'ഫാത്തിമാ യാ ഫാത്തിമ
ഫാത്തിമാ ബിൻതന്നബീ
ഇൻസിലീ ശജറന്നബീ...'
മക്കയിലെ തണുത്തുവിറക്കുന്ന കുളിർക്കാറ്റിൽ തീർഥാടകർ പ്രഭാതപ്രാർഥന കഴിഞ്ഞുമടങ്ങുമ്പോൾ മസ്ജിദുൽ ഹറാമിന്റെ അങ്കണത്തിലിരുന്ന് ഹൃദയവീണ മീട്ടിക്കൊണ്ടിരുന്ന കറുത്തുമെലിഞ്ഞ ആ ആഫ്രിക്കൻ പെൺകുട്ടിയുടെ കോകിലനാദം അമ്പതാണ്ടുകൾ താണ്ടി ഇപ്പോഴും അനുഭൂതി പകർന്നുകൊണ്ടിരിക്കുന്നു. ആ തീർഥാടകരിൽ അന്ന് ഈ ലേഖകനുമുണ്ടായിരുന്നു. എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ച നബിയും നബിയുടെ പ്രിയപുത്രിയായ ഫാത്തിമയും ഏതേതെല്ലാം രാജ്യങ്ങളിലെ ആളുകളുടെ ഹൃദയതാളങ്ങളിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആലോചിക്കുകയായിരുന്നു അപ്പോൾ.
'പ്രവാചക പുത്രി ഫാത്തിമാ, വരൂ വരൂ, നബിവൃക്ഷത്തിൽനിന്ന് ഇറങ്ങിവരൂ' എന്നു പാടുന്ന ആഫ്രിക്കക്കാരിയുടെ കീർത്തനത്തിന് എത്രയോ കണ്ഠങ്ങൾ ഈ റബീഉൽ അവ്വലിൽ പാഠാന്തരം പാടുന്നുണ്ടാവും. ജർമൻ നയതന്ത്രജ്ഞനും നാറ്റോ ഉന്നത മേധാവിയുമായിരുന്ന മുറാദ് ഹോഫ്മാൻ തന്റെ തീർഥാടനക്കുറിപ്പുകളിൽ മൊറോക്കൻ പെണ്ണുങ്ങൾ പാടുന്ന ഒരു നബികീർത്തനം ഉദ്ധരിക്കുന്നുണ്ട്:
'ശ്മശാനത്തിൽ രാത്രിയിൽ
ആ സ്ത്രീകൾ ഉറങ്ങുകയാണ്.
അവരുടെ ദീപ്തമായ കരങ്ങളാലാണ്
മുഹമ്മദിന്റെ മേലാടകൾ
നെയ്തെടുത്തത്.
മുഹമ്മദിന്റെ മേലാടക്കുവേണ്ടി
സ്വന്തം രോമം നൽകിയ
ചെമ്മരിയാടുകളുടെ
വെളുത്തുനീണ്ട എല്ലുകൾ എവിടെ?
ആ ചെമ്മരിയാടുകളുടെ രോമങ്ങൾ
വെയിലത്ത് ഉണക്കാനിട്ടപ്പോൾ
ജലബിന്ദുക്കൾ മൂടൽമഞ്ഞായി
ഏതു നക്ഷത്രങ്ങളിലേക്കാണവ
ഉയർന്നുപോയത്?
അവ പുകച്ചുരുളുകൾപോൽ
മൃദുലം മുഹമ്മദ്
അതിനെ ഇളം കാറ്റിലേക്ക്
അഴിച്ചുവിട്ടപ്പോൾ
നിങ്ങൾ വിചാരിച്ചുകാണും
അത് കാറ്റിൽ തിരയിളക്കമുണ്ടാക്കുന്ന
മേഘമാലകളാണെന്ന്
അത് അന്തരീക്ഷംപോലെ സുതാര്യം
അതിന്റെ അരികുവെച്ച് തുന്നിയ
തൊങ്ങലിൽ ഉമ്മവെച്ചപ്പോൾ
പറുദീസയിൽ പാട്ടുപാടുന്ന
കൊച്ചരുവികളിൽനിന്ന്
വെള്ളം കുടിക്കുകയാണിപ്പോൾ
അനന്തതയിലൂടെ അല്ലാഹു
അവരെ നോക്കി മന്ദഹസിക്കുന്നു.'
ബോസ്നിയയിൽ, അൽബേനിയയിൽ, തുർക്കിയിൽ, അസർബൈജാനിൽ, ഇന്ത്യയിൽ... അങ്ങനെയങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നബികീർത്തനങ്ങളുടെ അനുഭൂതിലഹരിയിൽ ആറാടുകയാണ് ആബാലവൃദ്ധം ജനങ്ങൾ. നബിയുടെ ജീവിതകാലത്ത് ഹസ്സാനും ഇബ്നു റവാഹയും കഅ്ബുബ്നു സുഹൈറും തുടക്കമിട്ട ഈ കീർത്തനാലാപം 'മദ്ഹുർറസൂൽ' എന്ന പുതിയൊരു കാവ്യശാഖതന്നെ അറബിസാഹിത്യത്തിന് സംഭാവന ചെയ്തു. ഉർദു-പേർഷ്യൻ സാഹിത്യത്തിൽ അത് 'നഅ്തേ റസൂൽ' എന്നപേരിൽ പുഷ്കലമായി.
യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട കഅ്ബുബ്നു സുഹൈർ 'മദ്ഹുർറസൂലു'മായി പ്രവാചക സന്നിധിയിൽ ഹാജരായപ്പോൾ ആ കവിത അദ്ദേഹത്തിന് സമ്മാനമായി നൽകിയത് നബിയുടെ ഷാൾ മാത്രമല്ല, സ്വന്തം ജീവൻകൂടിയായിരുന്നു. പിൽക്കാലത്ത് ഇമാം ബൂസ്വീരി (1213-1294) പ്രവാചകന്റെ ആത്മാവിന് കവിതയുടെ തിരുമുൽക്കാഴ്ച സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന് കിട്ടിയ സമ്മാനം പക്ഷാഘാതമുക്തിയത്രേ.
അങ്ങനെ കവിത ജീവദായിനിയും രോഗശാന്തിയുമായി മാറുകയാണ്. പ്രണയത്തിന്റെയും ഭക്തിയുടെയും മധുരമിശ്രിതം എന്നതാണ് ഈ രണ്ട് കീർത്തന കവിതകളുടെയും സവിശേഷത. ഗസലിലൂടെ തുടങ്ങി നബികീർത്തനത്തിൽ അവ സമാപിക്കുന്നു. ഉപേക്ഷിച്ചുപോയ പ്രണയിനിയുടെ വിരഹവേദനയുടെ വേപഥുകളാൽ വിരചിതമാണ് കഅ്ബിന്റെ കവിതയിലെ ആദ്യ വരികൾ. ഇമാം ബൂസ്വീരി ദീസലമിലെ പ്രണയാതുരമായ ഓർമകൾ വിഷാദം ചാലിച്ച വരികളാൽ തന്റെ കവിത തുടങ്ങുന്നു.
നബികീർത്തനത്തിന്റെ വീണ വായിക്കാൻ സിറിയയിലെയും ലബനാനിലെയും ക്രൈസ്തവ അറബിക്കവികളും മുന്നോട്ടുവന്നു. ജിബ്രാന്റെ അറബിവിവർത്തകനായ ഖലീൽ മത്വ്റാൻ (മലയാളത്തിൽ മെത്രാൻ), ഇൽയാസ് ഖൻസൽ, ജാക് ശമ്മാസ് (ശമ്മാശൻതന്നെ), ജോർജ് സൈദഹ്, ജോർജ് സൽസമി, മിഖായീൽ വീർദി അങ്ങനെ ഒരു നെടിയ നിരതന്നെയുണ്ട്.
'ശുഅറാഉന്നസാറൽ അറബ് വൽ ഇസ്ലാം' എന്ന ശീർഷകത്തിൽ മാജിദ് ഹക്വാത്തി ഈ കവിതകളുടെ ഒരു സമാഹാരംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയാന്തരാളത്തിൽനിന്ന് ഊർന്നുവരുന്നതാണ് ഈ കീർത്തനങ്ങൾ എന്നാണ് ജാക് ശമ്മാസ് പറഞ്ഞത്. കാസയിൽ വിഷം വിളമ്പുന്നവരായിരുന്നില്ല ഇവരൊന്നും.
ഹിന്ദിയിൽ 'നഅ്തേ റസൂൽ' എഴുതിയ കവികൾ അസംഖ്യമത്രേ. പർചെ ദർശൻ മുഹമ്മദ് (1905) എഴുതിയ മുൻഷി ബാല, ദീവാനേ കൈഫിന്റെ (1908) കർത്താവ് പണ്ഡിറ്റ് വിശ്വനാഥ്, മഖ്സനെ അസ്റാറിന്റെ കർത്താവ് ലളിത് പ്രസാദ് (1886-1959), ഈദ് മീലാദ് നബിയുടെ കർത്താവ് പ്രഭു ദയാൽ (1891 ജനനം), മസ്നവി ഗുൽസാറിന്റെ കർത്താവ് ദയാശങ്കർ ലഖ്നവി (1811-1844), നയീ സുബ്ഹിയുടെ കർത്താവ് ദുർഗാ സഹായ് തുടങ്ങിയവരൊക്കെ ഈ കവികളിൽ പെടുന്നു.
കാഫിർ ഹും മൂമിൻ ഹും
ഖുദാ ജാനെ മേ ക്യാഹും
പർ ബന്ദാഹും ഉസ്കാ
ജോഹെ സുൽത്താനെ മദീന
മദീനാ കോ ചലോ ദർബാർ ദേഖോ
റസൂലുല്ലാഹ് കീ സർകാർ ദേഖോ'
(കാഫിറോ മുഅ്മിനോ ആരാണ് ഞാനെന്ന് ദൈവത്തിനറിയാം. എന്നാൽ, മദീനയിലെ സുൽത്താന്റെ ദാസനാണ് ഞാൻ. മദീനയിലേക്ക് നടക്കൂ, ദർബാർ കാണൂ, ദൈവദൂതന്റെ സ്നേഹസാമ്രാജ്യം കാണൂ).
മഹാരാജ് സർകിഷൻ പ്രസാദിന്റെ (1864-1940) വരികളാണിത്. അർശ് മലീസാനിയുടെ 'ആഹൻഗ്' ഹിജാസിലെ (ഹിജാസ് രാഗം) ഒരു വരികൂടി ഉദ്ധരിക്കട്ടെ:
'തേരെ അമൽ കെ ദർസ് സെ
ഗരം ഹെ ഖൂൻ ഹർബശർ
ഹസൻ നമൂദ് സിന്ദഗീ
രംഗ് റുഖ് ഹയാതെ നൗ'
(നിന്റെ കർമപാഠങ്ങളാൽ സർവ മനുഷ്യരുടെയും രക്തം ഊഷ്മളമാകുന്നു. ജീവിതം വർണശബളമായി നവോന്മിഷിത്താകുന്നു). നൂപുർ ശർമയുടെ ഇന്ത്യയിൽ ഇങ്ങനെയും ചിലരൊക്കെ ജീവിച്ചുപോയിട്ടുണ്ടെന്ന് ഗുണപാഠം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.