ഇനിയും വൈകരുത്, ഒരു സമഗ്ര ഖനന നിയമത്തിന്

അപകടകരമായ ഒരു ദുരന്തത്തിന്‍റെ വക്കിലൂടെയാണ് കേരളത്തിന്‍റെ പരിസ്ഥിതി കടന്നുപോയ്ക്കൊണ്ടാരിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പ്രകൃതി ദുരന്തത്തിന്‍റെ വാര്‍ത്തകള്‍ പത്രത്താളുകളിലും ടെലിവിഷനുകളിലും കണ്ട് സ്വന്തം ഇരിപ്പിടത്തിന്‍റെ സുരക്ഷയില്‍ സുഖിച്ചിരിക്കാന്‍ ഇനിയും നമ്മള്‍ക്ക് കഴിയുന്നതെങ്ങനെയാണ്?  പുഴയും കായലും കുന്നുകളും നേരിടുന്ന സര്‍വ നാശത്തിനു നേരെ മുഖം തിരിച്ചുകൊണ്ട് എത്രനാള്‍ ഇനി മുന്നോട്ടു പോവാനാവും? ഈ സാഹചര്യത്തില്‍ നീതിപീഠങ്ങളില്‍ നിന്നുള്ള ചില പാരിസ്ഥിതിക ഇടപെടലുകളെ കണാതിരിക്കാനാവില്ല തന്നെ.  

2012 ഫെബ്രുവരി 27നാണ് സുപ്രീംകോടതിയില്‍ നിന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ആ വിധിയുണ്ടാകുന്നത്. ദീപക് കുമാറും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള ആ കേസില്‍ ലഘുധാതുക്കളുടെ ഖനനം സംബന്ധിച്ച ചട്ടങ്ങളിലെ അനിശ്ചിതത്വം മൂലം നിരവധി പരിസ്ഥിതി നിയമലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കണ്ട കോടതി നടത്തിയ ഇടപെടലായിരുന്നു അത്. അഞ്ച് ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ള ഖനനത്തിന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്‍െറ മൂന്‍കൂര്‍ അനുമതി വേണ്ട എന്നായിരുന്നു നിയമം. അതിന്‍െറ മറവില്‍ വന്‍കിടക്കാര്‍ തങ്ങളുടെ ഭൂമി ചെറുതുണ്ടുകളാക്കി വിഭജിച്ച് പാരിസ്ഥിതിക അനുമതി മറികടന്നു എന്നു കണ്ടപ്പോഴാണ് എത്ര ചെറുതാണെങ്കിലും പാരിസ്ഥിതികാനുമതിയോടെ മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്ന് പരമോന്നത കോടതി വിധിച്ചത്. പാരിസ്ഥിതികമായ നിയമങ്ങള്‍ പാലിക്കാത്ത നിരവധി ഖനന മേഖലകളില്‍ ഇതുമൂലം ഖനനം നിര്‍ത്തിവെക്കേണ്ടിയും വന്നു.

കേരളത്തെയാണ് ഇത് കാര്യമായി ബാധിച്ചത്. ഇവിടെ പ്രവര്‍ത്തിക്കുന്ന 2600ല്‍ പരം ക്വാറികളില്‍ 90ശതമാനവും  ഈ കണക്കില്‍ ചെറുകിടക്കാരാണ് നടത്തുന്നത്. അഞ്ചു ഹെക്ടറില്‍ മീതെ വിസ്തീര്‍ണമുള്ളവ വളരെ കുറവാണ്. പക്ഷെ, ആ ക്വാറി ഉടമകള്‍  അതിശക്തരാണ്. അവര്‍ക്ക് ധാരാളം സമ്പത്തുണ്ട്. രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളില്‍ വന്‍ സ്വാധീനമുണ്ട്. അവര്‍ ഏതു നിയമ ലംഘനം നടത്തിയാലും സഹായിക്കാന്‍ ആളുണ്ട്. മാഫിയാ സംഘങ്ങളുണ്ട്. സര്‍ക്കാര്‍ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും. കോടതി കേസുകളില്‍ വന്‍ അഭിഭാഷകരെ ഇറക്കാന്‍ അവര്‍ക്കാകും. പാരിസ്ഥിതികാനുമതി നേടിയെടുക്കണമെങ്കില്‍ അതിനും അവര്‍ക്ക് കഴിയും. അല്‍പം കാലതാമസം വരുമെന്ന് മാത്രം.


നിയമപരമായ പ്രതിസന്ധികളെ കേരളത്തില്‍ സംഘടിതരായ പല ലോബികളും സമ്മര്‍ദ്ദ തന്ത്രത്തിലൂടെ മറികടക്കാനാണ് ശ്രമിക്കാറുള്ളത്. ബസ് യാത്രാനിരക്കു വര്‍ധന അത്തരത്തിലുള്ള ഒന്നാണ്. പെട്ടെന്ന് സമരം പ്രഖ്യാപിക്കും. ചര്‍ച്ച-ഒത്തുതീര്‍പ്പ്-നിരക്കു വര്‍ധന -എല്ലാം സ്ഥിരം നാടകം. ക്വാറി ഉടമകളും ഇതേ തന്ത്രമാണ് സ്വീകരിക്കാറുള്ളത്.
സംസ്ഥാനത്തെ ക്വാറികള്‍ ആകെ അടച്ചിടുക.‘പ്രതിസന്ധി’ രൂക്ഷമാക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിര്‍ത്തിയെന്നാര്‍ത്തു വിളിക്കുക. നടപ്പുള്ള ചില വന്‍കിട പദ്ധതികള്‍ (ഉദാ: മുമ്പ് വല്ലാര്‍പാടം ടെര്‍മിനല്‍, ഇപ്പോള്‍ മെട്രോ, വിഴിഞ്ഞം) മുടങ്ങിപ്പോവുമെന്ന് പ്രചരിപ്പിക്കുക...ഒടുക്കം എത്ര നിയമ ലംഘനമുണ്ടായാലും ക്വാറികള്‍ തുറക്കാന്‍ ‘എന്തും’ ചെയ്യുക. (ഇതിനിടയില്‍ ലക്ഷങ്ങള്‍ ഓരോ ക്വാറി ഉടമകളില്‍ നിന്നും പിരിവുകള്‍ നടത്തിയിരിക്കും.) ബാര്‍ കോഴയുടെ എത്ര മടങ്ങാണ് ക്വാറിക്കോഴ എന്നാര്‍ക്കറിയാം.  എല്ലാ ‘പക്ഷ’ക്കാര്‍ക്കും പങ്കിട്ടു കിട്ടുന്നതിനാലും നിര്‍മാണ ലോബികള്‍ ആണ് എല്ലാവരുടെയും കറവപ്പശുക്കള്‍ എന്നതിനാലും ആര്‍ക്കും ഒന്നും മിണ്ടാനാവില്ല.
മാറിമാറി വന്ന സര്‍ക്കാറുകള്‍ ഈ ലോബിക്കു വേണ്ടി പലതും ചെയ്തു. മുന്‍ ഇടതുപക്ഷ സര്‍ക്കാറിന്‍റെ കാലത്താണ്, ഒരു ഖനിയില്‍ നിന്ന് എത്ര വേണമെങ്കിലും കല്ളെടുക്കാമെന്ന നിയമ ഭേദഗതികള്‍ വഴി ഇക്കൂട്ടരെ സഹായിച്ചത്. അഴിമതിയെന്നത് ഒരു വിദഗ്ധ കലയാക്കി മാറ്റിയ യു.ഡി.എഫ് സര്‍ക്കാറിന്‍്റെ കാലമായപ്പോള്‍ കൊയ്ത്തു തന്നെയാണ്. ഈ അഴിമതി നടത്താന്‍ സര്‍ക്കാറിനു നിയമ തടസ്സങ്ങള്‍ ഉണ്ടായാല്‍ അതു മറികടക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായ നിയമോപദേഷ്ടാക്കളുമുണ്ട്. ഇന്ത്യന്‍ ഭരണഘടന തന്നെ കേരളത്തിനു ബാധകമല്ളെന്ന ഉത്തരവിറക്കാന്‍ അവര്‍ നിയമോപദേശം നല്‍കും.! അങ്ങനെ ഇറക്കിയ നിരവധി നിയമങ്ങളില്‍ ഒന്നാണ് റദ്ദാക്കിക്കൊണ്ട് ഇപ്പോള്‍ ഹൈകോടതി വിധിച്ചത്.

2012ലെ വിധികളില്‍ ആ സമയത്ത്  ഖനനാനുമതി ഉള്ളവരുടെ കാലാവധി നീക്കുംവരെ പാരിസ്ഥിതികാനുമതിയില്ലാതെ ഖനനം തുടരാമെന്നായിരുന്നു ആദ്യ ഉത്തരവ്. ലഘു ധാതു ഖനനച്ചട്ടങ്ങളിലെ ചില വകുപ്പുകളില്‍ ചെറിയ ചില ഭേദഗതികള്‍ വരുത്തുകയാണിവിടെ ചെയ്തത്. ഹൈകോടതി തന്നെ ഇത്തരം പല ഉത്തരവുകളും തെറ്റാണെന്നു വിധിച്ചിട്ടുണ്ട്. അതിന്‍റെ അപ്പീല്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ഇത്. ഇതുപോലുള്ളവ ഇറക്കുമ്പോള്‍ കോടതി റദ്ദാക്കുമെന്ന് അറിയാത്തതല്ല. അതിനിടക്കുള്ള സമയം ഖനനം നടത്താമെന്ന ദുരാഗ്രഹം മാത്രം. മൂന്നു മാസം കിട്ടിയാല്‍ തന്നെ ലാഭം എത്ര ലക്ഷങ്ങളാണ്!!

കേരളത്തിന്‍റെ സവിശേഷതകള്‍ വെച്ചുകൊണ്ട് ചെറുകിട ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ആവശ്യമില്ളെന്ന് വാദിക്കുന്നവരുണ്ട്. ഇതു ശരിയല്ല. കാരണം, ഭൂമി കുറവും ജനസാന്ദ്രതയും നഗര വല്‍ക്കരവണും അധികമാണെന്നതിനാലും പാരിസ്തിഥികാനുമതി കര്‍ശനമാക്കണമെന്ന് വാദിച്ചാല്‍ തെറ്റു പറയാനാവുമോ? പാരിസ്ഥിതികമായി ദുര്‍ബലമാണ് കേരളം. ഏതു ചെറിയ പ്രകൃതി ദുരന്തത്തെയും താങ്ങാന്‍ നമുക്കാവില്ല. (ചെന്നൈ പോലൊന്നുണ്ടായാല്‍....പറയാനില്ല.) അതുകൊണ്ട് തന്നെ കേരളത്തിലെ പാരിസ്ഥിതിക ഇടപെടല്‍ കൂടുതല്‍ ശ്രദ്ധയോടെ ആവണം. വികസനം വേണം, ഭൂമി കുറവാണ്, അതുകൊണ്ട് നിയന്ത്രണങ്ങള്‍ പാടില്ളെന്ന വാദം അബദ്ധമാണ്. വന്‍കിട-ചെറുകിട ക്വാറികള്‍ തമ്മില്‍ മല്‍സരമുണ്ടാവാം. പക്ഷെ, ഒരു പ്രദേശത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ക്വാറികള്‍ എത്രമാത്രം പാരിസിഥിതിക നാശമുണ്ടാക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കലഞ്ഞൂര്‍,മുതലമട തുടങ്ങിയ പഞ്ചായത്തുകളില്‍ ചില വാര്‍ഡുകളില്‍ തന്നെ 30തും 40തും ക്വാറികള്‍ ഉണ്ട്. അവയെല്ലാം ചെറുകിടമാണ്. പക്ഷെ, ആ പ്രദേശത്തുണ്ടാക്കുന്ന ആഘാതം ഒരു വന്‍കിട ക്വാറി ഉണ്ടാക്കുന്നതിനേക്കാള്‍ അധികമായിരിക്കുമല്ളോ? കേരളത്തില്‍ നൂറിലേറെ ഇടങ്ങളില്‍ ക്വാറികള്‍ക്കെതിരായ സമരം നടക്കുന്നുണ്ട്. അതിരപ്പള്ളി വനമേഖലയില്‍പോലും ക്വാറിക്ക് ശ്രമിക്കുകയാണ്. (ചെറുകിടമാണെന്നതിനാല്‍ അതനുവദിക്കാനാവുമോ?) സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയിലും വനഭൂമിയിലും നടത്തുന്ന- നടത്താന്‍ ശ്രമിക്കുന്ന ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ റവന്യൂവകുപ്പിന് അധികാരം നല്‍കുന്ന ഒരു ഉത്തരവ് അടുത്ത ദിവസം സര്‍ക്കാര്‍ ഇറക്കി. അതിനും മറ്റൊരു ഗതിയായിരിക്കില്ല. എത്ര ആവശ്യമുണ്ടെന്ന് പറഞ്ഞാലും പാരിസ്ഥിതിക സര്‍വനാശം വരുത്തുന്നുവെങ്കില്‍ ക്വാറികള്‍ അനുവദിക്കരുത്. വേഗത്തില്‍ എത്തണമെന്ന കാരണത്താല്‍ റോഡ് നിയമം ലംഘിച്ച് വണ്ടിയോടിക്കാന്‍ അനുവദിക്കാനാവില്ലല്ളോ?

ഈ പ്രശ്നം പരിഹരിക്കപ്പെടണം. ഇന്നത്തെ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുപോവാനാകുമോ എന്ന പ്രശ്നമുണ്ട്. ലക്ഷക്കണക്കിനു വീടുകള്‍ കേരളത്തില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പലരും കൊട്ടാര സദൃശമായ വീടുകള്‍ വെക്കുന്നു. ഇതൊക്കെ നിയന്ത്രിക്കപ്പെടണം. (ചെന്നെ ദുരന്തം മറന്നിട്ടില്ലല്ളോ). കേരളത്തിനായൊരു സമഗ്ര ഖനന നിയമം കൊണ്ടു വരണം. ലോബികളോ പണച്ചാക്കുകളോ നിയന്ത്രിക്കുന്ന ഒരുകൂട്ടം ആളുകള്‍ അല്ല നിയമം ഉണ്ടാക്കേണ്ടത്. സമഗ്ര സമീപനം അനിവാര്യമാണ്. അധികം വൈകാതെ അതുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.