മുസ്ലിംകൾക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കേസുകൾ പരിശോധിച്ചാൽ മുസ്ലിംകൾക്കെതിരായ വിവേചനം കാണിക്കുന്ന സി.എ.എക്കെതിരെ മുസ്ലിം സംഘടനകൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കലാപം നടത്തി മുസ്ലിം പള്ളികൾ നശിപ്പിക്കുകയും മുസ്ലിംകളെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് നാം വിശ്വസിക്കണമെന്നാണോ ഡൽഹി പൊലീസ് പറയുന്നത് എന്നു തോന്നിപ്പോകും
യഥാസമയം ദുരിതാശ്വാസമെത്തിക്കുകയും പുനരധിവാസത്തിനു വേണ്ട സഹായങ്ങളൊരുക്കുകയും ചെയ്യുന്നതിനു പകരം ഭരണകൂടവും പൊലീസും ഇരകളെ- പ്രത്യേകിച്ച് മുസ്ലിംകളെ ദ്രോഹിക്കുകയാണ് ചെയ്തത്- 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വർഗീയ കലാപത്തെക്കുറിച്ചന്വേഷിച്ച സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനും റിട്ട. ജസ്റ്റിസുമാരായ എ.പി.ഷാ, ആർ.എസ്. സോഥി, അഞ്ജന പരീഖ്, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള എന്നിവർ അംഗങ്ങളുമായ ജനകീയ സമിതിയുടെ കണ്ടെത്തലാണിത്.
അതിക്രമങ്ങൾക്ക് മുമ്പുള്ള മാസങ്ങളിൽത്തന്നെ സമുദായങ്ങൾക്കിടയിലെ ധ്രുവീകരണവും മുസ്ലിം വിദ്വേഷവും ബോധപൂർവം ആളിക്കത്തിക്കപ്പെട്ടിരുന്നു. കേന്ദ്രസർക്കാർ പാർലമെൻറിൽ പാസാക്കിയെടുത്ത പൗരത്വ ഭേദഗതി നിയമത്തിെൻറ പശ്ചാത്തലത്തിൽ പൗരത്വം തന്നെ നഷ്ടമായേക്കുമോ എന്ന ഭീതിയിലും ആശങ്കയിലുമായിരുന്നു മുസ്ലിം സമുദായം.
അതേ തുടർന്ന് പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ സമരങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ഡൽഹി. നിരവധി പ്രതിഷേധ ധർണകൾക്ക് വടക്കുകിഴക്കൻ ഡൽഹിയും വേദിയായി. ഇതേ സമയമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുന്നത്. ബി.ജെ.പിയുടെ പ്രചാരണം സി.എ.എ വിരുദ്ധ സമരങ്ങൾക്കെതിരായ ആരോപണങ്ങളിലൂന്നിയായിരുന്നു.
സമരം ദേശവിരുദ്ധമാണെന്നും സമരക്കാർ ദേശദ്രോഹികളാണെന്നും മേൽത്തട്ടിലുള്ളവർ മുതൽ ഛോട്ടകൾ വരെയുള്ള വിവിധ ബി.ജെ.പി നേതാക്കൾ മൈക്ക്കെട്ടി പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. സി.എ.എ അനുകൂലികളും വിരുദ്ധ സമരക്കാരും തമ്മിലെ സംഘർഷമായാണ് പ്രശ്നങ്ങൾ ആരംഭിച്ചതെങ്കിലും പൊടുന്നനെ അത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലെ കലാപമായി ആളിപ്പടർന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രസരിപ്പിക്കപ്പെട്ട മുസ്ലിം വിരുദ്ധതയും വിദ്വേഷവും അപ്പോഴും അവിടെ നിലനിന്നിരുന്നതിനാൽ അവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ച് നശിപ്പിക്കപ്പെട്ടു. ഡൽഹിയുടെ സാധാരണ ജീവിതത്തെ തകിടംമറിച്ച് അക്രമിക്കൂട്ടങ്ങൾ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. ഫെബ്രുവരി 23 മുതൽ 26 വരെ നീണ്ടകലാപത്തിെൻറ തീ അണയുേമ്പാൾ 40 മുസ്ലിംകളുടെയും 13ഹിന്ദുക്കളുടെയും ജീവൻ അപഹരിക്കപ്പെട്ടിരുന്നു.
സകല ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുംവിധത്തിലാണ് മുസ്ലിം വിരുദ്ധകലാപത്തോട് ഭരണകൂടവും പൊലീസും പ്രതികരിച്ചതെന്ന് സമിതി കാര്യകാരണ സഹിതം വ്യക്തമാക്കുന്നു. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഏതെങ്കിലും വിധത്തിലെ നടപടികൾ സ്വീകരിക്കുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടു.
പൗരത്വ സമര വേദികൾ, മസ്ജിദുകൾ എന്നിവിടങ്ങളിൽ അക്രമം നടത്തിയവരെ പൊലീസ് സഹായിച്ചിരുന്നതായും ദൃക്സാക്ഷികളുടെയും മാധ്യമ റിപ്പോർട്ടുകളുടെയും പിൻബലത്തിൽ ജനകീയ അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
പൗരത്വ സമരത്തിനെതിരെ പ്രതിഷേധിക്കുന്ന ചില മുസ്ലിം സംഘടനകൾ നടത്തിയ വമ്പനൊരു ഗൂഢാലോചനയുടെ ഫലമാണ് ഈ കലാപമെന്നാണ് ഡൽഹി പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കേസ് തന്നെ. കേന്ദ്രസർക്കാറിനെക്കൊണ്ട് നിയമം പിൻവലിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യമത്രേ. വിവിധ കുറ്റപത്രങ്ങളിൽ കെട്ടിച്ചമച്ച തെളിവുകളാവട്ടെ പരസ്പര വിരുദ്ധവുമാണ്. വിവിധ കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ഈ പിഴവ് റിപ്പോർട്ടിൽ എടുത്തുകാണിച്ചിട്ടുണ്ട്.
ഫെബ്രുവരി 24ന് വൈകീട്ട് അഞ്ച് മുസ്ലിം ചെറുപ്പക്കാർക്കുനേരെ പരസ്യമായി പൊലീസ് അതിക്രമം കാണിച്ചിരുന്നു. 'നിനക്ക് ആസാദി വേണമല്ലേടാ, ഇന്നാ പിടിച്ചോ നിെൻറ ആസാദി' എന്ന് പരിസഹിച്ചുകൊണ്ട് മർദിക്കുകയും ദേശീയഗാനം ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തു.
ഈ അഞ്ചു ചെറുപ്പക്കാരിൽപ്പെട്ട ഫൈസാൻ എന്ന 23കാരനെ ജ്യോതിനഗർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഫെബ്രുവരി 25ന് രാത്രി 11മണിവരെ നിയമവിരുദ്ധമായി തടങ്കലിൽവെച്ചിരുന്നു. മോചിതനായശേഷം എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫൈസാൻ അവിടെ വെച്ച് മരണപ്പെട്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരണം സംഭവിച്ചത് കനത്ത ബലപ്രയോഗംമൂലം തലച്ചോറിനും ശരീരത്തിെൻറ പല ഭാഗങ്ങളിലും ഏറ്റ ക്ഷതംമൂലമാണ്.
ലാത്തിപോലെ ബലമുള്ള വസ്തുക്കൾകൊണ്ടുള്ള അടിമൂലമാവാം ഫൈസാെൻറ തലയിലെ പരിക്കുകൾ സംഭവിച്ചത് എന്നാണ് ആശുപത്രിയിലെ മെഡിക്കൽ ബോർഡിെൻറയും നിഗമനം. തുടർന്ന് കൊലപാതകം സംബന്ധിച്ച് ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ (ഈ കേസിൽ പൊലീസുകാർ) അറസ്റ്റു ചെയ്യാൻ ഡൽഹി പൊലീസ് തയാറായില്ല.
കോടതിയുടെ മേൽനോട്ടത്തിൽ ഒരു സമയബന്ധിതമായ അന്വേഷണം ആവശ്യപ്പെട്ട് ഫൈസാെൻറ ഉമ്മ കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ സമർപ്പിച്ചിരുന്നു. അതിന് മറുപടിയായി പൊലീസ് നൽകിയ റിപ്പോർട്ട് ശ്രദ്ധിക്കണം: മീഡിയയിൽ ലഭ്യമായ വിഡിയോ ഫൂട്ടേജ് പ്രകാരം ൈഫസാനെയും മറ്റുള്ളവരെയും പൊലീസുകാരാണ് മർദിക്കുന്നത്. പക്ഷേ, വിഡിയോ അവ്യക്തമാണ്, മാത്രമല്ല അക്രമികൾ ഹെൽമറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളും ധരിച്ചിരിക്കുന്നതിനാൽ അവരെ തിരിച്ചറിയാൻ കഴിയുന്നില്ല!
സർക്കാറും ഷാ ആലവും തമ്മിലെ കേസ് പരിഗണിക്കവെ ഒരു മജിസ്ട്രേറ്റ് തുറന്നു പറഞ്ഞു- വിഭജനശേഷം ഡൽഹി കണ്ട ഏറ്റവും വലിയ വർഗീയ കലാപത്തിലേക്ക് ചരിത്രം തിരിഞ്ഞുനോക്കുേമ്പാൾ ആധുനിക ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് കൃത്യമായ അന്വേഷണം നടത്താത്ത അന്വേഷണ ഏജൻസിയുടെ പരാജയം ജനാധിപത്യത്തിെൻറ കാവൽക്കാരെ തീർച്ചയായും വേദനിപ്പിക്കുമെന്ന് നിരീക്ഷിക്കാതിരിക്കാനാവില്ല' എന്ന്. കോടതിയുടെ കണ്ണിൽപൊടിയിടാൻ ശ്രമിച്ചു എന്നല്ലാതെ അന്വേഷണ ഏജൻസി ഒന്നും ചെയ്തിട്ടില്ല എന്ന് അന്വേഷണ രീതിയിൽ നിന്ന് സുവ്യക്തമാണ്.
ഡൽഹി ന്യൂനപക്ഷ കമീഷൻ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ മുസ്ലിം ആരാധനാലയങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ട കാര്യം വ്യക്തമാക്കുന്നു. മദീന മസ്ജിദ് തീ വെച്ചു നശിപ്പിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് വിസമ്മതിച്ചതിനെ തുടർന്ന് പള്ളി കൈക്കാരൻ ഹാജി ഹാഷിം അലിക്ക് മെട്രോപൊലിറ്റൻ മജിസ്ട്രേറ്റിനെ സമീപിക്കേണ്ടി വന്നു.
മുസ്ലിംകൾക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കേസുകൾ പരിശോധിച്ചാൽ മുസ്ലിംകൾക്കെതിരായ വിവേചനം കാണിക്കുന്ന സി.എ.എക്കെതിരെ മുസ്ലിം സംഘടനകൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കലാപം നടത്തി മുസ്ലിം പള്ളികൾ നശിപ്പിക്കുകയും മുസ്ലിംകളെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന് നാം വിശ്വസിക്കണമെന്നാണോ ഡൽഹി പൊലീസ് പറയുന്നത് എന്ന് തോന്നിപ്പോകും.
ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) എന്നിവ പ്രകാരം വിവിധ കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെടുന്ന ആളുകളുടെ കുറ്റമൊഴികൾ അവലോകനം ചെയ്തപ്പോൾ വലിയ സമാനത തോന്നി. ചില പ്രസ്താവനകൾ തുടക്കം മുതൽ അവസാനം വരെ വള്ളിപുള്ളി ഒരുപോലെ, മറ്റു ചിലതിൽ ചില ഖണ്ഡികകൾ അതേപടി. ഇത്ര സമാനതകളുള്ള സ്ഥിതിക്ക് തീർച്ചയായും ഈ മൊഴികൾ കെട്ടിച്ചമച്ചവയാണ് അല്ലെങ്കിൽ കുറ്റാരോപിതർക്ക് പരിശീലനം നൽകിയിട്ടുണ്ടാവും.
ഉദാഹരണത്തിന് 2020 ഏപ്രിൽ എട്ടിന് രേഖപ്പെടുത്തപ്പെട്ട മീരാൻ ഹൈദറുടെ മൊഴിയിലും 2020 ഏപ്രിൽ 14ന് രേഖപ്പെടുത്തിയ സഫൂറ സർഗാറിെൻറ മൊഴിയിലും അവരുടെ പേരുകൾക്കല്ലാതെ ഒരു വരിക്കുപോലും മാറ്റമില്ല. യഥാക്രമം 27 മേയ്, 28 ജൂൺ, ജൂലൈ മൂന്ന് എന്നീ ദിവസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഷദാബ് അഹ്മദ്, സലിം മാലിക്, അതാർ ഖാൻ എന്നിവരുടെയും ദിവസം പറയാതെ രേഖപ്പെടുത്തപ്പെട്ട മുഹമ്മദ് സലിം ഖാെൻറയും മൊഴികളും തനിപ്പകർപ്പുകൾ.
വിവിധ ദിവസങ്ങളിലായി രേഖപ്പെടുത്തപ്പെട്ട വിവിധ പ്രതികളുടെ മൊഴികളിൽ വ്യാകരണ പിശകുകൾപോലും അതേപടി ആവർത്തിക്കപ്പെട്ടിരിക്കുന്നു എന്നു വരുകിൽ അന്വേഷണത്തിെൻറ അവസ്ഥ നോക്കണേ. ഈ മൊഴികളുടെ പേരിൽ ഒരാളെ കുറ്റവാളിയായി വിധിക്കാൻ കഴിയില്ലെങ്കിലും അവരെക്കുറിച്ച് ശക്തമായ മുൻവിധി സൃഷ്ടിക്കാൻ ഇതു ധാരാളം മതിയാവും. കൂടാതെ, യു.എ.പി.എ പ്രകാരം ജാമ്യം നിഷേധിക്കാനും അവരെ ദീർഘകാലം തടവറയിൽ തളച്ചിടാനും ഇതുകൊണ്ട് സാധിക്കും.
വാസ്‌തവത്തിൽ, സമീപകാലത്തെ യു.എ.പി.എ ഗൂഢാലോചന കേസുകളിൽ വിചാരണക്ക് കാലതാമസം സൃഷ്ടിക്കുന്ന രീതിയിലെ അറസ്റ്റ് എന്നൊരു പ്രതിഭാസം കാണാൻ കഴിയുന്നുണ്ട്. അതായത്, ആദ്യം അറസ്റ്റിലായ പ്രതികളുടെ കുറ്റപത്രം സമർപ്പിക്കാനുള്ള 180 ദിവസ കാലാവധി അവസാനിക്കുമ്പോൾ മാത്രമാണ് രണ്ടാമത്തെ സംഘം പ്രതികൾ അറസ്റ്റിലാകുന്നത്.
അതോടെ കുറ്റപത്രം സമർപ്പിക്കാൻ 180 ദിവസത്തെ സമയം കൂടി ആവശ്യപ്പെടും. ആ സമയവും അവസാനിക്കാറാവുേമ്പാൾ മൂന്നാമത്തെ സെറ്റ് അറസ്റ്റ് നടത്തും. അതോടെ വിചാരണ അനന്തമായി നീളുന്നു, അറസ്റ്റിലായവർ വർഷങ്ങളോളം ജാമ്യമില്ലാതെ ജയിലിൽ കിടക്കുന്നു. കുറ്റക്കാരെ ശിക്ഷിക്കാനല്ല, മറിച്ച് അലോസരം സൃഷ്ടിക്കുന്നവരെ ജയിലിൽ തന്നെ തളച്ചിടാനാണ് അന്വേഷണ ഏജൻസികൾ യു.എ.പി.എയിലെ കർശന വ്യവസ്ഥകൾ എടുത്തുപയോഗിക്കുന്നത് എന്നു തോന്നിപ്പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.