വിജയരാഘവനിതെന്തു പറ്റി ?

മലപ്പുറം ജില്ലയുടെ മർമസ്​ഥാനമായ മലപ്പുറം കുന്നുമ്മലിൽ ആലമ്പാടൻ പറങ്ങോട​​ന്‍റെയും മാളുക്കുട്ടിയുടെയും മകനായി ജനിച്ച വിജയരാഘവ​നെ വർഗീയവാദിയായോ മുസ്​ലിം വിരുദ്ധനായോ കാണാൻ, ചിത്രീകരിക്കാൻ മലപ്പുറത്തുകാർക്കാവുമെന്ന്​ തോന്നുന്നില്ല. കുന്നുമ്മലെ ഹേഗ്​ ബാരക്​സി (ഇപ്പോഴത്തെ കലക്​ടറേറ്റ്​)നോട്​ ചേർന്നുള്ള വീട്ടിൽ മലപ്പുറത്തെ മാപ്പിളപ്പിള്ളേർക്കൊപ്പം കളിച്ചും പഠിച്ചും മാപ്പിളമാരുടെ ചൂടും ചൂരും ചിന്തയും വ്യാപാരവുമറിഞ്ഞും അനുഭവിച്ചും, മതജാതി ചിന്തകളില്ലാതെ കമ്യൂണിസ്റ്റായി വളർന്നവനാണ്​ വിജയരാഘവൻ. മാപ്പിളമാരുടെ ജീവിതം അദ്ദേഹത്തിന് വെള്ളം പോലെ അറിയാം.

പോരാത്തതിന്​ മലപ്പുറത്തെ സർക്കാർ കോളജിൽനിന്ന്​ ഇസ്​ലാമിക ചരിത്രത്തിൽ റാ​ങ്കോടെ നേടിയ ബിരുദവും കൂട്ടായുണ്ട്​. പിന്നീട്​ നിയമബിരുദവും കരസ്​ഥമാക്കി. എസ്​.എഫ്​.ഐയിലൂടെ വളർന്ന്​ പാർട്ടി പദവികൾ ഒന്നൊന്നായി ചവിട്ടിക്കയറി. പിന്നീട്​ കർഷക പ്രസ്​ഥാനത്തിന്‍റെ അഖിലേന്ത്യാ അമരക്കാരനായി. ലോക്​സഭയിലും രാജ്യസഭയിലും പാർട്ടി പ്രതിനിധിയായി. മുസ്​ലിം ലീഗ്​ അംഗങ്ങൾ പോലും പാക്​ പക്ഷപാതിത്തം ഭയന്ന്​ അറച്ചുനി​ൽ​​ക്കേ, പാർലമെന്‍റിൽ മലബാറിലെ പാക്​ പൗരന്മാരുടെ വിഷയം ഉന്നയിച്ച്​ കൈയടി നേടിയ ജനപ്രതിനിധി. ഇപ്പോൾ കമ്യൂണിസ്റ്റ്​ പാർട്ടിയുടെ സംസ്​ഥാനത്തെ ഉന്നത പദവിയിൽ. ഇങ്ങനെയൊരാളെ എങ്ങിനെയാണ്​ വർഗീയവാദിയെന്നു വിളിക്കാനാവുക.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അധ്യക്ഷ സ്​ഥാനം ഏറ്റെടുത്ത ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ജനുവരി 27ന്​ പാണക്കാ​ട്ടെത്തി മുസ്​ലിംലീഗ്​ അധ്യക്ഷൻ ഹൈദരലി ശിഹാബ്​ ത​ങ്ങളെ കണ്ടപ്പോൾ അതിലെ രാഷ്​ട്രിയ സന്ദേശം വിജരാഘവൻ വായിച്ചെടുത്തു. മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട്​ വിപുലപ്പെടുത്താനാണെന്ന്​. കോൺഗ്രസ്​ നേതാക്കൾ പാണക്കാട്ട്​ വരുന്നത്​ ഇതാദ്യമല്ല. മാത്രമല്ല, ഒരു മുന്നണിയിലെ രണ്ട്​ ഘടക കക്ഷികൾ തമ്മിലെ കൂടിക്കാഴ്ചയായേ അതിനെ കാണാൻ കഴിയൂ.

കോൺഗ്രസ്​ നേതാക്കളുടെ പാണക്കാ​ട്ടെ സന്ദർശനത്തെയല്ല വിജയരാഘവൻ വിമർശിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശദീകരണമുണ്ടായി. കോൺഗ്രസും ലീഗും വർഗീയതയുമായും മതമൗലിക വാദവുമായും സമരസപ്പെട്ടു പോവുന്നതിനെയാവും വിജയരാഘവൻ വിമർശിച്ചിട്ടുണ്ടാവുക എന്നും മുഖ്യമന്ത്രി അനുമാനിച്ചു.

പാണക്കാ​ട്ടെ മതമൗലിക വാദം​

കോൺഗ്രസ്​ നേതാക്കൾ പാണക്കാട്​ സന്ദർശിച്ചതിനൊപ്പം ഇരു സമസ്​തയുടെയും നേതാക്കൾ, ബിഷപ്പുമാർ, വെള്ളാപ്പള്ളി ഉൾപ്പെടുന്ന എസ്​.എൻ.ഡി.പി നേതാക്കൾ എന്നിവരെയെല്ലാം സന്ദർശിച്ച്​ ചർച്ച നടത്തിയിരുന്നു. ഇതൊന്നും മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട്​ വിപുല​പ്പെടുത്താനാണെന്ന്​ വ്യാഖ്യാനിക്കാൻ വിജയരാഘവൻ മുതിർന്നതായി കണ്ടില്ല. മുസ്​ലിം ലീഗിന്‍റെ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ചുക്കാൻ പിടിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയെ മുസ്​ലിം ലീഗ്​ നേതൃത്വം ചുമതലപ്പെടുത്തിയ​ ശേഷം അദ്ദേഹം പല ബിഷപ്പുമാരെയും സന്ദർശിച്ചിരുന്നു. അതിന്‍റെ തുടർച്ചയായി കഴിഞ്ഞ ദിവസം മലങ്കര ഓർത്തഡോക്​സ്​ സഭാ മേധാവികളും പാണക്കാ​ട്ടെത്തിയിരുന്നു. ഈ സന്ദർശനങ്ങളും മതമൗലിക കൂട്ടകെട്ടിനുള്ള മുന്നൊരുക്കങ്ങളായി കാണാൻ വിജയരാഘവൻ മുതിർന്നില്ല. അപ്പോൾ മുസ്​ലിംകളും മുസ്​ലിം പാർട്ടികളുമാണോ വിജയരാഘവന്‍റെയും സി.പി.എമ്മിന്‍റെയും പ്രശ്​നം?

തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായെന്ന്​ ഇടതുമുന്നണിയും സി.പി.എമ്മും കരുതുന്ന പ്രചാരണത്തിന്‍റെ കുറേക്കൂടി ശക്​തമായ പതിപ്പായേ ഇതിനെ കാണാൻ കഴിയൂ. ഐക്യമുന്നണി വെൽഫെയർ പാർട്ടിയുമായി പ്രാദേശികമായുണ്ടാക്കിയ ധാരണയെ തുടർന്ന്​ യു.ഡി.എഫ്​ മതമൗലിക വാദിക​ളുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന്​ പ്രചരിപ്പിച്ച്​ മലബാറിലടക്കം ക്രിസ്​ത്യൻ വോട്ടിൽ വിള്ളലുണ്ടാക്കാൻ സി.പി.എമ്മിനും മുന്നണിക്കും കഴിഞ്ഞിട്ടുണ്ട്​. കേരള കോൺഗ്രസ്​ മാണി ഗ്രൂപ്പിന്‍റെ മുന്നണി മാറ്റം തെക്കൻ ജില്ലകളിൽ ഇടതു മുന്നണിയെ സഹായിച്ചതോടൊപ്പം തന്നെയാണ്​ യു.ഡി.എഫിലെ വർഗീയ​തക്കെതിരായ പ്രചാരണം വടക്കൻ ജില്ലകളിലും ഇടതു മുന്നണിയെ സഹായിച്ചത്​. ഈ പ്രചരണത്തിന്​ അൽപം കൂടി ശക്​തി കൂട്ടിയാൽ വരുന്ന ​നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പാണെന്ന കണക്കുകൂട്ടലാണ്​ ഇടതുമുന്നണിക്കുള്ളത്​.

തങ്ങളുടെ പ്രചാരണം മുസ്​ലിംകൾക്കെതിരല്ല, മതമൗലികവാദത്തിനും വർഗീയതക്കുമെതിരാണെന്നാണ്​ സി.പി.എമ്മിന്​ പറയാനുള്ള ന്യായം. എന്നാൽ, ഈ പ്രചാരണത്തോടൊപ്പം നിലകൊള്ളാൻ സി.പി.ഐയടക്കമുള്ള ഇടതു മുന്നണി ഘടകകക്ഷികൾ തയാറായിട്ടില്ലെന്നത്​ ശ്രദ്ധേയമാണ്​. മുസ്​ലിം ലീഗ്​ മതാധിഷ്​ഠിത വർഗീയ പാർട്ടിയാണെന്ന്​ വിജയരാഘവൻ ആണയിടു​േമ്പാഴും മുസ്​ലിം ലീഗിൽനിന്ന്​ വേർപെട്ടു​ പോന്ന ഇന്ത്യൻ നാഷണൽ ലീഗ്​ കൂടെയുണ്ടെന്നത്​ വിസ്​മരിക്കപ്പെടുന്നു. ​സി.പി.എം കേന്ദ്ര​ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരം പേരിലെ മുസ്​ലിം എന്ന പ്രയോഗം കളഞ്ഞിട്ടും ഐ.എൻ.എല്ലിനെ രണ്ട്​ പതിറ്റാണ്ട്​ വാതിൽപടിയിൽ നിർത്തിയെന്നത്​ വേറെ കാര്യം. ഐ.എൻ.എല്ലിനില്ലാത്ത വർഗീയ, മതമൗലിക വാദം മുസ്​ലിം ലീഗിനും വെൽഫെയർ പാർട്ടിക്കുമുണ്ടോ എന്നും പരിശോധിക്കണം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ സഹായിച്ചുവെന്ന്​ പറയുന്ന എസ്​.ഡി.പി.ഐയെ കുറിച്ചും ഏറെക്കാലമായി സി.പി.എം മിണ്ടാറില്ല.

ലീഗുമായുള്ള മുഹബത്ത്​

മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തിന്​ ജില്ലാ പദവി നൽകിയതും മുസ്​ലിം ലീഗിന്​ ഭരണ പങ്കാളിത്തം നൽകിയതും വിജയരാഘവന്‍റെ മുൻതലമുറക്കാരാണ്​. ജില്ല അനുവദിച്ചതിനു പുറമെ ചില പ്രശ്​നങ്ങളെ തുടർന്ന്​ നിലച്ച മലപ്പുറം നേർച്ച പുനരാരംഭിക്കാൻ പോലും അവസരമൊരുക്കിയത്​ മലപ്പുറത്തുകാരനായ ഇ.എം.എസ്​ മുഖ്യമന്ത്രിയായിരിക്കു​േമ്പാഴാണ്​. പിന്നീട്​ നേർച്ച നിന്നുപോയത്​ മറ്റു പല കാരണങ്ങളാലാണ്​. സപ്​തകക്ഷി മുന്നണിയിൽ ചേർത്ത്​ മുസ്​ലിം ലീഗിന്​ ഭരണപങ്കാളിത്തം നൽകിയതോടെ സി.പി.എമ്മിന്‍റെയും മുന്നണിയുടെയും ലീഗുമായുള്ള മുഹബത്ത്​ തീർന്നു എന്നു പറയാനാവില്ല. മുസ്​ലിം ലീഗ്​ ഇടതു മുന്നണിയുമായി അടുക്കുന്നു എന്ന ​പ്രചാരണം കേരളത്തിൽ പല സമയങ്ങളിലായി ഉയർന്നുവന്നിട്ടുണ്ട്​. ആ നിലക്ക്​ ഇരു പാർട്ടികളും തമ്മിൽ രഹസ്യ ചർച്ചകളും നടന്നിട്ടുണ്ട്​. അത്തരം ചർച്ചകളിൽ പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയനും പങ്കാളിയായിട്ടുണ്ട്​.

ഒരിക്കൽ പരേതനായ മുസ്​ലിം ലീഗ്​ നേതാവ്​ എ.വി. അബ്​ദുറഹിമാൻ ഹാജിയെ പാർട്ടി നേതൃത്വം സി.പി.എമ്മുമായി ചർച്ചക്ക്​ തിരുവനന്തപുരത്തേക്ക്​ അയക്കുകയും അദ്ദേഹം പിണറായിയെ കണ്ട്​ സംസാരിക്കുകയും ചെയ്​തിരുന്നു. ഇതിന്‍റെ തുടർച്ചയായി പാണക്കാട്​ തറവാടും ഇടതു മുന്നണി നേതാക്കളെ സ്വീകരിച്ചിട്ടുണ്ട്​. മുൻ മന്ത്രി ശിവദാസമേനോനും സി.പി.ഐ നേതാവ്​ കെ.ഇ ഇസ്​മായിലുമാണ്​ പാണക്കാ​ട്ടെത്തി അന്നത്തെ ലീഗ്​ അധ്യക്ഷൻ മുഹമ്മദലി ശിഹാബ്​ തങ്ങളെ കണ്ട്​ സംസാരിച്ചത്​. പക്ഷെ മുഹമ്മദലി ശിഹാബ്​ തങ്ങളിൽ നിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ലെന്നാണ്​ അന്നറിയാൻ കഴിഞ്ഞത്​.

തങ്ങൾ മുസ്​ലിംകൾക്കെതിരല്ല എന്നു പറയു​േമ്പാഴും മലപ്പുറം ജില്ലയിലടക്കം നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക്​ പിന്നിൽ വർഗീയവാദികളാണെന്ന​ ആരോപണം സി.പി.എം നേതാക്കളിൽ നിന്നുണ്ടായിട്ടുണ്ട്​. ദേശീയപാത സ്​ഥലമെടുപ്പിനെതിരെ സ്​ഥലം നഷ്​ടപ്പെടുന്നവർ പാർട്ടി, ജാതി, മത വേർതിരിവില്ലാതെ പ്രക്ഷോഭത്തിനിറങ്ങിയപ്പോൾ അതിന്​ പിന്നിൽ മുസ്​ലിം തീവ്രവാദികളാണെന്ന്​ ആരോപിച്ചത്​ അന്ന്​ ഇടതു മുന്നണി കൺവീനറായിരുന്ന വിജയരാഘവനായിരുന്നു. മലപ്പുറത്തെ മുസ്​ലിംകളെയും പാണക്കാട്​ തറവാടിനെയും കുറിച്ച്​ വിജയരാഘവന്​ നന്നായി അറിയുമെന്ന്​ പാണക്കാ​ട്ടെ കുടുംബാംഗം സാദിഖലി ശിഹാബ്​ തങ്ങൾ ഈ വിവാദങ്ങൾക്കിടെ വ്യക്​തമാക്കിയിരുന്നു. വിജയരാഘവൻ നാട്ടുകാരനും സഹപാഠിയുമാണെന്ന്​ പറയുന്ന സാദിഖലി തങ്ങൾ, പാണക്കാട്​ കുടുംബത്തെയും അതിന്‍റെ നിലപാടുകളെയും ചെറുപ്പംതൊ​േട്ട അറിയുന്ന ആളാണെന്നും രാഷ്​ട്രീയ ലാഭത്തിനു വേണ്ടി അതൊന്നും മറ​ക്കരുതെന്നും ഓർപ്പെടുത്തുന്നുണ്ട്​.

രമ്യ ഹരിദാസ് പാണക്കാട്ട്​ പോയപ്പോൾ

വിജയരാഘവൻ മുമ്പും വിവാദങ്ങളിൽ ചാടിയിട്ടുണ്ട്​. അതും പാണക്കാടിന്‍റെ പേരിൽ. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പ്​ കാലത്ത് ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി പ്രഖ്യാപിച്ചയുടനെ രമ്യ ഹരിദാസ്​ പാണക്കാട്​ തറവാട്​ സന്ദർശിച്ചിരുന്നു. ഇത്​ സംബന്ധിച്ച്​ 2019 ഏപ്രിലിൽ പൊന്നാനിയിൽ ​മുഖ്യമന്ത്രി പിണറായി വിജയൻ പ​ങ്കെടുത്ത ഇടതു മുന്നണി തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു രമ്യ ഹരിദാസിനെതിരെ വിജയരാഘവന്‍റെ വിവാദ പരാമർശം. ആലത്തൂരിൽ രമ്യ ഹരിദാസ്​ ജയിച്ചു. വിജയരാഘവന്‍റെ പരാമർശം തെ​രഞ്ഞെടുപ്പിൽ രമ്യയുടെ വിജയത്തെ സഹായിച്ചുവെന്ന്​ പാർട്ടി തന്നെ വിലയിരുത്തിയതാണ്​. പരാമർശം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷനും വിലയിരുത്തിയിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗിന്‍റെ വോട്ടു ബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കാൻ ഇടതു മുന്നണിക്കായിട്ടില്ല. അ​തേസമയം കോൺഗ്രസിന്‍റെ കൂട്ട്​ വർഗീയ പാർട്ടികളുമായാണെന്ന പ്രചാരണത്തിലൂടെ ആ പാർട്ടിയുടെ വോട്ടിൽ ചോർച്ചയുണ്ടാക്കാൻ അവർക്കായിട്ടുണ്ട്​. ക്രിസ്​ത്യൻ വോട്ടിൽ കണ്ണുവെച്ചുള്ള പ്രചാരണം ബി.ജെ.പി വോട്ടിലെ ചോർച്ചയും ലക്ഷ്യം വെച്ചിരിക്കണം. മുസ്​ലിം വിരുദ്ധതയിൽ പാർട്ടി വളർത്തുന്ന ബി.ജെ.പിക്ക്​ ഇത്​ തിരിച്ചടിയാവേണ്ടതാണ്​.

കോൺഗ്രസ്​ മുക്​ത ഭാരതമാണ്​ ബി.ജെ.പി ലക്ഷ്യം വെക്കുന്നത്​. കോൺഗ്രസ്​ മുക്​ത കേരളമാണ്​ (ഇവിടെ മാത്രം ഒതുങ്ങി നിൽക്കുന്നതിനാൽ) സി.പി.എം ലക്ഷ്യം വെക്കുന്നത്​. മൃദു ഹിന്ദുത്വം പയറ്റിയതാണ്​ കോൺഗ്രസിന്‍റെ ഇന്നത്തെ ദുരവസ്​ഥക്ക്​ കാരണം. പുതിയ പ്രചരണങ്ങളിലൂടെ സി.പി.എമ്മും ഇടതു മുന്നണിയു​മാണോ, ബി.​ജെ.പിയും ഇടതു മുന്നണിയുമാണോ ഗുണം പിടിക്കുകയെന്ന്​ തിരിയാൻ അധികം കാത്തിരിക്കേണ്ടി വരില്ല.

വർഗീയതയല്ല; മാനവികത

ഇന്ന്​ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്കടുത്ത്​ പൊന്നാട്​ നിന്ന്​ ഒരു വാർത്തയുണ്ട്​ മാധ്യമങ്ങളിൽ, ആരോരുമില്ലാത്ത ഒരു ക്രിസ്​ത്യൻ വനിത മരണപ്പെട്ടപ്പോൾ അവരുടെ മരണാനന്തര ശു​ശ്രൂഷകൾക്കായി മദ്രസ വിട്ടുകൊടുത്ത മലപ്പുറത്തിന്‍റെ മാഹാത്​മ്യത്തെക്കുറിച്ച്​. കോവിഡ്​ ബാധിച്ച്​ മരിച്ച അന്യമതസ്​തരുടെ സംസ്​കാരം നടത്താൻ ബന്ധുക്കൾ മടിച്ചുനിൽക്കു​േമ്പാൾ മുസ്​ലിം സഹോദരങ്ങൾ മുൻകൈയെടുത്ത്​ സംസ്​കാരച്ചടങ്ങുകൾ നടത്തിയ വാർത്തകളും ഇതിനു മുമ്പ്​ പല തവണ കാണുകയും വായിക്കുകയും ചെയ്​തു.

അതാണ്​ മുസ്​ലിം മനസ്സ്​. പാർട്ടിയേതായാലും ഏതു വിഭാഗമായാലും അതിൽ വർഗീയത തൊട്ടുതീണ്ടിയിട്ടില്ല. മാനവികതക്കാണിവിടെ ഊന്നൽ. താൽകാലിക ലാഭത്തിനു വേണ്ടി വർഗീയ വിഷം പുരട്ടാൻ ശ്രമിച്ചാൽ തന്നെയും അതിന്​ അൽപായുസ്സേ ഉണ്ടാവൂ. കാലം അതിനെ അതിജീവിക്കുക തന്നെ ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.