നിർദയമായ ഭരണസംവിധാനങ്ങളോട് കലഹിച്ച് മുഹമ്മദ് ബുഅസീസി എന്ന തുനീഷ്യക്കാരൻ തെൻറ ശരീരത്തിൽ കൊളുത്തിയ തീയിൽനിന്ന് പടർന്ന അറബ് വസന്തത്തിന് പതിറ്റാണ്ട് തികയുകയാണ്. ഏറെ ചർച്ചചെയ്യപ്പെട്ട അറബ് വസന്തത്തിെൻറ ആത്യന്തിക ഫലം എന്തായിരുന്നു? വിശകലനം.
അറബ് ലോകത്തെ മർദക ഭരണകൂടങ്ങളുടെ കാൽക്കീഴിൽ തലമുറകൾ ഹോമിച്ച ജനതയുടെ പ്രതിനിധിയായിരുന്നു ബുഅസീസി. ആശുപത്രി കിടക്കയിൽ ജീവനുവേണ്ടി ബുഅസീസി മല്ലിടുേമ്പാൾ തുനീഷ്യയുടെ നിരത്തുകളിൽ വിപ്ലവം പൂത്തു. വിപ്ലവത്തിെൻറ അഗ്നി പിന്നീട് തുനീഷ്യയും കടന്ന് അറബ്ലോകത്തെങ്ങും കാട്ടുതീ പോലെ പടർന്നു. ഭരണകൂടങ്ങൾ കൊഴിഞ്ഞുവീണു. പതിറ്റാണ്ടുകളോളം ജനജീവിതത്തെ അമ്മാനമാടിയവർ ജീവനുംകൊണ്ട് രക്ഷെപ്പട്ടു. മണിമാളികളിൽനിന്ന് ഒളിച്ചോടിയവരെ ജനം റോഡിലിട്ട് അടിച്ചുകൊന്നു. ചിലർ രാഷ്ട്രീയ എതിരാളികളുടെ തോക്കിനിരയായി. ചിലർ ജീവൻ രക്ഷപ്പെടുത്തി, വിചാരണ നേരിട്ടു. ചിലർ ചോരപ്പുഴകൾ നീന്തിക്കയറി. കബന്ധങ്ങൾക്ക് മുകളിൽ ആണിയിളകിയ സിംഹാസനങ്ങളിൽ അവരിപ്പോഴുമുണ്ട്.
ഏറെ ചർച്ചചെയ്യപ്പെട്ട അറബ്വസന്തത്തിെൻറ ആത്യന്തിക ഫലം എന്തായിരുന്നു? അറബ്ലോകത്ത് ജനാധിപത്യം പുലർന്നോ? അതോ ഉണ്ടായിരുന്ന ശാന്തത കൂടി നഷ്ടമായോ? അഭയാർഥി പ്രവാഹം, പുതിയ പുതിയ ഭീകരസംഘങ്ങളുടെ ഉദയം, വിപ്ലവങ്ങളിലെ ഇരട്ടത്താപ്പ്, കാലുമാറിയ മന്ത് പോലെ അവതരിച്ച പുത്തൻ സ്വേച്ഛാധിപതികൾ, ഇനിയൊരിക്കലും സ്വപ്നം കാണുകപോലും അസാധ്യമാക്കുമാറ് അകന്നുപോയ സമാധാനം, തകർന്നടിഞ്ഞ നഗരങ്ങൾ, നിലം പൊത്തിയ സാംസ്കാരിക ചിഹ്നങ്ങൾ... യഥാർഥത്തിൽ അറബ് വസന്തത്തിെൻറ ബാലൻസ് ഷീറ്റിൽ എന്തുണ്ട് ബാക്കി?
എത്രയൊക്കെ കച്ചവടം നടന്നാലും പരമാവധി അഞ്ചു ഡോളറിനപ്പുറമുള്ള വരുമാനം കിട്ടാത്ത സാധാരണ പഴക്കച്ചവടക്കാരനായിരുന്നു ബുഅസീസി. കടവും കടത്തിൻമേൽ കടവുമായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുന്ന 26കാരൻ. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിെൻറ സ്ഥിരം ഇരയായിരുന്നു അയാൾ. ഉത്തരാഫ്രിക്കയിലെ സാമൂഹിക, ഭരണസംവിധാനങ്ങളിൽ ബുഅസീസിയെ പോലെയുള്ളവർക്ക് ശബ്ദമുയർത്താൻ അവസരമില്ല. ഒടുവിൽ 2010 ഡിസംബർ 17ന് അയാളുടെ ക്ഷമ നെല്ലിപ്പലകയും ഭേദിച്ചു.
തലേന്ന് രാത്രി 500 തുനീഷ്യൻ ദിനാർ (ഏതാണ്ട് 15,000 രൂപ) കടംവാങ്ങിയാണ് അടുത്തദിവസം വിൽക്കാനുള്ള പഴങ്ങൾ ബുഅസീസി സമാഹരിച്ചത്. രാത്രി പത്തുമണിയോടെ അടുത്തുള്ള ചന്തയിൽ പോയി മൊത്തവിൽപനക്കാരിൽനിന്ന് പഴങ്ങൾ വാങ്ങി വീട്ടിലെത്തി. ജോലിഭാരം കാരണം വളരെ കുറച്ചേ ബുഅസീസി ഉറങ്ങാറുള്ളൂ. അടുത്ത ദിവസം (ഡിസം. 17) രാവിലെ മാതാവ് നൽകിയ പ്രഭാതഭക്ഷണവും കഴിച്ച് രാവിലെ എട്ടുമണിയോടെ ഉന്തുവണ്ടിയും തള്ളി ബുഅസീസി വീടുവിട്ടു.
ഉന്തുവണ്ടിയിൽ ഭംഗിയായി അടുക്കിയ പഴങ്ങളുമായി അയാൾ തെൻറ നഗരമായ സിദി ബൂസിദിെൻറ പ്രധാനകവലയിൽ എത്തി. കച്ചവടം നല്ലനിലയിൽ നടന്നുകൊണ്ടിരിക്കെ 10.30ഒാടെ പതിവുപോലെ പൊലീസെത്തി. ബുഅസീസിയെ വിരട്ടാൻ തുടങ്ങി. കൈക്കൂലി കൊടുത്ത് അവരെ ഒഴിവാക്കാനുള്ള പണം അയാളുടെ കൈയിലുണ്ടായിരുന്നില്ല. വിരട്ടൽ വഴക്കായി. ബഹളമായി. പിന്നാലെ ഫൈദ ഹംദിയെന്ന വനിതയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി സംഘമെത്തി. ഉദ്യോഗസ്ഥ സംഘം ബുഅസീസിയുടെ ഉന്തുവണ്ടി മറിച്ചിട്ടു. പഴങ്ങൾ നിലത്ത് ചിതറി. അതിനിടെ, ഫൈദ ഹംദി ബുഅസീസിയുടെ കരണത്തടിച്ചുവെന്നും മുഖത്തുതുപ്പിയെന്നും മരിച്ചുപോയ പിതാവിനെ അസഭ്യം പറഞ്ഞുവെന്നും പിന്നീട് ആരോപണമുയർന്നു. പൊലീസുകാർ ബു അസീസിയെ മാരകമായി മർദിച്ചു. ഒടുവിൽ അയാളുടെ ത്രാസുമെടുത്ത് അവർ മടങ്ങി. ചുറ്റും കൂടിയ ആരും പ്രതികരിച്ചില്ല.
അപമാന ഭാരത്താൽ ബുഅസീസി തളർന്നു. അടുത്ത നിമിഷം അയാളിലെ അഭിമാനി ഉണർന്നു. പരാതി പറയാനായി ഗവർണറുടെ ഒാഫിസിലേക്ക് അയാൾ പാഞ്ഞു. തെൻറ ത്രാസ് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഗവർണർ കാണാനോ പരാതി കേൾക്കാനോ കൂട്ടാക്കിയില്ല. അപമാനത്തിനൊപ്പം അവഗണനയും കൂടിയായതോടെ ആ ചെറുപ്പക്കാരെൻറ നിലതെറ്റി. അടുത്തുള്ള പെട്രോൾ പമ്പിൽ ചെന്ന് ഒരു കാൻ പെട്രോൾവാങ്ങി െകാണ്ടുവന്നു. ഗവർണറുടെ ഒാഫിസിന് മുന്നിലെ നടുറോഡിൽനിന്ന് അയാൾ ശരീരത്തിലേക്ക് ആ പെട്രോൾ കാൻ കമഴ്ത്തി. സ്വയം തീകൊളുത്തി.
90 ശതമാനവും പൊള്ളലേറ്റ ബുഅസീസി തൂനിസിലെ ആശുപത്രിയിൽ മരണവുമായി മല്ലിടുേമ്പാൾ തുനീഷ്യൻ നിരത്തുകൾ വിപ്ലവത്തിലേക്ക് വലിച്ചെറിയപ്പെട്ടു. സൈനുൽ ആബിദീൻ ബിൻ അലിയുടെ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിൽ പൊറുതിമുട്ടിയിരുന്ന ജനത്തിെൻറ അടക്കിപ്പിടിച്ച പ്രതിഷേധം രാജ്യത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചു. ജനാധിപത്യം വാഗ്ദാനം ചെയ്ത് '87 ൽ അധികാരത്തിലേറിയ സൈനുൽ ആബിദീെൻറ ഭരണം ക്രമേണ ഏകാധിപത്യത്തിന് വഴിമാറുകയായിരുന്നു.
2011 ജനുവരി നാലിന് ബുഅസീസിയുടെ മരണവാർത്ത പുറത്തുവന്നതോടെ പ്രസിഡൻറിനെതിരായ രോഷം സകല പ്രതിരോധങ്ങളും ഭേദിച്ചു. ഒടുവിൽ ബുഅസീസിയുടെ മരണത്തിന് കൃത്യം 10 ദിവസത്തിന് ശേഷം സൈനുൽ ആബിദീനും കുടുംബവും സ്വകാര്യവിമാനത്തിൽ രാഷ്ട്രം വിട്ടു. സൗദി അറേബ്യയിലെ അബ്ദുല്ല രാജാവ് അദ്ദേഹത്തിന് രാഷ്ട്രീയ അഭയംനൽകി. സ്ഥാനഭ്രഷ്ടനായശേഷം യുഗാണ്ടൻ ഏകാധിപതി ഇൗദി അമീൻ വസിച്ച അതേ ജിദ്ദ പട്ടണത്തിലായിരുന്നു പിന്നീട് ബിൻ അലിയുടെയും വാസം. ഒരുമാസത്തിനുള്ളിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചു. 2019 സെപ്റ്റംബർ 19ന് പ്രോസ്റ്റേറ്റ് കാൻസറിനുള്ള ചികിത്സയിലിരിക്കെ, ജിദ്ദയിൽവെച്ച് അദ്ദേഹം മരിച്ചു.
സൈനുൽ ആബിദീൻ ഒഴിഞ്ഞ തുനീഷ്യ പിന്നീട് അറബ് വിപ്ലവത്തിലെ ഏക വിജയമാതൃകയായി ഉയർത്തിക്കാട്ടപ്പെട്ടു. തുനീഷ്യക്കൊപ്പം വിപ്ലവം പടർന്ന രാജ്യങ്ങളൊക്കെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയേപ്പാൾ തുനീഷ്യ മാത്രം പിടിച്ചുനിന്നു. പക്ഷേ, വിപ്ലവത്തിന് വിത്തുപാകിയ കാരണങ്ങെളാക്കെ മാറ്റമില്ലാതെ തുടർന്നു. സൈനുൽ ആബിദീൻ സ്ഥലംവിട്ടതിന് പിന്നാലെ മുഹമ്മദ് ഗനൂശിയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ നിലവിൽ വന്നു. 2011 ഒക്ടോബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇസ്ലാമിക പ്രസ്ഥാനമായ അന്നഹ്ദ പാർലമെൻറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
സൈനുൽ ആബിദിന് കീഴിൽ ദീർഘകാലം നിരോധിക്കപ്പെട്ട സംഘടനയായിരുന്നു അന്നഹ്ദ. ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിെൻറ തുറസ്സിലേക്ക് അങ്ങനെ വാതിൽ തുറന്നു. ജനാധിപത്യത്തിലേക്ക് മാറിയെങ്കിലും രാഷ്ട്രീയ സ്ഥിരത തുനീഷ്യയിൽ അന്യമായി തുടരുകയാണ്. പ്രത്യേക രാഷ്ട്രീയാഭിമുഖ്യമില്ലാത്ത സ്വതന്ത്രനായ ഖയിസ് സഇൗദ് ആണ് ഇപ്പോൾ പ്രസിഡൻറ്. ഏകാധിപത്യം പോയെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കും ചുവപ്പുനാടക്കും മാറ്റമൊന്നുമില്ല. തൊഴിലില്ലായ്മയും അവസരസമത്വമില്ലായ്മയും നഗരങ്ങളിൽ പോലും പ്രകടമാണ്. വിപ്ലവാനന്തരം അഭിപ്രായസ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജീവിതനിലവാരം പ്രതീക്ഷിച്ചപോലെ മെച്ചപ്പെട്ടില്ല. തൊഴിലും നിക്ഷേപങ്ങളും മികച്ച തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ടും തകരുന്ന പൊതുസേവന മേഖലയിൽ പ്രതിഷേധിച്ചും കഴിഞ്ഞയാഴ്ചകളിലും തുനീഷ്യയിൽ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്.
തുനീഷ്യൻ പ്രസിഡൻറ് സൈനുൽ ആബിദീൻ സൗദി അറേബ്യയിലേക്ക് പലായനം ചെയ്ത് കൃത്യം ഒരുമാസം തികഞ്ഞ 2011 ഫെബ്രുവരി 15ന് അയൽ രാഷ്ട്രമായ ലിബിയയിൽ വിപ്ലവത്തിന് കൊടിയേറി. അതിനും മുേമ്പ, വിവിധ വിഷയങ്ങളിൽ ലിബിയൻ ജനത മുെമ്പങ്ങുമില്ലാത്തവണ്ണം പ്രതിഷേധിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും മുഅമ്മർ ഖദ്ദാഫിയുടെ പതനത്തിലേക്ക് നയിച്ച വിശാലമായ വിപ്ലവത്തിെൻറ തുടക്കം അന്ന് ൈവകീട്ട് രണ്ടാമത്തെ വലിയ പട്ടണമായ ബെൻഗാസിയിൽ നടന്ന 500 പേരുടെ പ്രകടനമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഫാത്തിഹ് തിർബിലിെൻറ അറസ്റ്റിനെ തുടർന്ന് ബെൻഗാസിയിലെ പൊലീസ് ആസ്ഥാനം ജനം ഉപരോധിച്ചു. തലസ്ഥാനമായ ട്രിപളിയിലെ കുപ്രസിദ്ധമായ അബുസലീം ജയിലിൽ ക്രൂരപീഡനങ്ങൾക്കിരയായി കൊല്ലപ്പെട്ട ആയിരത്തിലേറെ രാഷ്ട്രീയ തടവുകാരുടെ ബന്ധുക്കളുടെ നിയമപ്രതിനിധിയായിരുന്നു തിർബിൽ.
അദ്ദേഹത്തെയാണ് പെെട്ടന്നൊരു ദിവസം ഖദ്ദാഫിയുടെ പൊലീസ് പിടികൂടിയത്. പെട്രോൾ ബോംബും കല്ലുകളുമായി തടിച്ചുകൂടിയ ജനക്കൂട്ടം ബെൻഗാസിയുടെ ഡൗൺടൗൺ മേഖലയിൽ വൻ അക്രമം അഴിച്ചുവിട്ടു. പൊലീസും സായുധസേനയും ഇറങ്ങി. റബർ ബുള്ളറ്റും കണ്ണീർവാതകവും യഥേഷ്ടം ഉപയോഗിച്ച സുരക്ഷസേനയുമായി ജനക്കൂട്ടം ഏറ്റുമുട്ടി. 10 പൊലീസുകാർ ഉൾപ്പെടെ 38 പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ രാജ്യത്ത് നിശാനിയമവും നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ഇദ്രിസ് രാജാവിനെ അട്ടിമറിച്ച് 1969ൽ അധികാരം പിടിച്ച കേണൽ ഖദ്ദാഫിയുടെ കീഴിൽ രാജ്യം ക്രമേണ ഏകാധിപത്യത്തിലേക്ക് നീങ്ങുകയായിരുന്നു. പടിഞ്ഞാറൻ രാഷ്ട്രങ്ങളുമായി ഇണങ്ങിയും പിണങ്ങിയും മുന്നേറിയ ഖദ്ദാഫി ലോക്കർബി ബോംബിങ്ങിലൂെട ലോകവേദിയിൽ പൂർണമായും ഒറ്റപ്പെട്ടു. ഭീകരസംഘങ്ങൾക്ക് പിന്തുണ നൽകുന്നുവെന്ന് ആരോപിച്ച് ഖദ്ദാഫിയെ ലോകരാഷ്ട്രങ്ങൾ അകറ്റിനിർത്തി. പാൻ അറേബ്യൻ, പാൻ ആഫ്രിക്കൻ ആശയങ്ങൾ മുന്നോട്ടുവെച്ച ഖദ്ദാഫിയെ അറബ് നേതാക്കളും സംശയത്തോടെയാണ് കണ്ടത്.
ഇൗ കാലങ്ങളിലെല്ലാം തെൻറ ജനതയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കഴുത്തിന് പിടിച്ച് നിർത്തിയിരിക്കുകയായിരുന്നു ഖദ്ദാഫി. മാധ്യമ, പൗര സ്വാതന്ത്ര്യം ലിബിയയിൽ വെറും തമാശ മാത്രമായിരുന്നു. രാഷ്ട്രീയ എതിരാളികളെ രഹസ്യപ്പൊലീസ് പിടിച്ചുകൊണ്ടുപോകും. അവരൊന്നും പിന്നെ പുറംലോകം കാണില്ല. ഖദ്ദാഫിക്കെതിരെ ചിന്തിക്കുന്നതുപോലും രഹസ്യപ്പൊലീസ് അറിയുമെന്ന് ജനത ഭയന്നു. കുപ്രസിദ്ധമായ അബുസലിം ജയിലിൽ പീഡനമുറകളുടെ നവീന മാതൃകകൾ പരീക്ഷിക്കപ്പെട്ടു. പിൽക്കാലത്ത് അബുസലിം കൂട്ടക്കൊലയെന്ന് പേരുകേട്ട '96ലെ അക്രമത്തിൽ രാഷ്ട്രീയ തടവുകാരായ 1200ലേറെ പേരാണ് ഒറ്റയടിക്ക് കൊല്ലപ്പെട്ടത്. അവിടെ പലകാലങ്ങളിൽ കൊല്ലപ്പെടുകയോ തടവുകാരാക്കപ്പെട്ട് പുറത്തുവരാതിരിക്കുകയോ ചെയ്തവരുടെ കേസുകൾ കൈകാര്യം ചെയ്തിരുന്ന ഫാതിഹ് തർബിലിനെയാണ് 2011 ഫെബ്രുവരിയിൽ ബെൻഗാസിയിൽവെച്ച് അറസ്റ്റ് ചെയ്തത്.
പ്രക്ഷോഭം തുടങ്ങി അധികം കഴിയുംമുമ്പ് തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബെൻഗാസി സമരക്കാർ പിടിച്ചു. പ്രേക്ഷാഭം തലസ്ഥാനമായ ട്രിപളിയിലേക്ക് നീങ്ങി. ഖദ്ദാഫി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം കനപ്പിച്ച സമരക്കാരെ പട്ടാളം നിർദയം നേരിട്ടു. ശത്രുരാജ്യത്തെ നേരിടുന്നതുപോലെ ടാങ്കുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സ്വന്തം ജനതക്ക് നേരെ പ്രയോഗിക്കപ്പെട്ടു. ഇൻറർനെറ്റും ടെലിഫോൺ ലൈനും വിച്ഛേദിച്ചു. സമരം ചെയ്യുന്ന ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് വിവിധ രാഷ്ട്രനേതാക്കൾ ലിബിയൻ സർക്കാറിനെ അപലപിച്ചു. ക്രമേണ സർക്കാർ സംവിധാനങ്ങൾ സമരക്കാരുടെ ഭാഗം ചേരാൻ തുടങ്ങി. സൈനിക യൂനിറ്റുകൾ ഒന്നടങ്കം കൂറുമാറി. ബാരക്കുകളിൽനിന്നുള്ള ആയുധങ്ങൾ പ്രക്ഷോഭകരുടെ കൈകളിലെത്തി. സമരം അങ്ങനെ സായുധ ആഭ്യന്തര യുദ്ധത്തിന് വഴിമാറി.
വിവിധ നഗരങ്ങൾ പ്രേക്ഷാഭകരുടെ നിയന്ത്രണത്തിലെത്തുേമ്പാഴും തലസ്ഥാനം ഖദ്ദാഫി അനുകൂലികളായ പട്ടാളയൂനിറ്റുകളുടെ നിയന്ത്രണത്തിൽ തുടർന്നു. വിവിധ രാഷ്ട്ര നേതാക്കളും സംഘടനകളും സ്ഥാനമൊഴിയാൻ ഖദ്ദാഫിയോട് ആവശ്യെപ്പട്ടു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. യു.എൻ സെക്യൂരിറ്റി കൗൺസിൽ ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. മാർച്ച് 19 മുതൽ യു.എസും നാറ്റോയും ഖദ്ദാഫിയുടെ മേഖലകളിൽ വ്യോമാക്രമണം തുടങ്ങി. രൂക്ഷമായി യുദ്ധം തുടർന്ന മാസങ്ങൾക്കൊടുവിൽ ആഗസ്റ്റിൽ പ്രക്ഷോഭകർ ട്രിപളിയിലേക്ക് പ്രവേശിച്ചു. ഖദ്ദാഫി അതിനുമുേമ്പ തലസ്ഥാനം വിട്ടിരുന്നു.
ഒക്ടോബർ 20ന് തെൻറ ജന്മനഗരമായ സിർതിന് സമീപം വെച്ച് ഖദ്ദാഫിയെ നാട്ടുകാർ പിടികൂടി. ആൾക്കൂട്ടം അദ്ദേഹത്തെ റോഡിലിട്ട് അടിച്ചുകൊന്നു. അതിെൻറ ദൃശ്യങ്ങൾ േലാകം നടുക്കത്തോടെ കണ്ടു. ഒക്ടോബർ 31ന് അബ്ദുൽ റഹീം അൽ കെയ്ബ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. പക്ഷേ, രാഷ്ട്രം തുനീഷ്യയിലെപോലെ ജനാധിപത്യത്തിലേക്ക് നീങ്ങിയില്ല. പകരം സായുധസംഘങ്ങൾ കളം നിറഞ്ഞു. വിവിധ ലോകരാഷ്ട്രങ്ങളുടെ പിന്തുണയുള്ള സായുധസംഘങ്ങളുടെ നിതാന്ത പോർനിലമായി ലിബിയ മാറി. വ്യത്യസ്തമായ ഭരണകൂടങ്ങൾ പല നഗരങ്ങൾ കേന്ദ്രീകരിച്ച് നിലവിൽ വന്നു. അവർ പരസ്പരം പോരടിച്ചുകൊണ്ടേയിരിക്കുന്നു.
2014 മുതൽ കിഴക്ക്, പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള രണ്ടു വിഭാഗങ്ങളാണ് രാജ്യത്തിെൻറ നിയന്ത്രണത്തിന് വേണ്ടി യുദ്ധം ചെയ്യുന്നത്. ഗവൺമെൻറ് ഒാഫ് നാഷനൽ അക്കോഡ് (ജി.എൻ.എ) തലസ്ഥാനമായ ട്രിപളി ഭരിക്കുന്നു. ഫാഇസ് അൽ സർറാജ് ആണ് ജി.എൻ.എയെ നയിക്കുന്നത്. കിഴക്കൻ നഗരമായ തബ്റൂഖ് കേന്ദ്രീകരിച്ചുള്ള ലിബിയൻ നാഷനൽ ആർമിയെ (എൽ.എൻ.എ) നയിക്കുന്നത് മുൻ സൈനിക മേധാവി ഖലീഫ ഹഫ്താർ. ജി.എൻ.എയെയാണ് െഎക്യരാഷ്ട്ര സഭ ഒൗദ്യോഗിക സർക്കാറായി അംഗീകരിച്ചിരിക്കുന്നത്. വിവിധ പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമെ തുർക്കി, ഖത്തർ, ഇറ്റലി എന്നീ രാഷ്ട്രങ്ങളും പിന്തുണക്കുന്നത് ജി.എൻ.എയെ ആണ്. ജി.എൻ.എയെ അട്ടിമറിച്ച് ഭരണം പിടിക്കാൻ ശ്രമിക്കുന്ന ഖലീഫ ഹഫ്താറിന് ഇൗജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുടെ പിന്തുണയുണ്ട്. ഇരുപക്ഷത്തേക്കും പുറത്തുനിന്ന് ആയുധങ്ങളും ആളും പ്രവഹിക്കുകയാണ്. ഇന്ന് ആഫ്രിക്കയിലെ ഏറ്റവും അരക്ഷിത രാഷ്ട്രങ്ങളിലൊന്നാണ് ലിബിയ. യൂറോപ്പിലേക്കുള്ള അഭയാർഥിപ്രവാഹത്തിെൻറ പ്രധാന ഇടത്താവളവുമാണ് ഇന്ന് ലിബിയ. ഒാരോ മാസവും ആയിരക്കണക്കിന് പേരാണ് മെഡിറ്ററേനിയൻ കടൽ കടന്ന് ബോട്ടുകളിൽ യൂറോപ്പിലേക്കുള്ള ദുർഘടയാത്ര ചെയ്യുന്നത്. ഇതിൽ നല്ലൊരു ശതമാനവും കടലിൽ തന്നെ മരിച്ചുവീഴുന്നു.
ഹുസ്നി മുബാറക്കിെൻറ 30 വർഷത്തെ ഭരണം ഇൗജിപ്തിനെ മറ്റൊരു പൊലീസ് സ്റ്റേറ്റാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ഇസ്രായേലുമായുള്ള സൗഹൃദവും അറബ് നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയും ഹുസ്നി മുബാറക്കിനെ അപരാജിതനാക്കി. ഇസ്രായേലുമായി നയതന്ത്രബന്ധവും അതിർത്തിയുമുള്ള ഇൗജിപ്തിൽ കരുത്തനായ ഒരു കാലാൾ എന്ന നിലയിലാണ് അമേരിക്ക മുബാറക്കിനെ പിന്തുണച്ചിരുന്നത്. സമ്പന്ന ഗൾഫ് രാഷ്ട്രങ്ങളുമായും അടുത്ത ബന്ധമായിരുന്നു മുബാറക്കിന്.
പ്രഹസന തെരഞ്ഞെടുപ്പുകൾ നടത്തി ഒാരോ തവണയും ഭൂരിപക്ഷം വർധിപ്പിച്ച് ഭരണത്തിൽ തുടർന്ന മുബാറക്ക് എതിർ സ്വരങ്ങളെ മറ്റേതൊരു സ്വേച്ഛാധിപതിയെയുംപോലെ നിർദയമാണ് നേരിട്ടിരുന്നത്. അഴിമതിയും അസമത്വവും അസ്വാതന്ത്ര്യവും പൊലീസ് ഭീകരതയും നടമാടി. അറബ് മേഖലയിൽ ഏറ്റവുമുയർന്ന തൊഴിൽരാഹിത്യവും ഇൗജിപ്തിലായിരുന്നു. അതിനാൽതന്നെ ഏഷ്യൻ വംശജർ കഴിഞ്ഞാൽ ഗൾഫ് രാഷ്ട്രങ്ങളിലെ വലിയ തൊഴിൽ സമൂഹം ഇൗജിപ്തുകാരാണ്. ഇൗജിപ്തിെൻറ ഇൗ അവസ്ഥയെ അമേരിക്കയുടെ മുൻ പ്രസിഡൻറ് ബറാക് ഒബാമ 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു: ''അമേരിക്കയിൽനിന്നു മാത്രമല്ല, സൗദിയിൽനിന്നും എണ്ണ സമ്പന്നമായ മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും സാമ്പത്തികസഹായം പ്രവഹിച്ചിരുന്നുവെങ്കിലും നിശ്ചലമായിപ്പോയ തെൻറ രാഷ്ട്രത്തിെൻറ സമ്പദ്ഘടനയെ പരിഷ്കരിക്കാൻ മുബാറക് ശ്രമിച്ചില്ല. തൊഴിൽ കണ്ടെത്താനാകാതെ അസന്തുഷ്ടരായ ഒരു തലമുറ സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ്.''
2009ൽ തെൻറ ആദ്യ ഇൗജിപ്ത് സന്ദർശനത്തിൽ തന്നെ മനുഷ്യാവകാശ പ്രശ്നങ്ങൾ മുബാറകിനോട് ഒബാമ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് നിർദേശിച്ചു. വിനയപൂർവം വിയോജിച്ച മുബാറക് ഇസ്ലാമിക ഭീകരരെ മാത്രമാണ് സുരക്ഷാവിഭാഗം ലക്ഷ്യം വെക്കുന്നതെന്ന് വിശദീകരിച്ചു. തെൻറ ഉറച്ച നടപടികളെ ഇൗജിപ്ഷ്യൻ സമൂഹം സർവാത്മനാ പിന്തുണക്കുന്നതായും മുബാറക് പറഞ്ഞു. ജനങ്ങളിൽ നിന്നകന്ന് െകാട്ടാരങ്ങളിൽ കഴിയുന്ന, തങ്ങളുടെ താൽപര്യവും രാഷ്ട്ര താൽപര്യവും വേർതിരിക്കാൻ കഴിവില്ലാത്ത അനുയായികളാൽ ചുറ്റപ്പെട്ട വൃദ്ധരായ ഏകാധിപതികളുടെ അവസ്ഥ തനിക്കവിടെ ബോധ്യപ്പെട്ടുവെന്ന് ഒബാമ എഴുതുന്നു.
ഒബാമയുടെ ആശങ്കകൾ യാഥാർഥ്യമായി പുലരാൻ വെറും ഒന്നരവർഷം മാത്രമേ വേണ്ടിവന്നുള്ളൂ. സമാധാനപരമായാണ് 2011 ജനുവരി 25ന് കൈറോയിൽ പ്രക്ഷോഭം തുടങ്ങിയത്. കൈറോയിലെ തഹ്രീർ ചത്വരമായിരുന്നു പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രം. വിവിധ നഗരങ്ങളിൽ അന്നും അടുത്തദിവസവുമായി ജനം നിരത്തിലിറങ്ങി. പലയിടത്തും പൊലീസ് പ്രക്ഷോഭകർക്ക് നേരെ ബലം പ്രയോഗിച്ചു. അക്രമം രാജ്യമെങ്ങും വ്യാപിച്ചു. മുബാറക് പട്ടാളത്തെ വിളിച്ചു. ഇൻറർനെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരാഴ്ച മുമ്പ് മുബാറക്കുമായി ഫോണിൽ സംസാരിച്ചപ്പോൾ തുനീഷ്യയല്ല ഇൗജിപ്തെന്നും പ്രക്ഷോഭങ്ങളൊക്കെ ഉടൻ അവസാനിക്കുമെന്നും മുബാറക് പറഞ്ഞതായി ഒബാമ എഴുതുന്നു. തഹ്രീറിലെ സമരക്കാരെ ടി.വിയിൽ കാണുേമ്പാൾ '20കളിലുള്ള ഒരു ഇൗജിപ്തുകാരനായിരുന്നു താനെങ്കിൽ നിശ്ചയമായും പ്രക്ഷോഭകർക്കൊപ്പം താനുമുണ്ടാകുമായിരുന്നു''വെന്ന് ഒബാമ വൈറ്റ്ഹൗസ് സെക്രട്ടറിയോട് പറഞ്ഞു. മുബാറക്കിെൻറ വിധി കുറിക്കപ്പെടുകയായിരുന്നു അവിടെ.
അധികം കഴിയാതെ ഒബാമ മുബാറക്കിനെ വിളിച്ചു. വ്യക്തമായ പരിഷ്കരണനടപടികൾക്ക് ആവശ്യപ്പെട്ടു. രൂക്ഷമായി പ്രതികരിച്ച മുബാറക് മുസ്ലിം ബ്രദർഹുഡ് ആണ് പ്രശ്നമുണ്ടാക്കുന്നതെന്നും ഉടൻ തന്നെ എല്ലാം അവസാനിക്കുമെന്നും ആവർത്തിച്ചു. പക്ഷേ, ഒന്നും ഉടൻ അവസാനിക്കാൻ പോകുന്നില്ലെന്ന് മുബാറക് ഒഴികെ എല്ലാവർക്കും അറിയാമായിരുന്നു. പിന്നാലെ മുബാറക് സ്ഥാനമൊഴിയണമെന്ന അമേരിക്കൻ പ്രസിഡൻറിെൻറ സന്ദേശവുമായി '80കളിൽ ഇൗജിപ്തിലെ അംബാസഡറായിരുന്ന ഫ്രാങ്ക് വിസ്നർ കൈറോയിലേക്ക് പറന്നു. പക്ഷേ, പ്രക്ഷോഭകരുടെ വിജയം തങ്ങളുടെ നിലനിൽപിനെയും ബാധിക്കുമോയെന്ന് അറബ് ഭരണകൂടങ്ങൾ ഭയന്നു.
വിസ്നറുടെ സന്ദർശനത്തിന് പിന്നാലെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട മുബാറക് ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുവരെയെങ്കിലും താൻ തുടരുമെന്ന സൂചനയാണ് നൽകിയത്. മുബാറക്കിെൻറ പ്രസംഗം വൈറ്റ്ഹൗസ് സിറ്റുവേഷൻ റൂമിലെ ടി.വിയിൽ തത്സമയം കണ്ട ഒബാമ നിരാശനായി. മുബാറക്കിെൻറ പ്രസംഗം അവസാനിച്ചതിന് പിന്നാലെ ഒാവൽ ഒാഫിസിലെത്തിയ ഒബാമ കൈറോയിലേക്ക് വിളിച്ചു. ഫോൺ സ്പീക്കറിലിട്ടു. ഫോണിന് ചുറ്റും വൈറ്റ്ഹൗസ് ഉപദേഷ്ടാക്കൾ കൂടി. ''അധികാര കൈമാറ്റത്തിന് തയാറായ താങ്കളെ അഭിനന്ദിക്കുന്നു''വെന്ന് തുടങ്ങിയ ഒബാമ അതെങ്ങനെ സുഗമമായി സാധ്യമാകുമെന്ന തെൻറ അഭിപ്രായം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതായി സൂചിപ്പിച്ചു. സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന മട്ടിലുള്ള ഒബാമയുടെ തുടർസംസാരം കേട്ട മുബാറക് പ്രതികരണം മുറി ഇംഗ്ലീഷിൽനിന്ന് അറബിയിലേക്ക് മാറ്റി. ശബ്ദത്തിലെ പ്രതിഷേധം തിരിച്ചറിയാൻ ഒബാമക്ക് വിവർത്തകെൻറ ആവശ്യം വന്നില്ല. ''ഇൗജിപ്തുകാരെൻറ സംസ്കാരം എന്തെന്ന് താങ്കൾക്കറിയില്ല. പ്രസിഡൻറ് ഒബാമ, ഇൗ രീതിയിൽ ഞാൻ പുറത്തുപോകുകയാണെങ്കിൽ ഇൗജിപ്തിന് സംഭവിക്കാവുന്ന ഏറ്റവും അപകടകരമായ കാര്യമായിരിക്കും അത്'' -മുബാറക്കിെൻറ ശബ്ദം ഉയർന്നു.
''താങ്കൾക്കറിയാവുന്നതുപോലെ ഇൗജിപ്ഷ്യൻ സംസ്കാരം എനിക്കറിയില്ലെന്ന് സമ്മതിക്കുന്നു. എന്നെക്കാൾ എത്രയോ വർഷങ്ങളധികമായി താങ്കൾ രാഷ്ട്രീയത്തിലുമുണ്ട്. പക്ഷേ, മുമ്പ് സംഭവിച്ചത് അതുപോലെ ആവർത്തിക്കില്ലെന്ന് ഉറപ്പുള്ള ഘട്ടങ്ങൾ ചരിത്രത്തിലുണ്ട്. കഴിഞ്ഞ 30 വർഷമായി താങ്കളുടെ രാഷ്ട്രത്തെ താങ്കൾ സേവിക്കുന്നു. താങ്കളുടെ മഹത്തായ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെടുത്തുംവണ്ണം ഇൗ ചരിത്രസന്ധിയിലെ അവസരം താങ്കൾ ഉപയോഗിക്കണമെന്ന് ഞാൻ കരുതുന്നു'' -ഒബാമ തിരിച്ചടിച്ചു. വാഗ്വാദം മിനിറ്റുകളോളം നീണ്ടു.
പ്രശ്നങ്ങൾ ഉടൻ അവസാനിക്കുമെന്നും താൻ തന്നെ തുടരേണ്ടതുണ്ടെന്നും മുബാറക് ആവർത്തിച്ചുകൊണ്ടേയിരുന്നു. ''എനിക്കെെൻറ ജനതയെ നന്നായി അറിയാം. അവർ വികാരജീവികളാണ്. ഞാൻ താങ്കേളാട് പിന്നീട് സംസാരിക്കാം, മിസ്റ്റർ പ്രസിഡൻറ്. ഞാൻ ശരിയായിരുന്നുവെന്ന് അന്ന് താങ്കൾ പറയും'' -മുബാറക് ഫോൺ വെച്ചു. ഒാവൽ ഒാഫിസ് നിശ്ശബ്ദമായി. എല്ലാവരുടെയും കണ്ണുകൾ പ്രസിഡൻറിനുമേൽ. ഒരു പ്രസ്താവന ഉടനടി തയാറാക്കൂ -ഒബാമ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ''മുബാറക് സ്ഥാനമൊഴിയണമെന്ന് നമ്മൾ ആവശ്യപ്പെടുന്നു.'' തഹ്രീറിൽ പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയായിരുന്നു അപ്പോൾ. ഒരാഴ്ചകൂടി മുബാറക് പിടിച്ചുനിന്നു. ഫെബ്രുവരി 11ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഇൗജിപ്തിെൻറ ചരിത്രത്തിലാദ്യമായി ജനാധിപത്യത്തിലൂടെ ഒരു ഭരണകൂടം അധികാരത്തിലെത്തി. ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുള്ള ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ സാമൂഹിക സംഘടനയായ മുസ്ലിം ബ്രദർഹുഡിെൻറ നേതാവായ മുഹമ്മദ് മുർസിയായിരുന്നു അത്. ജമാൽ അബ്ദുന്നാസർ മുതലുള്ള പ്രസിഡൻറുമാരുടെ കണ്ണിലെ കരടായിരുന്നു ബ്രദർഹുഡ്. പലതവണ നിരോധിക്കപ്പെടുകയും അടിച്ചമർത്തലിന് വിധേയമാകുകയും ചെയ്ത, ദശകങ്ങൾ നീണ്ട പുറേമ്പാക്കു ജീവിതത്തിൽനിന്ന് മുഖ്യധാരയിലേക്കുള്ള ആഗമനത്തെ ആവേശത്തോടെയാണ് ബ്രദർഹുഡ് സ്വീകരിച്ചത്. ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റം സൃഷ്ടിച്ച രാഷ്ട്രീയ തുറസ്സും ബ്രദർഹുഡിന് ഗുണമായി.
പൊതു, സ്വകാര്യ ജീവിതത്തിെൻറ സകല തുറകളിലും മതാത്മക ദർശനം വിഭാവനം ചെയ്യുന്ന പ്രത്യേക തത്ത്വചിന്തയാണ് ബ്രദർഹുഡിെൻറ ജീവവായു. ഇൗജിപ്തിലെ ഭരണാധികാരികൾ മാത്രമല്ല, അറബ് ലോകത്തെ മറ്റ് ഏകാധിപത്യ ഭരണകൂടങ്ങളും അവരെ അപകടകാരികളായാണ് കണ്ടിരുന്നത്. ജനാധിപത്യം സാധ്യമാക്കിയ ഇൗ അട്ടിമറിയിൽ അറബ് ഭരണകൂടങ്ങൾ ഞെട്ടി. ചില രാജ്യങ്ങൾ പെെട്ടന്ന് ബ്രദർഹുഡിെൻറ വിജയം അംഗീകരിച്ചില്ല. നിസ്സംഗമായ പ്രതികരണമാണ് പല രാജ്യങ്ങളിൽനിന്നുമുണ്ടായത്. ഇസ്രായേലിനും ഇഷ്ടമായില്ല, ബ്രദർഹുഡിെൻറ മുന്നേറ്റം. പുറമെ ചിരിച്ചുകാട്ടിയെങ്കിലും മുർസിക്കെതിരായ കുരുക്കുകൾ അയലിടങ്ങളിൽ മുറുകുകയായിരുന്നു. ക്രമേണ മുർസിയുടെ ഭരണത്തിനെതിരായ ചരടുവലികൾ തുടങ്ങി.
മുർസിയുടെ അത്യാവേശ പ്രചോദിതമായ ചില നിലപാടുകളും നയങ്ങളും തക്കം പാർത്തിരുന്നവരുടെ കൈകളിലെ ആയുധമായി. വിവിധ സഹോദര രാഷ്ട്രങ്ങളും ഇസ്രായേലും ഗൂഢാലോചന നെയ്തു. ഒടുവിൽ ഇൗജിപ്ത് വീണ്ടും പ്രക്ഷോഭത്തിലേക്ക് എടുത്തെറിയപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമം പ്രതിരോധിക്കാൻ ജനങ്ങൾ തെരുവിലിറങ്ങി. സൈന്യം അവരെ ക്രൂരമായി നേരിട്ടു. ജനകീയ പ്രതിേരാധത്തെ ചോരയിൽ മുക്കി സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽസീസി, മുർസി സർക്കാറിനെ അട്ടിമറിച്ചു. ഇൗജിപ്ത് വീണ്ടും പട്ടാളഭരണത്തിലായി.
മുബാറക്കിനെക്കാൾ കടുപ്പത്തിലാണ് അൽസീസിയുടെ ഭരണം. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, സാമൂഹിക പ്രവർത്തകരെപോലും തടവിലാക്കി, അഭിപ്രായസ്വാതന്ത്ര്യം തടഞ്ഞു, മാധ്യമങ്ങൾക്ക് മൂക്കുകയറിട്ടു. അൽജസീറയുടെ ലേഖകൻ മഹ്മൂദ് ഹുസൈൻ നാലുവർഷത്തിലേറെയായി വിചാരണ കൂടാതെ ജയിലിൽ കിടക്കുകയാണ്. ബ്രദർഹുഡിനെ ഉന്മൂലനം ചെയ്യുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നു. നേതൃനിരയിലുള്ളവരെല്ലാം ജയിലിലാണ്. മിക്കവർക്കും വധശിക്ഷ വിധിച്ചിരിക്കുന്നു. മുൻ പ്രസിഡൻറ് മുർസി ജയിലിൽ ദുരൂഹസാഹചര്യത്തിലാണ് 2019ൽ മരിച്ചത്. മേഖലയിലെ ഏറ്റവും നിർദയനായ ഏകാധിപതി എന്ന നിലയിലേക്കാണ് അൽസീസിയുടെ വളർച്ച. അതിനുള്ള ഏറ്റവും വലിയ സാക്ഷ്യം സാക്ഷാൽ ഡോണൾഡ് ട്രംപിൽനിന്നാണ് ലഭിച്ചതും. 2017ൽ അറബ് ഉച്ചകോടിക്കായി റിയാദിലെത്തിയ ട്രംപ് ''എെൻറ പ്രിയങ്കരനായ ഏകാധിപതി'' എന്നാണ് സ്വകാര്യമായി അൽസീസിയെ വിശേഷിപ്പിച്ചത്.
ഉത്തര ആഫ്രിക്കയിലെ വരണ്ട മണൽപ്പരപ്പിൽനിന്ന് ചെങ്കടലും കടന്ന് വീശുന്ന ഖംസീൻ ചക്രവാതത്തിെൻറ ഗതിക്കനുസരിച്ച് അറബ് വസന്തത്തിെൻറ പൂെമ്പാടികൾ അറേബ്യയുടെ ഹൃദയഭൂമിയിലേക്കും പാറി വന്നു. ചെങ്കടലിെൻറ ഇടുങ്ങിയ ജലരാശിയും കടന്ന് അവ ആദ്യം വന്നുവീണത് യമനിൽ. പക്ഷേ, അറേബ്യയിലെത്തിയപ്പോൾ വിപ്ലവത്തിെൻറ സ്വഭാവത്തിനും രീതിക്കുമെല്ലാം പ്രകടമായ മാറ്റങ്ങൾ സംഭവിച്ചുവെന്ന് കാണാം. ഉത്തരാഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി സുന്നി-ശിയാ ഭിന്നതയും ആ ഭിന്നതയുടെ ആന്തരിക താൽപര്യങ്ങളുമെല്ലാം കൂടുതൽ പ്രകടമാകാൻ തുടങ്ങി. വിപ്ലവത്തോടുള്ള രാഷ്ട്രങ്ങളുടെയും സംഘങ്ങളുെടയും സമീപനത്തിലും അവിശ്വസനീയമായ വ്യതിയാനങ്ങൾ വന്നു. ആ നിലയിൽ അറബ് വിപ്ലവത്തിെൻറ രൂപ പരിണാമത്തിെൻറ പരീക്ഷണശാലയായിരുന്നു യമൻ. സിറിയയിലേക്ക് കടക്കുേമ്പാൾ അത് മൂർധന്യതയിലെത്തി.
അതൊഴിച്ച് നിർത്തിയാൽ യമനിലെ സാഹചര്യങ്ങളൊക്കെ പഴയ പല്ലവി തന്നെ. 30 വർഷത്തോളം രാഷ്ട്രത്തെ അടിച്ചമർത്തി ഭരിച്ച ഒരു പ്രസിഡൻറ്, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, ഭരണകൂട ഭീകരത, അതൃപ്തരായ ജനത. ആദ്യം വടക്കൻ യമെൻറയും പിന്നീട് രൂപവത്കരിക്കപ്പെട്ട െഎക്യ യമെൻറയും പ്രസിഡൻറായി ഏതാണ്ട് 34 വർഷത്തോളം വിരാജിച്ച അലി അബ്ദുല്ല സാലിഹ് ആയിരുന്നു ജനങ്ങളുടെ പ്രധാന ശത്രു. അൽഖാഇദയുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉയർന്നുവെങ്കിലും അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തിൽ അവർക്കൊപ്പംനിന്ന് പാശ്ചാത്യശക്തികളുടെ സ്നേഹഭാജനവുമായിരുന്നു അദ്ദേഹം. അൽഖാഇദയുടെ ശക്തിമേഖലയായ യമെൻറ തീരദേശങ്ങളെ നിരീക്ഷിക്കുന്നതിന് അദ്ദേഹത്തിെൻറ സഹായവും അമേരിക്കക്ക് വേണ്ടിയിരുന്നു. സുന്നിയാണ് സാലിഹ്. യമനിലാകെട്ട ഗണ്യമായ തോതിൽ ശിയാ സാന്നിധ്യവുമുണ്ട്. സുന്നികൾക്കിടയിൽ അൽഖാഇദയുടെ വലിയ സ്വാധീനമേഖലകൾ. ശിയാക്കളിൽ ബഹുഭൂരിപക്ഷവും സെയ്ദി വിഭാഗക്കാർ. ഇറാനുമായി അത്ര അടുപ്പമുള്ള വിഭാഗമായിരുന്നില്ല സെയ്ദികൾ. യമനിലെ ആഭ്യന്തര സംഘർഷമാണ് സെയ്ദി വിഭാഗക്കാരായ ഹൂതികളെ ഇറാനുമായി അടുപ്പിച്ചത്.
2011െൻറ തുടക്കത്തിൽതന്നെ സാലിഹിനെതിരായ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ആ വർഷം മാർച്ചിൽ തലസ്ഥാനമായ സൻആയിൽ നടന്ന ജനാധിപത്യാനുകൂല റാലിക്ക് നേരെ പൊലീസ് വെടിവെപ്പുണ്ടായി. 50ലേറെ പേർ കൊല്ലപ്പെട്ടു. അതോടെ പ്രക്ഷോഭത്തിെൻറ സ്വഭാവം മാറി. പിന്നീട് നൊേബൽ സമ്മാനം നേടിയ തവക്കുൽ കർമാൻ ആയിരുന്നു പ്രക്ഷോഭത്തിെൻറ പൊതുമുഖം. ക്രമേണ സാലിഹിനുള്ള രാജ്യാന്തര പിന്തുണ നഷ്ടപ്പെട്ടു. 2011 നവംബർ 23ന് റിയാദിലെത്തി ജി.സി.സിയുടെ കരാറിൽ സാലിഹ് ഒപ്പിട്ടു. സൗദി പിന്തുണയുള്ള വൈസ് പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി അങ്ങനെ യമെൻറ പ്രസിഡൻറായി.
സാലിഹിെൻറ മുറിവേറ്റ മനസ്സിൽ മറ്റുചില പദ്ധതികളുണ്ടായിരുന്നു. മൻസൂർ ഹാദി തെൻറ മുൾക്കിരീടവും ധരിച്ച് സൻആയിലെ ഉലയുന്ന സിംഹാസനത്തിൽ രണ്ടുവർഷത്തിലേറെ തുടർന്നു. അപ്പോഴേക്കും രാഷ്ട്രം സമ്പൂർണമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. ആഭ്യന്തര സംഘർഷം കൊടുമ്പിരികൊണ്ടു. രാഷ്ട്രീയ ശക്തിയായി മാറിയ ഹൂതികൾ മൻസൂർ ഹാദിയുടെ സർക്കാറുമായുള്ള സഹകരണം അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ചു. പെെട്ടന്നൊരു ദിവസം സൗദി അറേബ്യയെ ഞെട്ടിച്ചുകൊണ്ട് അബ്ദുൽ മാലിക്ക് അൽ ഹൂതിയുടെ നേതൃത്വത്തിലുള്ള ഹൂതി സൈന്യം തലസ്ഥാനമായ സൻആ പിടിച്ചടക്കി, 2014 സെപ്റ്റംബറിൽ.
ഹൂതികൾക്ക് എല്ലാ പിന്തുണയുമായി അലി അബ്ദുല്ല സാലിഹും മുന്നണിയിലുണ്ടായിരുന്നു. ഹൂതികൾ തലസ്ഥാനം പിടിച്ചതിനെക്കാൾ സൗദിയെ വേദനിപ്പിച്ചത് അലി അബ്ദുല്ല സാലിഹിെൻറ ചുവടുമാറ്റമായിരുന്നു. ആജന്മശത്രുക്കളെന്ന് കരുതിപ്പോന്ന സാലിഹും ശിയാക്കളായ ഹൂതികളും ഒന്നിച്ചതോടെ യമനിലെ ശാക്തിക സമവാക്യം തെറ്റി. സൗദിയുടെ പിന്തുണയുണ്ടായിരുന്ന പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി ജീവനുംകൊണ്ട് തലസ്ഥാനത്തു നിന്ന് പലായനം ചെയ്തു. പിന്നീട് ദീർഘകാലം റിയാദിലായിരുന്നു മൻസൂർ ഹാദി. അവിടെയിരുന്ന് സാങ്കൽപിക യമൻ സർക്കാറിനെ അദ്ദേഹം ഭരിച്ചു.
30 വർഷം യമനെ ഉള്ളംൈകയിലിട്ട് അമ്മാനമാടിയ സാലിഹിനൊപ്പം ഒൗദ്യോഗിക സൈന്യത്തിലെ ഗണ്യമായ വിഭാഗവും കൂടി. പിന്നാലെ ഹൂതികൾക്ക് ഇറാനിൽ നിന്ന് സായുധ പിന്തുണയും കിട്ടാൻ തുടങ്ങി. സാലിഹ്-ഹൂതി സംയുക്ത സൈന്യം വൻ വെല്ലുവിളിയായി ഉയർന്നു. തങ്ങളുടെ തെക്കൻ അതിർത്തിയിൽ ഹൂതികളുടെ സാന്നിധ്യം ഉണ്ടാകുന്നത് സൗദി അറേബ്യക്ക് അനുവദിക്കാനാകില്ല. അതുവഴി ഇറാൻ തങ്ങളുടെ പിന്നാമ്പുറത്ത് ചുവടുറപ്പിക്കുമെന്ന് അവർക്കറിയാം. അങ്ങെന 2015 മാർച്ച് 26ന് ഹൂതികൾക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സൈനിക നടപടി തുടങ്ങി. സൈനിക നടപടി തുടങ്ങി ആറുവർഷം അടുക്കുേമ്പാഴും സൻആയിലുള്ളത് ഹൂതികൾ തന്നെ.
രാജ്യത്തിെൻറ പല മേഖലകളും തിരിച്ചുപിടിച്ചെങ്കിലും തലസ്ഥാനത്തുനിന്ന് ഹൂതികെള നിഷ്കാസനം ചെയ്യാൻ കഴിഞ്ഞില്ല. ഉടനെയൊന്നും സൻആ പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ തെക്കൻ തുറമുഖ നഗരമായ ഏദനിൽ താൽക്കാലിക സർക്കാറിെൻറ ആസ്ഥാനം സ്ഥാപിച്ചു. പിന്നീട് റിയാദിൽനിന്ന് മൻസൂർ ഹാദിയുടെ ഭരണകൂടത്തെ അവിടേക്ക് മാറ്റി പ്രതിഷ്ഠിച്ചു. അവസാനിക്കാത്ത യുദ്ധം വഴി യമൻ ലോകത്തെ ഏറ്റവും ഭീകരമായ മാനുഷിക ദുരന്തമാണ് നേരിടുന്നതെന്ന് യു.എൻ വിലയിരുത്തുന്നു. പട്ടിണിയും മരുന്നില്ലായ്മയുംകൊണ്ട് കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്. ദാരിദ്ര്യം അതിെൻറ ഉച്ചസ്ഥായിയിൽ.
രണ്ടുമൂന്നുവർഷത്തിന് ശേഷം 2017ൽ സാലിഹിെൻറ മനസ്സുമാറി. ഹൂതികളെ കൈവിട്ട് സൗദി പക്ഷത്തേക്ക് കൂടുമാറാൻ അദ്ദേഹം തീരുമാനിച്ചു. സാലിഹിനെപോലെ പരിചയസമ്പന്നനും കുശാഗ്രബുദ്ധിക്കാരനുമായ ൈസനികമേധാവി എതിർചേരിയിലേക്ക് പോകുന്നതിെൻറ അപകടം ഹൂതികൾ പെെട്ടന്ന് മണത്തു. തങ്ങളുടെ രഹസ്യങ്ങളൊക്കെ അറിയാവുന്ന ഒരാൾ ശത്രുപക്ഷത്ത് എത്തുന്നത് ഏതുവിധേനയും തടയാൻ അവർ തീരുമാനിച്ചു. ഉത്തരവ് ഇറാനിൽനിന്ന് വന്നു. ഇറാെൻറ മിഡിലീസ്റ്റിലെ സൈനിക നീക്കങ്ങൾ ഏകോപിപ്പിച്ചിരുന്ന സൈനിക ജനറൽ ഖാസിം സുലൈമാനി സാലിഹിനെ വധിക്കാൻ നേരിട്ട് നിർദേശിച്ചു.
ഹൂതികൾ നിയന്ത്രിക്കുന്ന സൻആയിൽ താമസിച്ചിരുന്ന സാലിഹ് സ്വന്തം ഗ്രാമമായ സൻഹാനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 2017 ഡിസംബർ നാലിനാണ് കൊല്ലപ്പെടുന്നത്. അതിവേഗം സഞ്ചരിച്ച സാലിഹിെൻറ വാഹനത്തിന് നേരെ റോക്കറ്റ് െപ്രാപ്പൽഡ് ഗ്രനേഡ് പ്രയോഗിക്കപ്പെട്ടു. വാഹനം തകർന്നു. പിന്നാലെ ഹൂതിസൈനികർ സാലിഹിനെ തലക്ക് വെടിവെച്ച് കൊലപ്പെടുത്തി. ദിവസങ്ങളോളം പിടിച്ചുവെച്ച ശേഷമാണ് ഹൂതികൾ സാലിഹിെൻറ മൃതദേഹംപോലും ബന്ധുക്കൾക്ക് വിട്ടുെകാടുത്തത്. ഖബറടക്കത്തിന് 20 പേരിൽ കൂടുതൽ പേർ പെങ്കടുക്കരുതെന്ന കർശനവ്യവസ്ഥയിൽ പിന്നീട് മൃതദേഹം കൈമാറി. ദരിദ്രമായൊരു ഖബറടക്കമാണ് അദ്ദേഹത്തിന് ലഭിച്ചത്. മറ്റൊരു ഏകാധിപതിയുടെ പതനംകൂടി അങ്ങനെ പൂർത്തിയായി.
ഒരു ഭരണാധികാരിയെ ഒഴിപ്പിക്കുകയെന്ന കേവല ലക്ഷ്യത്തിനപ്പുറത്തേക്ക് ലോകത്തിെൻറ തന്നെ മുറിവായി മാറുകയായിരുന്നു സിറിയൻ കലാപം. മരിച്ചുവീണ ലക്ഷക്കണക്കിന് മനുഷ്യർ, വിവിധ രാജ്യങ്ങളിൽനിന്ന് ഒഴുകിയെത്തിയ ഭീകരർ, വ്യത്യസ്തങ്ങളായ അവരുടെ ലക്ഷ്യങ്ങൾ, ഇൗ കുഴമറിച്ചിലിനിടയിൽ ഉരുവംകൊണ്ട ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘം, അവസാനിക്കാത്ത അഭയാർഥി പ്രവാഹം, മേഖലയെ ചൂഴ്ന്ന് ഇന്നും നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ.
ഇത്രയും ബഹുമുഖവും ദൂരവ്യാപകവുമായ മറ്റൊരു ആഭ്യന്തര സംഘർഷം അടുത്ത ദശകങ്ങളിലൊന്നും ലോകത്തുണ്ടായിട്ടില്ല. ബശ്ശാർ അൽ അസദിെൻറ ദുർഭരണത്തിനൊപ്പം, ഭൂരിപക്ഷം സുന്നികളായ ഒരു രാജ്യത്തെ ശിയാ ഭരണാധികാരി എന്ന അവസ്ഥയാണ് സിറിയൻ കലാപത്തെ ഇത്രയും രൂക്ഷമാക്കിയത്. ഭൂരിപക്ഷം ശിയാക്കളായ ഇറാഖിൽ സുന്നിയായ സദ്ദാം ഹുസൈനെ നീക്കാൻ അമേരിക്ക ഇടപെട്ടപ്പോൾ അറേബ്യയിൽ പാശ്ചാത്യ ഇടപെടലെന്ന് മുറവിളി കൂട്ടിയവർ സിറിയയിൽ ബശ്ശാർ അൽ അസദിനെ അട്ടിമറിക്കാൻ അമേരിക്കൻ ഇടെപടൽ ആവശ്യപ്പെടുകയായിരുന്നു. രാസായുധ പ്രയോഗം എന്ന ചുവപ്പുവര പലതവണ കടന്നിട്ടും ബശ്ശാറിനെ ആക്രമിക്കാൻ ബറാക് ഒബാമ മടിച്ചുനിന്നു. ഒബാമയുടെ നിസ്സംഗതയിൽ റഷ്യയുടെ പുടിൻ കടന്നുകയറി.
പിതാവ് ഹഫീസുൽ അസദിെൻറ മരണാനന്തരം പ്രസിഡൻറ് പദവിയിലെത്തിയ ബശ്ശാർ മറ്റേതൊരു അറബ് ഭരണാധികാരിയെയുംപോലെ തന്നെയായിരുന്നു. രാജ്യത്ത് ലവലേശം അഭിപ്രായസ്വാതന്ത്ര്യമില്ല. ചുവരുകൾക്കുപോലും കേൾവിശക്തിയുണ്ടെന്ന് ജനങ്ങൾ അടക്കം പറയുന്ന സമ്പൂർണ പൊലീസ് സ്റ്റേറ്റ്. 1963 മുതൽ തുടരുന്ന അടിയന്തരാവസ്ഥയിൽ ജനങ്ങൾ പൊറുതിമുട്ടി കഴിയുന്നു. അഞ്ചിലേറെ പേർ കൂട്ടം കൂടുന്നതിന് വിലക്ക്. ആരെയും അറസ്റ്റ് ചെയ്യാനും ക്രൂരപീഡനത്തിന് വിധേയമാക്കാനുമുള്ള വിശാലമായ അധികാരങ്ങൾ കൈയാളുന്ന പൊലീസ്. ശിയാക്കളിലെ ന്യൂനപക്ഷ അവാന്തര വിഭാഗമായ അലവികളിൽപെട്ടയാളാണ് ബശ്ശാർ. അലവി വിഭാഗക്കാരാണ് സർക്കാറിലെ സുപ്രധാന പദവികളിൽ. ഭൂരിപക്ഷം വരുന്ന സുന്നികൾ ഇതിൽ അതൃപ്തരാണ്. പക്ഷേ, അവർക്ക് പ്രതികരിക്കാൻ അവസരമില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങി അറേബ്യയിലെ പതിവുചേരുവകൾ ഇതിനൊപ്പം.
ഏകാധിപതികൾക്കെതിരെ മേഖല ഉണർന്നെഴുന്നേൽക്കുന്നത് കണ്ടാണ് സിറിയൻ ജനതയും രംഗത്തിറങ്ങുന്നത്. എല്ലാത്തിനും കാരണമായത് തെക്കൻ സിറിയയിലെ േജാർഡൻ അതിർത്തിക്ക് അടുത്തുള്ള ദേരാ ഗ്രാമത്തിലെ മുആവിയ സ്യുസ്നി എന്ന 14കാരനും. ഇൗജിപ്തിലെയും ലിബിയയിലെയും കലാപങ്ങളിൽ പ്രേചാദിതനായി 2011 ഫെബ്രുവരിയിൽ തെൻറ സ്കൂൾ മതിലിൽ മുആവിയ സ്പ്രേ പെയിൻറിൽ എഴുതിവെച്ചു. ''അടുത്തത് താങ്കളുടെ ഉൗഴം, ഡോക്ടർ.'' നേത്ര ഡോക്ടർ ആയിരുന്നു ബശ്ശാർ എന്നത് മനസ്സിൽവെച്ചാണ് മുആവിയ അങ്ങനെ അഭിസംേബാധന ചെയ്തത്. ദിവസങ്ങൾക്കുള്ളിൽ പൊലീസ് മുആവിയയെ തേടിയെത്തി. മുആവിയയെയും മൂന്നു സുഹൃത്തുക്കളെയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.
വിവരമറിഞ്ഞ് നാട്ടുകാർ പൊലീസ് സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി. ജനങ്ങളുടെ പ്രതിഷേധം കലാപമായി. 45 ദിവസത്തെ മാരക പീഡനത്തിനൊടുവിൽ മുആവിയയെയും സുഹൃത്തുക്കളെയും പൊലീസ് വിട്ടയക്കുേമ്പാഴേക്കും സിറിയ കലാപത്തീയിൽ കത്തിയെരിയാൻ തുടങ്ങിയിരുന്നു. ബശ്ശാറിെൻറ രാജിതേടി ജനം തെരുവിലിറങ്ങി. ആദ്യഘട്ടത്തിൽ സമാധാനപരമായിരുന്നു സമരം. ക്രമേണ സായുധ ഗ്രൂപ്പുകൾ രംഗം കൈയടക്കാൻ തുടങ്ങി. പലപേരിലും രൂപത്തിലും സായുധസംഘങ്ങൾ ഉദയംചെയ്തു. അവർക്കൊക്കെ സുലഭമായി ആയുധങ്ങളും കിട്ടി. അറബ് വസന്തം അരങ്ങേറിയ മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി സമീപരാഷ്ട്രങ്ങൾ സിറിയയിൽ കയറിക്കളിക്കാൻ തുടങ്ങി. നുസ്റ ഫ്രണ്ടും അൽഖാഇദയുമെല്ലാം ബശ്ശാറിനെതിരെ ഇരച്ചുമുന്നേറി. ബശ്ശാറിെൻറ ശത്രുരാഷ്ട്രങ്ങൾ ആളും അർഥവും നൽകി സംഘങ്ങളെ സിറിയയിലേക്ക് അയച്ചു. ബഹുമുഖമായ ആക്രമണം നേരിടാൻ വ്യാപക ബോംബിങ്ങിനെയാണ് ബശ്ശാർ ആശ്രയിച്ചത്. കണ്ണും കാഴ്ചയുമില്ലാത്ത ബോംബിങ്ങിൽ പട്ടണങ്ങൾ തകർന്നടിഞ്ഞു.
പേരുള്ളതും ഇല്ലാത്തതുമായ അനേകം സായുധ സംഘങ്ങേളാട് മുട്ടിനിൽക്കാൻ കഴിയാതെ ബശ്ശാറിെൻറ സൈന്യം തളർന്നു. നല്ലൊരു വിഭാഗം സൈനികർ ബാരക്കുകൾ ഉേപക്ഷിച്ച് കലാപകാരികൾക്കൊപ്പം കൂടി. പ്രധാന നഗരങ്ങൾ വിമതരുടെ പിടിയിലായി. തലസ്ഥാനമായ ഡമസ്കസിന് നേർക്ക് ആക്രമണം ശക്തമായി. ഇതിനിടക്ക് വിമത പോരാളികൾക്ക് നേരെ ബശ്ശാർ രാസായുധം പ്രയോഗിച്ചുവെന്ന വാർത്ത പുറത്തുവന്നു. രാസായുധ പ്രയോഗം ഒരുതരത്തിലും അനുവദിക്കില്ലെന്ന ബറാക് ഒബാമയുടെ മുൻപ്രസ്താവനയിൽ പ്രതീക്ഷ വെച്ച് വിമതർ യു.എസ് നടപടി ആവശ്യപ്പെട്ടു. പക്ഷേ, ഒബാമ അനങ്ങിയില്ല.
പശ്ചിമേഷ്യയിലെ ഇറാൻ അച്ചുതണ്ടിലെ അതിനിർണായക സ്ഥാനമാണ് സിറിയക്കുള്ളത്. മേഖലയിലെ ശിയാ ചന്ദ്രക്കല പൂർണമാകുന്നത് സിറിയയിൽ ബശ്ശാർ ഉള്ളതുകൊണ്ടാണ്. ആജന്മശത്രുവായ ഇസ്രായേലിനെതിരെ ഇറാെൻറ തുറുപ്പുശീട്ടായ ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധങ്ങൾ എത്തിക്കുന്നത് സിറിയ വഴിയാണ്. ആ വഴി അടഞ്ഞാൽ ഹിസ്ബുല്ല മെലിയും. പിന്നെ, ഇസ്രായേൽ കയറി മേയും. ഇറാനിൽനിന്ന് ഇറാഖ് -സിറിയ വഴി ലബനാനിലേക്കുള്ള പാത നിലനിൽക്കേണ്ടത് ഇറാെൻറ നിലനിൽപിനും നിർബന്ധം. ഇസ്രായേലുമായി നിരന്തരം ഏറ്റുമുട്ടി പരിചയസമ്പന്നരായ ഹിസ്ബുല്ല സൈനികരെ അങ്ങനെ ഇറാൻ രംഗത്തിറക്കി.
തങ്ങളുടെ ആത്മീയ, സൈനിക നേതാവ് ഹസൻ നസ്റുല്ലയുടെ ആശീർവാദത്തോടെ ഹിസ്ബുല്ല പടയാളികൾ സിറിയൻ അതിർത്തി കടന്നെത്തി. ഡമസ്കസും പരിസരവും സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ ആദ്യ ദൗത്യം. അപ്പോഴേക്കും ഇറാൻ സൈന്യത്തിെൻറ വലിയൊരു വിഭാഗവും സിറിയയിലെത്തിയിരുന്നു. വിമതരുടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലുള്ള മുന്നേറ്റം ഡമസ്കസിെൻറ പടിവാതിലിൽ വെച്ചുനിലച്ചു. മറ്റു നഗരങ്ങൾ കൈവിട്ടപ്പോഴും ഡമസ്കസ് സുരക്ഷിതമായി തുടർന്നു.
പക്ഷേ, എന്നും ഇങ്ങനെ തുടരാൻ കഴിയില്ല. യുദ്ധത്തിെൻറ ഗതിവേഗം തിരിച്ചുപിടിക്കണമെങ്കിൽ സിറിയ-ഇറാൻ-ഹിസ്ബുല്ല അച്ചുതണ്ടിനെ കൊണ്ട് മാത്രം കഴിയില്ല. അങ്ങനെ ബശ്ശാറിെൻറ അഭ്യർഥനയും ഇറാെൻറ ഇടപെടലുംകൊണ്ട് വ്ലാദിമിർ പുടിെൻറ റഷ്യൻ സൈന്യം സിറിയയിലെത്തി. ബശ്ശാറിെൻറ ഭരണകൂടത്തെ നിലനിർത്താനും വിമതരെ പുറന്തള്ളാനുമുള്ള വ്യോമാക്രമണം റഷ്യ തുടങ്ങി. യുദ്ധം അതോടെ മാറിമറിഞ്ഞു. ബശ്ശാർ യുദ്ധത്തിൽ ക്രമേണ മേൽക്കൈ നേടി. പക്ഷേ, അപ്പോഴേക്കും കിഴക്ക് മറ്റൊരു വൻ ഭീഷണി ഉദയം ചെയ്തുകഴിഞ്ഞിരുന്നു. ഇറാഖിെൻറയും സിറിയയുടെയും അതിർത്തികൾ മായ്ച്ചുകളഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് (െഎ.എസ്) എന്ന ഭീകരസംഘം സ്ഥാപിച്ച രാഷ്ട്രം.
െഎ.എസിെൻറ നിഷ്ഠുരമായ ചെയ്തികളിൽ ലോകം വിറങ്ങലിച്ചു. ഇറാഖിെൻറയും സിറിയയുടെയും പല പ്രധാന നഗരങ്ങളും അവരുടെ നിയന്ത്രണത്തിലായി. അവിടങ്ങളിൽ അവരുടെ ഭീകരഭരണം നിലവിൽ വന്നു. കൂട്ടക്കൊലകളും കഴുത്തറുക്കലുകളും ദിനേനയെന്നോണം നടമാടി. മേഖലക്ക് പുറത്തേക്കും െഎ.എസിെൻറ നീരാളിക്കൈകൾ നീണ്ടു. ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് വികല മനസ്സുകൾ രക്തക്കൊതി പൂണ്ട് െഎ.എസിെൻറ താവളങ്ങൾ തേടി യാത്ര ചെയ്തു.
ആഭ്യന്തരയുദ്ധവും െഎ.എസിെൻറ ഉദയവും സിറിയയെ മനുഷ്യവാസം അസാധ്യമായ രാഷ്ട്രമാക്കി. സമീപരാഷ്ട്രങ്ങളിലേക്ക് അഭയാർഥിപ്രവാഹമുണ്ടായി. യൂറോപ്പിലെ ശാദ്വല തീരങ്ങൾ തേടി യാത്ര ചെയ്ത ആയിരക്കണക്കിനുപേർ മെഡിറ്ററേനിയൻ കടൽത്തട്ടിൽ അന്ത്യനിദ്ര പ്രാപിച്ചു. ലക്ഷക്കണക്കിന് പേർ വിവിധ രാജ്യങ്ങളിൽ അഭയം തേടി അലഞ്ഞു. ലോകം കണ്ട ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിനാണ് സിറിയൻ ആഭ്യന്തര യുദ്ധം വഴിവെച്ചത്.
െഎ.എസിെൻറ ഭീകരത സമീപ രാഷ്ട്രങ്ങളെയും യൂറോപ്പിനെയും ഗ്രസിക്കുന്ന ഘട്ടം വന്നപ്പോൾ ലോകം ഉണർന്നു. അവർക്കെതിരെ സംഘടിത ൈസനിക നീക്കം പ്രഖ്യാപിക്കപ്പെട്ടു. അറബികളും കുർദുകളും പാശ്ചാത്യരും ഒന്നിച്ചുനിന്ന് െഎ.എസിനെ അവരുടെ ശക്തിമേഖലകളിൽനിന്ന് പുറന്തള്ളി. അപ്പോഴേക്കും ഒരു ദശകത്തോളം നീണ്ട ആഭ്യന്തരയുദ്ധം അതിജീവിച്ച് ബശ്ശാർ തെൻറ കസേര സുരക്ഷിതമാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, ആ രാഷ്ട്രത്തിലിന്നും സമാധാനം തിരികെ വന്നിട്ടില്ല. എല്ലാവരും തോറ്റ യുദ്ധത്തിനൊടുവിൽ ലക്ഷങ്ങളുടെ ചോരയും ജീവിതവുംകൊണ്ട് നേടിയ അഭിശപ്ത സിംഹാസനത്തിൽ ബശ്ശാർ ഇന്നുമിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.