നമ്മുടെ സ്വാതന്ത്ര്യത്തിന് 75 ആണ്ട് തികയാനിരിക്കെ ഇന്ത്യയിൽ എല്ലാ വിഭാഗങ്ങളും ഉറക്കെ ചോദിക്കുന്ന ചോദ്യമാണ്, നാം എവിടെയാണെന്നും സത്യത്തിൽ എവിടെ ആകേണ്ടിയിരുന്നുവെന്നും.
ഉള്ള വിഭവങ്ങൾ നീതിപൂർവം ഉപയോഗിക്കലാണ് ഇപ്പോൾ സമയത്തിന്‍റെ ആവശ്യം. രാജ്യത്തെ വിശാലമായ ജനതതിയെ ഒട്ടും പരിഗണനക്കെടുക്കാതെ, വ്യക്തി താൽപര്യങ്ങൾ ജയിക്കുന്ന വിലക്ഷണമായ തീരുമാനങ്ങൾ വലിയ കളങ്കമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബുദ്ധിപൂർവമായ, ആഴമേറിയ പരിശോധന ആവശ്യമുള്ള വിഷയമാണിത്. 20,000 കോടി മുടക്കി ഒരുങ്ങുന്ന സെൻട്രൽ വിസ്റ്റ പദ്ധതി ഉത്തരങ്ങളെക്കാൾ മുന്നിൽ നിർത്തുന്നത് ചോദ്യങ്ങളാണ്.
ഇന്നത്തെ ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഓക്സിജൻ കിട്ടാതെ മരിച്ചത് അനവധി പേർ. ഓക്സിജൻ മാത്രമല്ല, കട്ടിലും ഒഴിവില്ലാതെ ആയിരങ്ങൾക്ക് ആശുപത്രി പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. രാജ്യം പ്രാണവായുവിനായി പിടയുകയാണ്. ഒറ്റരാത്രിയിൽ പൊട്ടിമുളച്ചതല്ല ഈ പ്രതിസന്ധി. കഴിഞ്ഞ ഒക്ടോബറിൽ തന്നെ പാർലമെന്‍ററി ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ഓക്സിജൻ ക്ഷാമത്തെ കുറിച്ച് സർക്കാറിന് മുന്നറിയിപ്പ് നൽകിയതാണ്. അതിനുമുമ്പ്, രാജ്യം ലോക്ഡൗണിലായി ഒരാഴ്ച മാത്രം കഴിഞ്ഞ് കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി ഇതേ വിഷയം അറിയിക്കുകയും ചെയ്തിരുന്നു.
പക്ഷേ, കോവിഡിൽ വലഞ്ഞ് രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ ചുരുങ്ങിപ്പോയത് 'ദൈവ കോപ'മാണെന്ന അസംബന്ധമായ യുക്തിയായിരുന്നു സർക്കാറിന്‍റെത്. 14 മാസം കഴിഞ്ഞ് ഇവിടെയെത്തിയിട്ടും നമുക്ക് ആരെയും കുറ്റപ്പെടുത്താനാകുന്നില്ല.
മോദി സർക്കാറിന്‍റെ പ്രവർത്തനങ്ങളിലെ ഔചിത്യം കണക്കാക്കാൻ നമുക്കു മുന്നിൽ മൂന്നു വഴികളുണ്ട്: ഫണ്ടും മറ്റു വിഭവങ്ങളും സെൻട്രൽ വിസ്റ്റ പദ്ധതിക്കായി നീക്കിവെക്കുന്നതിലെ ധാർമികതയാണ് ഒന്നാമത്തേത്. തെറ്റായ മുൻഗണനകൾ രണ്ടാമത്. സമയമാണ് മൂന്നാം പ്രശ്നം.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് 14 മാസവും, രണ്ടാം തരംഗത്തെയും ഓക്സിജൻ ക്ഷാമത്തെയും കുറിച്ച ്വിദഗ്ധരുടെ മുന്നറിയിപ്പ് ഏഴു മാസവും 2021ലെ ബജറ്റ് അവതരിപ്പിച്ച് മൂന്നുമാസവുമായെന്നത് പരിഗണിക്കുേമ്പാൾ സെൻട്രൽ വിസ്റ്റ പദ്ധതിക്ക് 2020 സെപ്റ്റംബറിൽ അംഗീകാരം നൽകി 2021 ജനുവരിയിൽ നിർമാണം തുടങ്ങിയെന്നത് അമ്പരപ്പിക്കുന്നതാണ്. മാത്രവുമല്ല, മുടങ്ങാതിരിക്കാൻ ഇതിന് അടിയന്തര സേവന ടാഗും നൽകിയിട്ടുണ്ട്.
2021ലെ ബജറ്റിൽ മഹാമാരിക്കെതിരായ പോരാട്ടത്തിന് അനുവദിച്ച തുക കൂടി ഇതിനോട് ചേർത്ത് വായിക്കുക. ആരോഗ്യ മേഖലക്ക് 137 ശതമാനം അധിക തുക അനുവദിച്ചെന്നത് ഒരു നാട്യമായിരുന്നു. കോവിഡ് മഹാമാരിക്കെതിരായ പ്രവർത്തനങ്ങൾക്ക് 35,000 കോടിയാണ് അനുവദിച്ചിരുന്നത്, അതും വാക്സിനേഷന്. എന്നാൽ, പുതിയ സാമ്പത്തിക വർഷം തുടങ്ങി ഒരു മാസത്തിനിടെ അതിന്‍റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെയും ഓരോ വീട്ടുകാരന്‍റെയും തലയിലേക്ക് മാറ്റിയിരിക്കുന്നു. വെന്‍റിലേറ്ററുകൾ, ഓക്സിജൻ കണ്ടെയ്നറുകൾ, കോൺസൻട്രേറ്റേറുകൾ എന്നിവങ്ങനെ ഈ മാരക വൈറസിനെ ചെറുക്കാനാവശ്യമായ ദൗത്യത്തിനു വേണ്ടി ബജറ്റിൽ വല്ലതുമുണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു. വർഷാവസാനത്തോടെ മൂന്നാം തരംഗവും രാജ്യത്തെ കാത്തിരിക്കുേമ്പാൾ വിശേഷിച്ചും.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം എത്ര ആശുപത്രികൾ നിർമിച്ചു? ഒന്നുപോലുമില്ല. ഒരു 'എയിംസ്' സ്ഥാപിക്കാൻ പോലും 1,000- 1,200 കോടി മതിയെന്നിരിക്കെ കഴിഞ്ഞ 14 മാസങ്ങളിൽ കുറച്ച് സൂപർ സ്പെഷാലിറ്റി ആശുപത്രികളെങ്കിലും നിർമിച്ചുകൂടായിരുന്നോ? സെൻട്രൽ വിസ്റ്റ പദ്ധതി രണ്ടു വർഷം കൊണ്ട് പൂർത്തിയാകാനിരിക്കുകയാണ്. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് ആറു വർഷം പിന്നിട്ട മധുര എയിംസ് ഇപ്പോഴും പാതിവഴിയിലാണ്. അവിടെയാണ് മുൻഗണനകളിലെ പാകപ്പിഴകൾ പുറത്തെത്തുന്നത്. രാജ്യം മറ്റൊരു ലോക്ഡൗണിലേക്കും അതുവഴി 'ജീവനും ഉപജീവനും' തമ്മിലെ പോരിലേക്കും നീങ്ങുേമ്പാൾ, സെൻട്രൽ വിസ്റ്റക്കായി നീക്കിവെച്ച തുക പാവപ്പെട്ടവർക്കും തൊഴിലില്ലാത്തവർക്കും പ്രയോജനപ്പെടുന്ന മറ്റു പദ്ധതികൾക്കായി വിനിയോഗിച്ചുകൂടായിരുന്നോ?
സമയത്തിന്‍റെ പരിപ്രേക്ഷ്യത്തിൽ വിഷയത്തെ ഒന്നു കാണാൻ ശ്രമിക്കാം. ഈ പ്രതിസന്ധി നമുക്ക് ഏഴു മാസത്തെ ഇടവേള നൽകിയിരുന്നു. പക്ഷേ, നാം എപ്പോഴാണ് ഉറക്കംവിട്ടുണർന്നത്? മോദി സർക്കാർ രണ്ട് വാക്സിൻ നിർമാതാക്കൾക്ക്- സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്- 4,500 കോടി രൂപ അനുവദിക്കുന്നത് 2021 ഏപ്രിൽ 19നാണ്. മൂേന്നാ നാലോ മാസം കഴിഞ്ഞ് നിർമാണം കൂട്ടാനേ ഈ തുക ഉപകരിക്കൂ. വാക്സിനേഷൻ 100 ദിവസം പൂർത്തിയായിട്ടും ജനസംഖ്യയുടെ രണ്ടു ശതമാനത്തിനു മാത്രമാണ് പൂർണമായി വാക്സിൻ നൽകാനായത്. വിദേശ നിർമാതാക്കളിൽ നിന്ന് കൂടുതൽ വാക്സിൻ സമാഹരിക്കാൻ ആകേണ്ടിയിരുന്നു മുൻഗണന. പുതുതായി 551 പി.എസ്.എ മെഡിക്കൽ ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുക്കുന്നത് ഏപ്രിൽ 25ന്. 61,000 പുതിയ വെന്‍റിലേറ്ററുകൾക്ക് ഓർഡർ നൽകുന്നത് മേയ് ഒന്നിനും. പുര കത്തിയാളുേമ്പാൾ മാത്രം മോദി സർക്കാറിന് അണക്കാനുള്ള വഴികളെ കുറിച്ച് വിവേകമുദിക്കുന്നത് നാണക്കേടാണ്.
കല്ലിലും കുമ്മായത്തിലും പേരു കൊത്തിക്കുന്നതിന് പകരം ജനങ്ങളുടെ ഹൃദയത്തിലാകാൻ പണിപ്പെടുന്നവരോട് ചരിത്രം എന്നും കനിവു കാണിച്ചിട്ടുണ്ട്. നാം പരിമിത വിഭവങ്ങൾ മാത്രമെങ്കിലും ശക്തിയേറെ സ്വന്തമുള്ള ഒരു രാജ്യമാണ്. വിവേകപൂർണവും ജാഗ്രത്തുമായ തീരുമാനം എടുക്കുന്നതിലാണ് ഇവിടെ മിടുക്ക്. വൈറസ് ബാധിച്ച് ആശുപത്രികളിൽനിന്ന് അടുത്തതിലേക്ക് അലയാൻ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരോട് നാം കാണിച്ചിരിക്കുന്നത് വലിയ നീതികേടാണ്. പാർലമെന്‍റ് അംഗങ്ങളെ അത്യാർഭാട ഭവനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് പകരം മനുഷ്യജീവന് വില നൽകുന്ന, ആരോഗ്യത്തിനും സന്തോഷത്തിനും കൂടുതൽ നിക്ഷേപിക്കുന്ന 75ാം വയസ് ആശംസിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.