മേയ് 10ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ സുപ്രീംകോടതി ഇത് മനസ്സിലുറപ്പിച്ചിട്ടുണ്ടായിരുന്നു: ലോക്സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. ഈ വർഷം നടക്കുന്ന ഏറ്റവും വലിയ സംഭവവികാസവും. ജനാധിപത്യ സംവിധാനത്തിന്റെ ജീവാത്മാവാണ് പൊതു തെരഞ്ഞെടുപ്പുകൾ. ഒരു സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെടുന്നത് സ്വതന്ത്രവും നീതിപൂർവവുമാകണമെങ്കിൽ തുല്യമായ മത്സരമുണ്ടാകണം
ഭരണം നടത്തുന്ന കക്ഷിക്ക് തെരഞ്ഞെടുപ്പ് കാലത്ത് തീർച്ചയായും മേൽക്കൈയുണ്ടാകും. അപ്പോഴും, തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തുല്യ അവസരവും പങ്കാളിത്തവുമെന്ന് ഉറപ്പാക്കൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഭരണഘടനപരമായ ബാധ്യതയാണ്. എന്നാൽ, അടിസ്ഥാന പ്രമാണത്തിന്റെ നഗ്നമായ ലംഘനമാണ് നിലവിലെ തെരഞ്ഞെടുപ്പുകളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.
മുഖ്യ പ്രതിപക്ഷ കക്ഷിയുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് തീരെ ബാലിശമായ കാരണങ്ങൾ നിരത്തി മരവിപ്പിക്കുന്നു. എന്നുവെച്ചാൽ, മുഖ്യ പ്രതിപക്ഷ കക്ഷി തെരഞ്ഞെടുപ്പ് നേരിടേണ്ടത് ചെലവഴിക്കാൻ കൈയിൽ പണമില്ലാതെയാകും.
കേന്ദ്ര ഏജൻസികളായ ഇ.ഡി, സി.ബി.ഐ പോലുള്ളവ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങി അധികാരമുള്ള മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു.
പൗരത്വ നിയമ ഭേദഗതി പാർലമെന്റിൽ പാസായി പ്രസിഡന്റ് ഒപ്പുവെച്ച് 2019 ഡിസംബർ 12ന് രാജ്യത്ത് നിയമമായതാണ്. അതേ ദിവസം ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സി.എ.എ നിയമസാധുത ചോദ്യം ചെയ്തും നടപ്പാക്കുന്നത് സ്റ്റേ ചെയ്യാനാവശ്യപ്പെട്ടും സുപ്രീംകോടതിയിയിൽ കേസ് നൽകുന്നു.
കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്, ചട്ടങ്ങൾ രൂപവത്കരിച്ചിട്ടില്ലാത്തതിനാൽ നിയമം നടപ്പാക്കില്ലെന്നും അതിനാൽ സ്റ്റേ ചെയ്യേണ്ടതില്ലെന്നുമായിരുന്നു. നാലു വർഷവും മൂന്നുമാസവും നീണ്ട ഇടവേള കഴിഞ്ഞ് നിയമം വീണ്ടും 2024 മാർച്ചിൽ വിളംബരം ചെയ്യുന്നു. അതേ മാസം 12ന് മുസ്ലിം ലീഗ് വീണ്ടും കോടതിയിലെത്തി. വിവാദ നിയമങ്ങൾ നടപ്പാക്കരുതെന്നും സ്റ്റേ വേണമെന്നുമായിരുന്നു ആവശ്യം.
ലീഗിന്റെയും ഒപ്പം കേന്ദ്ര സർക്കാറിന്റെയും വാദങ്ങൾ സുപ്രീംകോടതി കേട്ടു. ലീഗ് നൽകിയ അപേക്ഷക്ക് മറുപടി നൽകാൻ സമയം വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. അംഗീകരിച്ച കോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. മൂന്നാഴ്ചക്കകം ഒന്നും നടക്കാൻ പോകുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഭരണഘടന ബെഞ്ചിൽ വാദം കേൾക്കൽ നടക്കുന്നതിനാൽ കേസ് വാദം കേൾക്കുന്നതിനായി പരിഗണിക്കാനാകില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി.
കേന്ദ്രസർക്കാർ സി.എ.എ ചട്ടങ്ങൾ നടപ്പാക്കിയെന്നത് ഞെട്ടിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്. അങ്ങനെ പറയാൻ കാരണങ്ങൾ ഇതാണ്:
1. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് നൽകിയ സ്റ്റേ അപേക്ഷയെ എതിർത്തുള്ള മറുപടി ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമയം തേടിയിരുന്നു.
2. സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച് നിലനിൽക്കുന്ന 240 പരാതികളും ഒറ്റയടിക്ക് അസാധുവാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഒരു നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യമുനയിൽ നിൽക്കുമ്പോൾ, അതേ നിയമം നടപ്പാക്കുംമുമ്പ് സുപ്രീംകോടതി തീരുമാനത്തിന് കേന്ദ്രസർക്കാർ കാത്തുനിൽക്കേണ്ടതായിരുന്നു.
3. ഇനി അന്തിമമായി സി.എ.എ ഭരണഘടനവിരുദ്ധമെന്ന് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചാൽ ഈ നിയമപ്രകാരം അതുവരെയും പൗരത്വം നൽകപ്പെട്ടവർക്ക് അത് നിഷേധിക്കപ്പെടുന്ന സവിശേഷത സാഹചര്യമാകും അവിടെയുണ്ടാകുക. എന്നുവെച്ചാൽ, അത് തിരുത്തൽ അസാധ്യമായ ഒരു സാഹചര്യമാണ്.
2024 മാർച്ചിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായത്. വിജ്ഞാപനമാകുന്നതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരുന്നു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് സർക്കാറിനെ ഇത് കർശനമായി വിലക്കുന്നു.
വിവിധ വിധിന്യായങ്ങളിൽ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ പ്രാമാണ്യവും സവിശേഷതയും സുപ്രീംകോടതി പ്രത്യേകം എടുത്തുപറഞ്ഞതാണ്.
1. ഹജ്ജ് യാത്രക്ക് സബ്സിഡി പുനഃസ്ഥാപിച്ച തീരുമാനം വോട്ടിങ് അവസാനിക്കുംവരെ നീട്ടിവെക്കാൻ തെരഞ്ഞെടുപ്പ് 2004 സെപ്റ്റംബർ 29ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകുന്നു.
2. മത, ഭാഷ ന്യൂനപക്ഷങ്ങളിലെ സാമൂഹിക-സാമ്പത്തിക പിന്നാക്കമുള്ളവരുടെ ക്ഷേമത്തിനായി ദേശീയ കമീഷൻ രൂപവത്കരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ നീട്ടാൻ 2004 ഒക്ടോബർ ഏഴിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിക്കുന്നു. ഉത്തരവിലെ വാചകങ്ങൾ ഇങ്ങനെ: ‘‘എല്ലാ സ്ഥാനാർഥികൾക്കും നീതിയുക്തമായ മത്സരം ഉറപ്പാക്കാനാണ് മാതൃക പെരുമാറ്റച്ചട്ടം രൂപം നൽകിയിരിക്കുന്നത്.
സർക്കാറിന്റെ പതിവു പ്രവർത്തനങ്ങൾ പെരുമാറ്റച്ചട്ടം തടയുന്നില്ല. പ്രത്യേക വിഭാഗത്തെ സ്വാധീനിക്കുന്ന, അതുവഴി അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് അന്യായമായ ആനുകൂല്യം നൽകുകയും മത്സരം ഏകപക്ഷീയമാക്കുകയും ചെയ്യുന്ന തീരുമാനങ്ങൾ ഉണ്ടാകുന്നതിനെയാണ് അത് നിരോധിക്കുന്നത്’’.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ വേണ്ട അടിസ്ഥാന തത്ത്വമാണിത്. ഈ ഘട്ടത്തിൽ സി.എ.എ നടപ്പാക്കൽ വോട്ടർമാരിൽ ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കും. അതുവഴി ബി.ജെ.പിക്ക് മറ്റു കക്ഷികൾക്കുമേൽ അന്യായമായ മേൽക്കൈ നൽകുകയും ചെയ്യും.
പശ്ചിമ ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ, അതിപ്രധാനമായ വിഷയം മേയ് 20ന് സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയാണ്. സി.എ.എ നടപ്പാക്കൽ പാർട്ടിക്ക് അന്യായമായ മേൽക്കൈ ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഭരണകക്ഷി കണക്കുകൂട്ടുന്നു. അതുമാത്രം മനസ്സിൽ കണ്ടാണ് ഈ ഘട്ടത്തിൽ സി.എ.എ നടപ്പാക്കുന്നത്.
ഏകദേശം 31,000 പേർക്ക് പശ്ചിമ ബംഗാളിൽ മാത്രം പൗരത്വം ലഭിക്കും. ഇത് സംസ്ഥാനത്ത് നൽകുന്ന ജനസംഖ്യാപരമായ സ്വാധീനം വലിയതാകും. അതുകൊണ്ടുതന്നെ ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. 2004ൽ കമീഷൻ നടപ്പാക്കിയ പോലെ ഇത്തവണയും നടപടി ഉണ്ടായേ പറ്റൂ.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. ഈ ദൗത്യം പൂർത്തിയാക്കാൻ ചുമതലയേൽപിക്കപ്പെട്ട ഭരണഘടനപരമായ സ്ഥാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എന്നാൽ, ഭരണഘടനപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ നിലവിലെ തെരഞ്ഞെടുപ്പ് കമീഷന്റെ റോളും പ്രകടനവും ലളിതമായി പറഞ്ഞാൽ നിരാശജനകമാണ്.
പ്രധാനമന്ത്രി മോദിയുടെ താഴെ പറയുന്ന പ്രസംഗങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം, ജനപ്രാതിനിധ്യ നിയമം, പെരുമാറ്റച്ചട്ടം എന്നിവയുടെയെല്ലാം ലംഘനമാണ്. അവയൊന്നും കമീഷൻ പരിഗണനക്കെടുക്കുന്നേയില്ല.
1. രാജസ്ഥാനിലെ ബൻസ്വാരയിൽ ഏപ്രിൽ 21നായിരുന്നു ഒന്ന്: ‘‘ഇത് നിങ്ങൾക്ക് സ്വീകാര്യമാണോ? നിങ്ങൾ കഠിനാധ്വാനം വഴി നേടിയെടുത്ത ആസ്തികൾ കണ്ടുകെട്ടാൻ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടോ? നിങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും സ്വർണം പുറത്തുകാണിച്ചുനടക്കാനല്ല, ആത്മാഭിമാനത്തിന്റെയാണ്. നിങ്ങളുടെ കെട്ടുതാലി വെറും സ്വർണമോ അതിന്റെ വിലയോ അല്ല, അത് അവരുടെ ജീവിതസ്വപ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. അവ തട്ടിപ്പറിച്ചെടുക്കുന്നതിനെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്’’.
അവരുടെ പാർട്ടി അധികാരത്തിലെത്തിയാൽ, അവയെടുത്ത് ആർക്ക് വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്- മൻമോഹൻ സിങ് സർക്കാർ പറഞ്ഞിരുന്നത് രാജ്യത്തിന്റെ ആസ്തികളിൽ മുസ്ലിംകൾക്ക് പ്രഥമ അവകാശമുണ്ടെന്നായിരുന്നു’’.
‘‘ഈ സ്വത്തുക്കൾ ഒരുമിച്ചുകൂട്ടിയ ശേഷം ആർക്കാണ് അവർ (കോൺഗ്രസ്) ഇത് വിതരണം ചെയ്യുക? കൂടുതൽ കുട്ടികളുള്ളവർക്കാണ് അതു നൽകുക. നുഴഞ്ഞുകയറിയെത്തിയവർക്കാണ് അത് നൽകുക. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് അവർ നൽകും. നിങ്ങൾ അത് അംഗീകരിക്കുമോ?’’
ഈ അർബൻ-നക്സൽ മനസ്സുള്ളവർ, എന്റെ അമ്മമാരെ, പെങ്ങന്മാരെ, നിങ്ങളുടെ കെട്ടുതാലിപോലും ഒഴിവാക്കുകയില്ല. അതുകൂടി എടുക്കാൻ വരെ അവർ തയാറാകും.
2. തെലങ്കാനയിലെ സഹീറാബാദിലെ മേയ് ഒന്നിന് അദ്ദേഹത്തിന്റെ വാക്കുകൾ: ‘‘മുസ്ലിംകൾക്ക് സംവരണം നൽകാൻ എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം ഞാൻ സമ്മതിക്കില്ല’’
3. ഗുജറാത്തിലെ ആനന്ദിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞത്: ‘‘കോൺഗ്രസ് ഇവിടെ മരണമുഖത്താണ്. അതുകണ്ട് പാകിസ്താനികൾ കരയുകയാണ്... കോൺഗ്രസ് ‘ഷെഹ്സാദ’ ഇന്ത്യൻ പ്രധാനമന്ത്രിയാകാനാണ് പാക് നേതാക്കൾ ആഗ്രഹിക്കുന്നത്’’. കോൺഗ്രസ് കക്ഷി പാകിസ്താനെ പിന്തുണക്കുന്നതാണ് എന്നുകൂടി അദ്ദേഹം അവിടെ പറഞ്ഞു.
4. മേയ് ഏഴിന് ഢാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്: കശ്മീരിൽ 370ാം വകുപ്പ് തിരിച്ചുകൊണ്ടുവരാതിരിക്കാനും അയോധ്യയിൽ രാമക്ഷേത്രത്തിന് ബാബരി പൂട്ടിടാതിരിക്കാനും ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് 400 സീറ്റുകൾ വേണം.
സ്വന്തം രാജ്യത്തെ സമുദായങ്ങൾക്കെതിരെ അതേ രാജ്യത്തിന്റെ പ്രധാനമന്ത്രി പച്ചയായ വെറുപ്പ് പ്രചരിപ്പിക്കുന്നതിന്റെ തെളിവാണിവയെല്ലാം. മാതൃക പെരുമാറ്റച്ചട്ട ലംഘനവുമാണ്. ഇന്ത്യൻ ക്രിമിനൽ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം കുറ്റകരവും. നിർഭാഗ്യകരമെന്നുപറയട്ടെ, ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷൻ ഇവക്കു മുന്നിൽ കണ്ണടച്ചുനിൽക്കുന്നു.
എന്നുവെച്ചാൽ, സി.എ.എ നടപ്പാക്കൽ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. സുപ്രീംകോടതിക്ക് നൽകിയ ഉറപ്പുകളെ ധിക്കരിക്കലുമാണ്. അതിനാൽ, തെരഞ്ഞെടുപ്പ് കമീഷൻ ഇറങ്ങി തെരഞ്ഞെടുപ്പ് കഴിയും വരെ ഇത് നീട്ടിവെക്കാൻ പറയണം. ഇത് ചെയ്യുന്നതിന്റെ പേരിൽ ഒരാളോടും മുൻവിധി കാണിക്കലാകില്ല.
എന്നുമാത്രമല്ല, എല്ലാ രാഷ്ട്രീയ കക്ഷികൾക്കും നീതിയുക്തമാായി തെരഞ്ഞെടുപ്പിൽ അങ്കം കുറിക്കാൻകൂടി ഇത് അവസരമൊരുക്കും. രാജ്യത്ത് നിയമവാഴ്ച നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണഘടന സ്ഥാപനങ്ങൾ കടുത്ത നിലപാട് സ്വീകരിക്കുമെന്ന്, എല്ലാ പ്രതീക്ഷകൾക്കുമതീതമായ പ്രതീക്ഷയുമായി കാത്തിരിക്കാനേ നമുക്കാകൂ.
ഉത്തരവാദിത്ത നിർവഹണത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പരാജയമായാൽ, ജുഡീഷ്യറി ഇറങ്ങി ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കണം. ഇവിടെ ജുഡീഷ്യറി ഇറങ്ങുമെന്നും സമീപകാല തെരഞ്ഞെടുപ്പുകളിൽ കാര്യമായി ക്ഷതമേറ്റ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രത്യാശയോടെ നിൽക്കാം.
സുപ്രീംകോടതി അഭിഭാഷകനാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.