13 വർഷം മുമ്പാണ് വാച്ചാത്തി സന്ദർശിച്ചത്. ധർമപുരി ജില്ലയിലെ ഹാരൂരിൽനിന്നുള്ള സി.പി.എം നിയമസഭാംഗം പി. ദില്ലി ബാബുവിന്റെ നിർബന്ധത്തിലായിരുന്നു അത്. പശ്ചിമഘട്ടത്തിലെ ചിത്തേരി മലനിരകളുടെ താഴ്വരയിലെ ചെറിയ ആദിവാസി ഗ്രാമം. മൊത്തം ജനസംഖ്യ 655. അവരിൽ 643 പേരും മലയാലി എന്ന ആദിവാസി വിഭാഗക്കാർ.
190 പേർ സ്വന്തമായി ഭൂമിയുള്ള കർഷകരാണ്. ബാക്കിയുള്ളവർ അയൽ ഗ്രാമങ്ങളിൽ കൂലിപ്പണിക്ക് പോകും. തൊട്ടടുത്ത പ്രദേശങ്ങളിൽനിന്ന് ചെറുകിട വനവിഭവങ്ങൾ ശേഖരിച്ചു വിറ്റുകിട്ടുന്നതാണ് കൃഷിയും കൂലിപ്പണിയും കഴിഞ്ഞാലുള്ള ഏക വരുമാന മാർഗം. അങ്ങേയറ്റം ദരിദ്രരും നിസ്സഹായരുമായ മനുഷ്യർ.
ചിത്തേരി മലനിരകൾ ചന്ദനമരങ്ങൾക്ക് പ്രശസ്തമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിയമവ്യവസ്ഥയും ചന്ദന മോഷ്ടാക്കൾക്ക് എന്നും അനുകൂലമായിരുന്നതിനാൽ അവിടെ ചന്ദനക്കടത്ത് നിർബാധമായിരുന്നു. മോഷ്ടിക്കപ്പെട്ട ഓരോ ചന്ദന മരവും അക്കാലത്തെ കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ അക്കൗണ്ടിൽ ചേർത്ത് വനം വകുപ്പും പൊലീസും സ്വന്തം അലംഭാവങ്ങളെ ന്യായീകരിച്ചു.
വീരപ്പന് ചന്ദനം മുറിച്ചുകടത്താൻ സഹായിക്കുന്ന കൊള്ളക്കാരുടെ കൂട്ടമായി വാച്ചാത്തി ആദിവാസി ഗ്രാമവും ചിത്രീകരിക്കപ്പെട്ടു. ദില്ലി ബാബു വാച്ചാത്തി സന്ദർശിക്കാൻ വിളിച്ചതിനും കാരണമുണ്ടായിരുന്നു. തൊട്ടുതലേന്നാണ് ധർമപുരി സെഷൻസ് കോടതി ഒരു ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചിരുന്നത്.
വീരപ്പനും ചന്ദന കള്ളക്കടത്തിനുമെതിരായ നടപടി എന്ന പേരിൽ വാച്ചാത്തി ഗ്രാമത്തിൽ കടന്നുകയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ ക്രൂരമായി മർദിക്കുകയും വീടുകൾക്ക് തീവെക്കുകയും കന്നുകാലികളെ ചുട്ടെരിക്കുകയും ചെയ്ത 215 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരാണ് എന്ന വിധി.
1992 ജൂൺ 20 മുതൽ മൂന്നു ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തേർവാഴ്ച രണ്ടാഴ്ചക്കു ശേഷമാണ് പുറത്തറിയുന്നത്. തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം ആദിവാസികൾക്കെതിരായിരുന്നു. പക്ഷേ, സി.പി.എം മാത്രം അവരുടെ അവകാശങ്ങൾക്കൊപ്പം നിന്നു.
ആ പിൻബലത്തിലാണ് നിസ്വരും നിരാലംബരുമായ ഈ ആദിവാസി ഗ്രാമവാസികൾ ഭരണസംവിധാനത്തിനെതിരെ നിയമ പോരാട്ടത്തിനിറങ്ങുന്നത്. നിയമപോരാട്ടം ഒരുപാട് നീണ്ടു. 2011 സെപ്റ്റംബറിലാണ് ധർമപുരി കോടതി ആദിവാസികൾക്ക് അനുകൂലമായി വിധി പറയുന്നത്.
പോകുന്ന വഴിയിൽ ദില്ലി ബാബു വർഷങ്ങൾക്കുമുമ്പ് നടന്ന പൈശാചിക സംഭവം വിവരിച്ചു. സംഭവമറിഞ്ഞ് അന്ന് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന അദ്ദേഹവും ഇതര കമ്യൂണിസ്റ്റ് നേതാക്കളും അവിടെ എത്തുമ്പോൾ ഗ്രാമം വിജനമായിരുന്നു. കൂടുതൽ മർദനവും തേർവാഴ്ചയും ഭയന്ന ഗ്രാമീണർ ഒന്നടങ്കം ചിത്തേരി മലകളിൽ ഒളിച്ചിരിക്കുകയായിരുന്നു.
ചുവന്ന കൊടികൾ ഉയർത്തിവീശിയും ഭയപ്പെടേണ്ട എന്ന് വിളിച്ചുകൂവിയുമാണ് തങ്ങൾ കാട്ടിൽ പോയി ആദിവാസികളെ തിരികെ കൊണ്ടുവന്നതെന്ന് അദ്ദേഹം ഓർമിച്ചെടുത്തു. ദുർബലരായ മനുഷ്യരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഏറ്റവും വലിയ ഇടതുപക്ഷ ഇടപെടലുകളിൽ ഒന്നാണ് വാച്ചാത്തി.
സെപ്റ്റംബർ 29ന് മനസ്സ് മറ്റൊരു വട്ടംകൂടി വാച്ചാത്തിയിലെത്തി. ഒപ്പം ധർമപുരിയിലെ ധൈര്യവും പ്രതിബദ്ധതയുമുള്ള സി.പി.എം സഖാക്കളിലേക്കും. 2011ലെ ധർമപുരി കോടതിയുടെ വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ മദ്രാസ് ഹൈകോടതി ജസ്റ്റിസ് പി. വേൽമുരുകൻ തള്ളിയിരിക്കുന്നു.
ബലാത്സംഗത്തിനിരയായ 18 ആദിവാസി സ്ത്രീകൾക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്നും സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ട അന്നത്തെ ജില്ല കലക്ടർക്കും പൊലീസ് സൂപ്രണ്ടിനും ജില്ല ഫോറസ്റ്റ് ഓഫിസർക്കുമെതിരെ കടുത്ത നടപടി വേണമെന്നും ഹൈകോടതി വിധിച്ചു.
സംഭവം നടന്നിട്ടിപ്പോൾ നീണ്ട 31 വർഷം. 54 പ്രതികൾ വിചാരണ വർഷങ്ങളിൽ മരിച്ചു. പക്ഷേ, വാച്ചാത്തിക്ക് ആഘോഷിക്കാൻ കാരണങ്ങളുണ്ട്. അവരുടെ പോരാട്ടം ചില്ലറക്കാരോടായിരുന്നില്ല. കേസിൽ കുറ്റക്കാരായി കണ്ടെത്തപ്പെട്ടവരിൽ അഞ്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥരുണ്ട്.
ഫോറസ്റ്റ് ഗാർഡുമാർ, വാച്ചർമാർ, വനംവകുപ്പ് ഡ്രൈവർമാർ, സബ് ഇൻസ്പെക്ടർമാർ, ഹെഡ് കോൺസ്റ്റബിൾമാർ, താലൂക്ക് ഓഫിസർ, വില്ലേജ് ഓഫിസർ എന്നിവരടങ്ങുന്നതാണ് മറ്റ് പ്രതികൾ. എല്ലാവരും സർക്കാർ ഉദ്യോഗസ്ഥർ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ.
വനംവകുപ്പിന്റെ കേസനുസരിച്ച് 62.7 ടൺ ചന്ദനമരമാണ് വാച്ചാത്തിക്ക് അടുത്തുള്ള ഒരു പുഴയുടെ കരയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, വലിയ മരങ്ങൾ മുറിക്കാനുള്ള ഒരു യന്ത്ര സംവിധാനവും ഇല്ലാത്ത ഗ്രാമീണർ എങ്ങനെ ഇത്രയധികം ചന്ദനം മുറിച്ച് മലയിൽനിന്ന് താഴെ കൊണ്ടുവന്നു എന്നതിൽ വകുപ്പിന് ഉത്തരമില്ല.
ഉദ്യോഗസ്ഥർ എല്ലാ വീടുകളും തകർത്തു. കന്നുകാലികളെ കൊന്ന് കിണറുകളിൽ തള്ളി. മർദനമേറ്റ പുരുഷന്മാർ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടപ്പോൾ വീടുകളിൽ കുടുങ്ങിപ്പോയ സ്ത്രീകളെ ബലാത്സംഗം ചെയ്തു. കുട്ടികളെന്നോ വൃദ്ധകളെന്നോ പോലും പരിഗണിച്ചില്ല.
90 സ്ത്രീകളെയും 15 പുരുഷന്മാരെയും 28 കുട്ടികളെയും കസ്റ്റഡിയിലെടുത്ത് മർദിച്ചവശരാക്കി. പിന്നെ കുട്ടികൾ ഒഴികെയുള്ളവരെ സേലം ജയിലിൽ റിമാൻഡ് ചെയ്തു. ഗ്രാമത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. ഉണ്ടായിരുന്ന ഏക ബസ് സർവിസ് നിർത്തിച്ചു. പലചരക്കുകട കത്തിച്ചു. കിണറുകളിൽ മാലിന്യം വാരിയിട്ടു. റേഷൻ കാർഡുകളും ഇതര രേഖകളും കത്തിച്ചു.
സി.പി.എം നേതാവായിരുന്ന പി. ഷൺമുഖം തമിഴ്നാട് ആദിവാസി അസോസിയേഷന്റെ ഒരു യോഗത്തിനായി ജൂലൈ 14ന് അടുത്തുള്ള മറ്റൊരു ഗ്രാമത്തിൽ പോയിരുന്നില്ലെങ്കിൽ ഈ ദുരന്തം ആരാലും അറിയപ്പെടാതെ പോകുമായിരുന്നു.
അദ്ദേഹം അറിയിച്ചതുപ്രകാരം പാർട്ടിയുടെ പഴയ തമിഴ്നാട് സംസ്ഥാന കമ്മിറ്റി സെക്രട്ടറി സഖാവ് എ. നല്ലശിവം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിതക്ക് എഴുതി. ഇരകൾക്ക് നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് തീർത്തുപറഞ്ഞു സർക്കാർ.
അന്നത്തെ വനം മന്ത്രി കെ.എ. ചെങ്കോട്ടയ്യൻ ആരോപിച്ചത്, ഗ്രാമീണർ മുഴുവൻ ചന്ദന മോഷ്ടാക്കളും ക്രിമിനലുകളും ആണെന്നാണ്. ഒന്നരക്കോടിയുടെ ചന്ദനം അവരിൽനിന്ന് വീണ്ടെടുത്തതായും മന്ത്രി അവകാശപ്പെട്ടു.
ഭരണസംവിധാനം മൊത്തത്തിൽ പ്രതികൾക്കനുകൂലമായി അണിനിരന്നു. പാർട്ടിയുടെ ശ്രമഫലമായി കേന്ദ്ര സർക്കാറിന്റെ പട്ടികജാതി-പട്ടികവർഗ കമീഷൻ ഡയറക്ടർ ബി. ഭാമതി ഐ.എ.എസ് സ്ഥലത്തെത്തി അന്വേഷണം നടത്തി സംഭവം സ്ഥിരീകരിച്ചു. ജൂലൈ 30ന് സി.പി.എം മദ്രാസ് ഹൈ കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജി തള്ളപ്പെട്ടു.
തുടർന്ന് പാർട്ടി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിഷയത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതിയോടുതന്നെ ആവശ്യപ്പെട്ടു. തുടർച്ചയായ മൂന്നുവർഷം നീണ്ട ഇടപെടലുകളിലൂടെയാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്ന നിലയിൽ എത്തിക്കാൻ പാർട്ടിക്കായത്.
സി.ബി.ഐ അന്വേഷണം അനുവദിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോയെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളി. 1996 ഏപ്രിലിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
വിചാരണ മന്ദഗതിയിലായപ്പോൾ ഷണ്മുഖവും പാർട്ടി സഖാക്കളും വീണ്ടും ഹൈകോടതിയെ സമീപിച്ചു. പ്രത്യേക കോടതിയും സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറും വേണമെന്ന ആവശ്യം അനുവദിപ്പിച്ചു. 266 പ്രതികളിൽ ജീവിച്ചിരിക്കുന്ന 215 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തി.
പ്രതികളിൽ 126 പേർ വനം വകുപ്പ് ഉദ്യോഗസ്ഥരും 84 പേർ പൊലീസ് ഉദ്യോഗസ്ഥരും അഞ്ചുപേർ റവന്യൂ ഉദ്യോഗസ്ഥരുമായിരുന്നു. ഒന്നുമുതൽ പത്തുവർഷം വരെയുള്ള തടവാണ് പ്രതികൾക്ക് വിധിച്ചത്.
ഒരു കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട എല്ലാവരെയും കോടതി പ്രതികളായി കണ്ടെത്തുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സംഭവമാണ് വാച്ചാത്തി. വനം വകുപ്പ് ചാർജ് ചെയ്ത എതിർ കേസിൽ 75 സ്ത്രീകളടക്കം 105 പേരെ കോടതി പിന്നീട് വെറുതെ വിടുകയും ചെയ്തു. മൂന്നരക്കോടി രൂപയുടെ നഷ്ടപരിഹാരവും ഇരകൾക്ക് അനുവദിക്കപ്പെട്ടു.
ദില്ലി ബാബുവിനൊപ്പം വാച്ചാത്തി സന്ദർശിക്കുമ്പോൾ ചെങ്കൊടികളുമായി അദ്ദേഹത്തെ സ്നേഹവായ്പോടെ സ്വീകരിക്കാൻ വന്ന ഗ്രാമീണർ ഇപ്പോഴും മനസ്സിലുണ്ട്. വാച്ചാത്തി അടങ്ങുന്ന ഹരൂർ നിയമസഭാ മണ്ഡലം ആ സംഭവത്തിനുശേഷം ഇടതുപക്ഷ കോട്ടയായി.
ദാരിദ്ര്യവും പിന്നാക്കാവസ്ഥയും ജലദൗർലഭ്യവും കൊണ്ട് കുപ്രസിദ്ധമായ ധർമപുരിയിൽ സാധാരണ മനുഷ്യർക്കുവേണ്ടി നീതി നടപ്പാക്കപ്പെടുമെന്ന് തെളിയിക്കാൻ ഒരുപറ്റം കമ്യൂണിസ്റ്റ് പോരാളികൾക്കായി. തുടർച്ചയായ ജാഗ്രതയും വിശ്രമമില്ലാത്ത നിയമപോരാട്ടവുമാണ് വാച്ചാത്തിയിലെ ആദിവാസികൾക്ക് അനുകൂലമായി നീതി നടപ്പാക്കപ്പെടാൻ കാരണമായത്.
ഭരണകൂട ഭീകരതകൾക്കെതിരായ ഇടതുപക്ഷ സാധ്യതയാണ് വാച്ചാത്തി. ഡി.എം.കെ അടക്കം മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളും ആദിവാസികളെ കൈവിട്ടപ്പോൾ അവർക്കൊപ്പം നിന്ന രാഷ്ട്രീയ ബോധ്യത്തിനാണ് തുടർച്ചകൾ വേണ്ടത്.
തമിഴ്നാട്ടിൽ ആദിവാസികളുടെയും ദലിതരുടെയും ഇതര പിന്നാക്ക വിഭാഗങ്ങളുടെയും ഗ്രാമീണ ദരിദ്രരുടെയും സമരങ്ങളെ പിന്തുണക്കുന്നു എന്നതാണ് അവിടത്തെ ഇടതുപക്ഷ പാർട്ടികളെ ഇന്നും പ്രസക്തമാക്കുന്നത്. തമിഴ്നാട്ടിലെ ഇടതുപക്ഷം ഉയർത്തിക്കാട്ടുന്ന സാധ്യതയും അതുതന്നെയാണ്.
(മാധ്യമപ്രവർത്തകനായ ലേഖകൻ തെഹൽക, ഓപൺ വാരിക, ടൈംസ് ഓഫ് ഇന്ത്യ, ഹഫ്പോസ്റ്റ് എന്നിവക്കുവേണ്ടി തമിഴ്നാട്ടിൽനിന്ന് ഒന്നരപ്പതിറ്റാണ്ടുകാലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.