കർഷകരേ....ഞങ്ങൾ ആദിവാസി വിഭാഗക്കാർക്ക്​ ദിശാബോധമേകുന്നു​ നിങ്ങളുടെ സമരം

കുറച്ചു ദിവസങ്ങളായി അന്നത്തിനു മുന്നിലിരിക്കുമ്പോൾ അത്​ നമ്മുടെ തീൻമേശയിലെത്തിക്കാൻ അഹോരാത്രം കഷ്​ടപ്പെടുന്ന കർഷകരെയാണ്​ ഓർമ വരുന്നത്​. നിലനിൽപിനായി ഡൽഹിയിലെ കൊടുംതണുപ്പിൽ അവർ നടത്തുന്ന തീക്ഷ്​ണസമരമാണ് മനസ്സിലേക്ക് ഇരച്ച​ുകയറുന്നത്. അവരോടൊപ്പം ചേർന്നുനിൽക്കണമെന്ന അദമ്യമായ ആഗ്രഹമാണിപ്പോൾ​ ഉള്ളുനിറയെ​. കാരണം, ഞാനുൾപ്പെടുന്ന ആദിവാസി-ദലിത്​ സമൂഹത്തിന്​ ആ സമരം നൽകുന്ന ദിശാബോധവും ആവേശവും അത്രയേറെയുണ്ട്​. ജനിച്ചു വീണ മണ്ണ്​ എ​െൻറ സ്വന്തം രാജ്യമാണെന്ന്​ ആത്മാഭിമാനത്തോടെ ഉറപ്പിച്ചു പറയു​ന്നതിനിടയിലും ഇന്നാട്ടിൽ നിലനിൽപ്പിനായി പൊരുതുന്ന എല്ലാവരും-അത് കർഷകനായാലും ന്യൂനപക്ഷ സമുദായക്കാരായാലും ദലിത്,ആദിവാസി സമൂഹങ്ങളായാലും- ഒരുമിച്ചു കൈകോർത്തു തെരുവിലിറങ്ങി സമരം ചെ​േയ്യണ്ട കാലമായിരിക്കുന്നു.

വയനാട്ടിലെ ആദിവാസി വിഭാഗക്കാരിൽ ഏറെ അംഗബലമുള്ള, എന്നാൽ ഏറ്റവുമധികം പിന്നോക്കാവസ്ഥയുള്ള സമുദായങ്ങളിലൊന്നായ 'പണിയ' സമുദായത്തിലാണ് ഞാൻ ജനിച്ചത്. സ്വന്തമെന്നു പറയാനൊരുപിടി മണ്ണും തലചായ്ക്കാൻ ഒരു കിടപ്പാടവും ഇന്നും ഞങ്ങളുടെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സ്വപ്നം സാധ്യമാക്കാൻ വിദ്യ തേടിയിറങ്ങിയ യുവതീയുവാക്കളാകട്ടെ ബിരുദാനന്തര ബിരുദമടക്കമുള്ള ഉപരിപഠനത്തിനുശേഷവും തൊഴിലിനു വേണ്ടി അലയുന്ന കാഴ്ചയാണ്. സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും പുറമെ ജനാധിപത്യ ഭരണക്രമത്തിൽ അത്രമേൽ അർഹമായ സംവരണമടക്കം അട്ടിമറിക്കപ്പെടുന്നു​. നേട്ടങ്ങളെല്ലാം ലഭിക്കുന്നതാകട്ടെ, എല്ലാ സൗകര്യങ്ങൾക്കും നടുവിൽ വിരാജിക്കുന്ന മുന്നോക്കക്കാരിലെ ചെറുവിഭാഗത്തിനു മാത്രം.

ഇത് കേരളത്തിലെ ആദിവാസികൾക്കിടയിൽ മാത്രം സംഭവിക്കുന്നതല്ല. ഈ രാജ്യം മുഴുവൻ ദലിത്-ആദിവാസി വിഭാഗങ്ങൾ അവഗണിക്കപ്പെടുകയാണ്​. ഉള്ളത് എല്ലാവർക്കും തുല്യമായി നൽകുക എന്നത് ഭരണകൂടത്തി​െൻറ ഉത്തരവാദിത്തമാണെങ്കിലും അതുണ്ടാകുന്നില്ല. ഇപ്പോഴത്തെ കേന്ദ്രഭരണം പിന്നാക്കക്കാരെ പരിഗണിക്കുന്നേയില്ല. മധ്യ-ഉപരിവർഗത്തി​െൻറ താൽപര്യങ്ങൾക്ക് അപ്പുറത്തേക്ക് അവരൊരു രാഷ്ട്രീയം കാണുന്നേയില്ല.

ദലിത്-ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ദുരവസ്​ഥക്കിടയിലാണ്​ കൂനിന്മേൽ കുരുപോലെ കോവിഡ് കാലവും ലോക്ക് ഡൗണുമൊക്കെ വന്നു പതിച്ചത്. ഉടമകളോ ഉൽപാദകരോ അല്ലാത്ത, അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് അടുപ്പു പുകയ്ക്കുന്ന തൊഴിലാളികളാണ് പിന്നാക്ക വിഭാഗക്കാർ. മുകൾത്തട്ടിലുണ്ടായ തകർച്ചയുടെ ആഘാതം ഏറ്റവുമധികം ബാധിക്കുന്നതും അവരെയാണ്​. ജീവിതത്തി​െൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ, ഉണ്ടായിരുന്ന ചെറിയ തൊഴിലുകൾ പോലും നഷ്​ടപ്പെട്ടുകഴിഞ്ഞു. ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യത്തിനുമുന്നിൽ പകച്ചുനിൽക്കുകയാണ്​ ആദിവാസി-ദലിത് സമൂഹം.

കോവിഡ് ഒരുക്കിയ പ്രതിസന്ധിയെ നേരിടാൻ, ടെലിവിഷൻ കാമറകൾക്ക് മുന്നിലിരുന്ന്​ ലക്ഷക്കണക്കിന് കോടി രൂപയുടെ കടലാസ്​ പദ്ധതികളാണ്​ ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്​. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഈ വേളയിൽ പോലും, പ്രത്യേകം പരിഗണന നൽകേണ്ട ആദിവാസി-ദലിത് വിഭാഗങ്ങൾക്ക് നൽകേണ്ട ആശ്വാസപദ്ധതികളെക്കുറിച്ച്​ പേരിനുപോലും അവർ ഉരിയാടിയില്ല. അതിനു മു​േമ്പാ ശേഷമോ ഇങ്ങനെ ഒരു ജനവിഭാഗം രാജ്യത്തുണ്ടെന്നുപോലും പരിഗണിക്കാത്ത മോഡി ഭരണകൂടത്തിൽനിന്ന്​ മറിച്ചു പ്രതീക്ഷിക്കുന്നതിൽ അർഥവുമില്ല​േല്ലാ.



 ലോക്​ഡൗണി​െൻറ കർശന നിയന്ത്രണങ്ങൾ മാറിയെങ്കിലും കോവിഡിപ്പോഴും രാജ്യത്ത്​ താണ്ഡവം തുടരുകയാണ്. പക്ഷെ, അതിനേക്കാൾ വലിയ പ്രതിസന്ധിയിലാണ്​ സാധാരണക്കാർ. ജീവിത മാർഗങ്ങൾ നഷ്​ടമായ അവർക്ക്​ ചുറ്റും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തിട്ടൂരങ്ങളാണിപ്പോൾ. എടുത്ത വായ്​പകളും മറ്റും തിരിച്ചടക്കേണ്ടത്​ കടമെടുത്തവ​െൻറ ഉത്തരവാദിത്തമാണെങ്കിലും ഈ മഹാമാരിക്കാലത്ത്​ ഒരുവിധ ഇളവുകളും നൽകാതെയും ഉത്തരവാദിത്തമേറ്റെടുക്കാതെയും ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഗുണ്ടാപിരിവിനെന്ന പോലെ അഴിച്ചു വിടുന്ന ഭരണകൂട നടപടികൾ കടുത്ത രീതിയിൽ വിമർശിക്കപ്പെടേണ്ടതുണ്ട്​​.

ലാഭക്കണക്കുകൾ മാത്രം നോക്കുന്ന കോർപറേറ്റുകളുടെ കീശകളിലേക്ക്​ പാവപ്പെട്ടവ​െൻറ പണമെത്തിക്കാൻ തിടുക്കം കാട്ടുന്ന സർക്കാർ നടപടികൾക്കെതിരെ കർഷകർ ഉയർത്തിയതുപോലെ ആർജവമുള്ള സമരമുഖങ്ങൾ ഇനിയും തുറക്കണം​. ഉത്തരവാദിത്തപ്പെട്ട ഭരണകൂടം കുത്തകളുടെ താൽപര്യത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന കാലത്ത്​, അസാധാരണ സാഹചര്യത്തിൽ ജീവിത മാർഗങ്ങൾ നഷ്​ടപ്പെട്ട അടിസ്​ഥാന വർഗക്കാർ സമരകാഹളവുമായി തെരുവിലിറങ്ങു​േമ്പാൾ അവർക്കൊപ്പം അണിചേരുകയും ഐക്യദാർഢ്യപ്പെടുകയുമാണ്​ കാലഘട്ടത്തി​െൻറ ആവശ്യം.


(ആദിവാസി യുവതയുടെ കൂട്ടായ്​മയായ 'ഗോത്ര'യുടെ ഭാരവാഹിയാണ്​ ലേഖകൻ)

News Summary - Farmers, Your Strike Is An Inspiration For Us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT