നൽകാൻ തന്നെ ഞെരുങ്ങിപ്പോകുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ കാലാവസ്ഥയിലും സഞ്ചാരയോഗ്യമാം വിധമുള്ള ചാർധാം റോഡിെൻറ നിർമാണവും ദീൻദയാൽ ഉപാധ്യായ ഹോംസ്റ്റേ യോജ്നയിൽ സമീപകാലത്ത് വരുത്തിയ മാറ്റങ്ങളും ടൂറിസം മേഖലക്ക് തുണയാവും എന്ന പ്രതീക്ഷയുണ്ട് മനീഷിന്. ഹോം സ്റ്റേ നടത്തിപ്പിനുള്ള പരമാവധി സബ്സിഡി 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമാക്കി സർക്കാർ വർധിപ്പിച്ചിരുന്നു. ഹോംസ്റ്റേ നടത്തിപ്പിന് ഭൂമി പാട്ടത്തിന് നൽകുന്നവർക്കും സ്വന്തമായി ഹോംസ്റ്റേ തുറക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.