സർക്കാർ ഭൂമി ആശുപത്രി നിർമാണത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞാണ് വഖഫ് ഭൂമി ആവശ്യപ്പെട്ട് സർക്കാർ എം.ഐ.സിയെ സമീപിച്ചത്. ഏറ്റെടുക്കുന്ന ഭൂമിക്ക് സമാന അളവിൽ ഭൂമി നൽകാമെന്നും ഉറപ്പുനൽകി. അവിടെ സ്ഥാപിച്ച ആശുപത്രിക്ക് കോവിഡ് അവസാനിച്ചതോടെ താഴുവീണു. പകരം ഭൂമി ഇനിയും നൽകിയിട്ടില്ല
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ജീവകാരുണ്യമുന്നേറ്റങ്ങളെ സജീവമാക്കുന്നതിലും ഗൾഫ് പ്രവാസത്തോളം സ്വാധീനിച്ച പ്രതിഭാസമില്ല, അതിൽതന്നെ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ അത്യുത്തര ജില്ലയായ കാസർകോട്ടുകാരുടേതാണ്.
പ്രവാസിയുടെ സംഭാവനകളെ എന്നും അവജ്ഞയോടെ മാത്രം കണ്ട അധികൃതർ കാസർകോട് ജില്ലയിൽ കൊള്ളാവുന്ന ഒരു ആശുപത്രിപോലും നൽകിയില്ല. എന്നിട്ടും അന്നാട്ടുകാർ പരിഭവം പുറത്തുപറഞ്ഞില്ല. കോവിഡ് കാലത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാൻ ബഹുനില കെട്ടിടങ്ങൾ വിട്ടുകൊടുത്ത അവിടത്തുകാർക്ക് മാന്യമായ ചികിത്സ ലഭിക്കണമെങ്കിൽ ഇതരസംസ്ഥാനത്തേക്കും അയൽജില്ലകളിലേക്കും പോകേണ്ട അവസ്ഥയായിരുന്നു.
എന്നാൽ, കോവിഡ് രൂക്ഷമായപ്പോൾ കാസർകോട്ടുകാർ മംഗലാപുരത്തേക്ക് കടക്കുന്നത് കർണാടക സർക്കാർ തടഞ്ഞതോടെ ജില്ലയുടെ ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രി വേണമെന്ന ആവശ്യം ശക്തമായി.
ആ ഘട്ടത്തിലാണ് ‘ടാറ്റ’ അവരുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ഒരു ആശുപത്രി സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ചത്. ഇതിനാവശ്യമായ ഭൂമിക്കുവേണ്ടിയുള്ള അന്വേഷണം എത്തിപ്പെട്ടതാകട്ടെ, ജംഇയ്യതുൽ ഉലമ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷന് (എം.ഐ.സി) കീഴിലെ വഖഫ് ഭൂമിയിൽ.
തെക്കിൽ മൂസ ഹാജി വഖഫ് ചെയ്ത ഏഴ് ഏക്കറോളം വരുന്ന ഭൂമിയിൽ 4.5 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത് സർക്കാർ ഭൂമി ലഭ്യമാണെങ്കിലും അത് ആശുപത്രി നിർമാണത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞാണ് വഖഫ് ഭൂമി ആവശ്യപ്പെട്ട് സർക്കാർ എം.ഐ.സിയെ സമീപിച്ചത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് സമാന അളവിൽ സർക്കാർ ഭൂമി എം.ഐ.സിക്കായി നൽകാമെന്നും സർക്കാർ ഉറപ്പുനൽകി. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റായ എം.ഐ.സി കമ്മിറ്റി സർക്കാർ ആവശ്യം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് വഖഫ് ബോർഡ് അനുമതി നൽകി ഉത്തരവിറക്കി.
ബോർഡ് ചീഫ് എക്സി. ഓഫിസർ സ്ഥലപരിശോധന നടത്തി പകരം ഏറ്റെടുക്കുന്ന സർക്കാർ ഭൂമി വിട്ടുനൽകുന്ന വസ്തുവിന്റെ അതേ മൂല്യമുള്ളതാണെന്ന് വിലയിരുത്തി.
2013ൽ വഖഫ് ആക്ടിൽ വരുത്തിയ ഭേദഗതിപ്രകാരം വഖഫ് വസ്തുക്കൾ വിൽപന നടത്തുന്നതിനോ കൈമാറ്റംചെയ്യുന്നതിനോ അനുമതിയില്ലെങ്കിലും 1960ലെ ലാൻഡ് അസൈൻമെന്റ് നിയമമനുസരിച്ച് പകരം ഭൂമി ലഭിക്കുകയാണെങ്കിൽ 1958ലെ കേരള ലാൻഡ് റീലിങ്കിഷ്മെന്റ് ആക്ടനുസരിച്ച് സ്ഥലം വിട്ടുനൽകാൻ നിയമതടസ്സമില്ലെന്നും ബോർഡ് സി.ഇ.ഒ റിപ്പോർട്ട് നൽകി.
തുടർന്ന് കോവിഡ് ആശുപത്രിയുടെ നിർമാണത്തിനായി ഭൂമി വിട്ടുനൽകാൻ ബോർഡ് അംഗീകാരം നൽകുകയായിരുന്നു. തുടർന്ന് ഭൂമി ഏറ്റെടുത്ത് ആശുപത്രി സ്ഥാപിച്ചെങ്കിലും പകരം ഭൂമി ഇതുവരെ നൽകിയിട്ടില്ല. അളന്നു തിട്ടപ്പെടുത്തിയെന്നും സർക്കാർ അംഗീകാരം നൽകിയെന്നും പറയുന്നുണ്ടെങ്കിലും പകരം ഭൂമി ലഭിക്കാൻ എം.ഐ.സി ഭാരവാഹികൾ ഉദ്യോഗസ്ഥരുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞു.
കാസർകോടിന്റെ ആരോഗ്യ അടിയന്തരാവസ്ഥക്ക് പരിഹാരമെന്ന് പ്രഖ്യാപിച്ച് കെട്ടിപ്പൊക്കിയ ആശുപത്രിക്കാകട്ടെ, കോവിഡ് അവസാനിച്ചതോടെ താഴുവീഴുകയും ചെയ്തു. ഒന്നുകിൽ, ആശുപത്രി കെട്ടിടം ഉൾപ്പെടെ എം.ഐ.സിയുടെ ഭൂമി അവർക്കു തിരിച്ചുനൽകണം.
അല്ലെങ്കിൽ നേരത്തേ വാഗ്ദാനംചെയ്ത ഭൂമി എം.ഐ.സിക്ക് രജിസ്റ്റർ ചെയ്തുകൊടുക്കണം. ഇതു രണ്ടും പാലിക്കാൻ സർക്കാർ സന്നദ്ധത പുലർത്തുന്നതേയില്ല.
1951ൽ കണ്ണൂർ കൂത്തുപറമ്പിലെ പാലാപറമ്പ് കുഞ്ഞിമായിൻ ഹാജിയുടെ ഭാര്യ ഉമയുമ്മയെ മുതവല്ലിയാക്കി വഖഫ് ചെയ്തതാണ് 534 ഏക്കർ ഭൂമി. പി.കെ. ജമീലയാണ് ഇപ്പോഴത്തെ മുതവല്ലി. കശുമാവ് പ്ലാന്റേഷനും ബനിയൻ കമ്പനിയും പ്രവർത്തിക്കുന്ന ഇവിടെ കൈയേറ്റത്തിന് ഏറെ സാധ്യതകളുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഭൂമി സർവേയിലൂടെ അളന്നുതിട്ടപ്പെടുത്തി അതിർത്തികൾ നിർണയിക്കണമെന്ന് കുടുംബം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ, അധികാരികൾ ഇതുവരെ അതിന് തയാറായിട്ടില്ല. മുമ്പ് കൈയേറ്റപരാതി ഉയർന്നപ്പോൾ ജസ്റ്റിസ് നിസാർ കമീഷൻ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ റഷീദലി തങ്ങളുടെ നേതൃത്വത്തിലുള്ള അന്നത്തെ വഖഫ് ബോർഡ് അന്വേഷണം നടത്തി. അഡ്വ. പി. മുഹമ്മദ് ഹനീഫയെ എക്സി. ഓഫിസറായി നിയോഗിച്ചായിരുന്നു അന്വേഷണം. കശുവണ്ടി പാട്ട ഇനത്തിൽ മാത്രം 20 ലക്ഷത്തോളം രൂപ ഇവിടെ വരുമാനം ലഭിക്കുന്നതായി ബോധ്യമായി.
വഖഫ് ബോർഡുമായി ബന്ധമില്ലാതെ, പുതുതായി ഇവിടെ ഒരു ഓഫിസറെ നിയമിച്ചത് എന്തിനാണെന്നതു സംബന്ധിച്ച് കുടുംബത്തിന് വിവരമില്ല. സർവേ നടത്താൻ കുടുംബത്തിന് സാധിക്കുമെന്നിരിക്കെ, സർക്കാർതലത്തിൽ നടത്തുന്നതിന് കൂടുതൽ ആധികാരികത ഉണ്ടാകുമെന്നതിനാലാണ് സർവേക്കായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.
വഖഫ് ബോർഡിൽ പി.എസ്.സി മുഖേന നിയമനം നടത്തണമെന്ന സർക്കാർ ഉത്തരവ് വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ക്ഷണിച്ചുവരുത്തിയതിനെ തുടർന്ന് സർക്കാർ പിൻവലിക്കാൻ തയാറായി.
രാജ്യത്ത് എവിടെയുമില്ലാത്ത നിയമം ഇവിടെ കൊണ്ടുവരാനുള്ള ശ്രമത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നതിനാലാണ് മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി എതിർപ്പുമായി രംഗത്തുവന്നത്. സമുദായത്തിന് സംവരണനഷ്ടം ഉൾപ്പെടെ സംഭവിക്കുമായിരുന്ന നീക്കം ചെറുത്തുതോൽപിക്കപ്പെട്ടെങ്കിലും വഖഫ് സ്വത്തുക്കളിൽ കണ്ണുവെച്ചുള്ള നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ആക്ട് എത്ര കർശനമാണെങ്കിലും അതിനെയൊക്കെ മറികടക്കാനുള്ള ഗൂഢനീക്കമാണ് എറണാകുളം ചെറായിയിൽ ഉൾപ്പെടെ നടന്നതെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.