ഏഴരപ്പതിറ്റാണ്ട് പിന്നിടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സാമൂഹിക-മനുഷ്യാവകാശ ഇടപെടലുകൾ വിശകലനം ചെയ്യപ്പെടുന്നു. ദലിത് മുസ്ലിം വിഷയത്തിൽ സ്വീകരിച്ച നിലപാടുകളെ വിമർശിക്കുന്ന ലേഖകൻ, ആ നിലപാടാണ് ഒരു ബഹുജനസംഘടനയായി മാറുന്നതിൽ ജമാഅത്തിന് തടസ്സമായതെന്ന് നിരീക്ഷിക്കുന്നു..
1996ലെ അവസാന സായാഹ്നം. എറണാകുളം ടൗൺഹാളിൽ ഒരു മത സംവാദ പരിപാടി നടക്കുന്നു. അന്ന് കാര്യമായ പ്രശസ്തിയോ വിവാദങ്ങളോ കൂട്ടിനെത്തിയിട്ടില്ലാത്ത ഡോ. സാക്കിർ നായിക് ആണ് മുഖ്യപ്രഭാഷകൻ. ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യത്യസ്ത മതവേദ ഗ്രന്ഥങ്ങളിൽനിന്ന് അധ്യായവും വാചകവും വാക്കും എണ്ണിപ്പറഞ്ഞ് മറുപടി നൽകുന്നതിനിടെ കേൾവിക്കാരിലൊരാൾ സുന്ദരവും ലളിതവുമായ ഒരു സംശയം ചോദിക്കുന്നു. Will Allah love me? എന്നാണ് കൃഷ്ണ ഡി പുച്ച എന്ന് പരിചയപ്പെടുത്തിയ ആളുടെ സംശയം. ഒറ്റ വാക്കുകൊണ്ട് നേരിട്ട് മറുപടി പറയാവുന്ന, അതല്ലെങ്കിൽ വേദപുസ്തകത്തിൽനിന്ന് എത്രയേറെ ഉദാഹരണങ്ങളും ഉപമകളും എടുത്തുപറയാവുന്ന ചോദ്യം.
എന്നാൽ, I'm not an expert in love, I'm an expert in Quran എന്ന രൂക്ഷ മറുപടിയാണ് ഡോ. നായിക് നൽകിയത്. ചോദ്യകർത്താവിന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവും. ആകാശ ഭൂമിലോകങ്ങളിലെ സകല പടപ്പുകളെയും പടച്ച തമ്പുരാനാണ് അല്ലാഹു എന്നും മനുഷ്യന് മാത്രമല്ല, വീട്ടുകിണറ്റിലെ കുഞ്ഞുമത്സ്യത്തിന് മുതൽ കടലിനുള്ളിലെ നീലത്തിമിംഗലത്തിനുവരെ അന്നം നൽകുന്നത് ആ ശക്തിയാണെന്നും ചെറുപ്രായം മുതൽ പഠിച്ചുവിശ്വസിക്കുന്ന ഈ കുറിപ്പുകാരന് ചോദ്യകർത്താവിന് സംഭവിച്ചിരിക്കാവുന്ന അപമാനമോർത്ത് കണ്ണ് നിറഞ്ഞു. മതസംവാദമെന്നും ആശയസംവാദമെന്നും സ്നേഹസംവാദമെന്നും പേരിട്ട് നടത്തുന്ന പരിപാടികളിൽ സ്നേഹമോ, ആശയമോ, സംവാദമോ അല്ല, സംഘാടകരുടെ ശക്തിപ്രകടനം മാത്രമാണ് നടക്കുന്നതെന്ന് തോന്നിപ്പിക്കുന്ന പല അനുഭവങ്ങൾ വേറെയുമുണ്ടായിട്ടുണ്ട്. എന്നാൽ, ആ ധാരണ ഒരു പരിധിവരെയെങ്കിലും തിരുത്താൻ ശ്രമിച്ച കൂട്ടം എന്ന നിലയിലാണ് ജമാഅത്തെ ഇസ്ലാമിയെ ശ്രദ്ധിച്ചിട്ടുള്ളത്. ‘എനിക്ക് എന്റെ മതം, നിനക്ക് നിന്റെ മതം’ എന്ന ഖുർആൻ അധ്യാപനത്തെ പ്രയോഗവത്കരിക്കുന്ന ഇടങ്ങളാക്കി സംവാദവേദികളെ മാറ്റാൻ ആ സംഘടന യത്നിച്ചു, ‘വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും’ എന്ന ശ്രീനാരായണ ഗുരുദേവ വചനത്തെ അന്വർഥമാക്കുന്ന പക്വത പല സംവാദകരിലും കാണാനുമായി. പെരുന്നാൾ നമസ്കാര മൈതാനികളിലേക്കും പള്ളികളിലേക്കും സഹോദര സമൂഹങ്ങളിലെ നേതാക്കളെയും പുരോഹിതരെയും പ്രവർത്തകരെയും അതിഥികളായി ക്ഷണിച്ചും ഇഫ്താറിന്റെ ഇൗത്തപ്പഴമധുരം പങ്കുവെച്ചും മനസ്സുകൾ തമ്മിലെ അകലം കുറക്കാനുള്ള ദൗത്യത്തിന് ഒരു സംഘടന എന്ന നിലയിൽ തുടക്കമിട്ടത് ജമാഅത്തെ ഇസ്ലാമി തന്നെയാവും. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും പാർലമെന്റംഗമായിരുന്ന ജോർജ് ഈഡനും മറ്റും എറണാകുളം മറൈൻ ഡ്രൈവ് ഈദ്ഗാഹിലെത്തി പെരുന്നാൾ സന്തോഷത്തിൽ പങ്കുചേരുന്ന കാഴ്ച ഇപ്പോഴും ഓർമയിലുണ്ട്.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് കേട്ടുതുടങ്ങുമ്പോൾതന്നെ ആ കൂട്ടായ്മയെക്കുറിച്ചുള്ള എതിർവാദങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു അനുഭാവി പോലും നിയമനടപടി നേരിടാത്ത ഘട്ടത്തിൽ നിരോധം അടിച്ചേൽപിക്കപ്പെടുക എന്ന ഗുരുതര അവകാശലംഘനത്തിന് രണ്ടുവട്ടം ഇരയായ സംഘടന എന്ന നിലയിൽ ആ ആരോപണങ്ങൾക്കുപിന്നിൽ കൃത്യമായ താൽപര്യങ്ങളാണുള്ളതെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിക്കുന്ന ക്ഷേത്രത്തിനുള്ള തൂണുകളും ഗോപുരങ്ങളും ശിൽപവിദ്യകളും കോടതിവിധി വരുന്നതിനും വർഷങ്ങൾക്കു മുമ്പുതന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലെ പണിശാലകളിലായി തയാർ ചെയ്യപ്പെടുകയായിരുന്നല്ലോ. അതുപോലെ, കേന്ദ്രഭരണം കിട്ടുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് ഹിന്ദുത്വ ഇന്ത്യയുടെ നിർമിതിക്കായുള്ള ഉരുപ്പടികൾ പലയിടങ്ങളിലെ സംഘ്പരിവാർ പണിശാലകളിൽ തകൃതിയിൽ രൂപപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് ജമാഅത്ത് മതരാഷ്ട്രം സ്ഥാപിക്കാൻ ഒരുമ്പെടുന്നുവെന്ന ആരോപണം ഉച്ഛസ്ഥായിയിലായത്. ആശയതലത്തിൽ സംഘ്പരിവാറിന് നേരെതിരുകാരായ ഒരുവിഭാഗം ഇടതുപക്ഷ പ്രവർത്തകരും ലിബറലുകളും മുസ്ലിം സംഘടനകളും സന്നദ്ധസംഘടനകളും അവരുടെ മാധ്യമങ്ങളും ഈ ആശയത്തിന്റെ ബൗദ്ധിക് പ്രമുഖുമാരും പ്രചാരകരുമായി. തീർച്ചയായും ആരോപണങ്ങൾ ജമാഅത്തിനെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ടാവും. എന്നാൽ, അതിന് മറുപടി പറഞ്ഞ് കാര്യമായി ഊർജം ദുർവ്യയം ചെയ്തില്ല ആ സംഘടന.
രാഷ്ട്രനിർമിതിക്ക് തുനിഞ്ഞില്ലെങ്കിലും ഒരുപാട് ജീവിതങ്ങൾ കെട്ടിപ്പടുക്കാൻ അവർക്ക് സാധിച്ചു. വർഗീയ കലാപങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലും തകർന്നടിഞ്ഞതും, ഭരണകൂട അവഗണനയാൽ ഞെരിക്കപ്പെട്ടതും മറ്റുമായ സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ആ ജനങ്ങളെ ശാക്തീകരിക്കാനും അവർ ധൈര്യപൂർവം മുന്നിട്ടിറങ്ങി. കേരളത്തിന്റെ മുഖ്യമന്ത്രിക്കുപോലും പിന്തിരിയേണ്ടിവന്ന മാറാടിലെ കലാപഭൂമിയിലേക്ക് ധൈര്യസമേതം കടന്നുചെല്ലാനും പ്രക്ഷുബ്ധരായ ജനങ്ങളോട് ശാന്തമായി സംസാരിക്കാനും ഈ സംഘടനയുടെ നേതാക്കൾക്ക് സാധിച്ചെങ്കിൽ എഴുതി ഫലിപ്പിക്കാനാവാത്ത ഒരു സ്വാധീനവും ശക്തിയും ഈ മണ്ണിൽ അവർ നേടിയിട്ടുണ്ട് എന്നർഥം. കലാപം കത്തിയാളുന്ന ഉത്തരേന്ത്യൻ നഗരങ്ങളിൽ ഒന്നൊഴിയാതെ ദുരിതാശ്വാസവും നിയമസഹായവുമായി അവർ കുതിച്ചെത്തിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ, ആൾക്കൂട്ടക്കൊല, ബുൾഡോസർരാജ്, പൗരത്വ വിവേചനം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനമനസ്സുണർത്താനും ചെറുത്തുനിൽപ് നടത്താനും ഒരുചെറുസംഘത്തിന് ചെയ്യാവുന്നതിന്റെ പരമാവധി അവർ നിർവഹിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പുലർത്തിയ തുല്യതയും സമഭാവനയും ജമാഅത്തെ ഇസ്ലാമിയെ മതസംഘടനകൾക്കിടയിൽ വേറിട്ടതും സമൂഹങ്ങൾക്കിടയിൽ സ്വീകാര്യവുമാക്കി. നിരന്തര ജലപ്രളയങ്ങളാൽ മുറിവേറ്റ ബിഹാറിലെ കോസി മേഖലയിലും മറ്റും ഭരണകൂടവും ജനപ്രതിനിധികളും എത്തുന്നതിന് എത്രയോ മുമ്പ് പ്രളയജലം മുറിച്ചുകടന്ന് ആശ്വാസപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു അവരുടെ അഖിലേന്ത്യ നേതാവ് പ്രഫ. സിദ്ദീഖ് ഹസനും സംഘവും. മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ഭൂകമ്പബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസമൊരുക്കുമ്പോഴും ബംഗാളിലെയും ബിഹാറിലെയും ഗ്രാമങ്ങൾ ദത്തെടുത്ത് ശക്തിപ്പെടുത്തുമ്പോഴും പാലിച്ച സൂക്ഷ്മതയും തുല്യതയും ഭരണകൂട ഭീകരതക്കെതിരെ എഴുന്നേറ്റുനിൽക്കാൻ കാണിച്ച ധീരതയും ഇന്ത്യയിൽ പ്രവർത്തനത്തിന്റെ ഏഴരപതിറ്റാണ്ട് പൂർത്തിയാക്കുന്ന ഈ സംഘടനയുടെ ബാലൻസ് ഷീറ്റിന് കനംപകരുന്നു.
ഇത്രയേറെ സൂക്ഷ്മവും ശ്രദ്ധേയവുമായ തൃണമൂലതല പ്രവർത്തനങ്ങൾ നടത്തിയിട്ടും ജമാഅത്തെ ഇസ്ലാമി ഇന്നുമൊരു ബഹുജന സംഘടനയല്ല. പൊതുസമൂഹത്തിനിടയിൽ സ്വീകാര്യവും ചർച്ചാവിഷയവുമാകുമ്പോഴും മുസ്ലിം സമുദായത്തിലെ വലിയൊരു വിഭാഗത്തിനിടയിൽ ഇപ്പോഴും ലയിച്ചുചേരാൻ അവർക്കാവുന്നില്ല. കെട്ടിലും മട്ടിലും ഏറെ ഭംഗിയും വ്യത്യസ്തതകളുമുണ്ടായിട്ടും അകമെന്തെന്ന് കയറിക്കാണാൻ ആളുകൾ മടിക്കുന്ന വീടിനോടാണ് ആ അവസ്ഥയെ ഉപമിക്കാനാവുക. എതിർപ്രചാരണങ്ങളോ ഭരണകൂട ഇടപെടലുകളോ ഒന്നുമല്ല, ജാതിയെ സംബോധന ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് അതിന് കാരണമെന്നാണ് ഞാൻ പറയുക. ഇടതുപക്ഷ പാർട്ടികൾ വരുത്തിയ അതേ അബദ്ധം.
തൊഴിലിനും പഠനത്തിനും പദവിക്കും എന്നുവേണ്ട കുടിക്കുന്ന വെള്ളത്തിനുപോലും ജാതി എന്നത് ഇന്ത്യയിൽ ഒരു യാഥാർഥ്യമാണ്. ഇസ്ലാമിൽ ജാതീയതയോ വംശീയതയോ ഇല്ലെന്നു വരികിലും ഇന്ത്യൻ മുസ്ലിം ജീവിതം അതിൽനിന്ന് മുക്തമല്ല. രണ്ടാം നവോത്ഥാനമായ ഗൾഫ് കുടിയേറ്റവും അധികാര-വിദ്യാഭ്യാസ മേഖലകളിലെ പങ്കാളിത്തവുംവഴി ജാതിയെ ഒരുപരിധി വരെ (പൂർണമായി എന്നു പറയാനാവില്ല) മറികടന്ന കേരള മുസ്ലിം പരിസരങ്ങളിൽനിന്ന് ചിന്തിച്ചാൽ ഒരുപക്ഷേ ഇത് ബോധ്യമാവണമെന്നില്ല. ഞങ്ങൾ മേൽജാതിയാണ് എന്ന് വിശ്വസിക്കുകയും അഭിമാനപുരസരം പറയുകയും കീഴ്ജാതി മുസ്ലിംകളോട് അവജ്ഞയോടും അവഗണനയോടുംകൂടി ഇടപഴകുകയും ചെയ്യുന്ന മുസ്ലിം ബ്രാഹ്മണ്യം ഇന്ത്യയിൽ, വിശിഷ്യ ഉത്തരേന്ത്യയിലുണ്ട്. ഇസ്ലാം ആശ്ലേഷണം കഴിഞ്ഞ് തലമുറകൾക്കുശേഷവും രാത്തോഡ്, ചൗധരി, രജപുത് എന്നിങ്ങനെ പൂർവാശ്രമത്തിലെ ജാതിയും പേറി നടക്കുന്ന സയ്യിദ്, അശ്റഫി മുസ്ലിംകൾക്കാണ് അധികാരകേന്ദ്രങ്ങളിലും രാഷ്ട്രീയ പാർട്ടികളിലുമെല്ലാമെന്നതു പോലെ മുസ്ലിം സംഘടനകളുടെ നേതൃസ്ഥാനങ്ങളിലും മേൽക്കൈ. ദലിത്-പിന്നാക്ക സമൂഹങ്ങളിൽനിന്ന് ഇസ്ലാം ആശ്ലേഷിച്ച ജനത പിന്നാക്കക്കാരായി തുടരുന്നു. നെയ്ത്തുജോലി ചെയ്തിരുന്നവരുടെ പിന്മുറക്കാർ അൻസാരി മുസ്ലിംകളും തോട്ടിപ്പണി ചെയ്യുന്നവർ ഹലാൽഖോറുകളുമായി ജീവിക്കുന്നു. ദലിത് സമൂഹത്തെക്കാൾ പതിതർ എന്നാണ് സച്ചാർ സമിതി, പസ്മന്ദകൾ എന്നറിയപ്പെടുന്ന ദലിത് മുസ്ലിംകളെക്കുറിച്ച് പറഞ്ഞത്.
രാജ്യത്ത് അതിക്രമത്തിനിരയാവുന്ന ദലിത് പിന്നാക്ക സമൂഹങ്ങളോട് ഐക്യപ്പെടാനും ജാതി എന്ന തൂമ്പയെ തൂമ്പ എന്നു വിളിക്കാനും മുന്നോട്ടുവരുന്ന മുസ്ലിം സംഘടനകൾ സ്വസമൂഹത്തിലെ ജാതി ചിന്തക്കെതിരെ ശബ്ദിക്കാനുള്ള ബുദ്ധിപരമായ സത്യസന്ധത കാണിച്ചിട്ടില്ല, ജമാഅത്തെ ഇസ്ലാമി ഹിന്ദിനും ഇക്കാര്യത്തിൽ വ്യത്യസ്തത അവകാശപ്പെടാനാവില്ല. പാണ്ഡിത്യത്തിന്റെ അതുല്യത കൊണ്ട് ഡോ. എം. അബ്ദുൽഹഖ് അൻസാരി അഖിലേന്ത്യ അധ്യക്ഷപദത്തിലെത്തിയത് കാണാതെയല്ല ഈ വിമർശനം.
പസ്മാന്ദ സമൂഹത്തിൽനിന്ന് ഉയർന്നുവന്ന അലി അൻവർ അൻസാരിയെപ്പോലുള്ള നേതാക്കൾ തുല്യതക്കും അവകാശ സംരക്ഷണത്തിനുമായി നടത്തിയ പോരാട്ടങ്ങളെ പിന്തുണച്ച് മാറ്റത്തിന് വഴിതുറക്കാൻ ജമാഅത്തെ ഇസ്ലാമിക്ക് സാധിക്കുമായിരുന്നു. ദലിത് മുസ് ലിംകൾക്ക് സംവരണം ശിപാർശ ചെയ്ത ജസ്റ്റിസ് രംഗനാഥ മിശ്രയും മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ ആർജവപ്പെട്ട വി.പി. സിങ്ങും പസ്മാന്ദകൾക്ക് പാർട്ടിയിൽ മാന്യമായ ഇരിപ്പിടങ്ങൾ നൽകിയ നിതീഷ് കുമാറും പുലർത്തിയ സഹജഭാവംപോലും മുസ്ലിം നേതാക്കളും ധൈഷണികരും പ്രകടിപ്പിച്ചില്ല. രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ ജംഇയ്യതുൽ ഉലമായെ ഹിന്ദ് ദലിത് മുസ്ലികൾ ഒരു യാഥാർഥ്യമാണെന്ന് വർഷങ്ങൾക്കിപ്പുറം തുറന്നുസമ്മതിച്ചു. അപ്പോഴേക്ക് പസ്മാന്ദകളെ പാട്ടിലാക്കാനുള്ള കർമപദ്ധതികളുമായി പാതിദൂരം താണ്ടിയിരിക്കുന്നു, മോദി സർക്കാറും സംഘ്പരിവാറും. സ്ത്രീവിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകാനും സ്ത്രീകൾക്ക് സംഘടനയിലും സമ്മേളനവേദിയിലും മുൻനിരയിൽ സ്ഥാനം നൽകാനും ജമാഅത്ത് പുലർത്തിയ ശ്രദ്ധ ശുഭോദർക്കമാണ്. എന്നാൽ, ജസ്റ്റിസ് വർമ കമീഷനുമുന്നിൽ സമർപ്പിച്ചതുപോലെ, ബലാത്സംഗക്കുറ്റങ്ങൾ തടയാൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിദ്യാലയങ്ങൾ വേണമെന്ന മട്ടിലുള്ള നിലപാടുകൾ ഈ സംഘടനയെ ഒരു ഉത്തരേന്ത്യൻ മുല്ല സംഘടനയായി ചുരുക്കുന്നില്ലേ?
എണ്ണബലത്തിൽ ഒപ്പമെത്തില്ലെങ്കിലും മാധ്യമ, സമൂഹമാധ്യമ ഇടപെടലുകളിൽ കേരളത്തിലെങ്കിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംവിധാനങ്ങളോട് കിടപിടിക്കാൻ ജമാഅത്തെ ഇസ്ലാമിക്ക് സാധിക്കുന്നുണ്ട്. മറ്റു പല പാർട്ടികൾക്കുമുള്ളതുപോലെ സ്വയംപ്രഖ്യാപിത സമൂഹമാധ്യമ പോരാളികളും അവർക്കുണ്ട്. ജമാഅത്തിന്റെ പ്രത്യേകതകളിൽ ഒന്നായി ഈ കുറിപ്പിന്റെ തുടക്കത്തിൽ എണ്ണിയ സംവാദത്തിലെ സൂക്ഷ്മതയും മാന്യതയും പാലിക്കുന്നതിൽ ഇക്കൂട്ടർ അമ്പേ പരാജയമാണെന്നത് പറയാതിരിക്കാനാവില്ല.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.