ദാരിദ്ര്യവും വിലക്കയറ്റവും കിറ്റ് നൽകി തടയാനാകുമോ?

സമീപകാലത്തായി വളരെക്കൂടുതൽ കേൾക്കുന്ന ഒരു പദമാണ് 'ഫ്രീബീസ്'. സൗജന്യമായി നല്കപ്പെടുന്നവ എന്നാണ് ഇതിന്റെ ഏകദേശ മലയാള പരിഭാഷ. ഈ ഗണത്തിൽപെടുന്നതായിരുന്നു കോവിഡുകാലത്ത് കേരളത്തിൽ നൽകപ്പെട്ട 'കിറ്റ്'. ഏറ്റവും ഒടുവിലത്തേതാകട്ടെ, ഓണക്കാലത്തു നൽകുമെന്ന് പറയപ്പെടുന്ന പതിനാലിന 'കിറ്റും'.

'കിറ്റി'ന്റെ രാഷ്ട്രീയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് തെളിയിച്ചതാണ്. എന്നാൽ, കിറ്റിന്റെ സാമ്പത്തികവശം സംബന്ധിച്ച് വിശദ ചർച്ചകൾ ഇനിയും നടന്നിട്ടില്ല. ഇതുവരെ വന്ന വിശകലനങ്ങളാകട്ടെ, സംസ്ഥാനത്തിന്റെ ദുർബല സാമ്പത്തിക നിലയെയും ഭാവി വികസനംതന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ വളർന്നുകൊണ്ടിരിക്കുന്ന കടത്തെയും കേന്ദ്രീകരിച്ചുള്ളവയാണ്. ഓണക്കാല കിറ്റിനുവേണ്ടിയുള്ള ചെലവുമാത്രം 435 കോടി രൂപവരും. 'കിറ്റി'ന്റെ ആനുകൂല്യം, മഹാമാരി ക്കാലത്തെന്നപോലെ സംസ്ഥാനത്ത് എല്ലാവർക്കും ലഭ്യമാക്കാനാണ് തീരുമാനം. അതായത്, സാമ്പത്തികമായി ഉന്നതശ്രേണിയിൽ നിൽക്കുന്നവരെയും ഏറ്റവും താഴെക്കിടയിൽ നിൽക്കുന്നവരെയും തുല്യരായാണ് സർക്കാർ ഗണിക്കുന്നത്. ഇതാകട്ടെ, ഭരണഘടനയുടെ 14ാം അനുച്ഛേദം വിവക്ഷിക്കുന്ന തുല്യനീതിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നു മാത്രമല്ല, സംസ്ഥാനം ദീർഘകാലമായി അനുവർത്തിച്ചുവരുന്നുവെന്ന് ഇടതു പക്ഷമെങ്കിലും അവകാശപ്പെടുന്ന പുനർ വിതരണ നയങ്ങളിൽ നിന്നുള്ള വ്യതിയാനവും കൂടിയാണ്.

സർക്കാർ നൽകുന്ന സൗജന്യാനുകൂല്യം എല്ലാ സാമ്പത്തിക വിഭാഗങ്ങൾക്കും ഒരേതരത്തിൽ പ്രാപ്തമാക്കുന്നത്, സർക്കാർ നയങ്ങൾ പരമാവധി ആളുകൾക്ക് പരമാവധി സംതൃപ്തി നല്കുന്നതാകണമെന്ന ബെന്താമിയൻ ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ, ആധുനിക നീതിസാരം ഇതിനോട് യോജിക്കുന്നില്ല. ആധുനിക ക്ഷേമ സാമ്പത്തിക ശാസ്ത്രത്തെയും നീതി ശാസ്ത്രത്തെയും ഒരുപോലെ സ്വാധീനിച്ചിട്ടുള്ള പ്രസിദ്ധ ചിന്തകനായ ജോൺ റൗൾസിന്റെ അഭിപ്രായത്തിൽ (രണ്ടാമത്തെ റൗൾസ് തത്ത്വം) ഒരു നടപടി നീതിപൂർവകമാകുന്നത്, അത് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവർക്കു അനുകൂലമാകുമ്പോഴാണെന്നാണ്.

ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ ഒന്ന് വിൽഫ്രഡോ പരേറ്റോ എന്ന ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞന്റേതാണ്. ഒരു സാമൂഹിക വിഭാഗത്തിന്റെ ക്ഷേമത്തിന് കോട്ടം തട്ടാത്ത തരത്തിൽ മറ്റൊരു വിഭാഗത്തിന്റെ ക്ഷേമം വർധിപ്പിക്കാനായാൽ അത് സമൂഹത്തിന്റെ മൊത്തം ക്ഷേമത്തെ അഭിവൃദ്ധിപ്പെടുത്തും എന്നതാണ് പരേറ്റോയുടെ മതം. എന്നാൽ, അമർത്യ സെൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഏറ്റവും പാവപ്പെട്ടവന്റെ സാമ്പത്തിക നിലയിൽ ഒരു മാറ്റവുമുണ്ടാക്കാതെ ധനിക വിഭാഗത്തിന്റെ സാമ്പത്തിക നിലവാരം വർധിപ്പിച്ചാൽ അത് പരേറ്റോയുടെ ദൃഷ്ടിയിൽ സമൂഹത്തിന്റെ പൊതുവായ ക്ഷേമ വർധനക്കുതകുമെങ്കിലും സാമ്പത്തികാസമത്വം ഊട്ടിയുറപ്പിക്കുകയായിരിക്കും ചെയ്യുക. ഇതേ യുക്തിയുടെ അടിസ്ഥാനത്തിൽ, ധനികനും പാവ പ്പെട്ടവനും ഒരേ ആനുകൂല്യം നൽകുകയാണെങ്കിൽ നിലവിലുള്ള സാമ്പത്തികാസമത്വത്തെ മാറ്റം കൂടാതെ നിലനിർത്തുകയായിരിക്കും ഫലം. ഇവിടെയാണ് കിറ്റിന്റെ സാമ്പത്തിക ശാസ്ത്രം പ്രസക്തമാകുന്നത്.

ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനം എന്ന ഖ്യാതി കേരളത്തിനുണ്ട്. പരമ്പരാഗതമായി, ദാരിദ്ര്യത്തിന്റെ വ്യാപ്തി നിർണയിക്കുന്നത് ഗാർഹിക ഉപഭോഗ സർവേ വഴി ശേഖരിക്കുന്ന ഉപഭോഗ ചെലവിന്റെ അടിസ്ഥാനത്തിലാണ്. 2011-12ൽ ദേശീയ സാമ്പിൾ സർവേ സംഘടന ഇപ്രകാരം നടത്തിയ സർവേയുടെ ഫലങ്ങളാണ് ഇതിൽ ഏറ്റവും ഒടുവിലായി ലഭ്യമായിട്ടുള്ളത്. (2016-17ൽ നടത്തപ്പെട്ട സർവേയുടെ ഫലം കേന്ദ്ര സർക്കാർ ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ട് നമുക്ക് ഇതിൽ തൃപ്തിയടയാം). ഇതനുസരിച്ച്, ഇന്ത്യയിൽ 21.9 ശതമാനം ആൾക്കാർ ദാരിദ്ര്യരേഖക്കുതാഴെ ഉള്ളവരായിരിക്കുമ്പോൾ കേരളത്തിൽ ഇത് 9.14 ശതമാനം മാത്രമാണ്. ഇതിന് പലകാരണങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും ശക്തമായ ഒരു പൊതുവിതരണ സമ്പ്രദായം വഹിച്ച പങ്ക് തള്ളിക്കളയാവതല്ല. സർക്കാറുകൾ സാധനങ്ങളായി നൽകുന്ന സൗജന്യ കൈമാറ്റങ്ങൾ (in-kind transfers) ദാരിദ്ര്യത്തിന്റെ വ്യാപ്തി കുറക്കുമെന്നാണ് സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നതും (പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനായ സുർജിത് സിങ് ഭല്ലയും കൂട്ടരും നടത്തിയ, 2022ലെ അന്തർദേശീയ നാണയനിധിയുടെ പ്രബന്ധം കാണുക). ഇക്കാരണം കൊണ്ടുതന്നെ, പാവപ്പെട്ടവർക്കായി പരിമിതപ്പെടുത്തുന്ന സൗജന്യ സാധന കൈമാറ്റങ്ങൾ ശ്ലാഘനീയമല്ല എന്ന് ഗണിക്കുന്നതു തികച്ചും തെറ്റായിരിക്കും. എന്നാൽ, ഇത്തരം കൈമാറ്റം എല്ലാവർക്കും ബാധകമാക്കുമ്പോൾ അത് അല്പം പോലും ശ്ലാഘനീയമല്ലാതാവുകയാണ് ചെയ്യുന്നത്. അതേസമയം തന്നെ, കിറ്റിന്റെ രൂപത്തിൽ ഒറ്റ തവണത്തേക്കുമാത്രം നൽകപ്പെടുന്ന സൗജന്യ കൈമാറ്റം ദാരിദ്ര്യം കുറക്കാൻ ഉതകുമെന്ന് കരുതുന്നതും മൗഢ്യമാണ്.

ഏറ്റവും കുറഞ്ഞ തോതിൽ ദാരിദ്ര്യമുള്ള സംസ്ഥാനം എന്ന നേട്ടം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും സാമ്പത്തികാസമത്വമുള്ള സംസ്ഥാനവും കേരളമാണെന്നത് വിസ്മരിക്കരുത്. കേരളത്തിലെ ഉപഭോഗ ചെലവിലെ അസമത്വത്തിന്റെ ഒരു പ്രത്യേകത, ഉയർന്ന വരുമാനക്കാരായ ആളുകളുടെ ഉപഭോഗ ചെലവ് താഴെയുള്ളവരെ അപേക്ഷിച്ച് വളരെ ഉയർന്നതാണെന്നതാണ്. 2011-12ലെ എൻ.എസ്.എസ്.ഒ കണക്കനുസരിച്ച് ഉപഭോഗ ചെലവിൽ ഏറ്റവും മുകളിൽ വരുന്ന ഒരു ശതമാനം ആൾക്കാരിൽ, ഒരാൾ പ്രതിമാസ ഉപഭോഗത്തിനുവേണ്ടി ചെലവിടുന്നത് 12965 രൂപയാണ്. ഇതാകട്ടെ, ഏറ്റവും താഴേത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ പ്രതിശീർഷ ഉപഭോഗ ചെലവിന്റെ (561.14 രൂപ) 23 മടങ്ങാണ്.

വരുമാനം ഉയരുന്തോറും ഭക്ഷണച്ചെലവിന്റെ അനുപാതം കുറയുമെന്നത് സാമ്പത്തിക ശാസ്ത്രത്തിലെ ഒരു അടിസ്ഥാന സിദ്ധാന്തമാണ്. ഏംഗൽസ് നിയമമെന്നറിയപ്പെടുന്ന ഇതിന്റെ വേറൊരു വശമാണ് വരുമാനം ഉയരുന്തോറും പരമ്പരാഗത ഭക്ഷണങ്ങളിൽനിന്ന് ആൾക്കാർ വ്യതിചലിക്കുമെന്നതും. ഗണ്യമായ തോതിൽ വരുമാനം ഉയരുമ്പോൾ നേരത്തെ ഉപയോഗിച്ചിരുന്ന ഭക്ഷണവസ്തുക്കൾ തരംതാണവയായി ഗണിക്കപ്പെടുകയെന്നതാണ് ഇതിന്റെ കാതൽ.

ആവശ്യക്കാരനെയല്ലേ പിന്തുണക്കേണ്ടതെന്നതാണിവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം. പൊതുവിതരണ സമ്പ്രദായത്തിൽ ഏതാനും വർഷം മുമ്പ് കൊണ്ടുവന്ന മാറ്റങ്ങൾപോലും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. മാത്രമല്ല, ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഓണക്കിറ്റ് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായി പരിമിതപ്പെടുത്തിയാൽ അതിനുള്ള ചെലവ് ഇപ്പോൾ പറഞ്ഞിട്ടുള്ളതിന്റെ പന്ത്രണ്ടിൽ ഒരംശം മാത്രമായിരിക്കും. അഥവാ, ഇപ്പോൾ ചെലവഴിക്കുമെന്നു പറഞ്ഞിട്ടുള്ള 435 കോടി രൂപ ദരിദ്രർക്കുള്ള സാധന കൈ മാറ്റത്തിനുമാത്രം വിനിയോഗിച്ചാൽ മാസത്തിൽ ഒരു കിറ്റ് വീതം 12 മാസവും കൊടുക്കാൻ കഴിയും. എല്ലാ കാലത്തും എല്ലാ മനുഷ്യർക്കും ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യസുരക്ഷയുടെ കാതൽ എന്നിരിക്കേ, പുരോഗമനമുഖം അവകാശപ്പെടുന്ന ഒരു സർക്കാർ സ്വീകരിക്കേണ്ട നയവും ഇതായിരിക്കണം. അല്ലെങ്കിൽ അത് കേവലം വോട്ടുബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വെക്കുന്നതായിരിക്കുമെന്നതിൽ സംശയമില്ല.

കിറ്റ് ഉൾപ്പെടെയുള്ള സാധന കൈമാറ്റങ്ങൾ ദാരിദ്ര്യ നിർമാർജനത്തിൽ ഉണ്ടാക്കുന്ന ഫലം സ്ഥായിയായിരിക്കില്ലെന്നോർക്കണം. ദാനം നൽകുന്നതിലൂടെയല്ലാ ദാരിദ്ര്യത്തിന് പരിഹാരം കാണേണ്ടത്. പ്രത്യുത, കൂടുതൽ തൊഴിലവസരങ്ങളും വരുമാന മാർഗങ്ങളും സൃഷ്ടിച്ചുകൊണ്ടാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി പ്രസക്തമായതും ഇക്കാരണത്താലാണ്.

ഇനി, അഥവാ സർക്കാർ ലക്ഷ്യം ഓണക്കാലത്തുണ്ടാകാനിടയുള്ള വില വർധനവിനെ തടഞ്ഞുനിർത്തുക എന്നതാണെങ്കിൽ, എങ്ങനെയായിരുന്നു മുൻവർഷങ്ങളിൽ ഇത് കൈകാര്യം ചെയ്തിരുന്നതെന്നു നോക്കിയാൽ മതിയാകും. സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ് എന്നിവയുടെ സജീവ സാന്നിധ്യവും ഇവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഓണച്ചന്തകളും വഴിയായിരുന്നു ഇ. ചന്ദ്രശേഖരൻ നായരെപ്പോലുള്ള നിങ്ങളുടെ പൂർവസൂരികൾ കമ്പോളത്തിൽ ഇടപെട്ടത്. അവ ഫലപ്രദവും ആയിരുന്നു എന്നോർക്കണം.

വിശപ്പകറ്റാൻ ഭക്ഷണം നൽകുന്നതിനെ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. എന്നാൽ, അത് ആവശ്യക്കാരന്റെ കൈകളിലായിരിക്കണം എത്തിച്ചേരേണ്ടതെന്നുമാത്രം. സെർവാന്റിസിന്റെ ഡോൺ ക്വിക്സോട്ടിൽ നൽകുന്ന ഒരുപദേശം സൂചിപ്പിച്ചുകൊണ്ട് ഈ ചെറുകുറിപ്പ് അവസാനിപ്പിക്കാം: 'ജനത്തിന്റെ വിശ്വാസ്യത നേടുന്നതിന് രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എല്ലാവരോടും വിനയമുള്ളവനായിരിക്കുക എന്നതാണ് അതിലൊന്ന്. ജനത്തിനുള്ള ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുക എന്നതാണ് മറ്റൊന്ന്. ദരിദ്രനെ സംബന്ധിച്ചിടത്തോളം, മറ്റേത് വിപത്തിനേക്കാളും താങ്ങാൻ കഴിയാത്തതു വിശപ്പായിരിക്കും'.

(സാമ്പത്തിക ശാസ്ത്രജ്ഞനും തിരുവനന്തപുരം സർക്കാർ വനിതാ കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയുമാണ് ലേഖകൻ)

Tags:    
News Summary - Can poverty and inflation be prevented by providing kits?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.