ബാബരി മസ്ജിദ് പൊളിച്ചത് ആകസ്മികമോ ആസൂത്രിതമോ? സി.ബി.ഐ പ്രത്യേക കോടതി ആകസ്മികമെന്ന് വിധിയെഴുതിയെങ്കിലും മുൻകാല അന്വേഷണങ്ങളോ സാക്ഷിമൊഴികളോ ഇതു ശരിവെക്കുന്നില്ല. ആസൂത്രിത ഗൂഢാലോചന പകൽപോലെ വ്യക്തമായ തെളിവുകൾക്കുനേരെ കോടതി വിധി കണ്ണടച്ചു. പ്രതികൾ ആഹ്ലാദപൂർവം സ്വാഗതം ചെയ്യുന്ന കോടതിവിധിക്കു മുന്നിൽ നിയമവിദഗ്ധർ നെറ്റിചുളിക്കുന്നു. കാരണങ്ങൾ പലതാണ്.
ബാബരി ധ്വംസനം അന്വേഷിച്ച ലിബർഹാൻ കമീഷൻ കുറ്റകരമായ ഗൂഢാലോചന നടന്നതിന് നിരത്തിയ തെളിവുകൾ പലതാണ്. പ്രതിപ്പട്ടികയിൽ ഉള്ളവർക്ക് ഇതിലുള്ള പങ്കും കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എൽ.കെ. അദ്വാനി നടത്തിയ രഥയാത്രക്കൊടുവിലാണ് പള്ളിപൊളിച്ചത്. രഹസ്യാേന്വഷണ ഏജൻസികളിൽനിന്നും ഭരണസംവിധാനങ്ങളിൽനിന്നുമായി, എന്താണ് നടക്കാൻ പോകുന്നതെന്ന വ്യക്തമായ ബോധ്യം അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺസിങ്ങിന് ഉണ്ടായിരുന്നു. പ്രവർത്തകർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് പ്രാദേശിക നേതാവായ വിനയ് കത്യാറിന് അറിയാതെ പോവില്ല. ചിട്ടയായ ആസൂത്രണവും ആജ്ഞയുമുള്ള സംഘടനയാണ് ആർ.എസ്.എസ്. അതിെൻറ നേതൃത്വം അറിയാതെ സംഘ്പ്രവർത്തകർ ഒരു ചുവടു പോലും മുന്നോട്ടു വെക്കില്ല. ഇക്കാര്യങ്ങളൊക്കെ ലിബർഹാൻ കമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പള്ളി പൊളിച്ചവർ താൽക്കാലിക ക്ഷേത്രം പണിതതും മുൻകൂട്ടിയുള്ള ആസൂത്രണത്തിന് പ്രകടമായ തെളിവാണെന്ന് കമീഷൻ പറഞ്ഞു.
ഈ കേസിൽ പലവട്ടം കരണം മറിഞ്ഞിട്ടുള്ള സി.ബി.ഐ, നിലവിലെ ഭരണസംവിധാനത്തിനു കീഴിൽ തെളിവുകൾ ഉണ്ടാക്കാനാണോ അവ്യക്തമാക്കാനാണോ പ്രവർത്തിക്കുകയെന്ന പൊതുസംശയം ബാക്കി. അതിനേക്കാൾ പ്രധാനം, സാക്ഷിമൊഴികൾ കോടതി അപ്രധാനമായി കണ്ടുവെന്നതാണ്. ക്രിമിനൽ കേസിൽ വിഡിയോ, ഓഡിയോ രേഖകളേക്കാൾ പ്രധാനം സാക്ഷിമൊഴികളാണ്. അദ്വാനിയുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന ഐ.പി.എസ് ഓഫിസർ അഞ്ജു ഗുപ്ത അടക്കം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, സംഭവങ്ങൾക്ക് സാക്ഷികളായ മാധ്യമപ്രവർത്തകർ, മറ്റുള്ളവർ എന്നിവർ കോടതിയിൽ ഹാജരായി തെളിവുനൽകിയിരുന്നു. മസ്ജിദ് പൊളിക്കാനുള്ള മുദ്രാവാക്യം അദ്വാനിയും മറ്റും ഇരുന്ന പ്രസംഗ വേദിയിൽ നിന്നുകൂടി ഉയർന്നിരുന്നുവെന്നും കർസേവകർക്ക് അത് പ്രചോദനമായി എന്നുമാണ് സാക്ഷിമൊഴികൾ. അത് നുണയാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിഡിയോ, ഒാഡിയോ രേഖകൾക്കും സാക്ഷിമൊഴികൾക്കും പുറമെ, ക്രിമിനൽ ഗൂഢാലോചന വിശദീകരിക്കുന്ന നിരവധി തെളിവുകളും കേസിലുണ്ട്.
അദ്വാനിക്കും മറ്റുമെതിരായ ക്രിമിനൽ ഗൂഢാലോചന കേസ് പുനഃസ്ഥാപിച്ച് വിചാരണ നടത്താൻ 2017ൽ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഈ നേതാക്കൾക്കുള്ള പങ്ക് മുൻനിർത്തിയായിരുന്നു സുപ്രീംകോടതി നിർദേശം. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൊളിച്ചതിനു പിന്നാലെ രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളിൽ രണ്ടാമത്തേത് അദ്വാനിയും ജോഷിയും അടക്കമുള്ള നേതാക്കളെ പ്രതിചേർത്താണ്. പള്ളിപൊളിച്ചതിന് അജ്ഞാതരായ കർസേവകരെ പ്രതിയാക്കിയാണ് ആദ്യ എഫ്.ഐ.ആർ. ഭരണത്തിെൻറ ബലത്തിൽ കേസിൽ നിന്ന് ഉൗരിപ്പോകാനുള്ള സാധ്യത മുമ്പ് പലഘട്ടങ്ങളിൽ നേതാക്കൾ ഉപയോഗപ്പെടുത്തിയത് സി.ബി.ഐ പലവട്ടം നിലപാടു മാറ്റിയതിൽനിന്ന് വ്യക്തമായിരുന്നു. സുപ്രീംകോടതി കണ്ട സാഹചര്യങ്ങൾ പ്രത്യേക സി.ബി.ഐ കോടതി കണ്ടില്ല. കർസേവകരെ അയോധ്യയിൽ എത്തിച്ചതാര് എന്ന ചോദ്യം പ്രസക്തമായി നിൽക്കെയാണ് പള്ളി പൊളിച്ചത് ആസൂത്രിതമല്ല, പൊളിച്ചത് സാമൂഹിക വിരുദ്ധരാണ്, പൊളിക്കുന്നതു തടയാനാണ് അദ്വാനിയും മറ്റു നേതാക്കളും ശ്രമിച്ചത് എന്ന പരാമർശങ്ങളോടെ പ്രതികൾക്ക് വിചാരണ കോടതി ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
പള്ളി െപാളിച്ചതിൽ പങ്കില്ല എന്ന് വാദിക്കുേമ്പാൾ തന്നെ, സി.ബി.ഐ കോടതി വിധിയിൽ വലിയ ആഹ്ലാദവും അഭിമാനവുമാണ് പ്രതികളായ സംഘ്പരിവാർ, ബി.ജെ.പി നേതാക്കൾ പ്രകടിപ്പിച്ചത്. ശിക്ഷിച്ചാലും ജാമ്യമെടുക്കില്ല, ഏതു ശിക്ഷയും അഭിമാനത്തോടെ ഏറ്റുവാങ്ങുമെന്നാണ് കോടതി വിധിക്കു മുേമ്പ ഉമാഭാരതി പറഞ്ഞുകൊണ്ടിരുന്നത്. ബാബരി മസ്ജിദ് തകർത്തതിലും ക്ഷേത്രനിർമാണ പ്രക്ഷോഭത്തിലും പങ്കുവഹിച്ചവരെന്ന നിലയിൽ നേതാക്കളായവർ, നിയമത്തെ വെട്ടിച്ചും നിയമസംവിധാനങ്ങളെ വലയിലാക്കിയും രക്ഷപ്പെടുന്നതിലെ സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. പ്രതികളുടെ ആഹ്ലാദത്തിനപ്പുറം ഭരണ, നീതിന്യായ സംവിധാനത്തോടുള്ള വിശ്വാസത്തിനും ആദരവിനും വലിയ ക്ഷതമേൽപിക്കുന്നതാണ് കോടതി വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.