ലഹരിമുക്ത നവകേരളം എന്ന കോമഡി

14ാം നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി VI ( വിദ്യാഭ്യാസം) വിദ്യാർഥികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു. അതാരംഭിച്ചത് ഇപ്രകാരമായിരുന്നു. 'നമ്മുടെ സംസ്ഥാനം സാക്ഷരതയിലും ആരോഗ്യ പരിപാലനത്തിലും ഇന്ത്യയിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നെന്ന് അഭിമാനിക്കുമ്പോൾതന്നെ മദ്യം, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗത്തിലും സംസ്ഥാനത്തിന്‍റെ സ്ഥാനം ഒന്നാമതാണെന്നുള്ളത് ലജ്ജാവഹമായ ഒരു വസ്തുതയാണ്'. അതിന്‍റെ അവതാരികയിൽ സി. രവീന്ദ്രനാഥ് ഇത്ര കൂടി എഴുതി: . 'ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും ഒരു സാമൂഹികവിപത്തായി പരിണമിച്ചിരിക്കുന്ന ഇക്കാലത്ത് ഭാവി തലമുറയെയെങ്കിലും ഇതിൽനിന്ന് അകറ്റിനിർത്തേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തവും കടമയും ആകുന്നു'.

മദ്യാസക്തിയിൽ കേരളം ഒന്നാമതാണെന്നും അതിന്‍റെ സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങൾ വൻ വിപത്തായി വളരുന്നുവെന്നുമുള്ള തിരിച്ചറിവ് നമ്മുടെ ഭരണാധികാരികൾക്ക് നല്ലപോലെയുണ്ടെന്ന് ചുരുക്കം. പക്ഷേ, എന്തു ചെയ്യാം. ലഹരിമുക്ത കേരളത്തിനുവേണ്ടി മദ്യനയം നടപ്പാക്കേണ്ട നിർണായക ഘട്ടത്തിൽ അവരിതെല്ലാം വിസ്മരിക്കും. ലഹരിയുടെ ഭീകരതയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പഠനങ്ങളും റിപ്പോർട്ടുകളും ലഹരിമുക്ത നവകേരളത്തെ കുറിച്ച പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കോമഡികൾ മാത്രമായാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും കരുതുന്നതെന്ന് തെളിയിക്കുകയാണ് സംസ്ഥാന സർക്കാർ അംഗീകരിച്ച മദ്യനയം. 15 വയസ്സിനു മുകളിലുള്ള അഞ്ചിലൊന്ന് ആളുകളും മദ്യപാനികളായ ഒരു സംസ്ഥാനത്തെ സമ്പൂർണമായി മദ്യത്തിലാറാടിക്കാൻ തീരുമാനിച്ചുറപ്പിച്ച നയത്തിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.

ഇടതു സർക്കാറിന്‍റെ മദ്യവർജന നയം അയുക്തികവും ശുദ്ധതട്ടിപ്പുമാണ്. അനധികൃത മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വ്യാപനം തടയുന്നതോടൊപ്പംതന്നെ ജനങ്ങളെ ബോധവത്കരിച്ച് അവയുടെ ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ് മദ്യനയത്തിന്‍റെ അന്തഃസത്തയെന്ന വിശദീകരണംതന്നെ സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള മറയാണ്. നടപ്പാക്കുന്ന മുഴുവൻ കാര്യങ്ങളും മദ്യം സുലഭമായി ഒഴുകാൻ സഹായകരമായതും. മദ്യോൽപാദന യൂനിറ്റുകളുടെ എണ്ണം കൂട്ടാനും ബ്രുവറി ലൈസൻസ് അനുവദിക്കാനും തീരുമാനിച്ചതോടെ വിദേശ മദ്യത്തിന്‍റെ 'ക്ഷാമ'മാണ് സർക്കാർ പരിഹരിക്കാൻ ശ്രമിക്കുന്നത്.

വീര്യംകൂടിയത് ഉപയോഗിച്ചു ശീലിക്കാത്തവർക്ക് പഴവർഗങ്ങളിൽനിന്ന് വീര്യംകുറഞ്ഞ മദ്യം ഉൽപാദിപ്പിച്ച് നൽകാനുള്ള വിശാലത സർക്കാറിനുണ്ട്. അതിനു കോടികൾ ബജറ്റിൽ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. വിദേശ മദ്യവിൽപനശാലകളിലെ തിരക്കൊഴിവാക്കുന്നതിന് പൂട്ടിപ്പോയവ പ്രീമിയം ഷോപ്പുകളായി തുറക്കാനും ധാരണയായി. ചെറുപ്പക്കാരുടെ 'കാര്യക്ഷമത' വർധിപ്പിക്കാനും ബോറടി പരിഹരിക്കാനുംവേണ്ടി ഐ.ടി പാർക്കുകളിൽ ഇനിമുതൽ മദ്യം ലഭ്യമാക്കും. മദ്യപാനം ചെറുപ്പക്കാരിൽ മയക്കുമരുന്ന് ഉപയോഗം കുറക്കാനുപകരിക്കുമെന്ന 'ന്യായീകരണ ക്യാപ്സ്യൂൾ' പിന്നാലെ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനും ടൂറിസം പരിപോഷണത്തിനും കൂടുതൽ മദ്യശാലകൾ തുറക്കാതെ പോംവഴിയില്ലെന്ന പഴയ സിദ്ധാന്തവും പൊടിതട്ടിയെടുത്തിട്ടുണ്ട്. പിന്നെ, ആകെയൊരു 'ആശ്വാസം' ലഹരിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നതിന് 'കേരള സംസ്ഥാന ലഹരിവര്‍ജനമിഷന്‍ - വിമുക്തി'-ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നതാണ്. പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രചാരണം നടത്തി മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കി ലഹരിമുക്ത നവകേരളത്തെ അതിലൂടെ സൃഷ്ടിക്കുമെന്ന 'തമാശ' സർക്കാർ ഊന്നിയൂന്നി പറയുന്നുണ്ട്. ബാറുകളുടെ ആധിക്യം മദ്യാസക്തരെ വർധിപ്പിക്കില്ലേ എന്ന ആശങ്കക്ക് സർക്കാറിന് ഉത്തരമുണ്ട്. അവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും സൗകര്യങ്ങള്‍ ഉറപ്പുവരുത്തും പോലും!.

മലയാളികളുടെ സാമൂഹിക വിപത്തായി മാറിയ മദ്യാസക്തി ഇല്ലാതാക്കാൻ പ്രഥമ ബാധ്യതയുള്ള സംസ്ഥാന സർക്കാർ അവരെ കൂടുതൽ മദ്യാസക്തരാക്കി കാശുവാരാൻ ശ്രമിക്കുന്നെന്നത് എത്രമാത്രം ലജ്ജാകരമാണ്. വിദേശ മദ്യത്തെ സാർവത്രികമാക്കുന്ന മദ്യനയം പുനരാലോചിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാക്കളായ കെ.പി. രാജേന്ദ്രനും ബിനോ‍യ് വിശ്വവും രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, അതുകൊണ്ടൊന്നും പിണറായി സർക്കാർ കുലുങ്ങാൻ ഒരു സാധ്യതയും കാണുന്നില്ല. ലോകായുക്ത ഓർഡിനൻസിലും കെ-െറയിൽ വിഷയത്തിലും ഒന്നിടഞ്ഞ ശേഷം കീഴ്പെട്ടതുപോലെ ഇതിലും അതാവർത്തിക്കുമെന്ന് സി.പി.എമ്മിന് നല്ല ബോധ്യമുണ്ട്. കോവിഡിൽ അടച്ചിട്ടതിന് ആ കാലയളവിലെ ആനുപാതിക ലൈസൻസ് ഫീസ് അടുത്ത വർഷത്തെ ലൈസൻസ് ഫീസിലേക്ക് കുറവ് ചെയ്തുകൊടുക്കാനും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പൂര്‍ണമായി പലിശ ഇളവ് നല്‍കാനുമുള്ള തീരുമാനവും ബാർ മുതലാളിമാരെ പ്രീണിപ്പിക്കാൻവേണ്ടിയാണ്. അല്ലെങ്കിലും എക്കാലത്തും ബാർ മുതലാളിമാർക്ക് ആഹ്ലാദിക്കാനും സാമൂഹികജീവിതത്തെ രോഗാതുരമാക്കാനും ഖജനാവ് പെട്ടെന്ന് നിറക്കാനുമുള്ള ചെപ്പടിവിദ്യയാണല്ലോ സർക്കാറിന്‍റെ മദ്യനയം. അതിലൂടെ കേരളം ലഹരിമുക്തമാകുമെന്ന് വിചാരിക്കുന്നതല്ലേ ശരിക്കും കോമഡി.

Tags:    
News Summary - drug free new kerala aka comedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.