ഗസ്സക്കുമേൽ ഇസ്രായേൽ തുടരുന്ന സമ്പൂർണ ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടലിലെ അമേരിക്കൻ പടക്കപ്പലുകളെ ആക്രമിക്കുമെന്ന യമനിലെ ഹൂതി വിമതരുടെ ഭീഷണിക്കു മറുപടിയായി ഹൂതിനിയന്ത്രിത ജനവാസ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 53പേർ കൊല്ലപ്പെട്ടിരിക്കുന്നു. യമനുനേരെ നടക്കാനിരിക്കുന്ന വൻ വ്യോമാക്രമണങ്ങളുടെ തുടക്കമാണിത് എന്ന യു.എസ് സെൻട്രൽ കമാൻഡിന്‍റെ മുന്നറിയിപ്പ് പശ്ചിമേഷ്യയിൽ പുതിയ യുദ്ധമുഖം തുറക്കുമോ എന്ന ഭീതി പടർത്തിയിരിക്കുകയാണ്.
ചെങ്കടലിൽ നങ്കൂരമിട്ട ഹാരി എസ് ട്രൂമാൻ വിമാനവാഹിനി കപ്പലിൽ നിന്നാണ് യുദ്ധവിമാനങ്ങൾ 40 തവണയായി ആക്രമണം നടത്തിയത്. തലസ്ഥാനമായ സൻആ, സആദ, ഇബ്ബ്, അൽബൈദ, താഇസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണമെന്നും ഇബ്ബിൽ രണ്ടു ജനവാസ കെട്ടിടങ്ങൾക്കുനേരെ ബോംബ് വർഷിച്ചെന്നും ഹൂതികൾ അറിയിച്ചു. തിരിച്ചടിയായി, ഞായറാഴ്ച യു.എസ്.എസ് ഹാരി ട്രൂമാനെ ലക്ഷ്യമിട്ട് 18 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ തൊടുത്തതായി ഹൂതികൾ അവകാശപ്പെട്ടു. യമനിൽ നിന്നുള്ള ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അമേരിക്ക ആക്രമണം തുടർന്നാൽ ചെങ്കടലിൽ അവരുടെ കപ്പലുകൾ സുരക്ഷിതമായിരിക്കില്ലെന്ന് ഹൂതികൾ മുന്നറിയിപ്പു
നൽകിയിട്ടുണ്ട്.
2023 മുതൽ ഹൂതികൾ അമേരിക്കൻ പടക്കപ്പലുകൾക്കുനേരെ 174 തവണയും ചരക്കുകപ്പലുകൾക്കുനേരെ 145 തവണയും ആക്രമണം നടത്തിയെന്നാണ് പെന്‍റഗണിന്‍റെ ആരോപണം. എന്നാൽ, ഇക്കഴിഞ്ഞ ജനുവരിയിൽ ഗസ്സയിൽ യുദ്ധവിരാമമായതിൽ പിന്നീട് ഇതുവരെ ഹൂതികൾ ആക്രമണമൊന്നും നടത്തിയിട്ടില്ല. ഹൂതികൾ യു.എസ് കപ്പലുകൾ ആക്രമിക്കാൻ ഉന്നം വെക്കുന്നു എന്നു പറഞ്ഞ് ജോ ബൈഡൻ ഭരണകാലത്ത് അമേരിക്കയും ബ്രിട്ടനും നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. സൻആ അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖങ്ങൾ, പവർ സ്റ്റേഷനുകൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്ന വിധത്തിൽ ഇസ്രായേലും വ്യോമാക്രമണങ്ങൾ നടത്തി.
ആഗോള വാണിജ്യത്തിന്റെ 12 ശതമാനം ചെങ്കടൽ വഴിയാണ്. സൂയസ് കനാലിനെ പോലെ എണ്ണ-ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) കടത്തിൽ മർമപ്രധാനമാണ് ചെങ്കടലിലെ ബാബുൽ മൻദബ് കനാൽ. ഈ വഴി തടസ്സപ്പെട്ടാൽ ആഫ്രിക്കയുടെ തെക്കേ മുനമ്പിലുള്ള ഗുഡ്ഹോപ് മുനമ്പ് മാത്രമാണ് അവലംബം. അതാകട്ടെ, ഗൾഫിൽനിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ഊർജക്കടത്തിന്‍റെ വഴിദൂരവും ചെലവും കൂട്ടും. ഈ പ്രാധാന്യം കണ്ടറിഞ്ഞു തന്നെയാണ് യമന്‍റെ ഭൂപരിധിയിൽപെടുന്ന ഈ പ്രദേശംവെച്ച് ഹൂതികൾ വിലപേശുന്നത്. അമേരിക്കക്കും സഖ്യശക്തികൾക്കും പാത തടസ്സമുക്തമാവുകയും വേണം.
അങ്ങനെ ചെങ്കടൽ എല്ലായ്പ്പോഴും ഒരു പോർമുഖമായി മാറുന്നു. തലസ്ഥാനമായ സൻആ അടക്കം യമന്‍റെ വടക്കുപടിഞ്ഞാറൻ മേഖല പൂർണമായും വിമതരായ ഹൂതികളുടെ കൈകളിലാണ്. ശിയാ വിഭാഗക്കാരായതിനാൽ ഇവർക്ക് ഇറാന്‍റെ പിന്തുണയുണ്ട്. ഹൂതി സംഘടനയായ അൻസാറുല്ലക്കുള്ള സൈനികപിന്തുണ അവസാനിപ്പിക്കാൻ ട്രംപ് തെഹ്റാന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. എന്നാൽ, അൻസാറുല്ലയെ ഇറാന്‍റെ പ്രോക്സിയായി പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങളിൽ കഴിമ്പില്ലെന്നും അവരുടെ നയനിലപാടുകൾ രൂപവത്കരിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇറാൻ ഇസ്ലാമിക വിപ്ലവസേന കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി പ്രതികരിച്ചിട്ടുണ്ട്. ഹൂതികൾക്ക് അവരുടേതായ താവളങ്ങളും താൽപര്യങ്ങളുമുണ്ടെന്നും ഇറാന്‍റെ പ്രോക്സിയായി അവരെ കാണാനാവില്ലെന്നുമാണ് മേഖലയിലെ നിഷ്പക്ഷ നിരീക്ഷകരുടെയും നിലപാട്. അതേസമയം, അമേരിക്കയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ, അൻസാറുല്ലക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇറാൻ രംഗത്തുവന്നു. യമൻ വിജയിക്കുമെന്നും അവർക്കു മുന്നിൽ ചെറുത്തുനിൽപിന്‍റെ വഴിയേ ഉള്ളൂവെന്നും അത് ഫലപ്രദമാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ‘എക്സി’ൽ കുറിച്ചു. മുസ്ലിം രാഷ്ട്രങ്ങൾ ഉറച്ചുനിൽക്കുന്നതാണ് അമേരിക്കയെയും സഖ്യശക്തികളെയും ചകിതരാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ആദ്യ ഊഴത്തിൽത്തന്നെ യമനെ ആക്രമിച്ചുകീഴ്പ്പെടുത്താൻ ട്രംപ് തുനിഞ്ഞിറങ്ങിയതാണ്. ഹൂതി ഭീഷണി നേരിടുന്ന ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് അമേരിക്ക നടത്തിവന്ന ആക്രമണത്തിൽനിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടുള്ള യു.എസ് കോൺഗ്രസ് പ്രമേയം അന്ന് ട്രംപ് വീറ്റോ ചെയ്തിരുന്നു. അറബ് ലോകത്തെ ഏറ്റവും കൊടിയ ദരിദ്രരാജ്യമായ യമനിൽ 2014 മുതൽ തുടർന്നുവരുന്ന യുദ്ധം നാലു ലക്ഷത്തിലേറെ പേരെയാണ് കൊന്നൊടുക്കിയത്. അതിൽ ഒന്നര ലക്ഷത്തിലേറെ സൈനിക ആക്രമണങ്ങളിലാണെങ്കിൽ അവശേഷിച്ചതത്രയും യുദ്ധവും ഉപരോധവും തീർത്ത പട്ടിണിയും രോഗവും മൂലമായിരുന്നു. കൊല്ലപ്പെട്ടതിൽ എഴുപതു ശതമാനവും കുഞ്ഞുങ്ങളായിരുന്നു. ഓരോ ഒമ്പതു മിനിറ്റിലും അഞ്ചു വയസ്സിൽ താഴെയുള്ള ഒരു യമനി കുഞ്ഞ് മരിച്ചുവീഴുന്നുവെന്നാണ് 2021ലെ ഐക്യരാഷ്ട്രസഭയുടെ വികസന ഏജൻസിയായ യു.എൻ.ഡി.പിയുടെ കണക്ക്. യുദ്ധം നിലക്കാതെ പോയാൽ 2031ൽ 13 ലക്ഷം പേരുടെ ജീവൻ അതെടുക്കുമെന്നും യു.എൻ.ഡി.പി പ്രവചിച്ചിരുന്നു.
ഇത്രയും ദയനീയമായ ദുരിതക്കടൽ കലക്കാനാണ് അമേരിക്ക നേരിട്ടിറങ്ങുന്നത്. ഹൂതി ഭീകരതയെ ഇല്ലാതാക്കാൻ 2014ൽ ആരംഭിച്ച ആക്രമണപദ്ധതി ലക്ഷ്യം കണ്ടില്ല എന്നു മാത്രമല്ല, കൂടുതൽ പ്രദേശങ്ങൾ അൻസാറുല്ലയുടെ നിയന്ത്രണത്തിൽ വരുകയാണുണ്ടായത്. തദ്ദേശ ജനതയുടെ പിന്തുണയുള്ള സംഘടനകളെ തുടച്ചുനീക്കാൻ പുറം അധിനിവേശ ആക്രമണ പദ്ധതികൾക്ക് കഴിയില്ലെന്നതിന്‍റെ തെളിവാണ് അഫ്ഗാനിസ്താനും യമനുമൊക്കെ. കൂടുതൽ സാധാരണക്കാരെ കൊന്നുമുടിക്കാനും നഗരങ്ങൾ നാമാവശേഷമാക്കാനും കഴിയുമെന്നല്ലാതെ ദൗത്യപൂർത്തീകരണത്തിൽ അധിനിവേശശക്തികൾ എല്ലായ്പ്പോഴും പരാജയപ്പെട്ടതാണ് അനുഭവം. ട്രംപിന്‍റെ പുതിയ യുദ്ധാവേശവും സ്വതവേ ദുർബലയായ യമനെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുമെന്നല്ലാതെ അമേരിക്കയോ ഇതര സഖ്യകക്ഷികളോ മറ്റൊന്നും നേടാൻ പോകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.