ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മാർച്ച് 22ന് വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യയുടെ ജനാധിപത്യ ഫെഡറലിസത്തെ വീണ്ടെടുക്കാനുള്ള വലിയൊരു ശ്രമത്തിന്റെ തുടക്കമായി വേണം കാണാൻ. പാർലമെന്റ് മണ്ഡലങ്ങൾ ഏകപക്ഷീയമായി പുനർനിർണയം നടത്താൻ യൂനിയൻ സർക്കാർ തിരക്കിട്ട് നടത്തുന്ന നീക്കങ്ങൾക്കെതിരെ ഒരുമിച്ച് പ്രതിരോധം തീർക്കുകയാണ് യോഗത്തിന്റെ ഉദ്ദേശ്യം. തമിഴ്നാടിനുപുറമെ കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ഇതിനുപുറമെ ഒഡിഷ, പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയും മറ്റ് നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയ നീക്കങ്ങൾ ഒട്ടും സുതാര്യതയില്ലാതെയാണ് നടക്കുന്നത്. ചില സംസ്ഥാനങ്ങൾക്ക് (പ്രത്യേകിച്ച് തെക്കൻ സംസ്ഥാനങ്ങൾക്ക്) പാർലമെന്റിൽ സീറ്റ് കുറയാനും വേറെ സംസ്ഥാനങ്ങൾക്ക് (പ്രത്യേകിച്ച് ഹിന്ദി സംസ്ഥാനങ്ങൾക്ക്) കൂടാനും ഇടവരുത്തുന്നതാണത് എന്നാണ് പ്രധാന ആശങ്ക. ഒരു സംസ്ഥാനത്തിന്റെയും അംഗബലം കുറയില്ലെന്ന് യൂനിയൻ ആഭ്യന്തരമന്ത്രി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്ക് ആരും വിശ്വസിക്കുന്നില്ല. മാത്രമല്ല, ഡീലിമിറ്റേഷൻ കമീഷന്റെ ഘടനയെപ്പറ്റിയോ അംഗങ്ങളെപ്പറ്റിയോ ഒരു സൂചനയും യൂനിയൻ സർക്കാർ പുറത്തുവിട്ടിട്ടുമില്ല. മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇതിലും മോദി സർക്കാർ പുലർത്തുന്ന അതാര്യത സംശയാസ്പദമാണ്. അംഗത്വബലത്തിൽ ഉണ്ടാകാവുന്ന വമ്പിച്ച അസന്തുലനം, ഭരണത്തിലും നയങ്ങളിലും ഇപ്പോൾ തന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള മേൽക്കോയ്മ വർധിപ്പിക്കുമെന്നും തെന്നിന്ത്യൻ സംസ്ഥാനങ്ങൾ അപ്രസക്തമാകുമെന്നുമുള്ള ഭയം അസ്ഥാനത്തല്ല. ആ നിലക്ക് രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ചെന്നൈയിൽ തുടങ്ങാൻ പോകുന്നത്.
അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നതാണ് മണ്ഡല പുനർനിർണയം. അതേസമയം, അത്രതന്നെ പ്രധാനമായ മറ്റ് പ്രശ്നങ്ങളും സംസ്ഥാനങ്ങൾ നേരിടുന്നുണ്ട്. സംഘ്പരിവാറിന്റെ അധീശത്വം വ്യാപകമാക്കാനും നിലനിർത്താനും ലക്ഷ്യമിട്ട് എൻ.ഡി.എ സർക്കാർ നടപ്പിലാക്കുന്ന ഗൂഢപദ്ധതികൾ, അധികാരം യൂനിയൻ സർക്കാറിൽ കേന്ദ്രീകരിക്കുന്ന തരത്തിലുള്ളതാണ്. രാഷ്ട്രീയാധികാരത്തിന്റെ കുത്തകയാണ് മണ്ഡല പുനർനിർണയം ലക്ഷ്യമിടുന്നതെങ്കിൽ മറ്റുപലതും സാംസ്കാരിക-സാമ്പത്തിക-വിദ്യാഭ്യാസ സമഗ്രാധിപത്യം ഉന്നംവെക്കുന്നവയാണ്. തമിഴ്നാട് തന്നെ, ഹിന്ദി അടിച്ചേൽപിക്കലിനെതിരായ സമരത്തിന്റെ നായകത്വം ഏറ്റെടുത്തത് ഒരു സംസ്ഥാനത്തിന്റെ മാത്രം പ്രശ്നമെന്ന നിലക്കല്ല. ദേശീയ വിദ്യാഭ്യാസ പദ്ധതിയും പുതിയ യു.ജി.സി ചട്ടങ്ങളുമെല്ലാം കൺകറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്കുള്ള സ്വയംനിർണയാവകാശത്തെ ഹനിക്കുന്നതാണ്. ഇന്ത്യക്ക് ഔദ്യോഗിക ഭാഷകൾ അനേകം ഉണ്ടായിരിക്കെ ഒരു ഭാഷക്ക് നൽകുന്ന അമിത പ്രാമുഖ്യം അധികാര കേന്ദ്രീകരണത്തിലേക്കും സാംസ്കാരിക ഏകത്വത്തിലേക്കുമുള്ള വഴിയാണെന്നതിൽ സംശയമില്ല. സംസ്ഥാനങ്ങൾക്കുമേൽ ബി.ജെ.പിയുടെ ആധിപത്യം അടിച്ചേൽപിക്കുന്ന രാഷ്ട്രീയ രീതികൾ വേറെയുമുണ്ട്. പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിക്കാൻ മടിയില്ലാത്ത, ജനകീയ സർക്കാറുകളെ കുരങ്ങുകളിപ്പിക്കുന്ന ‘സൂപ്പർ ഗവർണർ’മാർ ഉദാഹരണം. സംസ്ഥാനങ്ങളെ സാമ്പത്തിക വിവേചനത്തിലൂടെ ആശ്രിത പ്രദേശങ്ങളാക്കുന്നതും എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന അമിതാധികാര പ്രയോഗമാണ്. സംസ്ഥാനങ്ങൾക്ക് യൂനിയൻ സർക്കാർ വീതിച്ചുനൽകുന്ന നികുതിപ്പണം മുൻകാലങ്ങളിൽ രാഷ്ട്രീയത്തിനതീതമായിട്ടാണ് നൽകിവന്നിരുന്നതെങ്കിൽ ബി.ജെ.പിക്കുകീഴിൽ അതിലും രാഷ്ട്രീയവും മറ്റു വിഭാഗീയ പരിഗണനകളും വൻതോതിൽ തന്നെ കാണുന്നു. യൂനിയൻ സർക്കാറിലേക്ക് സംസ്ഥാനങ്ങൾ അടക്കുന്ന ഓരോ രൂപക്കും യൂനിയൻ സർക്കാർ അവക്ക് എത്ര രൂപ തിരിച്ചുനൽകുന്നു എന്ന കണക്ക് ഭീമമായ അന്തരം കാണിക്കുന്നു. ഉദാഹരണത്തിന് 2017ൽ കേരളം അടച്ച ഓരോ രൂപക്കും 25 പൈസയാണ് വിഹിതമായി തിരിച്ചുകിട്ടിയത്; യു.പിക്ക് ഒരു രൂപ 79 പൈസയും. ഇക്കൊല്ലം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് (കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന) മൊത്തം 27,336 കോടി രൂപ നൽകിയപ്പോൾ മൂന്ന് ഹിന്ദി സംസ്ഥാനങ്ങൾക്ക് (യു.പി, ബിഹാർ, മധ്യപ്രദേശ്) നൽകിയത് 62,024 കോടിയാണ്. ഇന്ത്യൻ സമ്പദ്ഘടനക്ക് വൻ സംഭാവന നൽകുന്ന അഞ്ച് സംസ്ഥാനങ്ങൾക്ക് മൊത്തം ഫണ്ടിന്റെ 15 ശതമാനം മാത്രമാണ് നൽകുന്നത്. യു.പിക്ക് മാത്രം 17.9 ശതമാനം ഫണ്ട് വിഹിതം നൽകിയ കഴിഞ്ഞവർഷത്തിൽ, ഈ അഞ്ച് സംസ്ഥാനങ്ങൾക്ക് കിട്ടിയത് 15.8 ശതമാനമായിരുന്നു.
ഭദ്രവും പുരോഗമനപരവുമായ ഇന്ത്യ എന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതാണ് ഇന്ന് മോദി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്ന പദ്ധതികൾ. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണ് പ്രകടമായ ഇത്തരം അനീതി. രൂപയുടെ ചിഹ്നം ഒരുവേള തമിഴിലാക്കിയപ്പോഴേക്കും ബഹളവുമായി ഇറങ്ങിയ പ്രതിലോമശക്തികൾ രൂപയുടെ മൂല്യത്തിന് അതിന്റെ ഒരംശം പ്രാധാന്യം കൽപിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. യൂനിയൻ സർക്കാറിന്റെ അധികാര കേന്ദ്രീകരണത്തിനെതിരായ സമരം രാജ്യത്തിന്റെ ഐക്യത്തിന് അത്യന്താപേക്ഷിതമായ ഫെഡറലിസത്തിന് വേണ്ടിയുള്ള സമരം തന്നെയാണ്- രാജ്യസ്നേഹികൾ ഏറ്റെടുക്കേണ്ട സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.