മൂന്നര പതിറ്റാണ്ട് മുെമ്പാരു സുമ്മോഹന ദിനത്തിൽ, കൃത്യമായിപ്പറഞ്ഞാൽ 1984 ഏപ്രിൽ രണ്ടിന്, ഇന്ത്യൻ എയർഫോഴ്സിലെ സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി. ആ ചരിത്ര നിമിഷത്തിൽ രാജ്യത്തിെൻറ ആശംസകളും അഭിനന്ദനങ്ങളുമറിയിച്ചശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശർമയോട് തിരക്കി: ആകാശത്തുനിന്ന് കാണുേമ്പാൾ എങ്ങനെയുണ്ട് ഇന്ത്യ?
പ്രകാശ വേഗത്തിലായിരുന്നു മറുപടി-'പൂർണ അഭിമാനത്തോടെ പറയാൻ കഴിയും-സാരേ ജഹാംസേ അച്ഛാ!' ഇന്ത്യയെ വർണിക്കാനും അഭിവാദ്യമറിയിക്കാനും ഇതിലേറെ മനോഹരമായൊരു പ്രയോഗമില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാവണം ആകാശമേലാപ്പിൽ നിൽക്കുേമ്പാഴും അഭിമാനിയായ ഒരു ഇന്ത്യക്കാരൻ വിശ്വകവി അല്ലാമ ഇഖ്ബാലിനെ കടംകൊണ്ടത്. സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം ആഘോഷിക്കവേ ഇന്ത്യയുടെ പല കോണുകളിലും, ഇന്ത്യയെ സ്നേഹിക്കുന്നവരുള്ള ഓരോ മുക്കുമൂലകളിലും മുഴങ്ങുന്നുണ്ട് ആ വരികൾ. എന്നാൽ, ഒരു ദേശീയ സർവകലാശാലയിലെ ഉർദു ദിനാഘോഷത്തിന് ഇഖ്ബാൽ ചിത്രമുള്ള പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്, കാരണംകാണിക്കൽ നോട്ടീസ് ലഭിക്കാനും അന്വേഷണം നേരിടാനും തക്ക അപരാധമായി മാറിക്കഴിഞ്ഞ പുതിയ ഇന്ത്യയിലിരുന്നാണ് ഹം ബുൽ ബുലേ ഹെ ഇസ്കി യേ ഗുലിസ്താൻ ഹമാരാ (നാം ഇവിടത്തെ വാനമ്പാടികൾ, ഇതു നമ്മുടെ പൂങ്കാവനവും) എന്ന് നമുക്ക് പാടേണ്ടിവരുന്നത്.
ലോക ഉർദു ദിനമായ നവംബർ എട്ടിന് (അല്ലാമ ഇഖ്ബാലിെൻറ ജന്മദിനമാണന്ന്) ബനാറസ് ഹിന്ദു സർവകലാശാലയിലെ ഉർദു വകുപ്പ് സംഘടിപ്പിച്ച വെബിനാറിെൻറ സോഷ്യൽ മീഡിയ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്ററുകളിലൊന്നിലാണ് ഇഖ്ബാലിെൻറ ചിത്രം ഉൾക്കൊള്ളിച്ചിരുന്നത്. സംഘ്പരിവാർ വിദ്യാർഥി സംഘടന പ്രതിഷേധിച്ചതോടെ പോസ്റ്റർ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചു; പകരം സർവകലാശാലയുടെയും ഹിന്ദു മഹാസഭയുടെയും സ്ഥാപകനും ഉർദു ഭാഷാവിരോധികളുടെ കാരണവസ്ഥാനീയനുമായ പണ്ഡിത് മദൻ മോഹൻ മാളവ്യയുടെ ചിത്രമുള്ള ഒന്ന് പുറത്തിറക്കി. ഉർദു വകുപ്പ് മേധാവി അഫ്താബ് അഹ്മദിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനുപുറമെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെയും നിയോഗിച്ചു.
ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്താനിലേക്കുപോയ വ്യക്തിയാണ് ഇഖ്ബാൽ എന്നാണ് സമൂഹ മാധ്യമ സർവകലാശാലകളിലെ സംഘ്പരിവാർ ചാൻസലർമാർ കുറച്ചു കാലമായി പ്രചരിപ്പിച്ചുപോരുന്നത്. ബനാറസ് സർവകലാശാലയിലെ എ.ബി.വി.പി പ്രവർത്തകരും ഇത് ഏറ്റുപാടി. ഇന്ത്യ രണ്ടായി മാറുന്നതിന് ഒമ്പതാണ്ട് മുമ്പ്, 1938ൽ ഈ ലോകത്തോടു വിടപറഞ്ഞ കവി പാകിസ്താനിൽ കുടിയേറിയെന്ന വ്യാജ ആഖ്യാനത്തിന് 'ദൈവത്തിെൻറ വ്യാഘ്രങ്ങൾക്കറിയില്ല വിലകുറഞ്ഞ ശൃഗാല സൂത്രങ്ങൾ' എന്ന ഇഖ്ബാൽ വാക്യമല്ലാതെന്ത് മറുപടി നൽകാൻ. അവിഭക്ത ഇന്ത്യയിൽ മുസ്ലിംകൾ നേരിട്ട വിവേചനത്തിൽ പ്രതി ഖിന്നനായിരുന്നു ഇഖ്ബാൽ. ഇതേച്ചൊല്ലി ജവഹർലാൽ നെഹ്റുവുമായി അതിശക്തമായ ഭാഷയിൽ സംവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിഭജനം എന്നൊരാശയം അദ്ദേഹത്തിെൻറ വിദൂരചിന്തകളിൽ പോലുമില്ലായിരുന്നു.
സ്വാതന്ത്ര്യത്തിെൻറ അമൃത മഹോത്സവ പോസ്റ്ററിൽനിന്ന് നെഹ്റുവിനെ വെട്ടിമാറ്റിയവർ ഇഖ്ബാലിനെ വെറുതെവിടുമെന്ന് വിചാരിക്കാൻ ന്യായമില്ല. എന്നാൽ, അവർ യഥാർഥത്തിൽ ഉന്നംവെക്കുന്നത് ഇഖ്ബാലിനെയല്ല, മറിച്ച് ഒരു ഭാഷയെയും സമുദായത്തെയുമാണ് എന്ന് വ്യക്തം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിന്, സാംസ്കാരിക-കലാവിഷ്കാരങ്ങൾക്ക്, സാക്ഷരത ദൗത്യങ്ങൾക്ക് കനപ്പെട്ട സംഭാവനകളർപ്പിച്ച ഘടകങ്ങളിൽ വിലയിടാനാവാത്ത സ്ഥാനമുണ്ട് ഉർദു ഭാഷക്ക്. 1875ലെ ഒന്നാം സ്വാതന്ത്ര്യസമര പോരാളികളുടെ ഔദ്യോഗിക ഭാഷയാകയാൽ രാജ്യത്തെ ഞെരിച്ചമർത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം വെറുത്തതും ഉർദുവിനെയാണ്. ക്രമേണ മുസ്ലിംകളുടെ ഭാഷയെന്ന് മുദ്രകുത്തി അവരോടുള്ള സകല വിദ്വേഷവും ഉർദുവിനുമേലും പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
1967ൽ ഉർദുവിനെ ഉത്തർ പ്രദേശിലെ രണ്ടാം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കാൺപുർ കലക്ടറേറ്റിനും യു.പി സെക്രട്ടേറിയറ്റിനും മുന്നിൽ നിരാഹാര സത്യഗ്രഹമനുഷ്ഠിച്ച് രക്തസാക്ഷിത്വം വരിച്ചത് പണ്ഡിറ്റ് ദേവ് നാരായൺ പാണ്ഡേയും ജയ് ബഹാദൂർ സിങ്ങുമാണെന്നതൊന്നും ഭാഷക്ക് മതത്തിെൻറ നിറം ചാർത്തി നൽകുന്നവർ ഓർക്കുന്നില്ല. പകരം, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളിൽനിന്ന് ഉർദുവിനെ ഒഴിവാക്കാനായി മുറവിളി കൂട്ടുകയാണ് ഹിന്ദുത്വ ശക്തികൾ. ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിലെ സ്ഥലനാമ സൂചന ബോർഡുകളിൽനിന്ന് ഉർദു വൈകാതെ തുടച്ചുമാറ്റപ്പെടും. ദീപാവലിക്കാലത്ത് ഇറങ്ങിയ പരസ്യത്തിൽ ഉർദുവാക്ക് ഉൾക്കൊള്ളിച്ചതിെൻറ പേരിൽ മുൻനിര വസ്ത്ര ബ്രാൻഡിനെ ബഹിഷ്കരിക്കാൻ ആഹ്വാനം മുഴങ്ങിയതും പരസ്യം പിൻവലിക്കാൻ നിർബന്ധിതരായതും ഏതാനും ആഴ്ചകൾ മുമ്പ് മാത്രമാണ്.
അനശ്വര സ്നേഹത്തിെൻറ ഒട്ടേറെ ഗീതങ്ങൾക്ക് ജന്മംനൽകാൻ സൗഭാഗ്യം ലഭിച്ച ഒരു ഭാഷയാണ് ദൗർഭാഗ്യവശാൽ വർഗീയ ചിന്തകരുടെ സാംസ്കാരിക കർസേവക്ക് പാത്രമായിക്കൊണ്ടിരിക്കുന്നത്. ഉർദുവിനെ ദുർബലപ്പെടുത്തിയാൽ ആ ഭാഷ പ്രതിനിധാനം ചെയ്യുന്ന സാംസ്കാരിക ഐക്യത്തിനും പരിക്കേൽപിക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.