നാം നേരിടുന്ന നീറുന്ന സമകാലിക സാമൂഹിക പ്രശ്നങ്ങളിലൊന്നാണ് വയോജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ. കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിവർത്തനത്തോടെ വയോജന പരിചരണവുമായി ബന്ധപ്പെട്ട അപര്യാപ്തതകൾ കൂടി വന്നത് നമ്മുടെ യാഥാർഥ്യമാണ്. ദുരിതമയമായ ശോച്യാവസ്ഥയാണ് ജീവിതസായന്തന കാലത്ത് നമ്മുടെ വയോജനതയിൽ നല്ലൊരു വിഭാഗത്തിനുമുള്ളത്. ‘ഉപയോഗിക്കുക വലിച്ചെറിയുക’ എന്ന നവലിബറൽ സംസ്കാരം എത്രമാത്രം...
നാം നേരിടുന്ന നീറുന്ന സമകാലിക സാമൂഹിക പ്രശ്നങ്ങളിലൊന്നാണ് വയോജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ. കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിവർത്തനത്തോടെ വയോജന പരിചരണവുമായി ബന്ധപ്പെട്ട അപര്യാപ്തതകൾ കൂടി വന്നത് നമ്മുടെ യാഥാർഥ്യമാണ്. ദുരിതമയമായ ശോച്യാവസ്ഥയാണ് ജീവിതസായന്തന കാലത്ത് നമ്മുടെ വയോജനതയിൽ നല്ലൊരു വിഭാഗത്തിനുമുള്ളത്. ‘ഉപയോഗിക്കുക വലിച്ചെറിയുക’ എന്ന നവലിബറൽ സംസ്കാരം എത്രമാത്രം ആക്രമണോത്സുകമാണെന്ന് മനസ്സിലാക്കിത്തരുന്ന ഇടങ്ങളായിട്ടുണ്ട് നമ്മുടെ ഒട്ടനേകം വീട്ടകങ്ങൾ.
ഉപേക്ഷിക്കപ്പെട്ട മരസാമാനങ്ങൾപോലെ പ്രായമായവർ അവഗണനയുടെ മൂലകളിലേക്ക് തള്ളപ്പെടുന്നതും ഒരു ഘട്ടം കഴിയുമ്പോൾ വീടുകൾക്ക് പുറത്തേക്ക് ഉപേക്ഷിക്കപ്പെടുന്ന നിലയും വളരെ സ്വാഭാവികമായിത്തീർന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉൽപാദനക്ഷമതയും കഴിവും സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായി രാജ്യത്താദ്യമായി ഒരു കമീഷൻ കേരളത്തിൽ നിലവിൽ വരികയാണ്. ഇതിനായുള്ള കേരള സംസ്ഥാന വയോജന കമീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി.
മുതിർന്ന പൗരരുടെ കേരളം
2011ലെ കാനേഷുമാരി പ്രകാരം അറുപതു വയസ്സിന് മുകളിലുള്ള 10.40 കോടി ജനങ്ങൾ ഇന്ത്യയിലുണ്ട് - 2046 ആകുന്നതോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം പതിനഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തെ മറികടക്കാൻ സാധ്യതയുണ്ടെന്ന് യു.എൻ റിപ്പോർട്ട് (യുനൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, ഇന്ത്യ 2023 ഇന്ത്യ ഏജിങ് റിപ്പോർട്ട്) പറയുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ വളർച്ചാനിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ 2026 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കും. പ്രായമായവരുടെ എണ്ണം കൂടാനുള്ള ഒരു കാരണം കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനമാണ്. ആരോഗ്യ പരിരക്ഷ വിപുലമായത് ആയുർദൈർഘ്യം വർധിപ്പിച്ചതിലേക്ക് നയിച്ചു. അത് സമൂഹത്തിൽ പ്രായമായവരുടെയും അതിവൃദ്ധരുടെയുമടക്കം ആരോഗ്യകരമായ സാന്നിധ്യം സൃഷ്ടിച്ചു. എന്നാൽ, നിരന്തരം ആരോഗ്യത്തിന്റെ തകർച്ചയുടെ നിഴലിലുള്ളവരും ജീവിതശൈലീ രോഗങ്ങളടക്കമുള്ള വ്യാധികൾ വേട്ടയാടുന്നവരുമാണ് നമ്മുടെ വയോജനത.
സ്വയം പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളായി രോഗപരിചരണവും മരുന്നുലഭ്യതയും അടക്കമുള്ള കാര്യങ്ങൾ അവർക്ക് മുന്നിൽ ഉയർന്നുനിൽക്കുന്നു. സർക്കാറുകളുടെ പിന്തുണ ആവശ്യമുള്ള ഇക്കാര്യങ്ങളിലെല്ലാം, പ്രായമായവർക്ക് താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതും മാതാപിതാക്കളുടെയും മുതിർന്ന പൗരരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (എം.ഡബ്ല്യു.പി.എസ്.സി. ആക്ട്) കാര്യക്ഷമമായി നടപ്പാക്കുന്നതും അടക്കമുള്ള കാര്യങ്ങളിൽ, അവരുടെ സങ്കടങ്ങൾ ലഘൂകരിക്കാൻ സർക്കാറും സംവിധാനങ്ങളും ഫലപ്രദമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. അപ്പോഴും, വാർധക്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലെ ചില മുൻവിധികൾ നമ്മെ ബാധിച്ചു കിടക്കുന്നുണ്ടെന്ന് ഈ സർക്കാർ കണ്ടു. അവകൂടി സൂക്ഷ്മമായി പരിശോധിക്കുകയും മറികടക്കാൻ ശ്രമിക്കുകയും ചെയ്യാൻ സാമൂഹ്യനീതി വകുപ്പ് തുടക്കം തൊട്ട് തീരുമാനിച്ചതിന്റെ പ്രധാന ഫലങ്ങളിൽ ഒന്നായാണ് വയോജന കമീഷൻ നിയമം നിലവിൽ വന്നിരിക്കുന്നത്.
വൈദഗ്ധ്യത്തിന്റെ വിശാലശേഖരം തുറക്കാൻ
പ്രായമാകുന്നവരുടെ ജനസംഖ്യ കേവലം ഒരു ജനസംഖ്യാ സ്ഥിതിവിവരക്കണക്ക് മാത്രമല്ല, നമ്മുടെ ആദരവും പിന്തുണയും അർഹിക്കുന്ന, അനുഭവം, ജ്ഞാനം, സംഭാവനകൾ എന്നിവയുടെ സമ്പത്ത് ഉൾവഹിക്കുന്ന സമൂഹമാണ് നമ്മുടെ വയോജനത എന്ന ബോധ്യത്തിലാണ് ചരിത്രപ്രാധാന്യമുള്ള ഈ നിയമനിർമാണം. സമൂഹത്തിന്റെ ഔദാര്യമോ ആനുകൂല്യമോ വേണ്ടവരെന്ന വയോജനങ്ങളെക്കുറിച്ചുള്ള നമ്മുടെ നിഷേധാത്മക ധാരണകളെ തൂക്കിയെറിഞ്ഞ്, പഴയതലമുറയും യുവാക്കളും തമ്മിൽ നിലനിൽക്കുന്ന വിടവ് നികത്തി തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയമം. ഇന്നല്ലെങ്കിൽ നാളെ മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കും.
കാരണം, ലോകതലത്തിൽ, വയോജനങ്ങൾക്കായി നടക്കുന്ന സംരംഭങ്ങൾക്കു സമാനമായ കാൽവെപ്പാണ് ഈ നിയമത്തിലൂടെ കേരളം വെയ്ക്കുന്നത്. ജപ്പാനിലെ ‘സൂപ്പർ ഏജ്ഡ് സൊസൈറ്റി’ പോലുള്ള സംരംഭങ്ങളും യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങളിൽ പ്രായമായവരുടെ സാമൂഹിക-സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സംരംഭങ്ങളും പോലെ, വികസിതരാഷ്ട്രങ്ങളിൽ മുൻഗണനയായി ഉയർന്നുവന്നിട്ടുള്ള ഈ മേഖലയിലെ പ്രവർത്തനങ്ങളെ, നമ്മുടേതുപോലുള്ളൊരു മൂന്നാം ലോക അവസ്ഥയിൽ നിൽക്കുമ്പോൾതന്നെ അഭിസംബോധന ചെയ്യാനുള്ള, കാലത്തിനു മുന്നേ പറക്കുന്ന ദൂരക്കാഴ്ചയോടെയാണ് വയോജന കമീഷൻ നിയമം പാസാക്കിയിരിക്കുന്നത്.
സാമൂഹിക വികസനത്തിൽ കുതിപ്പേകും
തുടക്കത്തിൽ പറഞ്ഞതുപോലെ പ്രായമായവരുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്ന സംസ്ഥാനമെന്ന നിലയ്ക്ക്, ഈ നിയമം കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാകാൻ പോവുകയാണ്. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അർധ ജുഡീഷ്യൽ സ്വഭാവത്തിലുള്ള മാർഗനിർദേശക ബോഡി നിലവിൽ വരുന്നതോടെ, അവരുടെ അനുഭവങ്ങളും കഴിവുകളും സമൂഹത്തിന് ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ വർധിക്കും. ഇത് കേരളത്തിന്റെ മാനവവിഭവശേഷിയെ ശക്തിപ്പെടുത്തുകയും നിലവിലെ സാമൂഹിക സുരക്ഷാ ശൃംഖലകളെ പുതിയ മാനങ്ങളിലേക്ക് ഉയർത്തുകയും ചെയ്യും. ആ നിലയിൽ ഇത് രാജ്യത്തിന് മാതൃകയാകാൻ പോന്ന മറ്റൊരു കേരള മോഡൽ ആയി വരുമെന്നതിൽ തീർച്ചയായും കേരള നിയമസഭക്കാകെ അഭിമാനിക്കാനാകും.
പ്രായമായ സ്ത്രീകളുടെ ഗണ്യമായ സാന്നിധ്യവും ചെറുപ്രായം തൊട്ടേ അവരുടെ കഴിവുകൾ തളച്ചിടപ്പെടുന്ന പ്രശ്നവും കണക്കിലെടുക്കുമ്പോൾ, നമ്മുടെ സമൂഹത്തിലെ സ്ത്രീജീവിതത്തിൽ കൊണ്ടുവരാൻ പോകുന്ന ഗണ്യമായ മാറ്റംകൂടി കേരളത്തിന്റെ സാമൂഹികവികസന പശ്ചാത്തലത്തിൽ ഈയൊരു നിയമത്തിന്റെ സവിശേഷതയാണ്. മെനോപോസ്, ഓസ്റ്റിയോപൊറോസിസ്, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധ വേണ്ടവരാണ് മുതിർന്ന പ്രായക്കാരായ സ്ത്രീജനത. നിലവിൽ സർക്കാർ സംവിധാനങ്ങൾ അവർക്ക് നൽകുന്ന ആരോഗ്യപരമായ പിന്തുണയും ചികിത്സാ സൗകര്യങ്ങളും പുതിയൊരു കാഴ്ചപ്പാടോടെ ഈ കമീഷന്റെ ഭാഗമായി ഉറപ്പാക്കുന്നത് സമൂഹത്തിലെ ഏറ്റവും പ്രബല സാമൂഹികവിഭാഗമെന്ന നിലയ്ക്ക് സ്ത്രീവയോജനതയെ കൂടുതൽ ശാക്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.