അധികാരത്തിന്റെ പരകോടിയിലെത്തിയാൽ പിന്നെ പാകിസ്താനിൽ ചില നാട്ടുനടപ്പുകളുണ്ട്. ഒന്നുകിൽ പട്ടാള അട്ടിമറി, അതല്ലെങ്കിൽ കാരാഗൃഹവാസം അതുമല്ലെങ്കിൽ നിർബന്ധിത പ്രവാസം. ചിലഘട്ടങ്ങളിൽ കഴുമരങ്ങളുമാകാം. സുൽഫിക്കർ അലി ഭുട്ടോ മുതൽ നവാസ് ശരീഫ് വരെയുള്ളവരുടെ ചരിത്രം നോക്കൂ. ഭുട്ടോക്ക് കഴുമരമായിരുന്നുവെങ്കിൽ ശരീഫിന് കാരാഗൃഹമായിരുന്നുവെന്ന വ്യത്യാസമേയുള്ളൂ. ബേനസീറിനെ കാത്തിരുന്നത് ബോംബ് സ്ഫോടനമായിരുന്നു. എല്ലാം പാക് രാഷ്ട്രീയത്തിന്റെ ജനിതക ഭാവമായ അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചെടുത്തത്. ആ പട്ടികയിലേക്ക് പതിയെ നടന്നുകയറുകയാണോ ഇംറാൻ ഖാനും? ജനകീയ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുയർത്തി വ്യത്യസ്തമായ വഴികളിലൂടെ പ്രധാനമന്ത്രിക്കസേരയിലെത്തിയ മുൻ ക്യാപ്റ്റനിപ്പോൾ പാക് രാഷ്ട്രീയം വിധിച്ചിരിക്കുന്നത് കാരാഗൃഹവാസമാണ്. അഴിമതിയാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യം. മൂന്നു വർഷമാണ് ശിക്ഷ; ഒപ്പം, അഞ്ച് വർഷത്തെ നിർബന്ധിത രാഷ്ട്രീയ വനവാസവും.
പഞ്ചാബ് പ്രവിശ്യയിലെ അത്തോക്ക് ജയിലിലിരുന്ന് ജനനായകൻ നിലവിളിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘എന്നെ ഇവിടെ നിന്നൊന്ന് ഇറക്കിത്തരൂ’വെന്ന് സന്ദർശിക്കാനെത്തിയ അഭിഭാഷകരോട് ഇംറാൻ കെഞ്ചിയത്രേ. മുൻ പ്രധാനമന്ത്രിക്ക് ജയിലധികൃതർ നൽകിയിരിക്കുന്നത് സി ക്ലാസ് മുറിയാണ്. പകൽ മുഴുവൻ മുറിയിൽ ഈച്ചയും രാത്രിയായാൽ കൊതുകുകളുമാണെന്നാണ് അഭിഭാഷകർ പറയുന്നത്. പാകിസ്താനിലെ തിഹാർ ജയിലാണ് അത്തോക്ക് എന്നുവേണമെങ്കിൽ പറയാം. ഇവിടെ കിടക്കുന്ന ആദ്യത്തെ വി.ഐ.പി രാഷ്ട്രീയക്കാരനല്ല ഇംറാൻ. നവാസ് ശരീഫും ആസിഫ് അലി സർദാരിയുമൊക്കെ ഇവിടെ കിടന്നിട്ടുണ്ട്. പക്ഷേ, നവാസിനും സർദാരിക്കുമൊക്കെ കൃത്യമായി ഭക്ഷണം കിട്ടിയിരുന്നു. ഇംറാന് അതുപോലുമില്ലെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ജയിൽ വിലാപം വേറെത്തന്നെ പരിഗണിക്കണം. കോവിഡ് കാലത്തടക്കം പാകിസ്താനെ തരക്കേടില്ലാതെ നയിച്ച ഒരാളെ കുതന്ത്രത്തിലൂടെ പുറത്തുചാടിച്ചശേഷം എന്നന്നേക്കുമായി രാഷ്ട്രീയ ഗോദയിൽനിന്ന് ഒഴിവാക്കാനുള്ള ഗൂഢപദ്ധതിയാണിതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. ഇംറാനോട് പകപോക്കുകയാണ് പ്രധാനമന്ത്രി ശഹ്ബാസും സംഘവുമെന്നതിന് ബലം പകരുന്ന തെളിവുകൾ വേറെയുമുണ്ട്.
എന്താണ് ഇംറാനെതിരായ അഴിമതിയാരോപണം? നവാസ് ശരീഫിനെപ്പോലുള്ളവരെപ്പോലെ കോടിക്കണക്കിന് രൂപയുടെ ആസ്തിവകകൾ ലണ്ടനിലും യു.എ.ഇയിലുമൊന്നും വാങ്ങിക്കൂട്ടിയിട്ടില്ല. പൊതുസേവകൻ എന്ന നിലയിൽ നവാസ് വാങ്ങിച്ചപോലെ അധിക ശമ്പളവും കൈപ്പറ്റിയിട്ടില്ല. ഇത് വേറെ കേസാണ്. സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ അവർക്ക് വിദേശത്തുനിന്ന് കിട്ടുന്ന നയതന്ത്ര സമ്മാനങ്ങൾ സർക്കാറിന് പതിച്ചുനൽകുന്നൊരു പരിപാടിയുണ്ട് പാകിസ്താനിൽ. അതിനായി അവിടെ പ്രത്യേകമൊരു ട്രഷറിയുമുണ്ട് -തോഷാഖാന. തനിക്ക് കിട്ടിയ സമ്മാനങ്ങൾ പൂർണമായും ഇംറാൻ തോഷാഖാനയിലേക്ക് നൽകിയില്ലെന്നും അതിൽ ചിലത് മറിച്ചുവിറ്റുവെന്നുമൊക്കെയാണ് ആരോപണം. ആ വകയിൽ 14 കോടി പാകിസ്താൻ രൂപ (എകദേശം നാലരക്കോടി ഇന്ത്യൻ രൂപ) അടിച്ചുമാറ്റിയത്രേ. പക്ഷേ, പതിനായിരം കോടിയുടെ അഴിമതി ഇടപാട് നടത്തിയ മറ്റു രാഷ്ട്രീയ നേതാക്കൾപോലും നേരിട്ടിട്ടില്ലാത്ത നിയമവ്യവഹാരമാണ് ഇംറാനുമേൽ വന്നുപതിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ നേരിട്ടാണ് കേസിനെത്തിയത്. ഒരു കാരണവശാലും ഇംറാനെ വെറുതെ വിടരുതെന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ചപോലെ. ജയിൽശിക്ഷയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യതയും ഉറപ്പാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽനിന്ന് മടങ്ങിയത്. നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ശഹ്ബാസിനും കൂട്ടർക്കും ഇംറാന്റെ ശല്യമുണ്ടാവില്ല; ഇംറാന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ തഹ്രീകെ ഇൻസാഫ് പാർട്ടിയും ഏതാണ്ട് നിശ്ചലമാകുമെന്നുറപ്പ്.
ഇംറാനെതിരായ രണ്ടാംഘട്ട ഗൂഢാലോചനയാണിതെന്ന് പറയേണ്ടിവരും. ഒന്നാംഘട്ടം സ്വന്തം പാർട്ടിക്കാരിൽനിന്നുതന്നെയായിരുന്നു. 2018 ആഗസ്റ്റ് 18നാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ നിമിഷം തൊട്ടേ അത്തരമൊരു വിഘ്നം കൂടെയുണ്ട്. കഷ്ടിച്ചാണ് ഭരണത്തിൽ കയറിപ്പിടിച്ചത്, അതും പ്രതിപക്ഷത്തോട് അകന്നുനിന്ന നാലഞ്ച് കക്ഷികളുടെ സഹായത്തോടെ. ജനകീയ പദ്ധതികളിലൂടെ ജനങ്ങളെ ശരിക്കും കൈയിലെടുത്തു; എന്തിനേറെ, പാക് രാഷ്ട്രീയത്തിലെ എക്കാലത്തെയും നിർണായക ശക്തിയായ സൈന്യംപോലും ഇംറാൻ ഭരണത്തിന് നൂറ് മാർക്ക് നൽകി. അതിനിടയിലാണ് കൊട്ടാരവിപ്ലവത്തിന്റെ ഇലയനക്കങ്ങൾ. സംഗതി മണത്തറിഞ്ഞ പ്രതിപക്ഷസഖ്യം അവിശ്വാസ പ്രമേയത്തിന് അനുമതി തേടി. ഇതൊരു അവസരമായിക്കണ്ട്, കൂടെയുണ്ടായിരുന്ന രണ്ട് ഡസനോളം അംഗങ്ങൾ പാർട്ടി വിടുകകൂടി ചെയ്തതോടെ ഇംറാന്റെ പുറത്തേക്കുള്ള വഴിയൊരുങ്ങി. താൻ അധികാരത്തിൽ തുടരുന്നത് ‘അതിശക്ത’ രാജ്യങ്ങൾക്കൊന്നും ദഹിക്കുന്നില്ലെന്നും ഏതുവിധേനയും തന്നെ താഴെ ഇറക്കാൻ അവർ പ്രതിപക്ഷസഖ്യ നേതാക്കളായ ശഹബാസ് ശരീഫ്, ആസിഫലി സർദാരി, ഫസലുറഹ്മാൻ എന്നിവരുമായി സൗഹൃദത്തിലായി എന്നും ഇംറാൻ തുറന്നടിച്ചു. പക്ഷേ, ആ കോലാഹലങ്ങളെല്ലാം വേഗം കെട്ടടങ്ങി. അതിനിടയിൽ, ഇംറാൻ പോലുമറിയാതെ പുതിയ ഭരണസഖ്യം അദ്ദേഹത്തിനുമേൽ ഒരുപിടി കേസുകൾ കെട്ടിവെച്ചു; അഴിമതി, രാജ്യദ്രോഹം, സ്വജനപക്ഷപാതം തുടങ്ങിയ വകുപ്പുകളിൽ നൂറിലധികം വരുമിതെന്നാണ് പറയുന്നത്. എന്നുവെച്ചാൽ, തോഷാഖാന കേസ് പൊട്ടിയാൽപോലും അടുത്ത ദിവസം മറ്റൊരെണ്ണം വരുമെന്നർഥം.
ജീവിതം സപ്തതിയിലേക്ക് പ്രവേശിക്കുമ്പോഴാണീ കാരാഗൃഹയോഗം. ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിലൊരാളാണ്. പാകിസ്താന് ആദ്യമായും അവസാനമായും ലോകകപ്പ് സമ്മാനിച്ച നായകൻ. ’92ലെ ആ ലോകകപ്പിനുശേഷം ക്രിക്കറ്റിനോട് വിടപറയുകയും ചെയ്തു. അക്കാലത്തേ, രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പക്ഷേ, പാക് രാഷ്ട്രീയത്തിന്റെ വ്യവസ്ഥാപിത വഴികളുപേക്ഷിച്ച് സ്വന്തമായി പാർട്ടി സ്ഥാപിച്ചത് ’96ലാണ്. ആ വർഷത്തെ ദേശീയ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പാകിസ്താനിലെ ജനാധിപത്യ ധ്വംസനങ്ങളും പട്ടാള ഭരണമൊന്നുമായിരുന്നില്ല രാജ്യത്തെ പ്രധാന പ്രശ്നമായി തെഹ്രീക്കും ഇംറാനും കണ്ടത്. അഴിമതിക്കാരനായ നവാസിനെ മുശർറഫ് പട്ടാളഅട്ടിമറിയിലൂടെ പുറത്താക്കിയപ്പോൾ ജനാധിപത്യം മറന്ന് അതിനെ പിന്തുണച്ചതുപോലും അഴിമതിവിരുദ്ധതയുടെ പേരിലാണ്. പിന്നീട്, പർവേസ് വിരുദ്ധസഖ്യത്തിന്റെ മുഖമായി ഇംറാൻ മാറിയത് മറ്റൊരു ചരിത്രം. അതിന്റെ പേരിൽ അറസ്റ്റും വീട്ടുതടങ്കലുമൊക്കെയുണ്ടായി. 2011ലെ ലാഹോർ റാലിയോടെയാണ് ഇംറാൻ തരംഗം ശരിക്കും ദൃശ്യമായത്. എന്നിട്ടും 2013ലെ പൊതുതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് പാർട്ടി ഫിനിഷ് ചെയ്തത്. പക്ഷേ, ഇതിനിടയിൽ പഞ്ചാബ് പ്രവിശ്യഭരണം ഇൻസാഫിന് ലഭിച്ചു. 2018ൽ, 372 അംഗ പാർലമെന്റിൽ 149 സീറ്റ് നേടി ഭരണം പിടിച്ചു. അതിനെ പുതിയ യുഗമെന്ന് രാഷ്ട്രീയ പണ്ഡിറ്റുകൾ വിശേഷിപ്പിച്ചു. പറഞ്ഞിട്ടെന്ത്, അനിശ്ചിതത്വമൊഴിഞ്ഞൊരു രാഷ്ട്രീയം ആ രാജ്യത്തില്ലല്ലോ. അതിന്റെ തുടർച്ചയിൽ ഇംറാൻ യുഗവും അവസാനിക്കാൻ പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.