ഫെബ്രുവരി 14ന് ബൂത്തിലേക്കു പോകാനൊരുങ്ങുന്ന ഉത്തരാഖണ്ഡിൽ പാർട്ടികളുടെ പ്രകടനപത്രികകൾ ഒന്നൊന്നായി പുറത്തുവന്നു. ബി.ജെ.പിയുടെ 'ദർശനരേഖ 2022' കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഡറാഡൂണിൽ പ്രകാശനം ചെയ്തത്; 'സ്വാഭിമാൻ പ്രതിജ്ഞാപത്രിക' എന്നു പേരിട്ട കോൺഗ്രസ് മാനിഫെസ്റ്റോ ഒരാഴ്ച മുമ്പ് പ്രിയങ്ക ഗാന്ധിയും. ഓൺലൈൻ വഴി നടത്തിയ കോൺഗ്രസ് പരിപാടിയുടെ തത്സമയ സംപ്രേഷണം സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലുമുണ്ടായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് കഴിഞ്ഞ 'ഉത്തരകാണ്ഡം' കോളത്തിൽ എഴുതിയിരുന്ന അതേ വിഷയങ്ങൾ തൊഴിലില്ലായ്മയും തൊഴിൽതേടിയുള്ള പ്രവാസവും എത്രമാത്രം ഗുരുതരമാണെന്ന് ഈ പ്രകടനപത്രികകളിലെ പരാമർശങ്ങൾ അടിവരയിടുന്നു.
ദരിദ്രകർഷകർക്ക് ഓരോ വർഷവും 6000 രൂപ വീതം നൽകുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് 2000 രൂപ വീതവും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് 1000 രൂപ വീതവും നൽകാനും അവർ പദ്ധതി മുന്നോട്ടുവെക്കുന്നു.
അധികാരം നൽകിയാൽ നാലു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനം, പൊലീസ് സേനയിൽ സ്ത്രീകൾക്ക് 40 ശതമാനം തൊഴിൽ സംവരണം ഏർപ്പെടുത്തുമെന്നും അവർ പ്രഖ്യാപിക്കുന്നു. അംഗൻവാടി ജീവനക്കാരുടെ വേതനം 150 ശതമാനം കണ്ട് വർധിപ്പിക്കും, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കും എന്നീ വാഗ്ദാനങ്ങളും കോൺഗ്രസിനുണ്ട്.
പ്രക്ഷോഭകാലത്ത് കർഷകർക്കെതിരെ ചുമത്തിയ കേസുകളെല്ലാം പിൻവലിക്കും എന്ന ഉറപ്പുവഴി കർഷകരെ തലോടാനും ബി.ജെ.പി സർക്കാറിന്റെ വിവാദ നയങ്ങളെ ഓർമപ്പെടുത്താനും അവർ ശ്രമിക്കുന്നു. എന്നാൽ, പ്രകടന പത്രികയിലെ സവിശേഷ പ്രഖ്യാപനം ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില 500 രൂപയാക്കി നിലനിർത്തുമെന്നതാണ്. നിലവിൽ 915 രൂപ കൊടുത്ത് സിലിണ്ടർ വാങ്ങുന്ന വീട്ടമ്മമാർ ഈ വാഗ്ദാനം വിശ്വസിക്കാൻ കൂട്ടാക്കുമെങ്കിൽ കോൺഗ്രസിന് ഒരുപക്ഷേ അധികാരത്തിൽ തിരിച്ചുവരാൻ കഴിഞ്ഞേക്കും. എന്നാൽ, ഉത്തരാഖണ്ഡിൽ 500 രൂപക്ക് നൽകുമെന്നു പറയുന്ന സിലിണ്ടറുകൾ
കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ കൂടിയ വിലക്ക് വിൽക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യവുമായാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് മദൻ കൗഷിക് അതിനെ നേരിടുന്നത്.
സാധാരണക്കാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും ഗ്രാമങ്ങളിൽ അത്യാധുനിക സാങ്കേതികസഹായത്തോടെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളൊരുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും പ്രചാരണ സമിതി അധ്യക്ഷനുമായ ഹരീഷ് റാവത്ത് പറയുന്നു.
പറയാൻ നേട്ടമില്ല, വർഗീയത മാത്രം
എണ്ണിപ്പറയാൻ കാര്യമായ ഭരണകാല നേട്ടങ്ങളൊന്നുമില്ലാത്ത ബി.ജെ.പിക്ക് വർഗീയ ധ്രുവീകരണത്തിലാണ് ഇവിടെയും പ്രതീക്ഷ. ലവ് ജിഹാദ് കേസുകളിൽ കടുത്ത ശിക്ഷ ഉറപ്പാക്കും, സംസ്ഥാനത്തെ ജനസംഖ്യാരീതിയിൽ മാറ്റം വരാതിരിക്കാൻ കർശന നടപടി കൈക്കൊള്ളും തുടങ്ങിയ വാഗ്ദാനങ്ങളിലൂന്നിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷൻകൂടിയായ കേന്ദ്രമന്ത്രി ഡോ. രമേഷ് പൊഖ്റിയാൽ നിഷാങ്ക് ഈ വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്കു മുന്നിൽ വാചാലനായി. 10 വർഷം നീളുന്ന കഠിന തടവ് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നും ഭൂമി കൈയേറ്റം മൂലം ജനസംഖ്യയിൽ മാറ്റം വരുന്നത് പരിശോധിക്കാനും തടയാനും ജില്ലതല കമ്മിറ്റികൾക്ക് രൂപംനൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മതപരിവർത്തന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിർബന്ധിതമായോ കബളിപ്പിച്ചോ മതം മാറ്റുന്നത് അഞ്ചു വർഷം ജാമ്യമില്ലാതെ തടവ് ലഭിക്കുന്ന കുറ്റമാണിവിടെ. സമാനമായ വാഗ്ദാനം യു.പിയിലെ ബി.ജെ.പി പ്രകടനപത്രികയിലുമുണ്ട്.
സുപ്രധാനമായ ചില പശ്ചാത്തല വികസനപദ്ധതികൾ വാഗ്ദാനം ചെയ്യുന്നു ഇരു പാർട്ടികളും. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദ്രിനാഥ് എന്നീ നാല് ഹിന്ദു തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചാർധാം ഹൈവേ പദ്ധതി ഡിസംബറോടെ പൂർത്തീകരിക്കാനാകുമെന്നാണ് ഗഡ്കരി പ്രഖ്യാപിച്ചത്. കേദാർനാഥിലും ഹേംകുണ്ഡ് സാഹിബിലുമുൾപ്പെടെ ഏഴ് റോപ്വേ പദ്ധതികളും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. വയോധിക ജനങ്ങളെ തീർഥാടനത്തിന് കൊണ്ടുപോകുന്ന മേരേ ബുസുർഗ്-മേരേ തീർഥ് പദ്ധതിയും മുതിർന്ന പൗരന്മാർക്ക് പെൻഷനും തുടരുമെന്നും പത്രികയിലുണ്ട്.
ഇരുപാർട്ടികളും കണ്ടമാനം വാഗ്ദാനങ്ങൾ വാരിച്ചൊരിയുമ്പോഴും സുപ്രധാന വിഷയങ്ങളിൽ ചിലതിനെക്കുറിച്ച് നിശ്ശബ്ദമാണ്. ഈ സാമ്പത്തികവർഷം കഴിയുന്നതോടെ സംസ്ഥാനത്തെ കാത്തിരിക്കുന്ന സാമ്പത്തികനഷ്ടമാണ് അതിലൊന്ന്. ജി.എസ്.ടി തിരിച്ചടവ് മുടങ്ങുന്നതുമൂലം പ്രതിവർഷം 6000 കോടി രൂപയാണ് നഷ്ടപ്പെടാനിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.