അധിനിവേശത്തിനു മുമ്പ് തദ്ദേശ യഹൂദന്മാരും മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ പറയത്തക്ക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അറബ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല അധിനിവേശവും അതിനെതിരായ പോരാട്ടവും. ആയുധമേന്തിയവരും തൂലിക പിടിച്ചവരും ളോഹ ധരിച്ചവരുമായി പല അടരുകളുള്ളതാണ് ഈ പോരാട്ടത്തിലെ ക്രൈസ്തവ ആഭിമുഖ്യം
ഫലസ്തീൻ അറബ് മുസ്ലിംകളുടെ മാത്രം പ്രശ്നമാണോ? യഹൂദർക്കും മുസ്ലിംകൾക്കും ക്രൈസ്തവർക്കും ഒരുപോലെ പുണ്യഭൂമിയാണ് ഫലസ്തീൻ. അബ്റഹാമീ പാരമ്പര്യം പങ്കിടുന്നവർ എന്നനിലയിൽ മൂന്നുവിഭാഗങ്ങളും സൗഹാർദപൂർവം കഴിഞ്ഞുപോന്ന നാടായിരുന്നു ഒരുകാലത്തത്. സയണിസ്റ്റ് അധിനിവേശമാണ് ആ നാടിനെ സംഘർഷഭരിതമാക്കിയത്. അധിനിവേശത്തിന് മുമ്പ് തദ്ദേശ യഹൂദന്മാരും മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ പറയത്തക്ക പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അറബ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല അധിനിവേശവും അതിനെതിരായ പോരാട്ടവും. ആയുധമേന്തിയവരും തൂലിക പിടിച്ചവരും ളോഹ ധരിച്ചവരുമായി പല അടരുകളുള്ളതാണ് ഈ പോരാട്ടത്തിലെ ക്രൈസ്തവ ആഭിമുഖ്യം.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം മൂർച്ഛിച്ച 2010 നവംബറിൽ ദോഹയിൽ ഇസ്ലാമിക ഉച്ചകോടി സമ്മേളിച്ചപ്പോൾ ഈ ലേഖകനും അവിടെ ഉണ്ടായിരുന്നു. ഫലസ്തീൻ പ്രശ്നത്തിൽ മധ്യ പൗരസ്ത്യദേശത്തെ ക്രൈസ്തവസമൂഹത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഫലസ്തീനിൽനിന്നും സിറിയയിൽനിന്നുമുള്ള ക്രൈസ്തവ പാതിരിമാർ ആ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി. അന്ന് ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കാൻ അവസരം ലഭിച്ച രാഷ്ട്രത്തലവന്മാർക്കൊപ്പം ഫലസ്തീനിലെ ‘അൽ ഖിയാമ കനീസ’ (തിരുപ്പിറവിപ്പള്ളി)യിലെ ബിഷപ് അത്വല്ല ഹന്നയുമുണ്ടായിരുന്നു. അൽ-അഖ്സാ മസ്ജിദിന് നേരെയുള്ള ഏതൊരു കൈയേറ്റവും ക്രിസ്തുവിന്റെ തിരുപ്പിറവിപ്പള്ളിക്ക് നേരെയുള്ള ആക്രമണമായാണ് തങ്ങൾ കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം ഫലസ്തീൻ വിമോചന പോരാട്ടത്തിന് ക്രൈസ്തവ ജനതയുടെ സമ്പൂർണ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ആധ്യക്ഷ്യം വഹിച്ച ഖത്തർ അമീർ ശൈഖ് ഹമദ്ബ്നു ഖലീഫ മറ്റെല്ലാ പ്രസംഗകർക്കും ഇരിപ്പിടത്തിലിരുന്ന് നന്ദി പറഞ്ഞപ്പോൾ ബിഷപ് അത്വല്ലയുടെ അരിൽചെന്ന് ഇരുകവിളിലും ഉമ്മവെച്ചുകൊണ്ടാണ് നന്ദി പ്രകടിപ്പിച്ചത്. അതേവർഷം ഡിസംബറിൽ ഇസ്രായേലി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചർച്ചുകൾ ക്രിസ്മസ് ആഘോഷങ്ങളുടെ പൊലിമ കുറക്കുകയുണ്ടായി. ഫലസ്തീനിൽ മാത്രമല്ല, അമേരിക്കയിലെയും ചില ക്രൈസ്തവ വിഭാഗങ്ങൾ ക്രിസ്മസ് വിളക്കുകൾ കൊളുത്തേണ്ടെന്ന് തീരുമാനിച്ചതായി കോളമിസ്റ്റ് റയ്ഹനാൻ (അവരും ഒരു ക്രിസ്ത്യാനിയാണ്) എഴുതിയതായി ഓർക്കുന്നു. ഇസ്രായേലിന്റെ നരനായാട്ട് നടക്കുമ്പോഴൊക്കെ പോരാളികൾക്ക് അഭയം നൽകാനും തിരുപ്പിറവിപ്പള്ളി മടിക്കാറുണ്ടായിരുന്നില്ല.
പി.എൽ.ഒവിനുവേണ്ടി ആയുധ കള്ളക്കടത്ത് നടത്തിയ ഒരു പാതിരിയുമുണ്ടായിരുന്നു -റോമൻ കത്തോലിക്കാ മെത്രാൻ ഹിലാരിയൻ കാപൂച്ചി. സിറിയയിൽ ജനിച്ച ഈ പാതിരി 1965ൽ ജറൂസലത്തിലെ റോമൻ കത്തോലിക്ക ചർച്ചിലെ മെത്രാൻ പദവിയിൽ നിയമിതനായി. പി.എൽ.ഒവിന് രഹസ്യമായി ആയുധമെത്തിച്ചുകൊടുത്ത ഇദ്ദേഹം ഇസ്രായേലിന്റെ നോട്ടപ്പുള്ളിയായി മാറിയത് സ്വാഭാവികം.
1974ൽ ബൈറൂത്തിൽനിന്ന് ജറൂസലത്തിലേക്ക്, വത്തിക്കാൻ ഡിപ്ലോമാറ്റ് നമ്പർ പ്ലേറ്റുള്ള മെർസിഡസ് കാറിൽ സഞ്ചരിക്കെ ഇസ്രായേലി സുരക്ഷാസേന കാപ്പൂച്ചിയെ അറസ്റ്റ് ചെയ്തു. കാറിൽനിന്ന് നാലു കലാഷ്നികോവ് റൈഫിളുകളും രണ്ട് പിസ്റ്റളുകളും സ്ഫോടക വസ്തുക്കളും ഗ്രനേഡുകളും പിടികൂടി. അവ പി.എൽ.ഒവിന് കട്ടുകടത്തുകയായിരുന്നു. അവ കടത്താൻ താൻ നിർബന്ധിക്കപ്പെടുകയായിരുന്നെന്ന് അദ്ദേഹം വാദിച്ചെങ്കിലും ഇസ്രായേലി സൈനിക കോടതി 12 വർഷത്തെ തടവിന് ശിക്ഷിച്ചു. മെൽകെയ്റ്റ് ചർച്ച് പാത്രിയാർക്കീസ് മാക്സിമസ് അഞ്ചാമൻ അറസ്റ്റിനെ കഠിനമായി വിമർശിക്കുകയുണ്ടായി. നാസി തടവറകളിൽനിന്ന് ജൂതന്മാരുടെ ജീവൻ രക്ഷിക്കാൻ മുമ്പ് ബിഷപ്പുമാർ ആയുധമേന്തിയ ചരിത്രം ഉദ്ധരിച്ചുകൊണ്ട് അറബികളുടെ ജീവൻ രക്ഷിക്കാൻ ഒരാൾ ആയുധമേന്തിയതിൽ എന്ത് തെറ്റാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇസ്രായേൽ കിഴക്കൻ ജറൂസലത്തിൽ നിയമവിരുദ്ധമായാണ് കടന്നുവന്നതെന്നും യു.എൻ പ്രമേയങ്ങൾക്ക് വിരുദ്ധമായ നടപടിയാണതെന്നുംകൂടി മാക്സിമസ് ചൂണ്ടിക്കാട്ടി. നാലു വർഷത്തിനുശേഷം 1978ൽ വത്തിക്കാൻ ഇടപെടലിനെതുടർന്ന് പിന്നീട് കാപൂച്ചിയെ വിട്ടയക്കുകയും ജറൂസലത്തുനിന്ന് നാടുകടത്തുകയുമായിരുന്നു.
1979ൽ ഇറാനിൽ ബന്ദിയാക്കപ്പെട്ട അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ മോചനത്തിന് അനുരഞ്ജന സംഭാഷണം നടത്തുകയും 2003ൽ ഇറാഖ് യുദ്ധത്തെ എതിർക്കുകയും ചെയ്ത കാപൂച്ചി ഫ്രീ ഗാസ മൂവ്മെന്റ് എയ്ഡ് ഫ്ലോട്ടിലായിൽ രണ്ടുതവണ പങ്കെടുക്കുകയുണ്ടായി. 2009 ജൂൺ 14ന് നടന്ന അമേരിക്കൻ-അറബ് ഡിസ്ക്രിമിനേഷൻ കമ്മിറ്റി (എ.ഡി.സി)യുടെ കൺവെൻഷനിലെ പ്രസംഗകരിലും അദ്ദേഹമുണ്ടായിരുന്നു. 2017ൽ ഈ ലോകത്തോട് യാത്രപറഞ്ഞ കാപൂച്ചിയെ ഫലസ്തീൻ അതോറിറ്റി തലവൻ മഹ്മൂദ് അബ്ബാസ് മഹാനായ സ്വാതന്ത്ര്യ സമരഭടൻ എന്നാണ് അനുശോചന സന്ദേശത്തിൽ വിശേഷിപ്പിച്ചത്. ഇറാഖ്, കുവൈത്ത്, സുഡാൻ, ഈജിപ്ത്, സിറിയ, ലിബിയ എന്നീ അറബ് നാടുകൾ കാപൂച്ചിയുടെ സ്മരണാർഥം പോസ്റ്റൽ സ്റ്റാമ്പുകൾ ഇറക്കുകയുണ്ടായി.
മുൻചൊന്ന വ്യക്തിത്വങ്ങളിൽനിന്ന് ഭിന്നമായി, കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ ഭാവുകത്വം കാരണമാവാം കൂടുതൽ സുപരിചിതമാണ് ‘പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്റ്റീൻ’ (PFLP) നേതാവ് ജോർജ് ഹബശ്. ജീവിതം മുഴുവൻ ഫലസ്തീൻ വിമോചനത്തിനുവേണ്ടി കിതച്ചോടിയ അറഫാത്ത് എന്ന പടക്കുതിര ഓസ്ലോവിൽ മുട്ടുകുത്തി വീണപ്പോൾ ഒത്തുതീർപ്പിന് കൂട്ടാക്കാതിരുന്ന പോരാളിയായിരുന്നു ഡോ. ഹബശ്. ഓസ്ലോ സന്ധിക്കുശേഷം അറഫാത്തും കൂട്ടരും ‘ഫലസ്തീൻ അതോറിറ്റി’ എന്ന ‘മുനിസിപ്പാലിറ്റി തുണ്ടി’ലേക്ക് മടങ്ങിയപ്പോൾ ഡമസ്കസിൽവെച്ച് ‘ഗസ്സാൻ ശർബലി’ന് നൽകിയ സുദീർഘ അഭിമുഖത്തിൽ ഹബശ് പറഞ്ഞ വാക്കുകൾ ഫലസ്തീന്റെ ചരിത്രത്തിൽ എന്നും ഓർക്കപ്പെടും: ഇസ്രായേൽ പതാക പാറുന്ന ഒരു സ്ഥലത്തുകൂടെ സഞ്ചരിക്കാൻ ഒരിക്കലും എനിക്ക് സാധിക്കില്ല. സോപാധികമായ ഒരു തിരിച്ചുപോക്കിനെക്കുറിച്ച് ആലോചിക്കാനേ എനിക്കാകില്ല. അത് ആത്മവഞ്ചനയായിരിക്കും.’’
ലുദ്ദിലെ സാമാന്യം ഭേദപ്പെട്ട ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ജോർജ് ബൈറൂത്തിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് മെഡിക്കൽ ബിരുദമെടുത്തശേഷം ഫലസ്തീൻ അഭയാർഥി ക്യാമ്പിലാണ് തന്റെ ക്ലിനിക് തുറന്നത്. സ്വന്തം ജനതയുടെ അറുതിയില്ലാത്ത കഷ്ടപ്പാടുകൾ കാണേണ്ടി വന്നിരുന്നില്ലെങ്കിൽ ഒരു സാധാരണ ഭിഷഗ്വരനായി തന്റെ ജീവിതം ഒടുങ്ങിപ്പോകുമായിരുന്നെന്ന് പിൽക്കാലത്ത് അദ്ദേഹം പറയുകയുണ്ടായി. ഡോ. വദീഅ് ഹദ്ദാദുമായി ചേർന്ന് നടത്തിയ ‘അൽ ഖിയാദ’ ക്ലിനിക് ഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ അരണി കടയാനാണ് പിന്നീടദ്ദേഹം ഉപയോഗിച്ചത്.
ഒരേസമയം മൂന്ന് വിമാനങ്ങൾ ഒന്നിച്ച് റാഞ്ചിയ 1970 സെപ്റ്റംബറിലാണ് ഹബശിന്റെ സൂര്യപ്രഭ ഉച്ചാവസ്ഥയിലെത്തുന്നത്. വിമാനം റാഞ്ചിയ ജോർജിന്റെ കുട്ടികളിലെ ലൈലാ ഖാലിദ് അക്കാലത്ത് ഏറെ മീഡിയാ ശ്രദ്ധ നേടിയ പെൺപുലിയാണ്. മരിക്കുന്നതിന്റെ തലേന്ന് ജോർഡനിലെ ആശുപത്രി ഐ.സി.യുവിൽ സഹപ്രവർത്തകൻ മാഹിർ താഹിർ സന്ദർശിച്ചപ്പോൾ ഗസ്സയിലെ ഉപരോധത്തെയും ജനങ്ങളുടെ അവസ്ഥയെയും കുറിച്ചായിരുന്നു ജോർജിന്റെ അന്വേഷണം. ജനം റഫഹ് അതിർത്തി തകർത്തെന്ന് മാഹിർ പറഞ്ഞപ്പോൾ ജോർജിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു: അറബ് രാഷ്ട്രങ്ങൾക്കിടയിലെ അതിർത്തികൾ അപ്രത്യക്ഷമാവുകയും ഐക്യത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലം വരുകതന്നെ ചെയ്യും.
ആരംഭത്തിൽ സൂചിപ്പിച്ചപോലെ ഫലസ്തീൻ പോരാട്ടത്തിലെ ക്രൈസ്തവ മുഖങ്ങൾ പല അടരുകളുള്ളതാണ്. അക്കാദമിക മേഖലയിലെ എഡ്വേർഡ് സഈദിന്റെയും ഖുസ്ത്വൻത്വീൻ സുറൈഖിന്റെയും സംഭാവനകൾ ഫലസ്തീനികൾക്ക് എങ്ങനെയാണ് മറക്കാൻ കഴിയുക. 1974ൽ യാസിർ അറഫാത്ത് യു.എൻ ജനറൽ അസംബ്ലിയെ അഭിമുഖീകരിച്ചപ്പോൾ ടൈം മാഗസിൻ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ പരിഗണന നൽകിയ ലേഖനം എഡ്വേർഡ് സഈദിന്റെതായിരുന്നു. ആത്മകഥയായ ‘ഔട്ട് ഓഫ് പ്ലൈസ്, ക്വസ്റ്റ്യൻ ഓഫ് പാലസ്റ്റൈൻ, കൾച്ചറൽ ഇംപീരിയലിസം തുടങ്ങിയ പുസ്തകങ്ങൾ മാത്രമല്ല, ഓറിയന്റലിസം, കവറിങ് ഇസ്ലാം തുടങ്ങിയ ഈടുറ്റ കൃതികളും ക്രൈസ്തവ വേരുകളുള്ള ഫലസ്തീന്റെ ഈ പ്രിയ പുത്രന്റെ സംഭാവനകളാണ്. സിറിയൻ ഡിപ്ലോമാറ്റും ചിന്തകനുമാണെങ്കിലും ഖുസ്ത്വൻത്വീൻ സുറൈഖിന്റെ ഈടുറ്റ സംഭാവനകളിൽ ഫലസ്തീൻ വിഷയകമായി രചിച്ച ‘മഹാദുരന്തത്തിന്റെ പുതിയ അർഥതലങ്ങൾ’ (മഅ്നന്നക്ബ മുജദ്ദദൻ), 1948ലെ മഹാദുരന്തം (നക്ബ 1948) എന്നീ പുസ്തകങ്ങളും പെടുന്നു. ഒരേസമയം കവിയും പോരാളിയുമായിരുന്ന കമാൽ നാസിർ (വിവാഹംപോലും മാറ്റിവെച്ച് യൗവനം മുഴുവൻ ഫലസ്തീൻ പോരാട്ടത്തിനുവേണ്ടി മാറ്റിവെച്ച കമാലിനെ ബൈറൂത്തിലെ വീട്ടിൽ നുഴഞ്ഞുകയറി ഇസ്രായേൽ ചാരന്മാർ കൊലപ്പെടുത്തുകയായിരുന്നു),
രാഷ്ട്രീയ പ്രവർത്തകനും ചിന്തകനുമായ അസ്മീ ബിശാറ, മയ് സിയാദ (മേരി ഇൽയാസ് സിയാദ), അക്കാദമികനായ ജോസഫ് മുസ്അദ്, നോവലിസ്റ്റ് എമിൽ ഹബീബി തുടങ്ങി നെടിയൊരു നിരതന്നെ ഫലസ്തീൻ പോരാട്ടത്തിലെ ക്രൈസ്തവ മുഖങ്ങളിലുണ്ട്. അവർ ഓരോരുത്തരും സ്വതന്ത്ര ലേഖനങ്ങൾ അർഹിക്കുന്നവരാണ്. കാസയിൽ വിഷം വിളമ്പുന്ന അന്തിക്രിസ്തുമാർക്ക് ക്രിസ്തുവിന്റെ നീതിസാരം ഉയർത്തിപ്പിടിക്കുന്ന ഈ പോരാളികളെ മനസ്സിലാക്കാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.