രാഷ്ട്രീയം തെമ്മാടികളുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞ ഇംഗ്ലീഷ് ചിന്തകനായിരുന്ന സാമുവൽ ജോൺസണുമായി സി.പി.എമ്മിനെ ഒരിക്കലും ബന്ധിപ്പിക്കാനാകില്ല. എന്നാൽ, രാഷ്ട്രീയത്തിൽ തെമ്മാടിസംഘങ്ങൾക്ക് ചില ദൗത്യങ്ങളുണ്ടെന്ന് ആ പാർട്ടി കഴിഞ്ഞ മൂന്നു പതിറ്റാണ്ടെങ്കിലുമായി ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നതിന് തെളിവുകൾ ധാരാളമുണ്ട്. സി.പി.എമ്മിനെ സംബന്ധിച്ച് മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇതിലും ബംഗാൾതന്നെയാണ് ഉദാഹരിക്കാവുന്ന മാതൃക. 34 കൊല്ലം നീണ്ടുനിന്ന ബംഗാളിലെ സി.പി.എം ഭരണത്തിെൻറ അവസാനത്തെ പതിറ്റാണ്ടിൽ, പ്രധാനമായും ദേശീയമാധ്യമങ്ങളുടെ വരെ വലിയ ശ്രദ്ധ പതിഞ്ഞ ഒന്നായിരുന്നു അവിടത്തെ 'ഹർമദ് ബാഹിനി' എന്ന പേരിലറിയപ്പെട്ട ഒരു രഹസ്യസംവിധാനം. സി.പി.എം സ്വകാര്യമായി കെട്ടിപ്പടുത്ത, ആയുധപരിശീലനം ലഭിച്ചവരും സായുധരുമായിരുന്ന ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മകളായിരുന്നു ഹർമദ് ബാഹിനി. പാർട്ടിയുടെ ലോക്കൽ കമ്മിറ്റി തലത്തിലായിരുന്നു അവയുടെ നിയന്ത്രണം. പോർചുഗീസ് ഭാഷയിലെ 'അൽമാഡ' എന്ന പദത്തിെൻറ വികൃതീകൃതരൂപമായി ബംഗാളി ഭാഷയിൽ കയറിപ്പറ്റിയ 'ഹർമദ്' എന്ന ഗുണ്ടാപേരിൽ കുപ്രസിദ്ധമായിരുന്ന ഈ സംഘത്തിെൻറ അസ്തിത്വം സി.പി.എം ഒരിക്കലും സമ്മതിക്കുകയുണ്ടായില്ലെങ്കിലും ബംഗാളി ജനതയുടെ പേടിസ്വപ്നമായി ആ സംവിധാനം പതിറ്റാണ്ടുകൾ നിലനിന്നു.
രാഷ്ട്രീയ എതിരാളികൾക്കെതിരെ കൊല്ലും കൊലയും നടത്തിയും പൊതുതെരഞ്ഞെടുപ്പുകളെ അട്ടിമറിച്ചും പരസ്യമായിത്തന്നെ പ്രവർത്തിച്ചുപോന്ന ഹർമദ് ബാഹിനി, 2008-2011 കാലത്ത് ബംഗാളിലെ ലാൽഗഢ് മേഖലയിൽ നടന്നുവന്ന മാവോയിസ്റ്റ് കലാപത്തിെൻറ കാലത്താണ് പുറംലോകത്തിെൻറ വമ്പിച്ച ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാൽ, അപ്പോഴും ഇത്തരമൊന്നിെൻറ ഉത്തരവാദിത്തം പരസ്യമായി ഏറ്റെടുക്കാൻ സി.പി.എം നേതൃത്വം തയാറായില്ല. കേരളത്തിലെ സി.പി.എം നേതൃത്വത്തെപ്പോലെത്തന്നെ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് തങ്ങളുടെ ശൈലിയല്ലെന്ന് അവർ ആവർത്തിച്ചുകൊണ്ടിരുന്നു. പക്ഷേ, ബംഗാളിഭാഷയിലെ അവജ്ഞാനിർഭരമായ പദങ്ങളിലൊന്നായ ഹർമദിന്‍റെ പേരിലറിയപ്പെട്ട ഈ സ്വകാര്യസേന സൃഷ്ടിച്ച ചോരക്കളങ്ങളുടെ ഓർമകൾ അവിടത്തെ രാഷ്ട്രീയചരിത്രത്തിൽ ഇപ്പോഴും തിണർത്തുകിടക്കുന്നുണ്ട്.
രാഷ്ട്രീയ എതിരാളികളെ കായികമായി കൂടി നേരിടേണ്ടതാണെന്ന ഈ സമീപനത്തിന്‍റെ പുറത്ത് സി.പി.എം സ്വകാര്യമായി സംഘടിപ്പിച്ചുവെക്കുന്നതോ താൽക്കാലികമായി കൂടെ ചേർക്കുന്നതോ ആയ ക്രിമിനൽ സംഘങ്ങളുടെ പരിണാമഗതികളെക്കുറിച്ചാണ് വാസ്തവത്തിൽ കേരളം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉദ്വേഗപൂർവം ചർച്ചചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ഈ ലേഖകൻ കരുതുന്നത്. കരിപ്പൂർ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ടവരെ തങ്ങൾ മുേമ്പ പുറത്താക്കിയതാണെന്ന സി.പി.എം വാദത്തിൽത്തന്നെ ഇതിെൻറ തെളിവുണ്ട്. അതായത്, പുറത്താവുന്നതിനുമുമ്പ് ഈ ക്രിമിനലുകൾ ആ പാർട്ടിയുടെ സ്വകാര്യമായ കായികസംവിധാനങ്ങളുടെ ഭാഗമായിരുന്നു. അന്ന്, ഇത്തരക്കാർ നടത്തിയ രാഷ്ട്രീയ എതിരാളികളുടെ കൊലപാതകങ്ങൾ ഉൾപ്പെടെ ഒന്നിനെയും തള്ളിപ്പറയാൻ സി.പി.എം ഇപ്പോൾപോലും തയാറല്ല എന്നതിെൻറ അർഥവും അതുതന്നെയാണ്. ഇന്ന് സി.പി.എം നേതൃത്വം തങ്ങൾക്ക് വേണ്ടെന്നുവെക്കുന്ന ഈ ക്രിമിനൽ സംഘങ്ങൾ, കേരള പാർട്ടിയുടെ ഹർമദുകളായിരുന്നു ഈ അടുത്തകാലം വരെ.
2000-2008 കാലത്ത് കേരള സി.പി.എമ്മിനകത്ത് നടന്ന ചില ആഭ്യന്തരകലാപങ്ങളെ തുടർന്നാണ് സെൽഫ് ഡിഫൻസ് (എസ്.ഡി) ടീമുകൾ എന്നുവിളിക്കുന്ന ഈ ഹർമദുകൾ ഇവിടത്തെ പാർട്ടിപ്രവർത്തനത്തിെൻറ വ്യാപകവും സജീവവുമായ ഭാഗമാകാൻ തുടങ്ങിയത്. സാംസ്കാരികരംഗത്ത് അധിനിവേശ പ്രതിരോധ സമിതി എന്ന സംഘടന, തൃശൂരിൽ തളിക്കുളം സി.പി.എം എന്ന ഗ്രൂപ്, ഷൊർണൂരിൽ വിമത സി.പി.എം, ഇവയുടെ കൂട്ടായ്മയായി പ്രവർത്തിച്ച കമ്യൂണിസ്റ്റ് കാമ്പയിൻ കമ്മിറ്റി എന്നിവയെല്ലാം 2008ൽ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ ഉയർന്നുവന്ന വിമത സി.പി.എം സംഘവുമായി ചേർന്നുകൊണ്ട് റവലൂഷനറി മാർക്സിസ്റ്റ് പാർട്ടി എന്ന നിലയിൽ പ്രവർത്തിക്കാനാരംഭിച്ചത് സംഘടനാപരമായി കേരളത്തിലെ സി.പി.എമ്മിനെ ഞെട്ടിക്കുകയുണ്ടായി. പാർട്ടിക്കകത്ത് വിയോജിച്ചുനിന്ന വി.എസ് വിഭാഗത്തിെൻറ ഉറച്ച പിന്തുണയിലാണ് ഇത് നടക്കുന്നതെന്ന തോന്നൽ അവരുടെ വേവലാതിക്ക് ആക്കംകൂട്ടുകയും ചെയ്തു. എം.എൻ. വിജയൻ മാഷിന്‍റെ നേതൃത്വത്തിൽ പാർട്ടിയിൽ നടന്ന നാലാം ലോക വിരുദ്ധ സാംസ്കാരികസമരത്തിന്റെ തുടർച്ചയായിരുന്നു ഈ രാഷ്ട്രീയ പൊട്ടിത്തെറികൾ എന്ന കാര്യം ആളുകൾ ഇപ്പോഴും ഓർക്കുന്നുണ്ടാവും.
ഇതോടെയാണ് ബംഗാളിൽ തീവ്ര കമ്യൂണിസ്റ്റ് പാർട്ടിയായ മാവോയിസ്റ്റുകളെ ഹർമദ് ബാഹിനിയെ ഉപയോഗിച്ച് കായികമായി നേരിട്ടതുപോലെ ഇവിടത്തെ വിമത കമ്യൂണിസ്റ്റുകളുൾപ്പെടെയുള്ള രാഷ്ട്രീയ എതിരാളികളെ സെൽഫ് ഡിഫൻസ് ടീമുകളെന്ന പേരിൽ സ്വകാര്യമായി കായികപരിശീലനം നൽകി രൂപപ്പെടുത്തുന്ന പാർട്ടി ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് നേരിടാനുള്ള ശ്രമം സി.പി.എം ശക്തിപ്പെടുത്തിയത്. ആർ.എം.പി നേതൃത്വത്തിലുണ്ടായിരുന്ന മിക്കവരും അക്കാലത്ത് ആക്രമിക്കപ്പെടുന്നുണ്ട്. ഈ ലേഖകനുൾപ്പെടെ പലരെയും കൊല്ലാൻതന്നെ ശ്രമിച്ചു. ഒടുവിൽ 2012 മേയ് നാലിന് ആർ.എം.പിയുടെ കേരള സെക്രട്ടറിയായിരുന്ന ടി.പി. ചന്ദ്രശേഖരനെ സി.പി.എമ്മിന്‍റെ ഹർമദുകൾ നിഷ്ഠുരമായി കൊന്നതിന്‍റെ പശ്ചാത്തലമതാണ്. പക്ഷേ, കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച ആ കൊലപാതകത്തെ ഒരു ക്വട്ടേഷൻ പ്രവർത്തനമായി ചിത്രീകരിച്ചുകൊണ്ട് നിർബന്ധമായും കേസിൽ പ്രതികളാകേണ്ടിയിരുന്ന നേതാക്കന്മാരെ രക്ഷിച്ചെടുക്കാൻ സി.പി.എമ്മിന് സാധിച്ചു. അങ്ങനെ, കേരളത്തിലെ തങ്ങളുടെ ഹർമദ് ബാഹിനി പ്രവർത്തനത്തെ ജനങ്ങളിൽനിന്ന് മറച്ചുപിടിക്കാനും അവർക്കായി.
അതോടെ, ടി.പി കേസ് പ്രതികളായ കൊലയാളി ഹർമദുകൾ സി.പി.എം പാർട്ടിക്കകത്ത് വീരനായകന്മാരായിത്തീർന്നു. ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിയിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. 'കൊലയാളികളെ മാത്രം ഞാനെെൻറ വികാരത്തിന് പുറത്തുനിർത്തും' എന്ന് മഹാകവി നെരൂദ എഴുതിയത് ഓർക്കുക. പക്ഷേ, കേരള സി.പി.എം നേതൃത്വം ആ വഴിക്കുതന്നെ മുന്നോട്ടുപോയി. ടി.പിയുടെ കൊലയാളികളെ വീരനായകന്മാരാക്കാൻ കിട്ടിയ ഒരവസരവും അവർ പാഴാക്കിയില്ല. ഒപ്പം, സെൽഫ് ഡിഫൻസ് എന്ന പേരിലുള്ള ഹർമദ് ബാഹിനികളെ പരിശീലനം നൽകി സംഘടിപ്പിക്കുന്ന പ്രവർത്തനം വ്യാപകമാക്കുകയും അവരെ അഴിച്ചുവിട്ട് പുതിയ പുതിയ അക്രമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഷുക്കൂർ, ഷുഹൈബ്, േപരിയ തുടങ്ങിയ പേരുകളിൽ ചർച്ചചെയ്തുവരുന്ന മനസ്സാക്ഷിയെ ഞെട്ടിച്ച കൊലകളെല്ലാം അങ്ങനെ സംഭവിച്ചതാണ്. ഈ കൊലകൾ ചർച്ചയായതോടെ അതു നടത്തിയ പ്രതികളും പാർട്ടിയിൽ വീരന്മാരായി മാറി. ഇവരും ഇവരെപ്പോലെ ചിന്തിക്കുന്ന സി.പി.എം അണികളും സോഷ്യൽ മീഡിയയുടെ പ്രചാരണസാധ്യതകളെകൂടി പരമാവധി മുതലെടുത്തതോടെ, ഇത്തരക്കാർ പാർട്ടിക്കു മുകളിൽ ഒരു സമാന്തര സാമ്രാജ്യംതന്നെയായി വികസിച്ചുവന്നു. സ്വന്തമായി സേനകളുള്ള വെവ്വേറെ സൈന്യാധിപന്മാരായി ഇവരോരോരുത്തരും മാറി. ഈ സ്വകാര്യ സൈന്യാധിപന്മാരുടെ പേരുകളാണ് സി.പി.എം നേതാക്കന്മാർ ഇപ്പോൾ നിലവിളിച്ചുകൊണ്ടു പറയുന്നത്.
എക്കാലത്തും ഏതു ചെറിയ സൈന്യാധിപർ പോലും ലക്ഷ്യംവെക്കുക സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കാനാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയേ എപ്പോഴും അത് ചെയ്യാനാകൂ. ഈ കേരള സി.പി.എം ഹർമദുകളും കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വർണക്കടത്തും മയക്കുമരുന്ന് കടത്തും പിടിച്ചുപറിയും ക്വട്ടേഷൻ പ്രവർത്തനവും മറ്റും മറ്റുമായി അതു നിർബാധം നടന്നുവരുകയാണ്. കരിപ്പൂരിലെ അഞ്ചുപേരുടെ കൂട്ടമരണത്തെ തുടർന്ന് അതോരോന്നും ഇപ്പോൾ വെളിയിലെത്തുന്നു എന്നേയുള്ളൂ. പഴയ ഭാഷയിൽ പറഞ്ഞാൽ സത്യത്തിൽ സി.പി.എം വിതച്ചത് കൊയ്യുകയാണ്. അവർ അത് ഇനിയും ദീർഘകാലം കൊയ്തുകൊണ്ടിരിക്കാനാണ് പോകുന്നത് എന്നതിലും സംശയങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.