2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിന് മാസങ്ങൾ മുമ്പ് തെൽ അവീവ് യൂനിവേഴ്സിറ്റിയിൽ ഇസ്രായേൽ സേനയുടെ നിഗൂഢ ദൗത്യവിഭാഗമായ യൂനിറ്റ് 8200ന്റെ തലവൻ യോസി സാരിയൽ രഹസ്യസ്വഭാവത്തോടെ ഒരു അവതരണം നടത്തി. ‘പുതിയ ഭീകരരെ തിരിച്ചറിയാൻ’ നിർമിത ബുദ്ധിയധിഷ്ഠിതമായ ഉപകരണങ്ങൾ പ്രയോഗിക്കുന്നുവെന്ന് ഇസ്രായേൽ ആദ്യമായി പരസ്യ സമ്മതം നടത്തിയത് അന്നാണ്.
എങ്ങനെയാണ് ‘ഭീകരരെ’ കൃത്യമായി തിരിച്ചറിയുക? ഇസ്രായേലി സൈനിക ഭാഷ്യപ്രകാരം, ‘ഉന്നംവെക്കപ്പെടുന്ന മനുഷ്യർ’ എന്നാൽ എതിരാളികളുടെ സൈനിക ഉന്നതരാണ്. സ്വകാര്യ വസതികളിലാണെങ്കിൽപോലും അവരെ ആക്രമിക്കുന്നതിലും അവിടെ സിവിലിയൻ സാന്നിധ്യമുണ്ടാകാമെന്നതിലും ഐ.ഡി.എഫിന്റെ ചട്ടപ്രകാരം അസ്വാഭാവികതയൊന്നുമില്ല.
അപ്പോഴും ഒരു കുടുംബത്തെ മൊത്തമായി ഉന്മൂലനം ചെയ്ത് വ്യക്തിയെ ലക്ഷ്യം വെക്കുന്നത് ‘ക്രൂര’വും ‘മൃഗീയ’വുമായാണ് പരിഗണിക്കപ്പെട്ടത്. മുൻകാല സംഘർഷങ്ങളിൽ ഇത്തരം ഉന്നങ്ങളെ നിർണയിച്ചിരുന്നത് അങ്ങേയറ്റത്തെ ജാഗ്രതയോടെയാണ്. സൂക്ഷ്മ പരിശോധന നടത്തി, സൈനിക കമാൻഡിലെ പല ശ്രേണികളിൽനിന്ന് അംഗീകാരം നേടിയശേഷമാകും നടപ്പാക്കൽ.
എന്നാൽ, 2023 ഒക്ടോബർ ഏഴിനുശേഷം ഹമാസ് പോരാളികളായ എല്ലാവരെയും അവരുടെ പദവിയും തന്ത്രപരമായ പ്രാധാന്യവുമൊന്നും നോക്കാതെ ഇസ്രായേൽ സൈന്യം ‘ഉന്ന’മായി പ്രഖ്യാപിച്ചു. ഹമാസ് അണികൾ ആരൊക്കെയെന്നറിയാൻ സമഗ്ര പരിശോധന മുമ്പ് ഐ.ഡി.എഫ് നടത്തിയിരുന്നില്ല. ഈ വിടവ് നികത്തി അസാമാന്യ വേഗത്തിൽ ശത്രുവിനെ തിരിച്ചറിഞ്ഞ് ഇല്ലായ്മ ചെയ്യാൻ എ.ഐ ടൂളുകൾ അതിദ്രുതം വികസിപ്പിച്ച് വിന്യസിക്കാൻ തുടങ്ങി. ഒരു ഐ.ഡി.എഫ് ഓഫിസറുടെ വാക്കുകൾ: ‘നിങ്ങൾ യന്ത്രവത്കൃതരായി മാറുന്നതോടെ, ശത്രുവിനെ നിർമിച്ചെടുക്കൽ ഭ്രാന്തമായ വേഗത്തിലായി മാറുന്നു’.
യാന്ത്രികമായി മനുഷ്യ ലക്ഷ്യ നിർണയത്തിനായി ഉപയോഗിക്കുന്ന എ.ഐ ടൂളാണ് ലാവെൻഡർ. ഗസ്സയിലെ 23 ലക്ഷം ജനങ്ങൾക്കിടയിൽ നടത്തിയ നിരീക്ഷണത്തിലൂടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ച് ഓരോ വ്യക്തിക്കും ഹമാസുമായോ മറ്റു സൈനിക ഗ്രൂപ്പുകളുമായോ ബന്ധമുണ്ടാകാനുള്ള സാധ്യതകൾ പ്രവചിക്കലാണ് ഇതിന്റെ ജോലി.
‘കൊലപ്പട്ടിക’ തയാറാക്കൽ പലതട്ടുകളിലായുള്ള പ്രക്രിയക്കൊടുവിലാണെന്നാണ് വെയ്പ്. നിലവിലെ നിരീക്ഷണ ഡേറ്റവെച്ച് ഹമാസിലെയോ മറ്റ് പോരാളി സംഘടനകളിലെയോ അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്രയോജനപ്പെടുത്താൻ എ.ഐയെ പരിശീലിപ്പിക്കുന്നു. ഗസ്സയിലെ വിശാലമായ ജനസഞ്ചയത്തിനുമേൽ ഈ വിവരങ്ങൾ പ്രയോഗിക്കുന്നു. സമൂഹമാധ്യമ ഉപയോഗം, ബന്ധങ്ങൾ, വാർത്താവിനിമയ രീതികൾ, വിവിധ ചാറ്റ് ഗ്രൂപ്പുകളിലെ അംഗത്വം, കുടുംബ ബന്ധങ്ങൾ, ഫോൺ നമ്പർ മാറ്റൽ-വീടുമാറൽ തുടങ്ങിയ അസ്വാഭാവിക രീതികൾ എന്നിവയാണ് പരിഗണിക്കുക.
മറ്റു ബന്ധങ്ങൾ തിരിച്ചറിഞ്ഞ് പട്ടിക ലാവെൻഡർ പിന്നെയും വലുതാക്കും. അതുവഴി ഇല്ലാതാക്കപ്പെടേണ്ടവരുടെ വലിയ പട്ടിക തയാറാകും. സ്വാഭാവികമായും മാധ്യമ പ്രവർത്തകർ, മെഡിക്കൽ പ്രവർത്തകർ, കുട്ടികൾ തുടങ്ങി നിരപരാധികൾ ഇവിടെ പോരാളികളുടെ പട്ടികയിൽ കയറാൻ സാധ്യതയേറെയാണെന്ന് വിമർശകർ പറയുന്നു.
അറസ്റ്റിലായ ഒരു വ്യക്തിയുമായോ സമൂഹമാധ്യമങ്ങളിൽ ചില വ്യക്തികളുമായോ ബന്ധമുള്ളതിന്റെ പേരിൽ നിരപരാധികളായ സിവിലിയന്മാരും വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ കുടുങ്ങും.+972 മാഗസിൻ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, ഗസ്സയിലെ ഹമാസ് സർക്കാർ ജീവനക്കാരും പോരാളികളുടെ പട്ടികയിലാണ്. പൊലീസ് ഓഫിസർമാർ, സിവിൽ ഡിഫൻസ് ജീവനക്കാർ, നഗരസഭ ജീവനക്കാർ തുടങ്ങിവർവരെ ഈ വിവരശേഖരത്തിലുണ്ട്.
അഗ്നി രക്ഷാ പ്രവർത്തകർ, ആദ്യമായി അപകട സ്ഥലങ്ങളിലെത്തുന്നവർ, ആംബുലൻസ് ജീവനക്കാർ, പൊലീസ് ഓഫിസർമാർ എന്നിവരെല്ലാം പൊതുവായി ഒരേ ആശയവിനിമയ രീതി സ്വീകരിക്കുന്നവരാണ്. ഇതിന്റെ പേരിൽ ഇവർ ലക്ഷ്യമാക്കപ്പെടുന്നു. തയാറാക്കിയ ‘കൊലപ്പട്ടിക’യിലെ പേരുകൾക്ക് സമാനമായ ഇരട്ടപ്പേരോ കുടുംബപ്പേരോ ഉള്ളവരും തെറ്റായി പട്ടികയുടെ ഭാഗമാകുന്നു.
ഒരു സിവിലിയൻ തെറ്റായി ഇങ്ങനെ പട്ടികയുടെ ഭാഗമാകുന്നതോടെ അയാളുമായി സമൂഹമാധ്യമ ബന്ധം പുലർത്തുന്നവർ, ബന്ധുക്കൾ, പങ്കെടുക്കുന്ന പരിപാടികൾ.. എല്ലാം ബോംബ് പതിക്കാവുന്ന ഉന്നങ്ങളായി മാറുന്നു. ലാവെൻഡർ എ.ഐ ടൂൾ തയാറാക്കുന്ന ‘കൊലപ്പട്ടിക’ക്ക് പ്രത്യേക പരിശോധനകളൊന്നുമില്ലാതെ 20 സെക്കൻഡ് കൊണ്ടാണ് ഐ.ഡി.എഫ് അംഗീകാരം നൽകുന്നത്.
ഒരു ഐ.ഡി.എഫ് കമാൻഡറുടെ ഭാഷയിൽ ‘പരമാവധി നാശം വരുത്തൽ മാത്രമാണ് ലക്ഷ്യം. ആളപായവും വസ്തുനാശവും വരുത്തണം’. മനുഷ്യർക്ക് അസാധ്യമായ വേഗത്തിൽ വളരെ ചെറിയ സമയത്തിനകം ഇരകളെ നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടിരിക്കണം. അതാണ് എ.ഐ ടൂളുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഒക്ടോബർ ഏഴ് മുതൽ നവംബർ 24 വരെ കാലയളവിൽ വരുന്ന ആദ്യ ആഴ്ചകളിൽ 37,000 ഫലസ്തീനികളെയാണ് ലാവെൻഡർ ‘ഉന്ന’മായി അടയാളപ്പെടുത്തിയത്. ഈ പട്ടികയിലെ വലിയ പങ്കാളികൾക്കും ഹമാസുമായി നേരിയ ബന്ധം പോലുമില്ലെന്ന് വിദഗ്ധർ പറയുന്നു. വിദേശ സന്നദ്ധ സംഘടന പ്രവർത്തകർപോലുമുണ്ട് ഈ പട്ടികയിൽ. സ്വാഭാവികമായും ഈ ഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തകർ പലരും ഹമാസ് ഭരണനേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടാകണം.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കിടയിലെ ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള എ.ഐ ടൂളാണ് ‘ഗോസ്പൽ’. ‘പവർ ടാർഗറ്റ്സ്’ എന്നാണ് ഈ ലക്ഷ്യങ്ങൾക്കിട്ട പേര്. വൈദ്യുതി നിലയങ്ങൾ, ജലസേവന കേന്ദ്രങ്ങൾ, മലിനജല ശുദ്ധീകരണ സംവിധാനങ്ങൾ, ജലശുദ്ധീകരണ കേന്ദ്രങ്ങൾ, ഹോസ്പിറ്റലുകൾ, ആംബുലൻസ്, ആരാധനാലയങ്ങൾ എന്നിവയിൽ ഹമാസുമായി ബന്ധമുള്ളവ കണ്ടെത്തണം.
സിവിലിയൻ ജീവിതത്തിൽ ഇവ ചെലുത്തുന്ന സ്വാധീനം അടയാളപ്പെടുത്തുന്ന ഗ്രേഡ് കാർഡ് വെച്ചാണ് ഇത്തരം ഉന്നങ്ങളെ നിർണയിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ, ഓഫിസുകൾ, സിവിലിയൻ ഭരണനിർവഹണ ഓഫിസുകൾ എന്നിങ്ങനെ എല്ലാം ലക്ഷ്യമാകാം. ഭീതി വിതക്കലും ജനങ്ങളെ മുനയിൽ നിർത്തലുമാണ് ലക്ഷ്യം.
സർവവ്യാപിയാണ് ഇതുണ്ടാക്കിയ നാശനഷ്ടങ്ങൾ. ഗസ്സയെ മാനുഷിക ദുരന്തങ്ങൾ അടിഞ്ഞുകൂടിയ ചുടലപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. അധാർമികതയുടെ അതിരുവിടൽ സഹിക്കാനാവാതെ ‘സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യം വെക്കൽ സൈനിക തന്ത്രമല്ല, അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്’- എന്ന് തീർത്ത് പറഞ്ഞു യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
തങ്ങൾ ഉന്നംവെച്ചവരെ ജി.പി.എസ്, ശബ്ദ അനുകരണം പോലുള്ള പുതുകാല ടൂളുകൾ ഉപയോഗിച്ച് ചതിച്ച് ക്ഷണിക്കുന്ന എ.ഐ യുദ്ധമുറയാണ് ‘വേർ ഈസ് ഡാഡി’. ‘കൊലപ്പട്ടിക’യിലുള്ളവരുടെ വ്യക്തിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ആളെ കണ്ടെത്തും. ഇയാളുടെ ഫോണിലേക്ക് വ്യാജ കോൾ നടത്തും. സ്വന്തം കുട്ടികൾ വിളിക്കുന്ന ശബ്ദത്തിലാകും ഇത്. ‘ഡാഡി എവിടെയാണ്, വീട്ടിലേക്ക് വരൂ’ എന്നാകും കുഞ്ഞ് പറയുക.
ബോംബിങ്ങിന് മുമ്പ് ഇരയെ വീട്ടിലേക്ക് ആകർഷിക്കലാണ് തന്ത്രം. അങ്ങേയറ്റത്തെ ക്രൂരതക്കായും എ.ഐ സാങ്കേതികതയുടെ സഹായമെന്ന് ചുരുക്കം. മൊത്തം കുടുംബവും അയൽവാസികളുമൊന്നടങ്കം ഉന്മൂലനം ചെയ്യപ്പെട്ട സംഭവങ്ങൾ. കെട്ടിടം മൊത്തമായി തകർക്കപ്പെടുമ്പോൾ വല്ലവരും അവശേഷിച്ചാൽപോലും പുറത്തുകടക്കാനാകാതെ ഇഞ്ചിഞ്ചായി മരിക്കുന്ന ഭീകരത.
ഇത്തരം തന്ത്രങ്ങൾ വരുത്തിവെക്കുന്ന ദുരന്തങ്ങൾ അതിഭീകരമാണ്. ഓരോ ഹമാസ് പോരാളിക്കുമൊപ്പം 15-20 സിവിലിയന്മാരെയും വധിച്ചുകളയാൻ ഐ.ഡി.എഫ് അംഗീകാരം നൽകി. ഹമാസ് കമാൻഡറാണെങ്കിൽ സിവിലിയന്മാർ നൂറിലേറെയാകാം. അതുവഴി സംഭവിച്ചത് സമാനതകളില്ലാത്ത സിവിലിയൻ ആൾനാശം. ഗസ്സ മുനമ്പിൽ ഉപയോഗിച്ചുകഴിഞ്ഞത് 75,000 ടൺ സ്ഫോടകവസ്തുക്കളാണ്. 360 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള സ്ഥലത്ത് പ്രയോഗിച്ചിരിക്കുന്നത് രണ്ട് ആണവ ബോംബുകൾക്ക് സമാനമായ സ്ഫോടനം.
ഗസ്സയിൽ പതിച്ച സ്ഫോടക വസ്തുക്കളിൽ 45 ശതമാനവും ലക്ഷ്യം നിർണയിക്കാതെ അയച്ചവ. അവയുണ്ടാക്കിയത് സർവനാശം, അഥവാ വ്യാപക ആളപായവും കുടിയൊഴിപ്പിക്കപ്പെടലും. ഉന്നം കൃത്യമായി നിർണയിച്ച് ആളപായം നടത്തുന്നവയെക്കാൾ കുറഞ്ഞ ചെലവിൽ സർവനാശം വരുത്തുമെന്നതിനാൽ ഇത്തരം ബോംബുകൾക്ക് ഐ.ഡി.എഫ് വ്യാപക അനുമതി നൽകിയതാണ് സിവിലിയൻ നാശം ഇത്രകണ്ട് ഉയരാൻ കാരണം.
യൂറോ-മെഡ് മനുഷ്യാവകാശ നിരീക്ഷക റിപ്പോർട്ട് പ്രകാരം, ഗസ്സ ജനസംഖ്യയിൽ 10 ശതമാനം പേർ കൊല്ലപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തിരിക്കുന്നു, നിരവധി പേരെ കാണാതെയായി. ഇസ്രായേലി തടവിലായവരും നിരവധി. 3,70,000ലേറെ വീടുകൾ, എല്ലാ പ്രധാന ആശുപത്രികളും, 90 ശതമാനത്തിലേറെ വിദ്യാലയങ്ങൾ, എല്ലാ യൂനിവേഴ്സിറ്റികളും, പ്രധാന ജലസംവിധാനങ്ങൾ, മലിനജല ശുദ്ധീകരണ കേന്ദ്രങ്ങൾ... എല്ലാം നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. അവിടെയും നിർത്താതെ സഹായമെത്തുന്നതും തടയുന്നു. ഒരു തുണ്ട് റൊട്ടിയോ ഒരിറക്ക് പാലോ കിട്ടാതെ വിശന്ന് കരയുന്ന കുഞ്ഞുങ്ങൾ മരണത്തിലേക്ക് കണ്ണടക്കുന്നു.
(ഐക്യരാഷ്ട്ര സഭ മുൻ ഉദ്യോഗസ്ഥനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.